കഴുത്തില്ലാത്ത ഖാദിയുടെ കഥ
ഹിജ്റ രണ്ടാം നൂറ്റാണ്ട്. സ്ഥലം മക്ക.
ഒരു മനുഷ്യൻ പ്രാർത്ഥിക്കുന്നത് കേട്ടാണ് ആ വഴിപോയ ഒരു സ്ത്രീ തിരിഞ്ഞുനോക്കിയത്. മനമുരുകി, കണ്ണീരോടെ നാഥനിലേക്ക് കൈകളുയർത്തി ആ മനുഷ്യൻ അത്യധികം വിനീതമായി തേടുകയായിരുന്നു:
«اللَّهُمَّ أَعْتِقْ رَقَبَتِي مِنَ النَّارِ»
(അല്ലാഹുവേ, എന്റെ കഴുത്തിനെ നീ നരകാഗ്നിയിൽ നിന്ന് മോചിപ്പിക്കേണമേ!)
അറബി ഭാഷയിൽ ഒരു മനുഷ്യന്റെ അസ്തിത്വത്തെയും ശരീരത്തെയും മൊത്തത്തിൽ പ്രതിനിധീകരിച്ചാണ് 'എന്റെ കഴുത്ത് മോചിപ്പിക്കേണമേ' എന്ന് പ്രാർത്ഥിക്കാറുള്ളത് (തഹ്രീറു റഖബഃ അഥവാ അടിമത്തത്തിൽ നിന്നും ശിക്ഷയിൽ നിന്നുമുള്ള പൂർണ്ണമായ വിടുതൽ).
എന്നാൽ, പ്രാർത്ഥനയിലമർന്ന ആ മനുഷ്യന്റെ രൂപത്തിലേക്ക് കണ്ണയച്ച ആ സ്ത്രീക്ക് മുന്നിൽ തെളിഞ്ഞത് വിചിത്രമായ ഒരു കാഴ്ചയായിരുന്നു. ഉടലിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ശിരസ്സ്; തോളുകൾക്കിടയിൽ ഒളിച്ചുപോയ കഴുത്ത്. പ്രാർത്ഥനയുടെ ആഴം ഗ്രഹിക്കാതെ, മുന്നിൽ കണ്ട ശാരീരിക ന്യൂനതയിൽ ആ സ്ത്രീയുടെ ചുണ്ടിൽ പരിഹാസം വിരിഞ്ഞു. അവർ ചോദിച്ചു:
"സഹോദരപുത്രാ, നിനക്ക് മോചിപ്പിക്കാൻ മാത്രം അതിന് കഴുത്തെവിടെയാണ്?!"
ഒരു കത്തിമുനപോലെ നെഞ്ചിൽ തറയ്ക്കുന്ന ചോദ്യമായിരുന്നു അത്. പക്ഷേ, ശരിക്ക് പറഞ്ഞാൽ ആ ചോദ്യത്തിൽ നുണയുടെ കണികപോലുമുണ്ടായിരുന്നില്ല. കഴുത്തില്ലാതെ, തോളുകൾക്കിടയിൽ നേരെ ഉടലിന്മേൽ ഇരിക്കുന്ന തലയും, കുന്തമുനകൾ പോലെ ഇരുവശങ്ങളിലേക്കും പുറത്തേക്ക് തള്ളിനിൽക്കുന്ന തോളെല്ലുകളുമായിരുന്നു ആ മനുഷ്യന്റെ രൂപം. ആൾക്കൂട്ടത്തിൽ എപ്പോഴും അപകർഷതയോടെ മാത്രം ഒതുങ്ങിക്കൂടാൻ വിധിക്കപ്പെട്ട ഒരു ശാരീരികാവസ്ഥ.
എന്നാൽ, ആ വഴിയാത്രക്കാരിക്ക് സ്വപ്നത്തിൽ പോലും സങ്കൽപ്പിക്കാൻ കഴിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ആ വഴിയിൽ കഴുത്തില്ലെന്ന് പരിഹസിക്കപ്പെട്ട മനുഷ്യൻ, തലയെടുപ്പുള്ള ഖുറൈശി പ്രഭുക്കന്മാരെയും പ്രതാപികളെയും വിറപ്പിച്ചു നിർത്താൻ പോന്നവിധം ഇരുപത് വർഷം വിശുദ്ധ മക്കയുടെ നീതിപീഠം കയ്യാളാൻ വിധിക്കപ്പെട്ടവനാണെന്ന യാഥാർത്ഥ്യം.
അബൂ ഖാലിദ് മുഹമ്മദ് ഇബ്നു അബ്ദിർറഹ്മാൻ അൽ-ഔഖസ്.
