ഇബ്നു സ്സബഅ്റ : ഖുറൈശികളുടെ പടവാൾക്കവി സത്യത്തിന്റെ കാവലാളായ കഥ


അറേബ്യൻ മണലാരണ്യത്തിൽ ഒരു കാലത്ത് യുദ്ധങ്ങൾ നയിച്ചത് പടവാളുകൾ മാത്രമല്ലായിരുന്നു, കവികളുടെ മൂർച്ചയേറിയ വരികൾ കൂടിയായിരുന്നു. മണൽക്കാറ്റ് ചൂളമടിക്കുന്ന ആ പഴയ രാത്രികളിൽ കവികൾ തങ്ങളുടെ ജിഹ്വ ചുഴറ്റി എഴുന്നേറ്റുനിൽക്കുമ്പോൾ സദസ്സുകൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു.

ഗോത്രങ്ങളുടെ അന്തസ്സും അഭിമാനവും എന്നെന്നേക്കുമായി മണ്ണിൽ കുഴിച്ചുമൂടാനും, തലമുറകളെ തലയുയർത്തി നിർത്താനും വാളുകളേക്കാൾ കവികളുടെ നാവിനു കഴിഞ്ഞിരുന്ന ഒരു കാലം. ആ കാവ്യസമരഭൂമിയിൽ ഖുറൈശികളുടെ ഏറ്റവും മൂർച്ചയേറിയ പടവാളായി മാറിയത് ബനൂ സഹ്മ് ഗോത്രത്തിലെ ഒരു യുവാവായിരുന്നു. 

അബ്ദുല്ലാഹ് ബിൻ അസ്സബഅ്റ 

ബദ്റിലും ഉഹ്ദിലും മുസ്ലിംകൾക്കെതിരെ ഖുറൈശികളെ യുദ്ധഭ്രാന്തിലേക്ക് തള്ളിവിട്ടതിൽ ഇയാളുടെ പടപ്പാട്ടുകൾ വലിയ പങ്കുവഹിച്ചു. പ്രവാചകൻ മുഹമ്മദ് നബിയെയും ﷺ അനുചരന്മാരെയും സ്വന്തം കാവ്യശക്തികൊണ്ട് മുറിവേൽപ്പിച്ച, ഖുറൈശികളുടെ ഒന്നാംനിര പോരാളി. ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്കുണ്ടായ നഷ്ടങ്ങളിൽ ആഹ്ലാദിച്ച് വരികളെഴുതിയ ഇബ്നുസ്സബഅ്റ, മക്കയിലെ അവിശ്വാസികളുടെ ഏറ്റവും ശക്തനായ പ്രചാരകനായിരുന്നു. എന്നാൽ, താൻ കീറിമുറിച്ച ഹൃദയങ്ങളെ തുന്നിച്ചേർക്കാൻ ഒരുനാൾ ഇതേ നാവ് തന്നെ പശ്ചാത്താപത്തിന്റെ വരികൾ തീർക്കുമെന്ന് അന്ന് മക്കയിലെ അഹങ്കാരികൾ അറിഞ്ഞിരുന്നില്ല.

മദീനയിലേക്കുള്ള പലായനത്തിന് മുൻപ്, മക്കയിൽ അവിശ്വാസികളുടെ പീഡനങ്ങൾ കൊടുമ്പിരികൊണ്ട കാലം. ഒരിക്കൽ തിരുനബി ﷺ കഅ്ബയുടെ തണലിൽ ഏകാഗ്രമായി നിസ്കാരത്തിലേക്ക് കടന്നു. ഇതുകണ്ട അബൂജഹൽ പരിഹാസത്തോടെ ചുറ്റുമുള്ളവരോട് ചോദിച്ചു:

"ആർക്കാണ് ചെന്ന് ആ മനുഷ്യന്റെ നിസ്കാരം അലങ്കോലപ്പെടുത്താൻ ധൈര്യമുള്ളത്?"

