മയോർകയിലെ പാതിരി
മയോർക
വർഷം 1355 CE
മുസ്‌ലിം ഭരണത്തെ പരാജയപ്പെടുത്തി ആരഗോണിലെ ജെയിംസ് ഒന്നാമൻ രാജാവ് മയോർക ദ്വീപ് കീഴടക്കിയിട്ട് ഒന്നേകാൽ നൂറ്റാണ്ട് തികഞ്ഞിരിക്കുന്നു.
ആ ദ്വീപിലെ ഒരു ബഹുമാന്യവ്യക്തിക്ക് ഒരു കുട്ടി ജനിച്ചു. അയാൾ അവനെ ആൻസെലം ടൊർമീദ (Anselm Turmeda) എന്ന് പേര് വിളിച്ചു. ക്രിസ്തുമതവിശ്വാസിയും അതീവ ഭക്തനുമായിരുന്നതിനാൽ തൻറെ ഒരേയൊരു മകൻ സുവിശേഷം പഠിച്ച് ഒരു വൈദികനാകണമെന്നാണ് ആ പിതാവ് ആഗ്രഹിച്ചത്.
അതിനാൽ തന്നെ മകന് ആറു വയസ്സ് തികഞ്ഞയുടൻ വേദപഠനത്തിനായി ദ്വീപിലെ പുരോഹിതന്റെയടുക്കൽ കൊണ്ടുപോയി ചേർത്തു. രണ്ടുവർഷത്തിനുള്ളിൽ അഥവാ എട്ടു വയസ്സു തികയുന്നതിനു മുൻപ് ആ ബാലൻ ബൈബിളിന്റെ പകുതിയിലധികവും ഹൃദിസ്ഥമാക്കി.
പിന്നീട് ബൈബിൾ ഭാഷയും തർക്കശാസ്ത്രവും പഠിക്കാനാരംഭിച്ചു. ആറു വർഷം കൊണ്ടത് പൂർത്തിയാക്കിയതിന് ശേഷം ഉപരിപഠനത്തിനായി ദ്വീപ് വിട്ടു.
സ്പെയിനിലെ കാസ്റ്റലൻ പ്രവിശ്യയിലെ ലാർദ പട്ടണത്തിലേക്കാണ് ആ ബാലൻ പോയത്. അക്കാലത്തെ ക്രിസ്ത്യൻ വിദ്യാർത്ഥികളുടെ ഒരു പ്രധാന പഠനകേന്ദ്രമായിരുന്നു അത്. ഒരു പ്രധാനപുരോഹിതന് കീഴിൽ 1500 ഓളം വിദ്യാർഥികൾ അവിടെ പഠനം നടത്തുന്നുണ്ടായിരുന്നു. ആൻസെലം അവിടെ ആറു വർഷത്തോളം ഭൗതികശാസ്ത്രങ്ങളും ജ്യോതിശാസ്ത്രവും അഭ്യസിച്ചു. പിന്നെ വീണ്ടും നാലുവർഷം വേദപഠനവും നടത്തി.
അവിടന്ന് അയാൾ പോയത് പംപ്ലാന നഗരത്തിലേക്കായിരുന്നു. നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന നൂറുകണക്കിന് ക്രൈസ്തവ വിദ്യാർത്ഥികളുടെയും പുരോഹിതന്മാരുടെയും സംഗമസ്ഥലമായിരുന്നു അത്. രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ ശരീരം മുഴുവൻ ചുറ്റിപ്പൊതിയുന്ന ഒരു തരം പരുക്കൻ വസ്ത്രമായിരുന്നു അവിടെ വേദപഠനം നടത്തുന്ന വിദ്യാർത്ഥികളെല്ലാവരും ധരിച്ചിരുന്നത്. പ്രധാന പുരോഹിതനായിരുന്നു അവരുടെയൊക്കെ രക്ഷാധികാരിയും നേതാവും.
പംപ്ലാന നഗരത്തിലെ സർവ്വാദരണീയനും തലമുതിർന്ന പുരോഹിതനുമായിരുന്ന
നികൊളാവോ മാർട്ടെലോയുടെ
അടുക്കലാണ് ആൻസെലം എത്തിച്ചേർന്നത്.
നിൻറെ ജന്മനാട് എവിടെയാണ്?
മുസ്‌ലിം പ്രദേശത്തിന് അടുത്താണോ?
നിങ്ങളും മുസ്ലിങ്ങളുമായി അങ്ങോട്ടോ ഇങ്ങോട്ടോ യുദ്ധങ്ങൾ നടക്കാറുണ്ടോ?
എന്തിനെന്നറിയില്ല !
ശിഷ്യത്വം നൽകുന്നതിന് മുൻപ് നികൊളാവോ മാർട്ടെലോ ആൻസെലം ടോർമീദയോട് ചോദിച്ച ചില ചോദ്യങ്ങളാണിവ.
