മുഹമ്മദ് നബി (സ്വ) ഒരു വ്യാജനായിരുന്നുവെങ്കിൽ...

മനുഷ്യചരിത്രത്തിന്റെ ഇരുൾവീണ ഇടനാഴികളിലൂടെ ഒന്ന് കണ്ണോടിക്കുക. സ്വന്തം നാവിൻതുമ്പിൽ നിന്ന് കൊട്ടാരങ്ങളും അധികാരകിരീടങ്ങളും പണിതുയർത്തിയ എത്രയോ കപടശിൽപ്പികളെ അവിടെ കാണാം.
ഒരൊറ്റ നുണയുടെ ചരടിൽ ആയിരങ്ങളെ തളച്ചിടാൻ ഇറങ്ങിത്തിരിക്കുന്ന ഏതൊരു വ്യാജന്റെയും അന്തരംഗത്തിൽ എരിയുന്ന കനലുകൾ സുവ്യക്തമാണ്: കുന്നുകൂടുന്ന കാഞ്ചനം, സർവ്വാധികാരത്തിന്റെ ചെങ്കോൽ, കാൽക്കൽ വീഴുന്ന ജനക്കൂട്ടം, അല്ലെങ്കിൽ സ്വന്തം വംശത്തിന്റെ അപദാനങ്ങൾ രേഖപ്പെടുത്തുന്ന ചരിത്രശാസനങ്ങൾ.

എന്നാൽ, പ്രാണവായുവിലേക്ക് പടർന്നുപിടിക്കുന്ന തീഗോളങ്ങൾക്കു മുന്നിലും, അസ്ഥി തുളയ്ക്കുന്ന പട്ടിണിയുടെ നിലവിളികൾക്കിടയിലും, ശത്രുവിന്റെ ഊരിയ വാളിൻമുനമ്പിലും സ്വന്തം വ്യാജമുഖം അഴിച്ചുവെക്കാതെ ആരെങ്കിലും തന്റെ കള്ളം തുടർന്നിട്ടുണ്ടോ? ഇല്ല;

മനുഷ്യസഹജമായ സ്വാർത്ഥതയുടെയും പ്രാണഭയത്തിന്റെയും പരിധിയിൽ നിന്ന് ചിന്തിച്ചാൽ, മുഹമ്മദ് നബി (സ്വ) ഒരു വ്യാജനാണെന്ന വാദം ചരിത്രത്തിന്റെ യുക്തിസഹമായ അടിത്തറകളെത്തന്നെയാണ് തകിടം മറിക്കുന്നത്.

ആ പ്രവാചക ജീവിതത്തിലെ ചില മുഹൂർത്തങ്ങളിലൂടെ ഒന്നു കടന്നുപോവുക; അവിടെ ഒരു കപടന്റെ കുടിലതയാണോ, അതോ അല്ലാഹുവിന്റെ നിയോഗമേറ്റ ഒരു സത്യപ്രവാചകന്റെ ആത്മാർത്ഥതയാണോ കാണുന്നത്?

നാൽപ്പത് വർഷങ്ങൾ... ഒരു ജനതയുടെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞുനിന്ന കാപട്യരഹിതമായ നാല് പതിറ്റാണ്ടുകൾ! വിരസമായ മരുഭൂമിയിലെ ചെറുചൂതുകളികൾക്കോ ഗോത്രവൈരങ്ങൾക്കോ അധികാരദുരകൾക്കോ അടിപ്പെടാതെ, ‘അൽ-അമീൻ’ എന്ന വിശ്വസ്തതയുടെയും സത്യസന്ധതയുടെയും പവിത്രപീഠത്തിൽ ആ മനുഷ്യൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു.

നാൽപ്പത് ആണ്ടുകളോളം ആത്മാവിൽ ഒരു തരിമ്പുപോലും നുണയുടെ കറപുരളാതെ ജീവിച്ച ഒരാൾ, പെട്ടെന്നൊരു പ്രഭാതത്തിൽ ആകാശഭൂമികളുടെ സ്രഷ്ടാവായ ഏകദൈവത്തിന്റെ പേരിൽ ഈ ഭൂമുഖത്തെ ഏറ്റവും ഭീമമായ കളവ് കെട്ടിച്ചമയ്ക്കാൻ തയ്യാറായി എന്ന് വിശ്വസിക്കാൻ എത്രമാത്രം ബുദ്ധിശൂന്യത വേണം?

സിംഹാസനത്തിലിരുന്ന റോമാ ചക്രവർത്തി ഹെരാക്ലിയസ് ചോദിച്ച ആ ചോദ്യം ചരിത്രത്തിന്റെ കവിളത്തേറ്റ അടിയായിരുന്നു: “ഈ അവകാശവാദത്തിന് മുമ്പ് അദ്ദേഹം മനുഷ്യരോട് എപ്പോഴെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ?”
അന്നോളം ഇസ്‌ലാമിന്റെ കൊടും ശത്രുവായിരുന്നിട്ടും അബൂസുഫ്യാന്റെ ചുണ്ടുകളിൽ നിന്ന് അന്ന് ഉതിർന്നത് “ഇല്ല” എന്ന ഒരൊറ്റ സത്യമായിരുന്നു.

മനുഷ്യരോട് ജീവിതത്തിലൊരിക്കലും കളവ് പറയാത്തയാൾ ദൈവത്തിൻ്റെ പേരിൽ മഹാകള്ളം പടച്ചുണ്ടാക്കുമോ എന്ന് ഹെറാക്ലിയസ് അത്ഭുതപ്പെട്ടത് അതുകൊണ്ടായിരുന്നു (സ്വഹീഹുൽ ബുഖാരി: 7).

ഹിറാ ഗുഹയുടെ മൂകമായ ഇരുട്ടറയിൽ വെച്ച് ആദ്യമായി ആകാശലോകത്തുനിന്നുള്ള വഹ്‌യിന്റെ ഭാരം ആ ചുമലുകളിലേക്ക് വീണ ആ ഭയാനക രാവ് ഓർക്കുക. താനൊരു പ്രവാചകനാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാൻ ഗൂഢാലോചന നടത്തുന്ന ഒരു വ്യാജൻ, അത്തരമൊരു വേളയിൽ ആനന്ദനൃത്തം ചവിട്ടി ജനങ്ങളിലേക്ക് ഓടിയെത്തി തന്റെ 'വിജയം' പ്രഖ്യാപിക്കുകയാണ് ചെയ്യുക. 