നിമിഷങ്ങൾക്കകം സദസ്സിൽ നിന്ന് ഒരാൾ ചാടിയെഴുന്നേറ്റു; അത് ഇബ്നുസ്സബഅ്റയായിരുന്നു. അയാൾ ഒരു ഒട്ടകത്തിന്റെ ചാണകവും ചോരയും കൈനിറയെ വാരിയെടുത്ത്, സുജൂദിലലിഞ്ഞുനിന്ന പ്രവാചകന്റെ ﷺ മുഖത്ത് പുരട്ടി. ചുറ്റും ഖുറൈശി പ്രമാണിമാരുടെ അട്ടഹാസം ഉയർന്നു.

നിസ്കാരം പൂർത്തിയാക്കി തിരുനബി ﷺ നേരെ പിതൃവ്യനായ അബൂത്വാലിബിന്റെ അരികിലേക്ക് ചെന്നു. ചോരയും മാലിന്യവും പുരണ്ട അനന്തരവനെ കണ്ട് നടുങ്ങിയ അബൂത്വാലിബ് കാര്യമന്വേഷിച്ചു:

"ആരാണ് നിന്നോട് ഇത് ചെയ്തത്?"
"ഇബ്നുസ്സബഅ്റ," പ്രവാചകൻ ശാന്തനായി മറുപടി നൽകി.

ആ പേര് കേട്ട മാത്രയിൽ അബൂത്വാലിബിന്റെ കണ്ണുകൾ ചുവന്നു. വാളൂരി തോളിൽ വെച്ച്, തിരുനബിയുടെ കൈപിടിച്ച് അദ്ദേഹം ഖുറൈശി പ്രമാണിമാർ കൂടിയ സഭയിലേക്ക് പാഞ്ഞടുത്തു.

കോപാകുലനായ ആ വൃദ്ധസിംഹത്തെ കണ്ട മാത്രയിൽ പലരും എഴുന്നേറ്റോടാൻ തുടങ്ങി. "ആരെങ്കിലും ഒരടി അനങ്ങിയാൽ, എന്റെ വാൾ അവന്റെ തല വേർപെടുത്തും!" എന്ന അലർച്ച കേട്ട് അവർ വിറങ്ങലിച്ചിരുന്നു.

അബൂത്വാലിബ് അതേ ചാണകവും ചോരയും വാരിയെടുത്ത് ഇബ്നുസ്സബഅ്റ ഉൾപ്പെടെയുള്ള പ്രമാണിമാരുടെ മുഖത്തും താടിരോമങ്ങളിലും പുരട്ടി, അതികഠിനമായ വാക്കുകളാൽ അവരെ ശകാരിച്ചു മടങ്ങി.
(തഫ്‌സീറുൽ ഖുർത്വുബി)

ഹിജ്റയ്ക്ക് ശേഷവും ഇബ്നുസ്സബഅ്റയുടെ വിദ്വേഷാഗ്നി കെട്ടടങ്ങിയില്ല. മദീനയിൽ നിന്ന് തിരുനബിയുടെ ﷺ കവികളായ ഹസ്സാൻ ബിൻ സാബിതും (റ) കഅ്ബ് ബിൻ മാലിക്കും (റ) മുസ്ലിംകൾക്കായി കാവ്യപ്രതിരോധം തീർത്തപ്പോൾ, ഖുറൈശികളുടെ പക്ഷത്തുനിന്ന് ഏറ്റവും വിഷലിപ്തമായ വരികൾ തൊടുത്തുവിട്ടത് ഇബ്നുസ്സബഅ്റയായിരുന്നു.
ഉഹ്ദ് യുദ്ധത്തിന്റെ പൊടിപടലങ്ങൾ അടങ്ങിയപ്പോൾ, മുസ്ലിംകൾക്കുണ്ടായ കനത്ത നഷ്ടങ്ങളിൽ ആർത്തുല്ലസിച്ച് അയാൾ വരികളെഴുതി; ബദ്റിലെ ഖുറൈശികളുടെ പരാജയത്തിന് ഉഹ്ദിൽ പകരംവീട്ടിയെന്നും പ്രതികാരം പൂർത്തിയായെന്നും അയാൾ കാവ്യങ്ങളിലൂടെ പ്രഖ്യാപിച്ചു. എന്നാൽ, മദീനയിലിരുന്ന് ഹസ്സാൻ ബിൻ സാബിത് (റ) ഇതിന് കനത്ത തിരിച്ചടി നൽകി.