ശിഷ്യനും സേവകനുമായി അദ്ദേഹത്തിൻറെ തന്നെ ദേവാലയത്തിലായിരുന്നു ആൻസെലം താമസിച്ചത്. ഭൗതികസുഖങ്ങൾ വെടിഞ്ഞ് വിരക്തജീവിതം നയിച്ചിരുന്ന, ക്രൈസ്തവമതത്തിലും വേദപ്രമാണങ്ങളിലും അത്യഗാധമായ ജ്ഞാനമുണ്ടായിരുന്ന ആ വൃദ്ധപാതിരിയെ ജനങ്ങൾ അങ്ങേയറ്റം ബഹുമാനാദരവുകളോടെയാണ് കണ്ടിരുന്നത്. വിദൂരദിക്കുകളിൽ നിന്നു പോലും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സംശയദൂരീകരണത്തിനായുള്ള എഴുത്തുകൾ അദ്ദേഹത്തിൻറെയടുക്കൽ വരാറുണ്ടായിരുന്നു. എഴുത്തുകളോടൊപ്പം വിലപിടിപ്പുള്ള അനവധി പാരിതോഷികങ്ങളുമുണ്ടാകും. അദ്ദേഹത്തെ പോലെയുള്ള ഒരു മഹാൻ തങ്ങളുടെ പാരിതോഷികങ്ങൾ സ്വീകരിക്കുന്നത് തന്നെ വലിയ മഹത്വമായിട്ടായിരുന്നു അവർ കണ്ടിരുന്നത്. ആ ജ്ഞാനവൃദ്ധന്റെയടുക്കൽ നമ്മുടെ കഥാപുരുഷൻ ക്രിസ്തുമതത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള പഠനം തുടർന്നു.
വളരെ വേഗം തന്നെ നികൊളാവോയുടെ ഏറ്റവുമടുത്ത അരുമശിഷ്യനായി ആൻസെലം മാറി. പഠനത്തിന് പുറമെ ഒരുപാട് ഉത്തരവാദിത്തങ്ങളും ഗുരു ആ ശിഷ്യനെ ഏൽപ്പിക്കുകയുണ്ടായി. അങ്ങനെ പത്തുവർഷങ്ങൾ കടന്നുപോയി. പ്രായാധിക്യം കാരണം ഗുരുവിന് വേദപഠനസദസ്സുകളിലും പുരോഹിതചർച്ചകളിലും പങ്കെടുക്കാൻ കഴിയാതായി. ദേവാലയത്തിന്റെയും ഗുരുവിൻറെ വസതിയുടെയും താക്കോൽക്കൂട്ടം വരെ ശിഷ്യനാണ് ഇപ്പോൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഗുരുവിൻറെ വസതിക്കുള്ളിലെ ഒരു ചെറിയ മുറിയുടെ താക്കോൽ ഒഴിച്ച്.
ഒരു ദിവസം ഗുരുവിന്റെ അസാന്നിധ്യത്തിൽ ക്രൈസ്തവ പാതിരിമാർ സംഗമിച്ച ഒരു വൈജ്ഞാനിക ചർച്ചയിൽ
ബൈബിള്‍ പുതിയ നിയമത്തിലെ യോഹന്നാന്റെ പേരിലുള്ള സുവിശേഷത്തിലെ പതിനാറാം അധ്യായത്തിലെ ഒരു വാക്ക് പ്രധാന ചർച്ചാവിഷയമായി.
‘എങ്കിലും സത്യം ഞാന്‍ നിങ്ങളോട് പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കാണ്. ഞാന്‍ പോകുന്നില്ലെങ്കില്‍ പാര്‍ക്കലീത്താ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയക്കും. അവന്‍ വരുമ്പോള്‍ പാപത്തെയും നീതിയെയും ന്യായവിധിയെയും പറ്റി ലോകത്തെ ബോധ്യപ്പെടുത്തും’ (യോഹന്നാന്‍ 16:7,8)
ആരാണ് യേശുവിനു ശേഷം വരാൻ പോകുന്ന ഈ 'പാർക്കലീത്ത' (Greek: Paraklētos)
ഓരോരുത്തരും അവരുടെ അഭിപ്രായങ്ങളും വാദഗതികളും നിരത്താനാരംഭിച്ചു. ചർച്ചകൾ മുറുകിയെങ്കിലും അവസാനം ഒരു തീർപ്പിലെത്താൻ കഴിയാതെ ആ സംഗമം പിരിയുകയാണുണ്ടായത് .
ചർച്ചയിൽ പങ്കെടുത്ത ആൻസെലം തിരിച്ചെത്തിയപ്പോൾ പതിവുപോലെ ഗുരു അന്ന് നടന്ന കാര്യങ്ങളെക്കുറിച്ച് ആരാഞ്ഞു. ചർച്ചയെക്കുറിച്ചും ഓരോ പുരോഹിതന്മാർ പറഞ്ഞ വ്യത്യസ്ത അഭിപ്രായങ്ങളെ കുറിച്ചും ശിഷ്യൻ വിശദീകരിച്ചു കൊടുത്തപ്പോൾ ഗുരു ചോദിച്ചു.
മകനേ, നീ എന്താണ് പറഞ്ഞത് ?
അന്നത്തെ ആധികാരിക ബൈബിൾ വ്യാഖ്യാനങ്ങളിലൊന്നിൽ പറഞ്ഞിരിക്കുന്ന വ്യാഖ്യാനം തന്നെയാണ് താൻ പറഞ്ഞതെന്ന് ശിഷ്യൻ പ്രതികരിച്ചു.
ജ്ഞാനവൃദ്ധൻ നികൊളാവോ മാർട്ടെലോ പറഞ്ഞു തുടങ്ങി.
നീ പറഞ്ഞത് സത്യത്തോട് അടുത്ത അഭിപ്രായം തന്നെ. ഇന്ന പുരോഹിതൻ അഭിപ്രായപ്പെട്ടത് തെറ്റാണ്. ഇന്നയാൾ അഭിപ്രായപ്പെട്ടത് സത്യത്തോട് അടുത്തതാണ്. പക്ഷേ എന്നിരുന്നാലും ശരിയായ ഉത്തരം ഇതൊന്നുമല്ല. മഹത്തരമായ ആ നാമത്തിന്റെ വ്യാഖ്യാനം അഗാധജ്ഞാനികൾക്കു മാത്രമേ അറിയുകയുള്ളൂ. വളരെക്കുറച്ച് അറിവ് മാത്രമേ നിങ്ങൾക്ക് കരഗതമാക്കാൻ സാധിച്ചിട്ടുള്ളൂ.