എന്നാൽ അവിടെ സംഭവിച്ചതോ?
ഭയവിഹ്വലനായി വിറച്ചുവിറച്ച്, സ്വന്തം പ്രാണന് എന്തോ ആപത്ത് സംഭവിച്ചുപോയോ എന്ന് ശങ്കിച്ച്, പ്രിയപത്നി ഖദീജയുടെ മടിത്തട്ടിലേക്ക് ഓടിവീണ് "എന്നെ പുതപ്പിച്ചു തരൂ... എന്നെ പുതപ്പിച്ചു തരൂ..." എന്ന് യാചിക്കുന്ന ഒരു പച്ചമനുഷ്യനെയാണ് അവിടെ കാണുന്നത് (സ്വഹീഹുൽ ബുഖാരി: 3).

സ്വന്തം ആത്മാവിനെത്തന്നെ വിറപ്പിച്ചുകളഞ്ഞ ആ ദിവ്യവെളിപാടിന്റെ അനുഭവം ഏതൊരു കപടവേഷധാരിക്ക് അഭിനയിച്ചുതീർക്കാനാകും?

ഒരു മനുഷ്യന്റെ കാപട്യങ്ങൾ ഏറ്റവും വേഗം തിരിച്ചറിയപ്പെടുന്നത് അയാളുടെ അകത്തളങ്ങളിലാണ്; പുറത്തെ വിശുദ്ധന്മാരുടെ  അകത്തെ അവിശുദ്ധ കഥകൾ നാം എത്രയോ കേൾക്കാറുണ്ട്. എന്നാൽ പ്രവാചകനിൽ ആദ്യം വിശ്വസിച്ചത് ആ നെഞ്ചിലെ ചൂട് തൊട്ടറിഞ്ഞ ഭാര്യ ഖദീജയും, നിഴൽപോലെ കൂടെയുണ്ടായിരുന്ന അബൂബക്റും, വീട്ടിൽ കൺമുന്നിൽ വളർന്ന ബാലനായ അലിയുമായിരുന്നു.

ഭയന്നുവിറച്ചെത്തിയ ഭർത്താവിനെ മാറോടണച്ച് ഖദീജ (റ) പറഞ്ഞ സാക്ഷ്യം മനുഷ്യചരിത്രത്തിലെ ഏറ്റവും സുന്ദരമായ സാക്ഷ്യപത്രമാണ്: “ഏയ് ഒരിക്കലുമില്ല, അല്ലാഹു അങ്ങയെ കൈവിടില്ല; അങ്ങ് കുടുംബബന്ധം ചേർക്കുന്നു, അശരണരെ ചുമക്കുന്നു, ദരിദ്രർക്ക് താങ്ങാവുന്നു, അതിഥികളെ സൽക്കരിക്കുന്നു, സത്യത്തിന്റെ വഴിയിൽ പീഡനമേൽക്കുന്നവർക്ക് അത്താണിയാകുന്നു!”

ആത്മാർത്ഥതയുടെ ഈ തിളക്കമില്ലായിരുന്നെങ്കിൽ, ഒരു കപടന്റെ നാടകത്തിൽ സ്വന്തം സ്വത്തും സർവ്വസ്വവും അർപ്പിച്ച് കൂടെനിൽക്കാൻ ആ വിവേകശാലിയായ സ്ത്രീ സന്നദ്ധയാകുമായിരുന്നോ?

മക്കയിലെ ഖുറൈശികൾ അദ്ദേഹത്തിന്റെ കാലടികളിൽ വെച്ചുനീട്ടിയ ഭൗതികസാമ്രാജ്യത്തിന്റെ കാഴ്ചകൾ നോക്കുക. ഉത്ബത്തുബ്നു റബീഅ മുന്നോട്ടുവെച്ച ആ സന്ധിവാക്യങ്ങൾ ഏതൊരു വ്യാജൻ്റെയും സിരകളിൽ അതിമോഹത്തിൻ്റെ അഗ്നിപടർത്താൻ പോന്നതായിരുന്നു: “മുഹമ്മദ്, നിനക്ക് ധനമാണ് വേണ്ടതെങ്കിൽ ഞങ്ങളുടെ ഖജനാവുകൾ നിനക്ക് മുന്നിൽ തുറക്കാം; അധികാരമാണെങ്കിൽ നിന്നെ ഞങ്ങളുടെ കിരീടം ധരിച്ച രാജാവാക്കാം; ഇനി സ്ത്രീകളാണെങ്കിൽ ഏറ്റവും സുന്ദരികളായ കന്യകമാരെ നിനക്ക് തരാം.”

അധികാരം മോഹിച്ച ഒരു കള്ളന് തന്റെ സകല സ്വപ്നങ്ങളും ഒരു വെള്ളിത്തളികയിൽ വെച്ചുനീട്ടപ്പെട്ട സുവർണ്ണ നിമിഷം! എന്നിട്ടും, ആ വാഗ്ദാനങ്ങളെ പുല്ലുപോലെ വലിച്ചെറിഞ്ഞ്, അദ്ദേഹം തന്റെ പിതൃവ്യനോട് ആ ഉറച്ച പ്രഖ്യാപനം നടത്തി: “എന്റെ വലതുകയ്യിൽ സൂര്യനെയും ഇടതുകയ്യിൽ ചന്ദ്രനെയും എടുത്തുതന്നാലും, ഈ ദൗത്യം അല്ലാഹു വിജയിപ്പിക്കുകയോ ഞാൻ ഇതിൽ മരിച്ചുവീഴുകയോ ചെയ്യുന്നതുവരെ ഒരടി ഞാൻ പിന്നോട്ടില്ല!”

സ്വന്തം ആദർശത്തിന് മുന്നിൽ സൂര്യചന്ദ്രന്മാരെപ്പോലും തൃണവൽഗണിച്ച ഏത് വ്യാജനാണ് ചരിത്രത്തിൽ ജീവിച്ചിട്ടുള്ളത്?

ശിഅ്ബ് അബീത്വാലിബിലെ കൊടുംബഹിഷ്കരണത്തിന്റെ മൂന്നാണ്ടുകൾ ഒരു വ്യാജന് സങ്കൽപ്പിക്കാൻ പോലുമാകാത്ത നരകമായിരുന്നു. മലഞ്ചെരുവിലേക്ക് ആട്ടിയോടിക്കപ്പെട്ട്, സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ട്, പച്ചിലകളും മരത്തോലുകളും ഉണങ്ങിയ മൃഗത്തോലുകളും ചവച്ചരച്ച് തിന്നേണ്ടിവന്ന ആ കറുത്ത ദിനങ്ങൾ!

