അനാചാരങ്ങളുടെ 'Organic Spirituality' യും സലഫി നവോത്ഥാനത്തിന്റെ ചരിത്രയാഥാർത്ഥ്യവും
കേരളത്തിലെ മുസ്ലിം നവോത്ഥാന ചരിത്രത്തെയും സലഫി മുന്നേറ്റത്തെയും കേവലം ചില അക്കാദമിക് പദാവലികളുടെ ചട്ടക്കൂടിലേക്ക് വെട്ടിനിരത്തി വരേണ്യ ഗൂഢാലോചനയായി ഒതുക്കാൻ ശ്രമിക്കുന്ന ചില രസകരമായ വാദങ്ങൾ ശ്രദ്ധിക്കാൻ ഇടയായി.
ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയുടെ lense ലൂടെ ചരിത്രത്തെ വായിക്കുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ അപകടം, ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ആത്മീയവും ചരിത്രപരവുമായ യാഥാർത്ഥ്യങ്ങളെ വെറും materialist frameworks ലേക്ക് ചുരുക്കുക എന്നതാണ്.
ഈ വാദങ്ങളുടെ അടിസ്ഥാനപരമായ പൊള്ളത്തരങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
ഗൾഫ് കുടിയേറ്റത്തിന്റെയും ആധുനിക middle class ന്റെയും സാമ്പത്തിക പിൻബലത്തിൽ രൂപപ്പെട്ട ഒരു bourgeois superstructure ആണ് കേരളത്തിലെ സലഫിസം എന്ന വാദം ചരിത്രത്തിന്റെ കാലഗണന തെറ്റിക്കുന്ന anachronism ആണ്.
ചരിത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാത്തവർക്ക് മാത്രമേ ഇത്തരമൊരു വാദം ഉന്നയിക്കാൻ സാധിക്കൂ.
കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതും, കേരള മുസ്ലിം ഐക്യസംഘവും കേരള ജംഇയ്യത്തുൽ ഉലമയും രൂപം കൊള്ളുന്നതും 1920 കളിലാണ്. അന്ന് കേരളത്തിൽ ഗൾഫ് കുടിയേറ്റമോ, പെട്രോഡോളറോ, സമ്പന്നരായ ഒരു പുതിയ middle class ഓ ഉണ്ടായിരുന്നില്ല.
മാത്രമല്ല, ആധുനിക വിദ്യാഭ്യാസം നേടിയ ഏതോ വരേണ്യ വർഗ്ഗമാണ് സലഫിസം കെട്ടിപ്പടുത്തത് എന്ന വാദവും പച്ചക്കള്ളമാണ്.
യഥാർത്ഥത്തിൽ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു grassroot movement ആയിരുന്നു അത്.
ഇസ്ലാമിൻറെ പേരിൽ പൗരോഹിത്യ വർഗ്ഗം കാണിച്ചുകൂട്ടുന്ന ചൂഷണങ്ങൾ കണ്ടു മനം മടുത്തു പഠിച്ചത് പഠിച്ചത് പോലെ തന്നെ പറയണമെന്ന് ആഗ്രഹിച്ച പണ്ഡിതന്മാരും സാധാരണക്കാരായ അധ്വാനിക്കുന്ന മനുഷ്യരും, അതോടൊപ്പം വിദ്യാസമ്പന്നരും ഒരുപോലെ കൈകോർത്ത ജനകീയ മുന്നേറ്റമായിരുന്നു അത്.
1921 ലെ മലബാർ സമരത്തിന് ശേഷം കൊടിയ ദാരിദ്ര്യത്തിലും അക്ഷരാഭ്യാസമില്ലായ്മയിലും നട്ടംതിരിഞ്ഞിരുന്ന ഒരു ജനതയ്ക്ക് ഇടയിലേക്കാണ് വക്കം മൗലവിയും കെ.എം. മൗലവിയും കെ ഉമർ മൗലവിയും വെട്ടം അബ്ദുല്ല ഹാജിയും ഒക്കെ ഇറങ്ങിച്ചെന്നത്.
അന്ന് അവർ നേരിട്ടത് വരേണ്യരുടെ കയ്യടികളായിരുന്നില്ല. മറിച്ച്, അന്നത്തെ യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ ഊരുവിലക്കുകളും കല്ലേറുകളുമായിരുന്നു.