എന്താണ് ശരിയുത്തരം എന്ന് ഗുരുവിന് അറിയാമോ ?
അനവധി പുരോഹിതന്മാർ ഒന്നിച്ചു പങ്കെടുത്ത സംഗമത്തിൽ അവർക്കാർക്കും ഉറപ്പു പറയാൻ കഴിയാത്ത 'പാർക്കലീത്ത' ആരാണെന്ന് തൻറെ ഗുരുവിന് അറിയാമെന്നോ ?
പത്തുവർഷം അദ്ദേഹത്തിൻറെ നിഴലായി കൂടെയുണ്ടായിരുന്നിട്ടും തനിക്കെന്തേ അത് മനസ്സിലാക്കാൻ കഴിയാതെ പോയി ?
ആൻസെലം ആകാംക്ഷാനിർഭരനായി. നികൊളാവോയോട് അയാൾ കെഞ്ചി. ഗുരോ, എത്ര വിദൂരത്തു നിന്നാണ് ഞാൻ അങ്ങയുടെ അടുത്തെത്തിയത് എന്ന് അങ്ങേക്കറിയുമല്ലോ. ഒരു ദശാബ്ദം മുഴുവൻ ഞാൻ അങ്ങേയ്ക്ക് സേവനങ്ങൾ ചെയ്തു. എണ്ണമറ്റ അറിവുകൾ ഞാൻ അങ്ങയിൽ നിന്ന് സ്വായത്തമാക്കി. ഈ നാമത്തിന്റെ വിവക്ഷിതം എന്തെന്നുകൂടി എനിക്ക് അറിയിച്ചു തന്നാൽ അത് അങ്ങെന്നോട് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരങ്ങളിലൊന്നായിരിക്കും.
'പാർക്കലീത്ത' ആരെന്ന് എനിക്ക് പറഞ്ഞു തന്നാലും. അയാൾ ഗുരുവിൻറെ പാദങ്ങളിൽ ചുംബിച്ചുകൊണ്ട് അപേക്ഷിച്ചു. താൻ മകനെപ്പോലെ കാണുന്ന ശിഷ്യൻറെ താണുകേണുള്ള ഈ അപേക്ഷ ഗുരുവിനെയും കരയിപ്പിച്ചു കളഞ്ഞു.
ഗുരു പറഞ്ഞു : മകനേ, എനിക്കു വേണ്ടി നീ ജീവിതം ഉഴിഞ്ഞുവെച്ച് ത്യാഗം സഹിക്കുന്നത് തീർച്ചയായും എന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്. തീർച്ചയായും ഈ മഹത്തരമായ നാമത്തിൻ്റെ വ്യാഖ്യാനം അറിയുന്നത് വളരെയധികം ഉപകാരദായിയാണെന്നതിൽ സംശയമില്ല. പക്ഷേ അത് നീ മനസ്സിലാക്കിയെന്ന് പുറംലോകമറിഞ്ഞാൽ ക്രൈസ്തവവിശ്വാസികൾ ഉടനടി നിന്നെ ഇല്ലായ്മ ചെയ്യും.
ഗുരോ, മഹോന്നനായ ദൈവം തന്നെയാണെ സത്യം, ബൈബിളും യേശുവും തന്നെയാണെ സത്യം, അങ്ങയുടെ അനുമതിയില്ലാതെ ഞാൻ ആ രഹസ്യം ഒരാളോടും വെളിപ്പെടുത്തുകയില്ല. ആൻസെലം ഗുരുവിന് മുന്നിൽ ആണയിട്ടു പറഞ്ഞു.
ഗുരു തുടർന്നു: മകനേ, നീ എൻറെയടുക്കൽ ആദ്യമായി വന്നപ്പോൾ ഞാൻ നിന്നോട് ചോദിച്ച ചില ചോദ്യങ്ങൾ ഓർമ്മയുണ്ടോ?
നിൻറെ നാടിനെ പറ്റി?
മുസ്ലീങ്ങളെ പറ്റി ?
ഇസ്ലാമിനോട് നിനക്കുള്ള വെറുപ്പും വിദ്വേഷവും എത്രയുണ്ടെന്ന് അറിയാനുള്ള ചോദ്യങ്ങളായിരുന്നു അവ.
" എൻ്റെ മകനേ, അവരുടെ പ്രവാചകൻ മുഹമ്മദ് (സ) യുടെ പേരുകളിൽ നിന്നൊരു പേരാണ് അത്. 'പാർക്കലീത്ത' "
ഡാനിയൽ പ്രവാചകൻ പറഞ്ഞതുപോലെ നാലാം വേദം അദ്ദേഹത്തിനാണ് അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ മതമാണ് ശരിയായ മതം. വേദപ്രമാണത്തിൽ പരാമർശിച്ച സത്യസരണി അദ്ദേഹത്തിൻറെ സരണിയാണ്.
ആൻസെലം സ്തബ്ധനായി !!!
ഗുരോ, അപ്പോൾ ക്രിസ്തുമതമോ !?