കൊച്ചു കുട്ടികളുടെ വിശപ്പടക്കാനാവാതെയുള്ള നിലവിളികൾ മക്കയുടെ രാത്രികളെ കീറിമുറിച്ചപ്പോൾ, സ്വന്തം കുടുംബം പട്ടിണിയിൽ പിടഞ്ഞുതീരുമ്പോഴും ഒരൊറ്റ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ആ പ്രവാചകൻ പാറപോലെ ഉറച്ചുനിന്നു. തനിക്ക് ഒരു തരിമ്പ് നേട്ടവുമില്ലെന്ന് മാത്രമല്ല, ഉറ്റവരുൾപ്പെടെ പട്ടിണിമരണത്തിന്റെ വക്കിലെത്തിയിട്ടും സ്വന്തം നുണയിൽ കടിച്ചുതൂങ്ങാൻ ഏത് വ്യാജനാണ് തുനിയുക?

താഇഫിന്റെ മണ്ണിൽ നിന്നുയരുന്ന രക്തത്തിന്റെ ഗന്ധം അവിടുത്തെ ത്യാഗത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആട്ടിയോടിക്കപ്പെട്ട്, തെരുവിലെ തെമ്മാടികൾ ചേർന്നെറിഞ്ഞ കല്ലുകൾ കൊണ്ട് പാദങ്ങളിൽ നിന്ന് വാർന്നൊഴുകിയ രക്തം ചെരിപ്പിൽ ഒട്ടിപ്പിടിച്ച് ചോരയിൽ കുതിർന്ന നിലയിൽ നിൽക്കുന്ന പ്രവാചകൻ!
ആ വേദനയുടെ പാരമ്യത്തിൽ നിന്ന് മക്കയിലേക്ക് തിരിക്കുമ്പോൾ  പർവ്വതങ്ങളുടെ ചുമതലയുള്ള മലക്ക് പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നു: “അനുവാദം തരൂ, ഈ രണ്ട് മലകൾക്കിടയിലിട്ട് ഞാനവരെ ഞെരിച്ചു തകർക്കാം!”

ഒരു വ്യാജന്റെ ഉള്ളിൽ പതഞ്ഞുപൊന്തുന്ന പ്രതികാരദാഹവും ക്രോധവുമല്ല അവിടെ അണപൊട്ടിയത്; മറിച്ച്, അവിടുത്തെ അധരങ്ങളിലൂടെ ഒഴുകിയെത്തിയത് കാരുണ്യത്തിന്റെ വാക്കുകളായിരുന്നു: “വേണ്ട, ഇവരുടെ വംശപരമ്പരയിൽ എന്നെങ്കിലും ഏകദൈവത്തെ മാത്രം ആരാധിക്കുന്ന ഒരു തലമുറ പിറവിയെടുത്തേക്കാം; ഞാൻ അവർക്ക് ഹിദായത്തിനായി പ്രാർത്ഥിക്കുന്നു” (സ്വഹീഹുൽ ബുഖാരി: 3231).

തല്ലിച്ചതച്ചവർക്ക് നേരെ ശാപവാക്കുകൾക്ക് പകരം പ്രാർത്ഥനകൾ വർഷിച്ച ഒരു വ്യാജനെ ലോകം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

മക്കയിലെ ചോരക്കൊതി മൂത്ത കൊലയാളികൾ വീടുവളഞ്ഞ ആ ഭയാനകമായ ഹിജ്റയുടെ രാത്രിയെന്താണ് നമ്മോട് പറയുന്നത്? ഏതു നിമിഷവും വാളുകൾ തന്റെ മാറിലേക്ക് തുളച്ചുകയറാമെന്ന ഘട്ടത്തിലും, തന്റെ ശത്രുക്കൾ തന്നെ വിശ്വസിച്ച് സൂക്ഷിക്കാൻ ഏൽപ്പിച്ച അമാനത്തുകൾ ഓരോരുത്തർക്കും കൃത്യമായി തിരികെ നൽകാൻ അലി (റ) വിനെ മരണക്കിടക്കയിൽ കിടത്തിയിട്ടാണ് അദ്ദേഹം പുറപ്പെട്ടത്.

കൊല്ലാൻ വരുന്ന ശത്രുവിന്റെ മുതൽപോലും വഞ്ചിക്കാതെ തിരിച്ചുകൊടുക്കാൻ ശ്രമിക്കുന്ന വിശ്വസ്തനായ ഒരു കപടൻ!

തുടർന്ന് സൗർ ഗുഹയുടെ ഇടുങ്ങിയ ഇരുട്ടിൽ ശത്രുക്കളുടെ കാൽപ്പാടുകൾ ഗുഹാമുഖത്ത് പതിഞ്ഞപ്പോൾ ഭയന്നുവിറച്ച അബൂബക്കറിനോട്, ഒരു വ്യാജന്റെയും തൊണ്ടയിൽ നിന്ന് പുറപ്പെടാത്ത ആ ശാന്തതയോടെ അദ്ദേഹം മന്ത്രിച്ചു: “ദുഃഖിക്കേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്!” (സ്വഹീഹുൽ ബുഖാരി: 3653, ഖുർആൻ 9:40).

മരണത്തിന്റെ നിഴലുകൾക്കിടയിലും ഈ ദിവ്യശാന്തത ഒരു മനുഷ്യന് ലഭിക്കുന്നത് ഉള്ളിൽ കൊണ്ടുനടക്കുന്ന സത്യത്തിന്റെ കരുത്തു കൊണ്ടുമാത്രമാണ്.

മരുഭൂമിയിലൂടെ പലായനം ചെയ്യവേ, തലയ്ക്ക് പ്രഖ്യാപിച്ച നൂറ് ഒട്ടകങ്ങൾ മോഹിച്ച് കുതിരപ്പുറത്ത് പാഞ്ഞെത്തിയ സുറാഖത്തുബ്നു മാലിക്കിനോട് ഒരു പലായനക്കാരന്റെ നിസ്സഹായാവസ്ഥയിൽ നിന്നുകൊണ്ട് അദ്ദേഹം നടത്തിയ പ്രവചനം ചരിത്രത്തിലെ വിസ്മയമാണ്:
“സുറാഖാ, പേർഷ്യൻ ചക്രവർത്തി കിസ്‌റയുടെ സ്വർണ്ണവളകൾ താങ്കൾ അണിയുന്ന ഒരു നാളിനെക്കുറിച്ച് താങ്കൾക്ക് എന്താണ് തോന്നുന്നത്?”