ചരിത്രപരമായ ഈ material conditions മറച്ചുവെച്ചുകൊണ്ട്, അരനൂറ്റാണ്ടിന് ശേഷം സംഭവിച്ച ഗൾഫ് കുടിയേറ്റത്തെ 1920-കളിലെ നവോത്ഥാനത്തിന്റെ കാരണമായി അവതരിപ്പിക്കുന്നത് തികഞ്ഞ intellectual dishonesty ആണ്.
മതത്തെ പ്രമാണങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നതിനെ textual literalism എന്നും epistemic arrogance എന്നും ആക്ഷേപിക്കുമ്പോൾ ഒരു ലളിതമായ ചോദ്യം പ്രസക്തമാണ്: കേരളത്തിൽ യഥാർത്ഥത്തിൽ epistemic monopoly കൈവശം വെച്ചിരുന്നത് ആരായിരുന്നു?
നവോത്ഥാനത്തിന് മുൻപ് ഖുർആനും സുന്നത്തും സാധാരണക്കാരന് അപ്രാപ്യമായിരുന്നു എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല.പൗരോഹിത്യ പദവി അലങ്കരിച്ചിരുന്ന ഒരു ചെറിയ വിഭാഗത്തിന് മാത്രമായിരുന്നു മതത്തിന്റെ സർവ്വ അധികാരങ്ങളും.
അന്ന് അറബി-മലയാള സാഹിത്യമുണ്ടായിരുന്നു എന്ന് പറഞ്ഞ് കുപ്പിപ്പാട്ടും, കപ്പപ്പാട്ടും, പലതരത്തിലുള്ള മാലകളും മാപ്പിളപ്പാട്ടുകളുമൊന്നും പറഞ്ഞു വരാൻ നിൽക്കണ്ട . ആ സാഹിത്യമൊക്കെ അവിടെ ഉണ്ടായിക്കോട്ടെ; സലഫി പണ്ഡിതന്മാരും ആദ്യകാലത്ത് എഴുതിയതും, കെ.എം. മൗലവിയുടെയും ഉമർ മൗലവിയുടെയുമൊക്കെ ആദ്യകാല ഖുർആൻ പരിഭാഷകൾ പുറത്തുവന്നതും ഇതേ അറബി മലയാളത്തിൽ തന്നെയായിരുന്നു. (സാധാരണ ഇത് പറയുമ്പോൾ തിരിച്ചു പറയാറുള്ള സ്ഥിരം ഡയലോഗ് ആയതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ)
ഖുർആൻ പരിഭാഷപ്പെടുത്തുന്നത് പോലും നിഷിദ്ധമായി കണ്ടിരുന്ന, സാധാരണക്കാരന് മനസ്സിലാകാത്ത ഭാഷയിൽ വെള്ളിയാഴ്ച ഖുതുബ നിർവഹിച്ചിരുന്ന, സ്ത്രീകൾക്ക് പള്ളികളും അക്ഷരലോകവും നിഷേധിച്ചിരുന്ന ഒരു വ്യവസ്ഥിതിയെയാണ് ഇന്ന് organic spirituality എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്.
ആ വ്യവസ്ഥിതിയിലായിരുന്നു യഥാർത്ഥത്തിൽ clerical elitism നിലനിന്നിരുന്നത്.
സലഫി പ്രസ്ഥാനം ചെയ്തത് ഈ clerical elitism തകർക്കുക എന്നതായിരുന്നു. ഖുർആൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയും, മാതൃഭാഷയിൽ ഖുതുബ നിർവഹിച്ചും, സാധാരണക്കാരായ മനുഷ്യർക്ക് സ്വന്തമായി ഇസ്ലാമിനെ കുറിച്ച് വായിക്കാനും ചോദ്യം ചെയ്യാനുമുള്ള അവസരം നൽകിയും നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അറിവിന്റെ യഥാർത്ഥ democratization നടപ്പിലാക്കിയത് സലഫികളാണ്.
പൗരോഹിത്യത്തിന്റെ ഇടനിലക്കാരില്ലാതെ പടച്ചവനുമായി നേരിട്ട് അടുക്കാൻ സാധാരണക്കാരനെ പ്രാപ്തനാക്കിയ ഒരു പ്രസ്ഥാനത്തെ elitist എന്ന് വിളിക്കുന്നതും, സാധാരണക്കാരനെ എന്നെന്നും അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും തടവറയിൽ തളച്ചിട്ട പഴയ വ്യവസ്ഥിതിയെ subaltern എന്നും organic എന്നും വാഴ്ത്തുന്നതും വിരോധാഭാസമാണ്.