ക്രൈസ്തവർ യേശു പഠിപ്പിച്ച അതേ മതത്തിൽ തന്നെ നിലകൊണ്ടിരുന്നുവെങ്കിൽ അവർ യഥാർത്ഥ ദൈവമതത്തിൽ തന്നെ നിലനിന്നേനെ. കാരണം യേശുവിന്റെയും സർവ്വ പ്രവാചകന്മാരുടെയും മതം യഥാർത്ഥ ദൈവത്തിൻറെ മതമാണ്. ഗുരു പറഞ്ഞു നിർത്തി.
ഇനിയെന്താണ് ഒരു പോംവഴി ? ഞാൻ എന്താണ് ചെയ്യേണ്ടത് ?
ശിഷ്യൻ ചോദിച്ചു.
ഇസ്‌ലാമിൽ പ്രവേശിക്കുക തന്നെ. ഗുരുവിൻറെ മറുപടി.
ശിഷ്യൻ : ഇസ്‌ലാമിൽ പ്രവേശിക്കുന്നവർ രക്ഷപ്പെടുമോ ?
ഗുരു : തീർച്ചയായും. ഇഹലോകത്തും പരലോകത്തും
ശിഷ്യൻ : ഗുരോ, ബുദ്ധിമാന്മാർ തങ്ങളുടെ അറിവിൽ ഏറ്റവും ഉൽകൃഷ്ടമായത് മാത്രമേ തങ്ങൾക്കായി തെരഞ്ഞെടുക്കുകയുള്ളൂ. അങ്ങേയ്ക്ക് ഇതൊക്കെയും അറിയാമെങ്കിൽ പിന്നെ അങ്ങ് എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിക്കുന്നില്ല ?
ഗുരു : മകനേ, ഞാൻ നിന്നോട് വെളിപ്പെടുത്തിയ ഈ യാഥാർഥ്യങ്ങൾ മനസ്സിലാക്കാൻ ദൈവം എനിക്കവസരം നൽകിയത് എത്രയോ വൈകിയിട്ടാണ്. എൻറെ ജീവിതത്തിൻറെ സായാഹ്ന ഘട്ടത്തിൽ പ്രായം ഇത്രയേറെ കടന്ന് എൻറെ ശരീരം ക്ഷീണിച്ചവശമായിക്കഴിഞ്ഞു. പക്ഷേ എന്നിരുന്നാലും എനിക്ക് ഒരു ന്യായവുമില്ല. ദൈവത്തിൻറെ ന്യായപ്രമാണം നമ്മുടെ മേൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിൻറെ പ്രായത്തിലെങ്ങാനുമായിരുന്നു ഞാനിത് മനസ്സിലാക്കിയിരുന്നതെങ്കിൽ സർവ്വവും ഉപേക്ഷിച്ച് ഞാൻ ഇസ്‌ലാം പുൽകുമായിരുന്നു.
എല്ലാ പാപങ്ങളുടെയും അടിസ്ഥാനം ഐഹികജീവിതത്തോടുള്ള ഭ്രമമാണല്ലോ. പണവും പ്രതാപവും പ്രശസ്തിയും സർവ്വരുടെയും ബഹുമാനാദരങ്ങളും അനുഭവിച്ച് ക്രൈസ്തവർക്കിടയിൽ ഞാൻ ജീവിക്കുന്നത് നീ കാണുന്നില്ലേ.
ഞാൻ എങ്ങാനും ഇസ്‌ലാം സ്വീകരിച്ചു എന്ന് പുറംലോകം അറിഞ്ഞാൽ !
ഒന്നുകിൽ ക്രൈസ്തവവിശ്വാസികൾ എന്നെ തൽക്ഷണം വകവരുത്തും. അല്ലെങ്കിൽ ഇനി അഥവാ ഞാൻ ഇവിടെനിന്നും രക്ഷപ്പെട്ടു മുസ്ലീങ്ങളുടെ അടുത്തെത്തി ഇസ്‌ലാം സ്വീകരിച്ചു എന്ന് പ്രഖ്യാപിച്ചാലോ ? ഞാൻ ഇസ്‌ലാം സ്വീകരിച്ചാൽ എനിക്ക് ഉപകാരപ്പെട്ടു , അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു എന്നല്ലേ ഉള്ളൂ. മുസ്‌ലിംകൾ എന്നെ പരിഗണിക്കുമോ ? ആരെന്നറിയാതെ, ആരോരുമറിയാതെ, മുസ്ലീങ്ങളുടെ ഭാഷയറിയാതെ തൊണ്ണൂറ് കഴിഞ്ഞ ഈ പടുകിളവൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ എവിടെയെങ്കിലും വിശന്നു വീണു മരിക്കും.
ദൈവത്തിന് സ്തുതി . ഞാനിപ്പോൾ യേശുവിൻറെ മതത്തിലാണ് ഉള്ളത്. യേശു കൊണ്ടുവന്നതിൽ ഞാൻ വിശ്വസിക്കുന്നു. എൻറെ ഉള്ളം ദൈവം അറിയുന്നുണ്ടല്ലോ.
ശിഷ്യൻ : ഗുരോ, ഞാനിപ്പോൾ എന്തു ചെയ്യണം? ഞാൻ മുസ്ലീങ്ങളുടെ അടുത്തേക്ക് പോയി ഇസ്‌ലാം സ്വീകരിക്കണമെന്നാണോ അങ്ങ് പറഞ്ഞു വരുന്നത് ?