ഹിജ്റ എട്ടാം വർഷം പതിനായിരക്കണക്കിന് മുസ്ലിം പോരാളികളുമായി പ്രവാചകൻ ﷺ മക്കയിലേക്ക് പ്രവേശിച്ചു. ഖുറൈശികളുടെ സർവ്വ അധികാരങ്ങളും നിലംപൊത്തി. പൊതുമാപ്പ് ലഭിച്ചെങ്കിലും, സ്വന്തം വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പരിധിവിട്ട ഏതാനും ചിലർക്ക് വധശിക്ഷ പ്രഖ്യാപിക്കപ്പെട്ടു. ആ കരിമ്പട്ടികയിൽ ഇബ്നുസ്സബഅ്റയുടെ പേരും ഉൾപ്പെട്ടിരുന്നു. തന്റെ നാവുകൊണ്ട് വർഷങ്ങളായി ഇസ്ലാമിനെതിരെ നടത്തിയ കടുത്ത പോരാട്ടത്തിന്റെ വില.

ഭയം അയാളുടെ ഞരമ്പുകളെ മരവിപ്പിച്ചു. ജീവനും കൊണ്ടയാൾ നഗരത്തിൽ നിന്ന് ഓടി. മഖ്സൂം ഗോത്രക്കാരനായ പഴയ സഖാവ് ഹുബൈറ ബിൻ അബീ വഹ്ബിനൊപ്പം, മരുഭൂമിയിലെ പൊടിക്കാറ്റിലൂടെ പാഞ്ഞുപോയ അയാൾ ഒടുവിൽ അഭയം കണ്ടെത്തിയത് യമൻ അതിർത്തിയിലെ നജ്റാനിലായിരുന്നു.


നജ്റാനിലെ ഒളിജീവിതത്തിന്റെ നിശ്ശബ്ദതയിൽ, തന്നെ വധശിക്ഷയ്ക്ക് വിധിച്ച വാർത്തയും പ്രവാചകന്റെ ഔദാര്യത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഇബ്നുസ്സബഅ്റയെ തേടിയെത്തി. രാത്രികളിൽ ഉറക്കം നഷ്ടപ്പെട്ട ആ കവി, സ്വന്തം നെഞ്ചിലെ കുറ്റബോധം കാരണം ഉള്ളാലെ നീറിപ്പുകഞ്ഞു. ജീവഭയത്തിനപ്പുറം, കീഴടങ്ങിയ ശത്രുവിനെപ്പോലും നെഞ്ചോട് ചേർക്കുന്ന മുഹമ്മദ് നബിയുടെ ﷺ കാരുണ്യം മരുഭൂമിയിൽ അലയടിക്കുന്ന വാർത്തകൾ ആ മനസ്സിനെ വല്ലാതെ ഉലച്ചു. 

പ്രവാചകകവി ഹസ്സാൻ്റെ വരികൾ നജറാനിൽ ഇബ്നുസ്സബഅ്റയുടെ കാതിലെത്തി.

لاَ تَعْدَمَنْ رَجُلاً أَحَلَّكَ بُغْضُهُ 
نَجْرَانَ فِي عَيْشٍ أَحَذَّ لَئِيمِ
بُلِيَتْ قَنَاتُكَ فِي الحُرُوبِ فَأُلْفِيَتْ
خَمَّانَةً جَوْفَاءَ ذَاتَ وُصُومِ
غَضَبُ الإِلهِ عَلَى الزِّبَعْرَى وَابْنِهِ 
وَعَذَابُ سُوءٍ فِي الحَيَاةِ مُقِيمِ

"നിന്റെ സ്വന്തം നെഞ്ചിലെ അന്ധമായ വിദ്വേഷം കാരണം നിന്നെ നജ്റാനിലെ ഈ നിന്ദ്യവും ദുരിതപൂർണ്ണവുമായ പ്രവാസജീവിതത്തിലേക്ക് തള്ളിവിട്ട ആ പുണ്യാത്മാവിനെ (മുഹമ്മദ് നബിയെ ﷺ) നീ ഒരിക്കലും മറന്നുപോകരുത്!"(തന്റെ അഹങ്കാരവും പ്രവാചകവിദ്വേഷവുമാണ് സ്വന്തം നാടുവിട്ട് പരദേശത്ത് ഒരു അഭയാർത്ഥിയായി ജീവിക്കാൻ തന്നെ ഇടയാക്കിയത് എന്ന കഠിനമായ പരിഹാസവും ഓർമ്മപ്പെടുത്തലുമാണിത്).
 