മക്കയിലെ അതിപ്രതാപികളായ ബനൂ മഖ്സൂം ഗോത്രത്തിലായിരുന്നു അൽ-ഔഖസിന്റെ ജനനം. ഖുറൈശികളിലെ പ്രൗഢമായ തറവാട്ടുപേരുകൾക്കൊന്നും ആ കുഞ്ഞിന്റെ ശാരീരിക ന്യൂനതയെ മായ്ച്ചുകളയാൻ കഴിഞ്ഞിരുന്നില്ല. കഴുത്ത് ഉള്ളിലേക്ക് ചുരുങ്ങിപ്പോയവൻ എന്നർത്ഥം വരുന്ന ‘ഔഖസ്’ എന്ന വിളിപ്പേര് തന്നെ നാട് അയാൾക്ക് ചാർത്തിനൽകി.
എന്നാൽ, സഹതാപത്തിന്റെ കണ്ണീരൊഴുക്കാനോ മകനെ ലോകത്തിന്റെ കണ്ണുകളിൽ നിന്ന് ഒളിപ്പിച്ചുവെക്കാനോ അദ്ദേഹത്തിന്റെ ഉമ്മ തയ്യാറായില്ല. മക്കളുടെ കുറവുകളെയോർത്ത് നെഞ്ചുതകർന്നു പോകുന്നിടത്ത്, അവരുടെ മനസ്സിന് ആകാശത്തിന്റെ വിശാലത പകർന്നുനൽകുന്നതാണ് ഉമ്മമാരുടെ യഥാർത്ഥ ദീർഘവീക്ഷണം.
ബാഹ്യമായ സൗന്ദര്യത്തിനപ്പുറം ആന്തരികമായ വെളിച്ചത്തിലേക്ക് മകന്റെ ചിന്തകളെ തിരിച്ചുവിടാൻ അവർ തീരുമാനിച്ചു. കാലം അവനുനേരെ എറിയാൻ പോകുന്ന പരിഹാസങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ ആ ഉമ്മ തികഞ്ഞ പക്വതയോടെ പറഞ്ഞു:
«يَا بُنَيَّ، إِنَّكَ خُلِقْتَ خِلْقَةً لاَ تَصْلُحُ مَعَهَا لِمُجَالَسَةِ الْفِتْيَانِ، فَإِنَّكَ لاَ تَكُونُ فِي قَوْمٍ إِلاَّ كُنْتَ الْمَضْحُوكَ مِنْهُ الْمَسْخُورَ بِهِ، فَعَلَيْكَ بِطَلَبِ الْعِلْمِ؛ فَإِنَّهُ يَرْفَعُكَ»
(പൊന്നുമകനേ, യുവാക്കൾ തിമർക്കുന്ന സദസ്സുകളിൽ പോയിരിക്കാൻ പറ്റിയ രൂപത്തിലല്ല നീ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നീ ഏതൊരു ജനക്കൂട്ടത്തിനിടയിൽ ചെന്നാലും ആളുകൾ നിന്നെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യും. അതുകൊണ്ട്, നീ അറിവ് സമ്പാദിക്കുക; കാരണം, അറിവ് നിന്നെ ഉയർത്തുക തന്നെ ചെയ്യും.)
ആ ഉമ്മയുടെ വാക്കുകൾ അവനൊരു പുതിയ ദിശാബോധമായി മാറി. ഒരു മനുഷ്യന്റെ യഥാർത്ഥ വിലാസം അവന്റെ ബാഹ്യരൂപമോ ജനിച്ച സാഹചര്യങ്ങളോ അല്ലെന്ന് ആ മകൻ തിരിച്ചറിഞ്ഞു. ശരീരം കൊണ്ട് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട ആ യുവാവ്, അറിവുകൊണ്ട് ജയിക്കാൻ ഉറച്ചു.
തെരുവുകളിലെ പരിഹാസങ്ങളിൽ നിന്ന് അവൻ മക്കയിലെ വിജ്ഞാനസദസ്സുകളിലേക്ക് നടന്നുപോയി.
വിശുദ്ധ ഖുർആനിലും കർമ്മശാസ്ത്രത്തിന്റെ ആഴങ്ങളിലും അവൻ രാപ്പകലില്ലാതെ മുഴുകി. ഖാലിദ് ഇബ്നു സലമ (റഹി), അലി ഇബ്നു സൈദ് ഇബ്നു ജുദ്ആൻ (റഹി), ഇബ്നു ജുറൈജ് (റഹി) തുടങ്ങിയ പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് അദ്ദേഹം വിജ്ഞാനം നുകർന്നു.