ഗുരു : അതെ, നീയൊരു ബുദ്ധിമാനാണെങ്കിൽ. മോക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ. എത്രയും വേഗം ഇസ്‌ലാം സ്വീകരിക്കുക. ഇരു ലോകവും നിനക്ക് ലഭിക്കും. പക്ഷേ, ഒരു കാര്യം. നമ്മൾ ഇരുവർക്കുമല്ലാതെ മറ്റൊരാൾക്കും ഇപ്പോൾ ഇതറിയില്ല. എന്തുവന്നാലും ഇത് പരസ്യപ്പെടുത്തരുത്. എന്തെങ്കിലും സംഭവിച്ചാൽ ആളുകൾ തൽക്ഷണം നിന്നെ വകവരുത്താൻ ശ്രമിക്കും. പിന്നെ എനിക്ക് പോലും നിന്നെ രക്ഷപ്പെടുത്താൻ കഴിയില്ല. എന്നിൽ നിന്നാണ് നീ സത്യം മനസ്സിലാക്കിയത് എന്ന് പറഞ്ഞാൽ എനിക്കത് നിഷേധിക്കുവാനേ തരമുണ്ടാവുകയുള്ളൂ. അറിയാമല്ലോ, ആളുകൾ എന്നെയായിരിക്കും മുഖവിലയ്ക്കെടുക്കുക. നിൻറെ വാക്കിന് ഒരു വിലയുമുണ്ടാകില്ല. അവസാനം നീ കള്ളനാകും. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ ഞാൻ നിരപരാധിയായിരിക്കും.
അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ശിഷ്യൻ ഉറപ്പുനൽകി.
ഭാരിച്ച ചിന്തകളാൽ
ആൻസെലം ടൊർമീദയുടെ മനസ്സ് മുഴുവൻ പ്രക്ഷുബ്ധമായിരുന്നു.
ഇനിയെന്ത് !?
ബുദ്ധിയുറച്ച കാലം മുതൽ വിശ്വസിച്ചു പോന്ന വിശ്വാസപ്രമാണങ്ങൾ തിരസ്കരിക്കണം.
എങ്ങോട്ട് പോകും !?
താൻ ജീവിക്കുന്ന പ്രദേശങ്ങൾ മുസ്‌ലിം ഭരണത്തിൽ നിന്ന് ക്രൈസ്തവഭരണത്തിനു കീഴിലായിട്ട് അധികകാലമൊന്നും കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്പെയിനിന്റെ പല ഭാഗങ്ങളും മുസ്‌ലിംകളാണ് ഭരിക്കുന്നത്. മുസ്‌ലിംകളും ക്രൈസ്തവരും തമ്മിലുള്ള യുദ്ധങ്ങൾ തുടർക്കഥയാണ്.
താനൊരു സാധാരണക്കാരനല്ല. ഒരു ക്രൈസ്തവ പുരോഹിതനാണ്. ഇക്കാലയളവിനുള്ളിൽ ക്രൈസ്തവസമൂഹത്തിനുള്ളിൽ അത്യാവശ്യം പ്രശസ്തിയാർജ്ജിച്ച ഒരു യുവപുരോഹിതൻ. ഒരു മുസ്‌ലിം ഭരണപ്രദേശത്തേക്ക് യാത്രചെയ്ത് പോയി ഇസ്‌ലാം സ്വീകരിക്കുക എന്നത് എളുപ്പമുള്ളതോ ക്ഷിപ്രസാധ്യമോ ആയ ഒരു പണിയല്ല.
എന്തൊക്കെയായിരുന്നു അയാളുടെ മനസ്സിലൂടെ അന്ന് കടന്നുപോയത് എന്നത് ആർക്കുമറിയില്ല. എന്തുതന്നെയായിരുന്നാലും അയാൾ അവസാനം പോകാൻ തന്നെ തീരുമാനിച്ചു. യാത്രയ്ക്ക് വേണ്ട സാമഗ്രികൾ സ്വരുക്കൂട്ടി. സ്നേഹനിധിയായ തന്റെ ഗുരുവിനെ അവസാനമായി ചെന്നു കണ്ടു. വിടവാങ്ങവേ ഗുരു തൻ്റെ ശിഷ്യൻറെ നന്മയ്ക്കായി പ്രാർത്ഥിച്ചു. അൻപത് സ്വർണ്ണനാണയങ്ങൾ വഴിച്ചെലവിനായി നൽകുകയും ചെയ്തു.
അങ്ങനെ 35 കാരനായ ആ ചെറുപ്പക്കാരൻ ആദ്യം ജന്മനാട്ടിലേക്കുള്ള കപ്പൽ കയറി. മയോർകയിലേക്ക്. ആറുമാസം അവിടെ താമസിച്ചതിനു ശേഷം മധ്യധരണ്യാഴിയിലെ തന്നെ മറ്റൊരു ദ്വീപുരാഷ്ട്രമായ സിസിലിയിലേക്ക് പോയി. അവിടെനിന്നാണ് ഏതെങ്കിലും മുസ്‌ലിംഭരണ പ്രദേശത്തേക്കുള്ള കപ്പൽ കണ്ടെത്തേണ്ടത്. അഞ്ചുമാസത്തെ കാത്തിരിപ്പിന് ശേഷം തൂനിസിലേക്കുള്ള ഒരു കപ്പൽ കിട്ടി. ഒരു സൂര്യാസ്തമയത്തിനു മുൻപ് സിസിലിയോട് വിടപറഞ്ഞ ആ കപ്പൽ രണ്ടാം ദിവസം സൂര്യൻ ഉച്ചിയിൽ നിന്ന് തെറ്റുന്നതിന് മുൻപ് തൂനിസ് തുറമുഖത്തോടടുത്തു.