സാധാരണക്കാരുടെ lived realities നെയും സാംസ്കാരിക താളങ്ങളെയും സലഫികൾ പുച്ഛിച്ചു തള്ളി എന്നതാണ് മറ്റൊരു പ്രധാന പരാതി. സമൂഹത്തിൽ നിലനിൽക്കുന്ന ഏതൊരു അനാചാരത്തെയും സാംസ്കാരിക തനിമയായി ന്യായീകരിക്കാനുള്ള ശ്രമമാണിത്.
എന്നാൽ ഈ വാദത്തിന് പിന്നിൽ മറച്ചുപിടിക്കപ്പെടുന്ന ഒരു വലിയ സാമ്പത്തിക യാഥാർത്ഥ്യമുണ്ട്. സാമ്പത്തികശാസ്ത്രം താല്പര്യമുള്ള സ്ഥിതിക്ക് അതൊന്ന് പരിശോധിക്കുന്നത് നന്നായിരിക്കും
സാധാരണക്കാരന്റെ നിസ്സഹായതയെയും ഭയത്തെയും ചൂഷണം ചെയ്തുകൊണ്ട് മന്ത്രവാദം, ഏലസ്സ്, ഉറുക്ക്, നേർച്ചപ്പെട്ടി, ആണ്ടുനേർച്ചകൾ എന്നിവയിലൂടെ പടുത്തുയർത്തിയ ഒരു spiritual economy ഇവിടെയുണ്ടായിരുന്നു.
പ്രാർത്ഥനയ്ക്കും ദൈവത്തിനുമിടയിൽ പൗരോഹിത്യത്തെ ഇടനിലക്കാരായി പ്രതിഷ്ഠിക്കുകയും, വിശ്വാസത്തെ ഒരു വിപണി ഉൽപ്പന്നമാക്കി മാറ്റുന്ന commodification of faith നടപ്പിലാക്കുകയും ചെയ്ത ചൂഷണ വ്യവസ്ഥിതിയെയാണ് സലഫി പ്രസ്ഥാനം ചോദ്യം ചെയ്തത്.
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്ന ഈ ചൂഷണങ്ങളെ സാംസ്കാരിക തനിമ എന്ന് വിളിക്കുന്നത് ചൂഷകർക്ക് കുടപിടിക്കലാണ്.
ഇസ്ലാമിന്റെ അടിസ്ഥാന ചരിത്രം പോലും ഈ വാദത്തെ പൂർണ്ണമായും റദ്ദ് ചെയ്യുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി ﷺ കടന്നുവന്നത് ജാഹിലിയ്യാ കാലഘട്ടത്തിലെ അറേബ്യൻ സമൂഹത്തിലേക്കായിരുന്നു.
അന്നത്തെ ജാഹിലിയ്യ ജനത പിന്തുടർന്നിരുന്ന വിഗ്രഹാരാധനയും, ഗോത്രാചാരങ്ങളും, അന്ധവിശ്വാസങ്ങളുമെല്ലാം അവരുടെ സ്വാഭാവികമായ organic lived realities ആയിരുന്നു.
പ്രവാചകൻ അവരോട് പൂർവ്വികരുടെ വഴികൾ ഉപേക്ഷിച്ച് ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ, അത് ഞങ്ങളുടെ പാരമ്പര്യമാണെന്നും പൂർവ്വപിതാക്കന്മാരുടെ വഴിയാണെന്നും പറഞ്ഞ് തന്നെയാണ് മക്കയിലെ പ്രമാണിമാർ പ്രവാചകനെ എതിർത്തത്.
അന്ന് പ്രവാചകൻ നടത്തിയ ആ ആദർശ വിപ്ലവത്തെ ആരെങ്കിലും epistemic arrogance എന്നോ സാംസ്കാരിക ഫാസിസമെന്നോ വിളിക്കുമോ?
അതുപോലെ, മരണപ്പെട്ടവരുടെ ഖബറുകൾ കെട്ടിപ്പൊക്കുന്നതും, അവിടെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതും, ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കുന്നതും ശക്തമായി വിലക്കിക്കൊണ്ട് പ്രവാചകൻ ﷺ നൽകിയ നിർദ്ദേശങ്ങൾ ചരിത്രത്തിൽ എത്രയോ വ്യക്തമാണ്.
ഉയർന്നുനിൽക്കുന്ന ഖബറുകൾ നിരപ്പാക്കാൻ അലി (റ)വിനെ നിയോഗിച്ചതും, മുൻകാല സമൂഹങ്ങൾ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയതിനെ ശപിച്ചുകൊണ്ട് മരണശയ്യയിൽ പോലും പ്രവാചകൻ ﷺ താക്കീത് നൽകിയതും ഇത്തരം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വേരോടെ പിഴുതെറിയാനായിരുന്നു.