"യുദ്ധക്കളങ്ങളിൽ പരീക്ഷിക്കപ്പെട്ട നിന്റെ കുന്തം ഒടുവിൽ പൊള്ളയായതും ബലഹീനവുമായ ഒന്നായിത്തീർന്നു.സബഅ്റയുടെയും അവന്റെ മകന്റെയും മേൽ അല്ലാഹുവിന്റെ കോപവും, ഈ ഐഹികജീവിതത്തിൽ നീണ്ടുനിൽക്കുന്ന കൊടിയ അപമാനവും ഉണ്ടായിരിക്കട്ടെ."
   
എത്രനാൾ ഇങ്ങനെ ഒളിച്ചോടും? വിധി എന്തുതന്നെയായാലും മരണത്തെ മുഖാമുഖം കാണാൻ തന്നെ ഇബ്നുസ്സബഅ്റ ഉറപ്പിച്ചു.

കാരുണ്യത്തിന്റെ സന്നിധിയിലേക്ക് തിരികെ നടന്നെത്തിയ ഇബ്നുസ്സബഅ്റയെ ദൂരെ നിന്ന് കണ്ട തിരുനബി ﷺ അനുചരന്മാരോട് ശാന്തമായി പറഞ്ഞു:

"ഇതാ ഇബ്നുസ്സബഅ്റ വരുന്നു; അയാളോടൊപ്പം ഇസ്ലാമിന്റെ പ്രകാശമുള്ള ഒരു മുഖവുമുണ്ട്."

പ്രവാചക സദസ്സിൽ വന്ന അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം സ്വീകരിച്ചു. തുടർന്ന്, താൻ ചെയ്ത അപരാധങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് ചരിത്രപ്രസിദ്ധമായ ആ പശ്ചാത്താപകാവ്യം സദസ്സിൽ ചൊല്ലി:


يا رَسولَ المَليكِ إِنَّ لِساني
راتِقٌ ما فَتَقتُ إِذ أَنا بورُ

രാജാധിരാജന്റെ തിരുദൂതരേ! അജ്ഞതയുടെ അന്ധകാരത്തിൽ ഈ നാവുകൊണ്ട് ഞാൻ വലിച്ചുകീറിയതെല്ലാം, പശ്ചാത്താപത്തിന്റെ നൂലുകൊണ്ട് ഇതാ ഞാൻ തുന്നിച്ചേർക്കുന്നു.

إِذ أُبارى الشَيطانَ في سِنَنِ الغَيْـ
ـىِ وَمَن مالَ مَيلَهُ مَثبورُ

പിശാചിന്റെ കാൽപ്പാടുകളെ പിന്തുടർന്ന് വഴിപിഴച്ച പാതകളിൽ അലഞ്ഞുതിരിഞ്ഞ നാളുകളായിരുന്നു അത്; അവനിലേക്ക് ചായുന്നവരൊക്കെയും ചെന്നുവീഴുക സർവ്വനാശത്തിലാണല്ലോ.

آمَنَ اللَحمُ وَالعِظامُ لِرَبي
ثُمَ قَلبي الشَهيدُ أَنتَ النَذيرُ

എന്റെ ഓരോ അസ്ഥിയും മാംസവും എന്റെ നാഥനിൽ അടിയുറച്ചു വിശ്വസിച്ചിരിക്കുന്നു; അങ്ങ് അവന്റെ താക്കീതുകാരനാണെന്ന് എന്റെ ഹൃദയമിതാ സാക്ഷ്യം വഹിക്കുന്നു.

إِنَّني عَنكَ زاجِرٌ ثَمَّ حَيّا
مِن لُؤَى وَكُلُّهُم مَغرورُ

അഹങ്കാരത്താൽ വഞ്ചിതരായ ലുഅയ്യ് ഗോത്രത്തെ അങ്ങയുടെ സന്നിധിയിൽ നിന്നും ഇതാ ഞാൻ പ്രതിരോധിക്കുന്നു.