അന്ന് തൂനിസ് ഭരിച്ചിരുന്നത് അബുൽ അബ്ബാസ് അഹ്മദ് എന്ന ഹഫ്സീ രാജവംശത്തിലെ ഭരണാധികാരിയായിരുന്നു.
കപ്പലിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിൻറെ വരവിനെപ്പറ്റി കേട്ടറിഞ്ഞ്
കുറെ ക്രിസ്തീയ പുരോഹിതന്മാരും കച്ചവടക്കാരും അവിടെയെത്തിയിരുന്നു.
അവരദ്ദേഹത്തെ അവരുടെ താമസസ്ഥലത്തേക്ക് സ്വീകരിച്ചുകൊണ്ട് പോയി. അങ്ങനെ അവരുടെ ആതിഥ്യത്തിൽ ഏകദേശം നാല് മാസത്തോളം അദ്ദേഹം അവിടെ കഴിച്ചുകൂട്ടി. ക്രൈസ്തവരുടെ ഭാഷയറിയുന്ന ആരെങ്കിലും കൊട്ടാരത്തിലുണ്ടോ എന്ന് അദ്ദേഹം നിരന്തരം അന്വേഷിച്ചു കൊണ്ടിരുന്നു. അവസാനം രാജാവിൻറെ ഏറ്റവുമടുത്ത സേവകരിൽ പെട്ടയാളും ഭിഷഗ്വരനുമായിരുന്ന യൂസുഫ് എന്നയാൾക്ക് ക്രൈസ്തവരുടെ ഭാഷ വശമുണ്ടെന്ന് അറിവു കിട്ടി. ആഹ്ലാദചിത്തനായ ആൻസെലം ഭിഷഗ്വരൻ യൂസുഫിന്റെ ഭവനവുമന്വേഷിച്ചിറങ്ങി. ആരൊക്കെയോ വഴി പറഞ്ഞു കൊടുത്തു അദ്ദേഹം അവിടെയെത്തി. കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞപ്പോൾ യൂസുഫിന് സന്തോഷമടക്കാനായില്ല. ഒരു ക്രൈസ്തവ പാതിരിയുടെ ഇസ്‌ലാമാശ്ലേഷണത്തിന് താനൊരു നിമിത്തമാകാൻ പോകുന്നതാലോചിച്ച് അയാൾ അതിരറ്റ് സന്തോഷിച്ചു. തൻ്റെ തന്നെ കുതിരപ്പുറത്ത് കയറ്റി ആൻസെലം ടൊർമീദയെയും കൊണ്ടയാൾ അതിവേഗം കൊട്ടാരത്തിലെത്തി രാജാവിനെ മുഖം കാണിച്ചു. വിവരങ്ങൾ ധരിപ്പിച്ച് ആൻസെലമിന് അനുവാദം നൽകാൻ രാജാവിനോട് അപേക്ഷിച്ചു.
തന്റെ മുന്നിൽ നിൽക്കുന്ന
ആൻസെലം ടൊർമീദ എന്ന ക്രൈസ്തവ പുരോഹിതനായ ചെറുപ്പക്കാരനെ രാജാവ് അടിമുടി വീക്ഷിച്ചു.
നിങ്ങൾക്ക് എത്ര വയസ്സായി?
മുപ്പത്തിയഞ്ച്. ആൻസെലം മറുപടി പറഞ്ഞു.
ഭിഷഗ്വരൻ യൂസുഫ് ഇരുവർക്കുമിടയിൽ ദ്വിഭാഷിയായി.
ഏതൊക്കെ വിദ്യകൾ അഭ്യസിച്ചിട്ടുണ്ട് ?
തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആൻസെലം രാജാവിന് മുന്നിൽ വിശദീകരിച്ചു.
താങ്കൾക്ക് സ്വാഗതം സുസ്വാഗതം.
അല്ലാഹുവിൻറെ അനുഗ്രഹത്താൽ താങ്കൾ ഇസ്‌ലാം സ്വീകരിച്ചാലും. രാജാവ് പറഞ്ഞു
രാജാവേ, സാധാരണ ഒരാൾ ഒരു മതത്തിൽ നിന്ന് പുറത്തുപോയിക്കഴിഞ്ഞാൽ ആളുകൾ അയാളെക്കുറിച്ച് ആക്ഷേപങ്ങൾ ചൊരിയുന്നതും അതുമിതും പറയുകയും ചെയ്യുന്നതും പതിവാണല്ലോ. അതുകൊണ്ട് ദയവുചെയ്ത് എന്നെ പരിചയമുള്ള ഇവിടുത്തെ ക്രൈസ്തവ പുരോഹിതന്മാരോടും കച്ചവടക്കാരോടും എന്റെ മുന്നിൽ വച്ചല്ലാതെ അങ്ങ് എന്നെക്കുറിച്ച് ഒന്ന് അഭിപ്രായമാരായണം. ശേഷം ഞാൻ ഇസ്‌ലാം സ്വീകരിച്ചു കൊള്ളാം. ആൻസെലം രാജാവിനോട് ആവശ്യപ്പെട്ടു
അബ്ദുല്ലാഹിബ്നു സലാം (റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ പ്രവാചകൻ (സ) യോട് ചോദിച്ച അതേ ആവശ്യമാണല്ലോ താങ്കളുടേതും. രാജാവ് ഒരു ചെറുപുഞ്ചിരിയോടെ ആ ആവശ്യം അംഗീകരിച്ചു.