സ്വന്തം തലയ്ക്ക് വിലയിടപ്പെട്ട് പ്രാണരക്ഷാർത്ഥം മരുഭൂമിയിലൂടെ പലായനം ചെയ്യുന്ന ഒരു മനുഷ്യൻ അന്നത്തെ ലോകമഹാശക്തിയായ പേർഷ്യയുടെ പതനത്തെക്കുറിച്ചും അവരുടെ കിരീടാവശിഷ്ടങ്ങളെക്കുറിച്ചും മുൻകൂട്ടി പറയണമെങ്കിൽ, അത് സർവ്വജ്ഞനായ അല്ലാഹുവിൽ നിന്നുള്ള സന്ദേശമല്ലാതെ മറ്റെന്താണ്?

വർഷങ്ങൾക്കിപ്പുറം ഉമർ (റ) വിന്റെ ഭരണകാലത്ത് പേർഷ്യ കീഴടക്കപ്പെടുകയും കിസ്‌റയുടെ ആഭരണങ്ങൾ മദീനയിലെത്തി സുറാഖയെ അണിയിക്കുകയും ചെയ്തപ്പോൾ ആ പ്രവചനം അക്ഷരംപ്രതി പുലരുകയായിരുന്നു!

പേർഷ്യൻ ചക്രവർത്തിമാരുടെ പ്രതാപത്തിന്റെ ചിഹ്നമായിരുന്ന ക്രിസായുടെ കങ്കണങ്ങൾ സുറാഖയെന്ന് പേരുള്ള ബനൂ മുദ്ലിജുകാരനായ ഒരു സാധാരണ അറബി ധരിച്ചു നിൽക്കുന്നത് ലോകം കണ്ടു. 

ഖുർആനും പ്രവാചകവചനങ്ങളായ ഹദീസുകളും തമ്മിലുള്ള അത്ഭുതകരമായ ശൈലീവ്യത്യാസം ഭാഷാശാസ്ത്രപരമായിത്തന്നെ ഒരു വ്യാജന്റെ വാദങ്ങളെ തകർത്തെറിയുന്നതാണ്. 

ഇരുപത്തിമൂന്ന് ദീർഘവർഷങ്ങൾ ഒരേ മനുഷ്യന്റെ നാവിൽ നിന്നാണ് ഈ രണ്ട് പ്രമാണങ്ങളും ലോകത്തിന് മുന്നിൽ ഉയർന്നുകേട്ടത്. ലോകത്തെ ഏതൊരു സമുന്നതനായ എഴുത്തുകാരനായാലും, അയാൾ സമർത്ഥമായി എത്ര തന്നെ വേഷങ്ങൾ കെട്ടിയാടിയാലും അയാളുടെ രചനകളിൽ സ്വന്തം ഭാഷാശൈലിയുടെയും പദാവലികളുടെയും കൈയൊപ്പ് അറിയാതെ കടന്നുകൂടും.

എന്നാൽ ഖുർആന്റെ ഗാംഭീര്യമാർന്ന, മനുഷ്യഭാവനകൾക്കതീതമായ, പ്രപഞ്ചനാഥന്റെ ആജ്ഞാശക്തി തുളുമ്പുന്ന അമാനുഷിക ഭാഷയും; അതേസമയം പ്രവാചകന്റെ ദൈനംദിന സംഭാഷണങ്ങളും പ്രഭാഷണങ്ങളുമായ ഹദീസുകളിലെ തികച്ചും വിനീതവും ലളിതവും വശ്യവുമായ ശൈലിയും പരസ്പരം തുലനം ചെയ്യുമ്പോൾ അവ രണ്ടും തികച്ചും രണ്ട് വ്യത്യസ്ത തലങ്ങളിലാണെന്ന് ഏത് സാഹിത്യവിശാരദനുമെന്നല്ല സാധാരണക്കാരനും വരെ ബോധ്യപ്പെടും.

സ്വന്തം നാവിൽ നിന്ന് അടർന്നു വീഴുന്ന വാക്കുകളിൽ, കാൽനൂറ്റാണ്ടോളം മനഃപൂർവ്വം ഇത്രയും കൃത്യമായ ഒരു ശൈലീപരമായ വിഭജനരേഖ സൂക്ഷിക്കാൻ ഈ ഭൂമുഖത്തെ ഒരു കപടസാഹിത്യകാരനും സാധ്യമല്ല.

ഭാഷാസാഹിത്യത്തിന്റെ കുലപതികളായ അറേബ്യൻ കവികൾക്ക് മുന്നിലേക്ക് വിശുദ്ധ ഖുർആൻ എറിഞ്ഞുകൊടുത്ത വെല്ലുവിളി മറ്റൊരു അത്ഭുതമാണ്:
“ഇതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഇതിന് സമാനമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരിക” (ഖുർആൻ 2:23).

അക്ഷരജ്ഞാനമില്ലാത്ത ഒരു മനുഷ്യൻ സ്വന്തമായി രചിച്ച കവിതകളോ വചനങ്ങളോ ആയിരുന്നെങ്കിൽ, വാക്കുകളുടെ മാന്ത്രികമണ്ഡലങ്ങളിൽ ഇന്ദ്രജാലം നടത്തിയിരുന്ന അറബി സാഹിത്യകാരന്മാർക്ക് മുന്നിൽ സ്വന്തം കള്ളം പൊളിഞ്ഞുപോകുന്ന ഇത്തരം ഒരു പരസ്യവെല്ലുവിളി നടത്തി സ്വയം കുഴിതോണ്ടാൻ ഏത് വ്യാജൻ തുനിയുമായിരുന്നു?

അവർ പ്രവാചകനെയും അനുചരരെയും പ്രലോഭിപ്പിച്ചു, പ്രകോപിപ്പിച്ചു, ഭീഷണിപ്പെടുത്തി നോക്കി, പീഡിപ്പിച്ചു പിന്തിരിപ്പിക്കാൻ നോക്കി, യുദ്ധം ചെയ്തു ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു, എന്നിട്ടും വിശുദ്ധ ഖുർആന്റെ ഒരു ചെറിയ അധ്യായത്തിന് മുന്നിൽ പോലും തുല്യമായ വരികൾ കൊണ്ടുവരാൻ കഴിയാതെ ആ സാഹിത്യസമ്രാട്ടുകൾ നിഷ്‌പ്രഭരായിപ്പോയി.

അബൂലഹബിന്റെ കാര്യത്തിൽ ഖുർആൻ നടത്തിയ പ്രവചനം (സൂറത്തുൽ മസദ്) ഒരു വ്യാജന് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള വലിയൊരു അപകടമായി മാറുമായിരുന്നു. അബൂലഹബും ഭാര്യയും നരകത്തിൽ പ്രവേശിക്കുമെന്ന് ഖുർആൻ മുൻകൂട്ടി പ്രഖ്യാപിച്ചു. 