إِنَّ ما جِئنا بِهِ حَقُ صِدقٍ
ساطِعٌ نورُهُ مُضِيءٌ مُنيرُ

അങ്ങ് ഞങ്ങൾക്ക് പകർന്നുനൽകിയത് കളങ്കമില്ലാത്ത സമ്പൂർണ്ണ സത്യമാണ്; അന്ധകാരങ്ങളെ വകഞ്ഞുമാറ്റി സർവ്വത്ര പ്രകാശിക്കുന്ന ദിവ്യവെളിച്ചം!

جِئتَنا بِاليَقينِ وَالبِرّ وَالصِد
ق وَفي الصِدقِ وَاليَقينِ سُرورُ

ദൃഢബോധ്യവും പുണ്യവും സത്യവുമായാണ് അങ്ങ് കടന്നുവന്നത്; ആ സത്യത്തിലും അടിയുറച്ച വിശ്വാസത്തിലുമാണല്ലോ ആത്മാവിന്റെ യഥാർത്ഥ ആനന്ദം കുടികൊള്ളുന്നത്.

أَذهَبَ اللَهُ ضلَّةَ الجَهلِ عَنا
وَأَتانا الرَخاءُ وَالمَيسورُ

അജ്ഞതയുടെ കാർമേഘങ്ങളെ അല്ലാഹു നമ്മിൽ നിന്ന് പാടെ അകറ്റിക്കളഞ്ഞു; പകരം ഐശ്വര്യത്തിന്റെയും സാന്ത്വനത്തിന്റെയും കുളിർമഴ നമ്മിലേക്ക് ചൊരിഞ്ഞുതന്നു.

വധശിക്ഷ അർഹിക്കുന്ന ശത്രു മുന്നിൽ നിൽക്കുന്നു. പക്ഷേ, അലിവോടെ തിരുനബി ﷺ പുഞ്ചിരിച്ചുകൊണ്ട് മൊഴിഞ്ഞു:
"ഇസ്ലാം മുൻകാല തെറ്റുകളെയെല്ലാം മായ്ച്ചുകളയുന്നു."

അഹങ്കാരിയായ ശത്രുവിൽ നിന്ന് ആ നിമിഷം ജനിച്ചത് പ്രവാചകന്റെ പ്രിയപ്പെട്ട പ്രകീർത്തകനായിരുന്നു. തിരുനബി ﷺ ഒരു വിലയേറിയ വസ്ത്രം (ഹുല്ല) നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ഇസ്ലാം സ്വീകരിച്ചതോടെ ഇബ്നുസ്സബഅ്റ തന്റെ സർഗ്ഗശേഷിയെ പൂർണ്ണമായും പ്രവാചക പ്രകീർത്തനങ്ങൾക്കായി സമർപ്പിച്ചു. മുൻപ് ഇസ്ലാമിനെ തകർക്കാൻ ഉപയോഗിച്ച അതേ തൂലിക കൊണ്ട് മുഹമ്മദ് നബിയുടെ ﷺ മഹത്വത്തെ വാഴ്ത്തുന്ന അനേകം കാവ്യങ്ങൾ അദ്ദേഹം രചിച്ചു. മക്കാവിജയത്തിന് ശേഷമുള്ള നിർണ്ണായക പോരാട്ടങ്ങളിലും വിജയങ്ങളിലും അദ്ദേഹം മുസ്ലിംകൾക്കൊപ്പം അണിനിരന്നു.

ഹിജ്റ ഏകദേശം 15-ൽ (ക്രി.വ. 636), ഉമറിന്റെ (റ) ഭരണകാലത്ത് അബ്ദുല്ലാഹ് ഇബ്നുസ്സബഅ്റ ഈ ലോകത്തോട് വിടപറഞ്ഞു. കവിതയുടെ കാർക്കശ്യം കാരുണ്യത്തിന്റെ മന്ത്രമായി മാറിയ അപൂർവ്വമായൊരു മാനസാന്തരത്തിന്റെ കഥയായി അബ്ദുല്ലാഹ് ഇബ്നുസ്സബഅ്റയുടെ ജീവിതവും കവിതകളും ഇന്നും ജ്വലിച്ചുനിൽക്കുന്നു.


Comments