മതത്തിന്റെ പേരിൽ കടന്നുകൂടിയ അനാചാരങ്ങളെയും നേർച്ചകളെയും ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ തിരുത്താൻ ശ്രമിക്കുന്നത് സാംസ്കാരിക ഫാസിസമല്ല; മറിച്ച്, പ്രവാചകൻ ﷺ കാണിച്ചുതന്ന യഥാർത്ഥ തൗഹീദിലേക്കുള്ള മടക്കമാണ്.
അനാചാരങ്ങൾക്ക് അക്കാദമിക് പരിവേഷം നൽകാൻ തിയറികൾ കൂട്ടുപിടിക്കുന്നത് തികച്ചും അപഹാസ്യമാണ്.
ഈ വാദങ്ങളിലുടനീളം പ്രകടമാകുന്ന ഏറ്റവും വലിയ വൈരുദ്ധ്യം ഭാഷയും നിലപാടും തമ്മിലുള്ള അന്തരമാണ്. സാധാരണക്കാരായ subaltern മനുഷ്യരുടെ ലളിതമായ ജീവിതത്തെക്കുറിച്ചും, elitism ത്തിന്റെ അപകടങ്ങളെക്കുറിച്ചും വാചാലനാകുമ്പോൾ തന്നെ, തന്റെ ആശയങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നത് സാധാരണക്കാരന് ഒട്ടും വഴങ്ങാത്ത, അക്കാദമിക് വരേണ്യതയുടെ മുഖമുദ്രയായ ഇംഗ്ലീഷ് ജാർഗണുകളാണ്. അതുപോട്ടെ.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെയും സമസ്തയുടെയും നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സലഫി വരേണ്യതയ്ക്കെതിരായ subaltern counter hegemony ആയി അവതരിപ്പിക്കുന്നിടത്താണ് ചരിത്രവായനയുടെ ഏറ്റവും വലിയ വൈരുദ്ധ്യം ഒളിഞ്ഞിരിക്കുന്നത്.
കേരളത്തിൽ വ്യവസ്ഥാപിതമായ മദ്രസാ പ്രസ്ഥാനം സലഫികൾ ആരംഭിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തവരാണ് യാഥാസ്ഥിതിക പൗരോഹിത്യം.
ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് ഖുർആൻ എഴുതിയാൽ ചോക്കുപൊടി നിലത്തുവീഴുമെന്നും, അത് മതനിന്ദയാണെന്നും പ്രചരിപ്പിച്ചവരാണവർ.
മദ്രസയുടെ 'മീം' ജഹന്നമിന്റെ 'മീം' ആണെന്ന് പാട്ടെഴുതി പാടിയവരും, ഭൗതിക വിദ്യാഭ്യാസവും ഇംഗ്ലീഷ് പഠനവും ഹറാമാണെന്ന് ഫത്വകൾ ഇറക്കി സമുദായത്തെ അക്ഷരലോകത്തിന് പുറത്തുനിർത്തിയവരുമാണവർ.
പെൺകുട്ടികളെ സ്കൂളിൽ അയക്കുന്നത് മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ചിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ, പൗരോഹിത്യത്തിന്റെ എതിർപ്പുകളെ അതിജീവിച്ച് മദ്രസകളും കോളേജുകളും സ്കൂളുകളും സ്ഥാപിച്ച് സമുദായത്തെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചുയർത്തിയത് സലഫി നവോത്ഥാന നായകരാണ്.
ആ നവോത്ഥാന മുന്നേറ്റം സൃഷ്ടിച്ചെടുത്ത വൈജ്ഞാനിക വിപ്ലവവും, കാലത്തിന്റെ അനിവാര്യതയുമാണ് പതിറ്റാണ്ടുകൾക്ക് ശേഷം കാന്തപുരം ഉൾപ്പെടെയുള്ള യാഥാസ്ഥിതിക നേതൃത്വത്തെയും മദ്രസകളും അറബിക് കോളേജുകളും ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാൻ നിർബന്ധിതരാക്കിയത്.
