മബ്രൂക്ക ഖഫാജിയുടെ മകൻ
1879-ന്റെ ഒടുക്കം. ഈജിപ്തിലെ ഒരു ഉൾനാടൻ ഗ്രാമം. കഠിനമായ ദാരിദ്ര്യത്തിന്റെ ചൂടിൽ ഉരുകുകയായിരുന്നു മബ്രൂക്ക ഖഫാജി എന്ന സാധാരണക്കാരിയായ ആ ഗ്രാമീണ സ്ത്രീ.
ഭർത്താവ് ഇബ്രാഹിം അത്ത ഒരു സാധാരണ കൃഷിപ്പണിക്കാരനായിരുന്നു. വീട്ടിൽ പട്ടിണി വിട്ടൊഴിഞ്ഞ നേരമില്ല.
മബ്രൂക്ക തന്റെ ഗർഭകാലത്തിന്റെ അവസാന നാളുകളിലേക്ക് കടന്നപ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്.
യാതൊരു കാരണവുമില്ലാതെ ഭർത്താവ് അവരെ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തി തെരുവിലേക്ക് ഇറക്കിവിട്ടു.
കൈയിൽ പൈസയില്ല, തലചായ്ക്കാൻ ഒരിടമില്ല, തുണയാകാൻ എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യതകളോ വലിയ പാരമ്പര്യമോ അവർക്കില്ലായിരുന്നു.
പക്ഷേ അവർ തളർന്നില്ല. ഗർഭപാത്രത്തിലെ കുഞ്ഞിനെ ഓർത്ത് അവർ കണ്ണീരൊഴുക്കിയില്ല.
മബ്രൂക്ക തന്റെ ഉമ്മയേയും സഹോദരനേയും കൂട്ടി അലക്സാണ്ട്രിയ എന്ന വലിയ നഗരത്തിലേക്ക് വണ്ടി കയറി. അവിടെവച്ച് അവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി:
അലി ഇബ്രാഹിം
അലക്സാണ്ട്രിയയിലെ തെരുവുകളിൽ വെയിലും മഴയുമേറ്റ് മബ്രൂക്ക പാൽക്കട്ടിയും തൈരും വിറ്റ് നടന്നു. കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ഒരു പങ്കും പാഴാക്കാതെ ഒരു നേരത്തെ ആഹാരം കുറച്ചാണെങ്കിലും അവർ പണം സമ്പാദിച്ചു.
ഒടുവിൽ മകനെ അവിടുത്തെ പ്രശസ്തമായ റഅ്സു ത്തീൻ സ്കൂളിൽ ചേർക്കാൻ അവർക്ക് കഴിഞ്ഞു.
എന്നാൽ അലി പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോഴേക്കും വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി അവന്റെ പിതാവ് അവിടെ പ്രത്യക്ഷപ്പെട്ടു.
അയാളുടെ ലക്ഷ്യം മറ്റൊന്നുമല്ലായിരുന്നു:
"ഇത്രയും പഠിച്ചതുമതി, ഇനി ഇവനെ എനിക്കൊപ്പം കൃഷിപ്പണിക്ക് വിടണം." മകനെ നിർബന്ധമായി കൂടെ കൊണ്ടുപോകാനാണ് അയാൾ വന്നത്.
പക്ഷേ, ആ ഉമ്മയുടെ സ്വപ്നങ്ങൾ ദാരിദ്ര്യത്തേക്കാൾ എത്രയോ വലുതായിരുന്നു. മകനെ ഒരു സാധാരണക്കാരനാക്കാൻ അവർ തയ്യാറല്ലായിരുന്നു.
ഒരു രാത്രിയിൽ, ഭർത്താവിന്റെ കണ്ണുവെട്ടിച്ച്, മകനെയും ചേർത്തുപിടിച്ച് അവർ വീടിന്റെ മേൽക്കൂരയിലൂടെ അയൽപക്കത്തെ ടെറസ്സിലേക്ക് ചാടി രക്ഷപ്പെട്ടു!
നേരെ കൈറോ എന്ന മഹാനഗരത്തിലേക്ക്.
അവിടെ മകന്റെ ഉപരിപഠനത്തിനുള്ള പണം കണ്ടെത്താൻ അവർ ധനികരുടെ വീടുകളിൽ വീട്ടുജോലിക്കാരിയായും വേലക്കാരിയായും ചോരനീരാക്കി പണിയെടുത്തു.
ഉമ്മയുടെ കണ്ണുനീരിന്റെയും കഠിനാധ്വാനത്തിന്റെയും വില അലി തിരിച്ചറിഞ്ഞു.