രാത്രികളുടെ ഉറക്കമൊഴിച്ച് അവൻ അറിവിന്റെ ഗ്രന്ഥത്താളുകൾ മറിച്ചു. വിജ്ഞാനത്തിന്റെ വെളിച്ചം ഉള്ളിൽ നിറഞ്ഞതോടെ, ജനങ്ങൾ പരിഹസിച്ച ആ ശരീരത്തിന്റെ കുറവുകളെല്ലാം ആ മനുഷ്യന്റെ വ്യക്തിപ്രഭാവത്തിൽ അലിഞ്ഞുപോയി.
പരിഹാസങ്ങളുടെ പടുകുഴിയിൽ നിന്നുവന്ന ആ മനുഷ്യൻ വിശുദ്ധ മക്കയുടെ ഖാദിയായി അവരോധിക്കപ്പെട്ടു. ഒന്നോ രണ്ടോ വർഷമല്ല, നീണ്ട ഇരുപത് വർഷക്കാലം മക്കയുടെ നീതിപീഠത്തിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.
നീതിയുടെ ഇരിപ്പിടത്തിൽ അദ്ദേഹം ഇരുന്നപ്പോൾ, ആ പഴയ ശാരീരിക രൂപമായിരുന്നില്ല ലോകം കണ്ടത്; മറിച്ച് വിജ്ഞാനത്തിന്റെയും ആത്മവിശുദ്ധിയുടെയും ഒരു കൊടുമുടിയായിരുന്നു. കോടതിയിൽ വാദിയോ പ്രതിയോ അദ്ദേഹത്തിന്റെ മുന്നിൽ നിന്നാൽ, വിചാരണ കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു പോകുന്നതുവരെയും ആരും വിറച്ചുനിൽക്കുമായിരുന്നു.
അത് അധികാരത്തിന്റെ ഗർവ്വുകൊണ്ട് ഉണ്ടായ വിറയലായിരുന്നില്ല; മറിച്ച്, അറിവും ദൈവഭയവും ആ മനുഷ്യന് നൽകിയ അസാധാരണമായ ഗാംഭീര്യമായിരുന്നു. അനീതി പ്രവർത്തിച്ചാൽ നാഥന്റെ മുന്നിൽ ഉത്തരം പറയേണ്ടിവരുമല്ലോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്.
ബാഹ്യസൗന്ദര്യത്തിന്റെ കൃത്രിമ അളവുകോലുകൾ വെച്ച് മനുഷ്യരെ അളക്കുന്ന ലോകത്തിന് മുന്നിൽ, ഒരു ചരിത്രസ്മാരകം പോലെ നിൽക്കുന്നുണ്ട് അൽ-ഔഖസിന്റെ ജീവിതം. ഹിജ്റ 169-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
കഴുത്തില്ലെന്ന് പരിഹസിച്ചവർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ അദ്ദേഹത്തിന് ശാരീരികമായ ഒരു കഴുത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല; മറിച്ച്, ഒരുമ്മ പകർന്നുനൽകിയ ദീർഘവീക്ഷണവും, അറിവ് പകർന്നുനൽകിയ അഭിമാനബോധവും മാത്രം മതിയായിരുന്നു.
ബാഹ്യമായ രൂപമല്ല, മനുഷ്യനെ വാനോളം ഉയർത്തുന്നത് അവൻ ആർജ്ജിച്ചെടുക്കുന്ന അറിവും ആത്മവിശുദ്ധിയുമാണെന്ന അനശ്വരമായ പാഠമാണ് ആ ഉമ്മയും മകനും ലോകത്തിന് പകർന്നുനൽകിയത്.
References
(അൽ-ഫഖീഹ് വൽ-മുതഫഖിഹ് – അൽ-ഖത്വീബ് അൽ-ബഗ്ദാദി, താരീഖുൽ ഇസ്ലാം – ഇമാം ദഹബി, താരീഖു ദിമശ്ഖ് – ഇബ്നു അസാകിർ)
അക്കാലയളവിൽ ജീവിച്ചിരുന്ന സലഫുകളിൽ പെട്ട ഏതെങ്കിലും ഒരു അറിയപ്പെട്ട പണ്ഡിതനെ പറഞ്ഞിരുന്നെങ്കിൽ, ഏകദേശം ആരുടെ കാലയളവിൽ ജീവിച്ച മഹദ് വ്യക്തി ആണെന്ന് മനസ്സിലാകുമായിരുന്നു. ഇതൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്. جزاك الله خيرا 🤍✨
ReplyDeleteآمين وإياكم
Deleteഹിജ്റ 169 ൽ വഫാത്ത്
ഇമാം അബൂ ഹനീഫ.....ഇമാം മാലിക്