ക്രൈസ്തവപുരോഹിതരും കച്ചവടക്കാരും സന്നിഹിതരായി. തൊട്ടപ്പുറത്തെ മുറിയിൽ അവർ കാണാതെ ആൻസെലം ഉണ്ട്. ഇന്ന കപ്പലിൽ ഇവിടേക്ക് വന്ന പുതിയ പാതിരിയെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു? രാജാവിൻ്റെ ചോദ്യം
അദ്ദേഹം ഞങ്ങളുടെ മതത്തിലെ വലിയ പണ്ഡിതനാണ്. ഞങ്ങളിലെ തല മുതിർന്നവർ പോലും പറയുന്നത് അദ്ദേഹത്തെക്കാൾ ഭക്തനും അഗാധജ്ഞാനിയുമായ ഒരാളെ അവർ പോലും കണ്ടിട്ടില്ല എന്നാണ്. രാജാവിൻറെ ചോദ്യത്തിന് അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.
എന്നാൽ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചാൽ നിങ്ങൾ എന്തു പറയും? വീണ്ടും രാജാവിൻറെ ചോദ്യം.
ദൈവത്തിൽ അഭയം, ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യുകയില്ല. അത് സാധ്യമല്ല.
ഈ മറുപടി കേട്ടയുടൻ തൊട്ടപ്പുറത്തുണ്ടായിരുന്ന
ആൻസെലം രാജസദസ്സിലേക്ക് കടന്നുവന്ന് ഇസ്‌ലാമിൻറെ സാക്ഷ്യവചനങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു.
ആറ് വയസ്സ് മുതൽ വേദപഠനം ആരംഭിച്ച,
ക്രൈസ്തവ വേദപ്രമാണങ്ങളിൽ അഗാധജ്ഞാനമുണ്ടായിരുന്ന, ബൈബിൾ ഒട്ടുമുക്കാലും മനനം ചെയ്ത, തൻറെ ജീവിതം തന്നെ അതിനായി ഉഴിഞ്ഞുവെച്ച, പംപ്ലാനയിലെ പ്രശസ്തപുരോഹിതൻ നികൊളാവോ മാർട്ടെലോയുടെ പ്രിയ ശിഷ്യനായിരുന്ന
മയോർകയിലെ ആ ഫ്രാൻസിസ്കൻ പാതിരി ആൻസെലം ടൊർമീദ
അങ്ങനെ ഇസ്‌ലാമിൻ്റെ ശാദ്വല തീരത്തേക്ക് സധീരം കാലെടുത്തുവെച്ചു.
أشهد أن لا إله إلا الله وأشهد أن محمدا رسول الله
അവിടെ തടിച്ചുകൂടിയിരുന്ന ക്രൈസ്തവർക്ക് തങ്ങളുടെ കൺമുന്നിൽ നടന്ന ഈ രംഗം വിശ്വസിക്കാനായില്ല. ഇളിഭ്യരായ അവർ ഒരുഗതിയും പരഗതിയുമില്ലാതെ അവസാനം വൃഥാ പറഞ്ഞത് വിവാഹം കഴിക്കാൻ വേണ്ടി അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതായിരിക്കും എന്നാണ്.
ഇസ്‌ലാം സ്വീകരിച്ചതിനുശേഷം അദ്ദേഹം അബ്ദുല്ലാഹ് എന്ന പേര് സ്വീകരിച്ചു. കൊട്ടാരത്തിൽ രാജാവിൻറെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥർക്കായി തയ്യാർ ചെയ്ത വസതിയിൽ അദ്ദേഹത്തിന് താമസ സൗകര്യം ഏർപ്പെടുത്താനും ദിവസം കാൽ ദീനാർ ചെലവുകൾക്കായി നൽകാനും അബുൽ അബ്ബാസ് രാജാവ് ഉത്തരവിട്ടു. അൽഹാജ് മുഹമ്മദ് അസ്സ്വഫാർ എന്ന പ്രമുഖന്റെ മകളെ അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. വിവാഹസമയത്ത് നൂറ് ദിനാറും ആവശ്യമായ പുതിയ വസ്ത്രങ്ങളും രാജാവ് തന്നെയാണ് അദ്ദേഹത്തിന് സമ്മാനമായി നൽകിയത്.
ആ ദാമ്പത്യ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകന് അദ്ദേഹം എന്താണ് പേരിട്ടതെന്ന് അറിയുമോ ?
മുഹമ്മദ്
പിന്നീട് അറബിഭാഷ സ്വായത്തമാക്കിയ
അബ്ദുല്ലാഹ് കൊട്ടാരത്തിലെ പരിഭാഷകനായി മാറി. അതിനാൽ 'അബ്ദുല്ലാഹ് അത്തുർജുമാൻ' എന്നാണ് അദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത്.
മുഴുവൻ പേര്
أبو محمد عبدالله الترجمان الميورقي
അബൂ മുഹമ്മദ് അബ്ദുല്ലാഹ് അത്തുർജുമാൻ അൽമയൂറഖി
കാലങ്ങൾക്കിപ്പുറം ഹിജ്റ 823 ൽ (CE 1420) തൻ്റെ ജീവിതസായാഹ്നത്തിൽ അഥവാ മരണത്തിന് മൂന്നുവർഷം മുൻപ് അദ്ദേഹം ഒരു പുസ്തകം രചിച്ചു.
تحفة الأريب في الرد على أهل الصليب
തുഹ്ഫത്തുൽ അരീബ് ഫി റദ്ദി അലാ അഹ്ലി സ്സ്വലീബ്
കുരിശുകാർക്കെതിരിലുള്ള മറുപടിയ്ക്കായി ബുദ്ധിമാന്മാർക്കൊരു സമ്മാനം
എന്നാണതിൻറെ പേര്.