മുഹമ്മദ് നബി വ്യാജനെന്ന് തെളിയിക്കാൻ അബൂലഹബിന് മുന്നിൽ ഉണ്ടായിരുന്നത് അതിലളിതമായ ഒരു വഴിയായിരുന്നു; പരസ്യമായി വെറുതെയൊരു അഭിനയത്തിനെങ്കിലും “ഞാൻ ഇതാ മുഹമ്മദിന്റെ ദൈവത്തിൽ വിശ്വസിക്കുന്നു” എന്ന് ഒരൊറ്റ വാക്ക് പറഞ്ഞിരുന്നെങ്കിൽ ഖുർആന്റെ ആ പ്രഖ്യാപനം അവിടെ പൊളിയുമായിരുന്നു. എന്നിട്ടും പത്ത് വർഷത്തിലധികം ജീവിച്ചിരുന്നിട്ടും ആ ഒറ്റ വാക്ക് വ്യാജമായിപ്പോലും ഉച്ചരിക്കാൻ അബൂലഹബിന് കഴിഞ്ഞില്ല; ഖുർആന്റെ ആ പ്രവചനം അത്രമേൽ കൃത്യമായി പുലർന്നു!

ഹുദൈബിയാ സന്ധിയുടെ താളുകളിൽ രേഖപ്പെടുത്തപ്പെട്ട ആ വിനയം വ്യാജന്റെ അഹങ്കാരത്തെ ചോദ്യം ചെയ്യുന്നുണ്ട്. സന്ധിയുടെ കരാറെഴുതുമ്പോൾ ‘റസൂലുള്ളാഹ്’ (അല്ലാഹുവിന്റെ ദൂതൻ) എന്ന വാക്ക് വെട്ടിമാറ്റി വെറും ‘മുഹമ്മദ് ഇബ്നു അബ്ദില്ലാഹ്’ എന്ന് എഴുതാൻ ഖുറൈശികൾ ശാഠ്യം പിടിച്ചപ്പോൾ, അനുയായികൾ രോഷാകുലരായിട്ടും ആ പദവി രേഖയിൽ നിന്ന് സ്വയം മായ്ക്കാൻ പ്രവാചകൻ തയ്യാറായി (സ്വഹീഹുൽ ബുഖാരി: 2699). കാരണം അദ്ദേഹത്തിന് പ്രവാചകത്വം എന്നത് ഒരു കടലാസിലെ സ്ഥാനപ്പേരല്ലായിരുന്നു, മറിച്ച് അല്ലാഹു ഏൽപ്പിച്ച പരമസത്യമായിരുന്നു.

ഖൻദഖ് യുദ്ധത്തിന്റെ കിടങ്ങുകളിൽ തണുത്തുവിറച്ച്, വിശപ്പടക്കാൻ അനുയായികൾ വയറ്റിൽ ഓരോ കല്ല് കെട്ടിവെച്ചപ്പോൾ, തന്റെ വയറ്റിൽ രണ്ട് കല്ലുകൾ ചേർത്തുകെട്ടി മണ്ണുചുമന്ന നേതാവിനെയാണ് അവിടെ കാണുന്നത് (സ്വഹീഹുൽ ബുഖാരി: 4101).
ആ പട്ടിണിയുടെ ഘട്ടത്തിൽ നിന്നുകൊണ്ട് പാറക്കല്ല് തകർക്കുമ്പോൾ ഉയർന്ന തീപ്പൊരികളിൽ അദ്ദേഹം പ്രഖ്യാപിച്ചു: “റോമിന്റെയും പേർഷ്യയുടെയും യമനിൻ്റെയും  താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു!”

മദീനയെ ആക്രമിക്കാനും തങ്ങളെ ഒന്നാകെ നാമാവശേഷമാക്കാനും നാവുനുണഞ്ഞു വരുന്ന പതിനായിരത്തോളം വരുന്ന സൈന്യത്തെ പ്രതിരോധിക്കാൻ പട്ടിണികൊണ്ട് വലഞ്ഞ ഒരു ചെറു സംഘവുമായി കിടങ്ങു കുഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു കപടവാദിയും കീഴടങ്ങാൻ പോകുന്ന മദാഇനിലെ കൊട്ടാരങ്ങളെക്കുറിച്ചും സ്വൻആഇലെ കോട്ടമതിലുകളെ കുറിച്ചും പറയില്ല; കാരണം അത് അടുത്ത നിമിഷം തന്നെ പൊളിഞ്ഞുപോകാവുന്ന ഒന്നാകുമായിരുന്നു. ജനമധ്യേ കൂക്കുവിളികൾ ഏറ്റുവാങ്ങി പരിഹാസപാത്രമാകാൻ അത് ധാരാളമായിരുന്നു.

തന്റെ കരളിൻറെ കഷ്ണമായ മകൾ ഫാത്തിമ പോലും ദൈവികനിയമത്തിന് അതീതയല്ലെന്നും നീതിനിർവഹണത്തിന് മുന്നിൽ സ്വന്തബന്ധങ്ങൾ ഒരു പരിഗണനയേ അല്ലെന്നും പ്രഖ്യാപിച്ച ആ പ്രവാചകനെ പരിശോധിക്കുക. മഖ്സൂം ഗോത്രത്തിലെ പ്രമുഖയായ സ്ത്രീ മോഷണം നടത്തിയപ്പോൾ, ഗോത്രപ്രീണനത്തിനായി ശിക്ഷയിൽ ഇളവ് ചോദിച്ച പ്രിയപ്പെട്ട ഉസാമയോട് മുഖം ചുവന്ന് നബി പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്നു: “അല്ലാഹുവിന്റെ നിയമത്തിൽ നീ ശുപാർശ പറയുകയാണോ? അല്ലാഹുവാണെ, മുഹമ്മദിന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിലും ഞാൻ അവളുടെ കൈ ഛേദിക്കുക തന്നെ ചെയ്യും!” (സ്വഹീഹുൽ ബുഖാരി: 3733).

ജനപിന്തുണ നിലനിർത്താൻ പ്രമുഖരെ പ്രീതിപ്പെടുത്തേണ്ട ഒരു വ്യാജന് സ്വന്തം മകളുടെ പേര് വെച്ച് ഇത്തരമൊരു നിലപാടെടുക്കാൻ ഒരിക്കലും കഴിയില്ല. 