അവൻ പഠനത്തിൽ ഒന്നാമനായി മുന്നേറി.
1897: അലി ഈജിപ്തിലെ പ്രശസ്തമായ സ്കൂൾ ഓഫ് മെഡിസിനിൽ പ്രവേശനം നേടി.
1901: അയാൾ ഒരു ഡോക്ടറായി ബിരുദം നേടി പുറത്തിറങ്ങി.
വർഷങ്ങൾ കടന്നുപോയി. അന്നത്തെ ഈജിപ്തിലെ രാജാവായിരുന്ന ഹുസൈൻ കാമിൽ ഒരു മാരകരോഗം ബാധിച്ച് കിടപ്പിലായി.
കൊട്ടാരത്തിലെ പ്രഗത്ഭരായ വിദേശ ഡോക്ടർമാർ പോലും രോഗം എന്താണെന്ന് തിരിച്ചറിയാനാകാതെ കൈ മലർത്തി.
ആ സമയത്താണ് ഡോ. ഉസ്മാൻ ഗാലിബ് എന്ന മുതിർന്ന ഡോക്ടർ ചെറുപ്പക്കാരനായ ഡോ. അലി ഇബ്രാഹിമിനെ രാജാവിൻ്റെ ചികിത്സിക്കായി നിർദ്ദേശിക്കുന്നത്.
അത്യന്തം സങ്കീർണ്ണവും രാജാവിൻ്റെ ജീവൻപോലും അപകടത്തിലാകാൻ സാധ്യതയുള്ളതുമായ ഒരു ശസ്ത്രക്രിയ അലി വിജയകരമായി പൂർത്തിയാക്കി! രാജാവ് രോഗമുക്തനായി.
ആ ഒരൊറ്റ ശസ്ത്രക്രിയ അലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. രാജാവ് അദ്ദേഹത്തെ കൊട്ടാരത്തിലെ മുഖ്യ സർജനായും സ്വന്തം പേഴ്സണൽ ഡോക്ടറായും നിയമിച്ചു. കൂടാതെ 'ബേ' എന്ന ആദരപദവിയും നൽകി.
അവിടെയും തീർന്നില്ല ആ പ്രയാണം.
1922: ഫുആദ് ഒന്നാമൻ രാജാവ് അദ്ദേഹത്തിന് 'പാഷ' പദവി നൽകി ആദരിച്ചു.
1929: ഫുആദ് സർവ്വകലാശാലയിലെ മെഡിക്കൽ ഫാക്കൽറ്റിയുടെ ആദ്യത്തെ ഈജിപ്തുകാരനായ ഡീൻ ആയി അദ്ദേഹം നിയമിതനായി. പിന്നീട് ആ സർവ്വകലാശാലയുടെ പ്രസിഡന്റുമായി.
1940: അദ്ദേഹം ഈജിപ്തിന്റെ ആരോഗ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതേ വർഷം തന്നെ അദ്ദേഹം ഈജിപ്ഷ്യൻ മെഡിക്കൽ സിൻഡിക്കേറ്റ് സ്ഥാപിക്കുകയും അതിന്റെ ആദ്യ പ്രസിഡന്റാവുകയും ചെയ്തു.
അക്ഷരാഭ്യാസമില്ലാതെ, സ്വന്തം ഭർത്താവിനാൽ തെരുവിലുപേക്ഷിക്കപ്പെട്ട് പാൽക്കട്ടി വിറ്റും വിഴുപ്പലക്കിയും ജീവിക്കേണ്ടി വന്നിട്ടും അചഞ്ചലമായ വിശ്വാസവും ശുഭപ്രതീക്ഷയും മുൻനിർത്തി മുന്നോട്ടുപോയ മബ്റൂക്ക ഖഫാജിയുടെ മകൻ!
സർ അലി ഇബ്രാഹിം പാഷ അങ്ങനെ
ഈജിപ്തിലെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി.
"All that I am, or hope to be, I owe to my angel mother."
"ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അല്ലെങ്കിൽ ഭാവിയിൽ ഞാൻ എന്താകാൻ ആഗ്രഹിക്കുന്നുവോ, അതിനെല്ലാം ഞാൻ എന്റെ മാലാഖയായ ഉമ്മയോട് കടപ്പെട്ടിരിക്കുന്നു."
അബ്രഹാം ലിങ്കൺ
(The Life of Abraham Lincoln (1866) J. G. Holland)
©️ Ajmal Fouzan Alhikami
Comments
Post a Comment