ബൈബിളിലെ ഉള്ളടക്കങ്ങൾ തമ്മിലുള്ള പരസ്പര വൈരുദ്ധ്യങ്ങളും പ്രവാചകൻ (സ) യെ കുറിച്ച് ബൈബിളിൽ വന്നിട്ടുള്ള പ്രവചനങ്ങളും പരാമർശങ്ങളും അടങ്ങിയ ഈ ഗ്രന്ഥം മൂന്ന് അധ്യായങ്ങളായാണ് അദ്ദേഹം തിരിച്ചത്. ഒന്നാം അദ്ധ്യായം മുഴുവനും തൻറെ സംഭവബഹുലമായ ജീവിത കഥയാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. അതാണ് വായനക്കാർ ഇതുവരെ ആസ്വദിച്ചത്.
ഇങ്ങനെയാണ് അദ്ദേഹം അത് ആരംഭിക്കുന്നത്.
اعلموا - رحمكم الله - أن أصلي من مدينة ميورقة. أعادها الله تعالى للإسلام
പ്രിയരേ അറിയുക - അല്ലാഹു നിങ്ങളുടെ മേൽ കരുണ ചൊരിയട്ടെ - എൻറെ വേരുകൾ മയോർക പട്ടണത്തിൽ നിന്നാണ്. ഉന്നതനായ അല്ലാഹു ആ പട്ടണത്തെ ഇസ്‌ലാമിന് തിരിച്ചു നൽകട്ടെ.
ഇതുമാത്രമല്ല, സ്പെയിനിലെ ചില ഭാഗങ്ങളിൽ അന്ന് നിലവിലുണ്ടായിരുന്ന അദ്ദേഹത്തിൻറെ മാതൃഭാഷയായ കാറ്റലൻ ഭാഷയിലും അദ്ദേഹത്തിന് രചനകളുണ്ട്.
Llibre de bons amonestaments
ധാർമികോപദേശങ്ങൾ അടങ്ങുന്ന കവിതകളുടെ സമാഹാരമാണിത്. പത്തൊമ്പതാം നൂറ്റാണ്ട് വരെയും കാറ്റലൻ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ വളരെ പ്രസിദ്ധമായിരുന്നു ഈ കവിതകൾ.
കാറ്റലൻ ഭാഷയിലെ അദ്ദേഹത്തിൻറെ ഏറ്റവും പ്രശസ്തി നേടിയ ഗ്രന്ഥം 'ഒരു കഴുതയുടെ കുതർക്കം'
(Disputa de l'ase) എന്ന ഗ്രന്ഥമാണ്. മനുഷ്യവർഗ്ഗമാണോ മൃഗവർഗ്ഗമാണോ ഉത്തമർ എന്ന വിഷയത്തിൽ ഒരു ക്രൈസ്തവ സന്യാസിയോട് ഒരു കഴുത നടത്തുന്ന സംവാദമാണ് ഇതിവൃത്തം. മനുഷ്യൻറെ അഹങ്കാരവും കപടതയും ഒക്കെ ഹാസ്യരൂപേണ അദ്ദേഹം ഇതിൽ തുറന്നു വിമർശിക്കുന്നുണ്ട്.
കൂടാതെ
- Cobles de la divisió del Regne de Mallorques
- Llibre de tres
ഇവയും അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങളാണ്. മധ്യകാലഘട്ടത്തിൽ ഒരു യൂറോപ്പ്യൻ ഭാഷയിലും അറബി ഭാഷയിലും ഒരുപോലെ രചനകൾ നടത്തിയ അപൂർവ്വം ആളുകളിൽ ഒരാളായി ചരിത്രകാരന്മാർ ഇദ്ദേഹത്തെ എണ്ണുന്നുണ്ട്. കാറ്റലൻ ഭാഷയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായും ഇദ്ദേഹത്തെ ചില ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുണ്ട്.
رحمك الله يا أبا محمد
Masha Allah
ReplyDeleteകുറെ നാളുകളായി എഴുത്തുകൾ ഒന്നും കണ്ടിരുന്നില്ലല്ലോ. ഏതായാലും തിരിച്ചുവരവ് ഗംഭീരം 🔥
ReplyDeleteBaarakallah idh pole ചരിത്രങ്ങൾ പ്രതീക്ഷിക്കുന്നു ❤️
ReplyDeleteبارك الله فيك
ReplyDeleteയഥാർത്ഥ ദീനെന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇതിൽ വ്യക്തമായ ഉത്തരമുണ്ട് 🤍
ReplyDeleteഫൗസാൻ്റെ സംസാരങ്ങൾ കേട്ടുതുടങ്ങിയത് ഈയടുത്താണ്. മാഷാ അല്ലാഹ് എഴുത്തും അടിപൊളി.
ReplyDeleteഇനിയു ഇത് പോലുള്ള ചരിത്ര സംഭവങ്ങൾ എഴുതണം.
ReplyDeleteبارك الله فيك
ReplyDeleteഇതൊരു വല്ലാത്ത ചരിത്രമായിപ്പോയി.masha allah
ReplyDeleteما شاء الله
ReplyDeleteAdhyaayttaan oru kadha ingane vayikkunnathum ariyunnathum
ReplyDeleteIniyum ith pole venam. بارك الله فيكم
ReplyDeleteMasha allah 🌺
ReplyDeleteAdipoli aaayttnd
Ithupole iniyum orupad pratheekshikkunnu
بارك الله فيك
ReplyDelete