ഏകാന്തതയിൽ കൊലവാളിന് മുന്നിൽ പെട്ടുപോയ ആ രംഗം ഓർക്കുക. ദാത്തുർരിഖാഇൽ ഒരു മരത്തണലിൽ വിശ്രമിക്കുമ്പോൾ ഒരു ശത്രു നബിയുടെ തന്നെ വാളൂരി തലയ്ക്കുമുകളിൽ പിടിച്ച് ആക്രോശിച്ചു: “ഇപ്പോൾ എന്നിൽ നിന്ന് നിന്നെ ആര് രക്ഷിക്കും?” ഒരു വ്യാജന്റെ എല്ലാ ധൈര്യവും ചോർന്നുപോകുന്ന നിമിഷം! എന്നാൽ ഒരു ചെറുവിറയൽ പോലുമില്ലാതെ ശാന്തമായി ആ അധരങ്ങൾ മൊഴിഞ്ഞു: “അല്ലാഹു!”

ആ ശബ്ദത്തിന്റെ ഗാംഭീര്യത്തിൽ ശത്രുവിന്റെ കയ്യിൽ നിന്ന് വാൾ നിലത്തുവീഴുകയും, നബി ആ വാളെടുത്ത് തിരിച്ചുചോദിക്കുകയും ചെയ്തു: “ഇനിയിപ്പോ നിന്നെ ആര് രക്ഷിക്കും?” എന്നിട്ട് ഒടുവിൽ പ്രതികാരം ചെയ്യാതെ അയാളോട് ക്ഷമിക്കുകയാണുണ്ടായത് (സ്വഹീഹുൽ ബുഖാരി: 4136).

തന്റെ പ്രിയപത്നി ആഇശക്കെതിരെ കപടവിശ്വാസികൾ വ്യാജ അപവാദം അഴിച്ചുവിട്ട് ഒരു മാസക്കാലം ആ വീട് കണ്ണീരിൽ മുങ്ങിയപ്പോഴും, ഖുർആൻ സ്വന്തമായി നിർമ്മിക്കുന്ന ഒരാളായിരുന്നു നബിയെങ്കിൽ അടുത്ത നിമിഷം തന്നെ പ്രിയപത്‌നി ആഇശയുടെ നിരപരാധിത്വം കാണിച്ച് ഒരു വചനം 'ഉണ്ടാക്കി' ആ സങ്കടം ഒഴിവാക്കാമായിരുന്നു. എന്നാൽ വഹ്‌യ് വരുന്നത് വരെ ഒരക്ഷരം പോലും ഉരിയാടാതെ അദ്ദേഹം മൗനത്തിൽ പ്രാർത്ഥനയോടെ കാത്തിരുന്നു (സ്വഹീഹുൽ ബുഖാരി: 4750).

അതുപോലെ, യഹൂദർ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് “നാളെ പറയാം” എന്ന് പറഞ്ഞ് ‘ഇൻശാ അല്ലാഹ്’ പറയാതിരുന്നപ്പോൾ ആഴ്ചകളോളം വഹ്‌യ് നിലച്ചതും, അതിന്റെ പേരിൽ ജനങ്ങൾ പരിഹസിച്ചതും, ഒടുവിൽ തന്നെത്തന്നെ തിരുത്തിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ (ഖുർആൻ 18:23-24) ജനങ്ങൾക്ക് ഓതിക്കേൾപ്പിച്ചതും ഒരു വ്യാജന്റെ ചെയ്‌തികളല്ല.

സ്വന്തം മകൻ ഇബ്രാഹിം മരണപ്പെട്ട ദിവസം ആകാശത്ത് സൂര്യഗ്രഹണം ഉണ്ടായപ്പോൾ, “പ്രവാചകന്റെ പുത്രൻ മരിച്ചതുകൊണ്ടാണ് സൂര്യൻ ഇരുണ്ടുപോയത്” എന്ന് ജനങ്ങൾ അടക്കം പറഞ്ഞു. ഏത് വ്യാജനാണ് ഇങ്ങനെയൊരു സുവർണ്ണാവസരം വേണ്ടെന്നു വെക്കുക?

എന്നാൽ ആ കണ്ണീരിനിടയിലും ജനങ്ങളെ വിളിച്ച് അവിടുന്ന് പ്രഖ്യാപിച്ചു: “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങൾ മാത്രമാണ്; ആരുടെയും മരണത്തോടോ ജനനത്തോടോ അനുബന്ധിച്ച് അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല!” (സ്വഹീഹുൽ ബുഖാരി: 1043).

ജനങ്ങളുടെ അന്ധവിശ്വാസത്തെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാൻ തയ്യാറാകാത്ത അസാമാന്യ സത്യസന്ധത പുലർത്തുന്ന ഒരു വ്യാജൻ!

പരിശുദ്ധ ഖുർആൻ നബിയുടെ രചനയായിരുന്നെങ്കിൽ, അന്ധനായ ഇബ്നു ഉമ്മു മക്തൂം വന്നപ്പോൾ മുഖം ചുളിച്ചതിന് സ്വയം ശാസിക്കുന്ന സൂറത്തു അബസയും (ഖുർആൻ 80), ബദ്റിലെ തടവുകാരുടെ വിഷയത്തിൽ തന്നെ തിരുത്തുന്ന വചനങ്ങളും (ഖുർആൻ 8:67) ലോകാവസാനം വരെ മാനവരാശി പാരായണം ചെയ്യേണ്ടുന്ന ഒരു ഗ്രന്ഥത്തിൽ അദ്ദേഹം നിലനിർത്തുമായിരുന്നോ?

തന്നെത്തന്നെ തിരുത്തുന്ന വചനങ്ങൾ ലോകത്തിന് നൽകുന്ന ഒരു വ്യാജനെവിടെയാണ് ഉള്ളത്?

തന്നെയും അനുചരന്മാരെയും കൊല്ലാക്കൊല ചെയ്തു പുറത്താക്കിയതിനു ശേഷം ഒടുവിൽ മക്ക കീഴടക്കി സർവ്വാധികാരത്തോടെ തിരിച്ചെത്തിയപ്പോൾ പ്രവാചകനന്ന് തിരുവായ്ക്കെതിർവായില്ലാത്ത സർവ്വാധികാരിയായിരുന്നു. 

കഅ്ബയെന്ന ചിരപുരാതനമായ ദൈവികഭവനത്തിൻ്റെ പവിത്രതയ്ക്ക് ചുറ്റും അന്ന് കുറെ തലകൾ നിർദാക്ഷിണ്യം വീണുരുളുമെന്ന് ഖുറൈശികൾക്ക് ഉറപ്പായിരുന്നു. 