അന്ന് ഏത് മദ്രസാ പ്രസ്ഥാനത്തെയും ആധുനിക വിദ്യാഭ്യാസത്തെയുമാണോ ഇവർ എതിർത്തത്, അതേ സംവിധാനങ്ങളിലൂടെ വളർന്നുവന്ന് ഇന്ന് അറബിക് കോളേജുകളും സ്ഥാപനങ്ങളുമൊക്കെ കെട്ടിപ്പടുത്ത ശേഷം, അതിന് വഴിവെട്ടിയ സലഫി പ്രസ്ഥാനത്തെത്തന്നെ കുറ്റം പറയാൻ നടക്കുന്നത് വല്ലാത്ത വിരോധാഭാസമാണ്.
സലഫികൾ വെട്ടിത്തെളിച്ച ആധുനിക വിദ്യാഭ്യാസത്തിന്റെ അതേ പാതയിലേക്ക് പതിറ്റാണ്ടുകൾ വൈകി കടന്നുവന്നതിനെ subaltern പ്രതിരോധമെന്നും counter hegemony എന്നും വിളിക്കുന്നത് ചരിത്രത്തെ തലകുത്തി നിർത്തലാണ്.
അതിലുപരി, ഈ പറയുന്ന ബൗദ്ധിക വിപ്ലവത്തിന്റെ യഥാർത്ഥ ചിത്രം ഇന്നും കൗതുകകരമാണ്. പകൽ മുഴുവൻ എൻജിനീയറിംഗും മെഡിസിനും ആധുനിക ശാസ്ത്രവും പഠിപ്പിക്കുന്ന ക്യാമ്പസുകൾ കെട്ടിപ്പടുക്കുകയും, രാത്രിയാകുമ്പോൾ മുടിമുക്കിയ വെള്ളവും ഉറുക്കും ഏലസ്സും വിതരണം ചെയ്യുകയും, മടവൂർ വലിയ്യാണ് ലോകം നിയന്ത്രിക്കുന്നതെന്നും ഞങ്ങടെ പടച്ചോനാണ് എന്ന് പാടുന്നതും ഇവർക്കൊരു വിഷയവുമില്ല.
ഈ വിചിത്രമായ സമന്വയത്തെയാണോ counter-hegemony എന്ന് വിളിക്കേണ്ടത്?
മതത്തിന്റെ പേരിൽ ഇന്നും അരങ്ങേറുന്ന കുത്തുറാത്തീബുകളും, ഉറൂസിന്റെ പേരിലുള്ള ആഭാസങ്ങളും, സാധാരണക്കാരന്റെ അജ്ഞതയെ മുതലെടുത്ത് പൗരോഹിത്യം നടത്തുന്ന സാമ്പത്തിക ചൂഷണങ്ങളുമൊന്നും ഈ ലേഖകന്റെ കണ്ണിൽ പെടുന്നില്ല എന്നത് അത്ഭുതകരമാണ്.
ഇത്തരം ചൂഷണങ്ങൾക്കൊന്നും യാതൊരു മാറ്റവുമില്ലാതെ ഇന്നും തുടരുകയാണ്.
പൗരോഹിത്യത്തിന്റെ ചൂഷണങ്ങൾ ഇവിടെ അവസാനിച്ചിട്ടില്ല; മറിച്ച്, പഴയ അന്ധവിശ്വാസങ്ങൾക്ക് അക്കാദമിക് കോട്ടും സ്യൂട്ടും അണിയിച്ച് modern superstitions ആയി പുനരുൽപ്പാദിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ചരിത്രത്തെ വായിക്കാൻ പലതരം lenses ഉപയോഗിക്കാമെങ്കിലും, ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളും സ്വന്തം സമുദായം കടന്നുവന്ന കഠിനമായ ചരിത്രയാഥാർത്ഥ്യങ്ങളും കാണാൻ കഴിയാതെ പോകുന്നത് ബൗദ്ധികമായ അന്ധതയാണ്.
കേരളത്തിലെ സലഫി നവോത്ഥാനം ഒരു വരേണ്യ വർഗ്ഗത്തിന്റെ വിനോദമായിരുന്നില്ല. മറിച്ച്, പൗരോഹിത്യത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിൽ നിന്ന് ഒരു സമുദായത്തെ പ്രമാണങ്ങളുടെ വെളിച്ചത്തിലേക്കും അക്ഷരങ്ങളുടെ ലോകത്തേക്കും കൈപിടിച്ചുയർത്തിയ വിമോചന പോരാട്ടമായിരുന്നു. വാക്കുകളുടെ കസർത്ത് കൊണ്ട് ആ ചരിത്രസത്യത്തെ മറച്ചുപിടിക്കാൻ ആർക്കും സാധ്യമല്ല.
وَليس يصح في الأفهام شيء
إِذا احتاج النهار إِلى دليل
Comments
Post a Comment