മുഖത്തെ ഒരു നേരിയ ഭാവവ്യത്യാസം കൊണ്ടോ ചെറുവിരലിന്റെ ഒരു അതിസൂക്ഷ്മചലനം കൊണ്ടോ  പ്രവാചകനന്ന് ഒരാജ്ഞ കൊടുത്തിരുന്നെങ്കിൽ അഹന്തയും അഹങ്കാരവും തകർന്നു പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഖുറൈശികളുടെ കബന്ധങ്ങൾ ഖർനു ഥആലിബിലെ ചെന്നായ്ക്കൾക്ക് കടിച്ചു കീറാനുള്ള തീറ്റയാകുമായിരുന്നു.

അർഹതയും അധികാരവും 
അവസരവുമുണ്ടായിരുന്നിട്ടും പക്ഷേ അവിടുന്ന് അത് ചെയ്തില്ല. 

രക്തച്ചൊരിച്ചിലിന് പകരം “ഇന്ന് നിങ്ങളുടെ മേൽ യാതൊരു പ്രതികാരവുമില്ല, നിങ്ങൾ സ്വതന്ത്രരാണ്” എന്ന് പ്രഖ്യാപിച്ച ആ ചരിത്രസന്ദർഭത്തെ വർണ്ണിക്കാൻ ഒരു ചരിത്രത്തിനും സാഹിത്യത്തിനും  കഴിഞ്ഞിട്ടുമില്ല... 

ഇതൊന്നും ഒരു ഭൗതിക ഭരണാധികാരിയുടെ ഭാവങ്ങളല്ല.

വിടവാങ്ങൽ ഹജ്ജിലെ ആ അവിസ്മരണീയ മുഹൂർത്തം ഒരു വ്യാജന്റെയും ചരിത്രത്തിൽ കാണാൻ കഴിയില്ല. അറഫയിലെ കത്തുന്ന വെയിലിൽ, ഒന്നേകാൽ ലക്ഷത്തോളം വരുന്ന അനുയായികൾക്ക് മുന്നിൽ നിന്നുകൊണ്ട് അദ്ദേഹം ചോദിച്ചു: “അന്ത്യനാളിൽ അല്ലാഹു എന്നെക്കുറിച്ച് നിങ്ങളോട് ചോദിക്കും; അന്ന് നിങ്ങൾ എന്താണ് മറുപടി പറയുക?” ആ ജനസാഗരം ഒന്നടങ്കം ആർത്തുവിളിച്ചു: “അങ്ങ് അല്ലാഹുവിന്റെ സന്ദേശം ഞങ്ങൾക്ക് എത്തിച്ചുതന്നു, വിശ്വസ്തതയോടെ അത് നിറവേറ്റി, ഗുണകാംക്ഷയോടെ ഉപദേശിച്ചു എന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കും!”

ആ നിമിഷം ആകാശത്തേക്ക് ചൂണ്ടുവിരലുയർത്തി, കണ്ണീരോടെ മൂന്ന് തവണ അദ്ദേഹം മൊഴിഞ്ഞു: “അല്ലാഹുവേ, നീ ഇതിന് സാക്ഷി... അല്ലാഹുവേ, നീ ഇതിന് സാക്ഷി... അല്ലാഹുവേ, നീ ഇതിന് സാക്ഷി!” (സ്വഹീഹ് മുസ്‌ലിം: 1218).

സ്വന്തം പ്രശസ്തിയെ ജനഹൃദയങ്ങളിൽ കൊത്തിവെക്കാൻ ശ്രമിക്കുന്ന ഒരു വ്യാജന്റെ വാക്കുകളല്ലിത്, മറിച്ച് തന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം പൂർത്തിയാക്കി നാഥന്റെ മുന്നിൽ വിറയലോടെ സാക്ഷ്യം തേടുന്ന ഒരു ദാസന്റെ വിനയമാണിത്.

ഏകാന്തതയുടെ മറവിൽ, ആളും അനക്കവുമൊഴിഞ്ഞ അർദ്ധരാത്രികളിൽ ഒരു മനുഷ്യൻ എന്തായിത്തീരുന്നുവോ, അതാണ് അയാളുടെ യഥാർത്ഥ സ്വത്വം!
മദീനയുടെ അതിശൈത്യമുള്ള രാവുകളിൽ ആ പ്രവാചകന്റെ കിടപ്പറയിൽ എന്താണ് സംഭവിച്ചിരുന്നത്?

സകല പാപങ്ങളും പൊറുക്കപ്പെട്ടു എന്ന് സാക്ഷ്യപ്പെടുത്തപ്പെട്ട ഒരാൾ! എന്നിട്ടും, മരംകോച്ചുന്ന കുളിരിലും ഉറക്കമിളച്ച്, നേരം പുലരുവോളം അല്ലാഹുവിന്റെ മുന്നിൽ പാദങ്ങൾ നീരുവെച്ചു വീങ്ങുന്നതുവരെ നിന്നു നമസ്കരിക്കുന്ന ആ ദൃശ്യം ചരിത്രത്തിലെ അത്ഭുതമാണ് (സ്വഹീഹുൽ ബുഖാരി: 1130).

കണ്ണീരിൽ കുതിർന്ന ആ പ്രാർത്ഥനകൾ കണ്ട് കരളലിഞ്ഞ് പ്രിയപത്നി ആഇശ (റ) ചോദിച്ചു: “അല്ലാഹു അങ്ങയുടെ മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ സകല പാപങ്ങളും പൊറുത്തുതന്നിരിക്കെ, എന്തിനാണ് അങ്ങ് ശരീരത്തെ ഇത്രമേൽ ക്ലേശിപ്പിക്കുന്നത്?”

ഒരു വ്യാജന്റെയും നാവിൽ നിന്ന് ഒരിക്കലും ഉതിരാത്ത ആ മറുപടി പ്രവാചകത്വത്തിന്റെ ആത്മാർത്ഥതയെ തൊട്ടുനിൽക്കുന്നതായിരുന്നു:
“ഞാൻ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലയോ, ആഇശാ?” (സ്വഹീഹ് മുസ്‌ലിം: 2820).

ജനങ്ങളുടെ കണ്ണിൽപ്പെടാത്ത ഏകാന്തതയിൽ, സ്വന്തം കാൽപ്പാദങ്ങൾ നീര് വന്നു വീർക്കുവോളം സർവ്വശക്തന് മുന്നിൽ കരഞ്ഞുപ്രാർത്ഥിക്കാൻ ഏതൊരു കപടനാണ് സാധിക്കുക?

ആരെ ബോധ്യപ്പെടുത്താനായിരുന്നു ആ നിശാപ്രാർത്ഥനകൾ? ആരെ വിശ്വസിപ്പിക്കാനായിരുന്നു ആ കഠിനമായ തപസ്യ?

പകൽ മുഴുവൻ ഭരണകാര്യങ്ങളിലും സാമൂഹിക സേവനങ്ങളിലും യുദ്ധക്കളങ്ങളിലും മുഴുകിയ ഒരു നേതാവ്, ജനങ്ങളാരും കാണാത്ത രാവിന്റെ മൂന്നാം യാമങ്ങളിൽ ദീർഘമായി ഖുർആൻ പാരായണം ചെയ്തു കണ്ണീരുകൊണ്ട് തറ നനച്ച് സുജൂദിൽ വീഴുന്നത് ഏത് ലോകസുഖത്തിന് വേണ്ടിയാണ്?

തുടർച്ചയായി നോമ്പനുഷ്ഠിക്കുന്ന 'വിസ്വാൽ' (ഇടവേളകളില്ലാതെ നോമ്പ് തുടരൽ) അനുയായികൾ അനുകരിക്കാൻ തുടങ്ങിയപ്പോൾ, കരുണയോടെ അത് വിലക്കിയ പ്രവാചകൻ സ്വയം മാത്രം ആ കഠിനമായ ഇബാദത്തിൽ മുഴുകി: “എന്നെപ്പോലെ നിങ്ങളിൽ ആരാണുള്ളത്? എനിക്ക് എന്റെ രക്ഷിതാവ് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്” എന്ന് പറഞ്ഞ് സ്വയം ഭാരമേറ്റെടുത്ത ആത്മീയ സമർപ്പണം! (സ്വഹീഹുൽ ബുഖാരി: 1965). 

സ്വയം ഇത്ര ക്ലേശം സഹിച്ചു ആരാധനകളിൽ മുഴുകുന്ന ഒരു കപടനെ ലോകത്തെവിടെയെങ്കിലും കാണാൻ കഴിയുമോ?

അറേബ്യ മുഴുവൻ കാൽക്കൽ വീണപ്പോഴും പരുക്കൻ ഈത്തപ്പനയോലപ്പായയിൽ കിടന്നുറങ്ങി മുതുകിൽ പാടുകൾ വീണ ആ ജീവിതം! ഇത് കണ്ട് ഉമർ കരഞ്ഞപ്പോൾ “അവർക്ക് ദുനിയാവും നമുക്ക് പരലോകവും പോരേ” എന്ന് ചോദിച്ച ആ തിരുനബി! (സ്വഹീഹുൽ ബുഖാരി: 4913).

വീട്ടിൽ അടുപ്പിൽ തീ പുകയാതെ മാസങ്ങളോളം വെറും വെള്ളത്തിലും ഈത്തപ്പഴത്തിലും ദിവസങ്ങൾ തള്ളിനീക്കിയ, ഒടുവിൽ മരണക്കിടക്കയിൽ കുടുംബത്തിന് ഭക്ഷണം വാങ്ങാൻ സ്വന്തം പടയങ്കി ഒരു യഹൂദന്റെ അടുത്ത് പണയം വെച്ചുവെച്ച് വിടവാങ്ങിയ ആ അന്ത്യം! (സ്വഹീഹുൽ ബുഖാരി: 2916).

തന്റെ കുടുംബത്തിന് സകാത്തിന്റെ സ്വത്ത് പോലും വിലക്കി, “ഞങ്ങൾ പ്രവാചകന്മാർ അനന്തരസ്വത്ത് വിട്ടേച്ചുപോകാറില്ല” എന്ന് പ്രഖ്യാപിച്ച ആ നിർലോഭത!

മരണക്കിടക്കയിൽ കിടക്കുമ്പോഴും മുൻകാലസമൂഹങ്ങൾ പ്രവാചകന്മാരെ അതിരുവിട്ട് പുകഴ്ത്തിയതുപോലെ തന്നെ ആരും പുകഴ്ത്തരുതെന്നും, തന്റെ ഖബ്ർ ആരാധനാലയമാക്കരുതെന്നും ആഘോഷസ്ഥലമാക്കരുതെന്നും താക്കീത് ചെയ്തുകൊണ്ട്, ഒടുവിൽ നമസ്കാരത്തെക്കുറിച്ചും കൈക്കീഴിലുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും മാത്രം ഓർമ്മിപ്പിച്ച് ആ പ്രവാചകൻ വിടവാങ്ങി.

ചരിത്രത്തിന്റെ കണ്ണാടിയിലേക്ക് നോക്കി ചിന്തിക്കുക: ഒരു മനുഷ്യന് എത്രകാലം അഭിനയിക്കാൻ കഴിയും?

സ്വന്തം മനസ്സാക്ഷിയോടും, കുടുംബത്തോടും, കൊടും ശത്രുവിനോടും, ഏകാന്ത രാത്രികളിലെ കണ്ണീരോടും, യുദ്ധക്കളങ്ങളിലെ മുറിവുകളോടും, ഒടുവിൽ മരണത്തോടും ഒരേപോലെ സത്യസന്ധത പുലർത്തിക്കൊണ്ട് ഇരുപത്തിമൂന്ന് വർഷം ഒരു വ്യാജന് ജീവിച്ചുതീർക്കാൻ സാധ്യമാണോ?

ഇല്ല; ആ ജീവിതം വ്യാജമായിരുന്നില്ല. മറിച്ച്, സർവ്വലോക രക്ഷിതാവായ അല്ലാഹുവിൽ നിന്ന് പ്രപഞ്ചത്തിന് അനുഗ്രഹമായി നിയോഗിക്കപ്പെട്ട  സത്യപ്രവാചകനായിരുന്നു മുഹമ്മദ് നബി (സ്വ) എന്നതിന്റെ അനിഷേധ്യമായ അടയാളങ്ങളായിരുന്നു ആ ജീവിതത്തിലെ ഓരോ തുടിപ്പുകളും.

Comments

  1. ചുരുങ്ങിയ വാക്കുകളിൽ മുഹമ്മദ്‌ നബിﷺ യെ കുറിച്ചു ഇത്ര നല്ലൊരു വിവരണം ഞാൻ വേറെ വായിച്ചിട്ടില്ല... ഒരൽപ്പം കണ്ണു നീര് പുറത്തോട്ട് വരാനുള്ള മടികൊണ്ട് കൺപോളകളിൽ തന്നെ ഒളിച്ചു നിന്നു...

    اللهم صلى على محمد اللهم صلى عليه وسلم....

    ReplyDelete

Post a Comment