മഖാരിഉം ശൈഖ് ജാറുല്ലയും

വിശുദ്ധ ഹറമുകളിലെ ഇമാമുമാരുടെ അടക്കം അധ്യാപകരായ ലോകത്തിലെ തലമുതിർന്ന ഖുർആൻ പാരായണവിദഗ്ധരുടെ കേന്ദ്രമായ, മദീനയിൽ സ്ഥിതിചെയ്യുന്ന "അൽ മഖാരിഉൽ ഖുർആനിയ്യ" (المقارئ القرآنية) എന്ന സ്ഥാപനത്തെക്കുറിച്ച് നാട്ടിൽ വച്ച് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. 

കുറച്ചുനാൾ മുമ്പ് കിഴക്കനാഫ്രിക്കയിലെ കൊമോറോസ് എന്ന രാജ്യത്തെ സുവൈദ് അബ്ദുൽ ഫത്താഹ് എന്ന വിദ്യാർത്ഥിയുടെ അത്ഭുതകരമായ അക്ഷരസ്ഫുടതയും വ്യക്തതയും വെളിവാക്കുന്ന അതിസുന്ദരമായ ഖുർആൻ പാരായണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ സദസ്സിൽ അത് കേട്ടുകൊണ്ടിരുന്ന ഹറം ഇമാം ശൈഖ് യാസിർ അദ്ദൗസരി അടക്കമുള്ള പണ്ഡിതർ അത്ഭുതത്തോടെ ആ കുരുന്നിനെ നോക്കുന്ന വീഡിയോ ഒരുപക്ഷേ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. അത് നടന്നത് മഖാരിഇൽ വെച്ചാണ്. മഖാരിഇന് കീഴിലുള്ള തഹ്ബീർ എന്ന പ്രോഗ്രാമിലെ വിദ്യാർത്ഥിയായിരുന്നു സുവൈദ്.

മദീനയിൽ വന്നപ്പോൾ മുതൽ മഖാരിഉമായി ബന്ധപ്പെടണമെന്നും അതിൻറെ തലപ്പത്തിരിക്കുന്ന ലോകപ്രശസ്ത പണ്ഡിതൻ ശൈഖ് അബ്‌ദുല്ല അൽ ജാറുല്ലായുമായി കണ്ടുമുട്ടണമെന്നും തരം കിട്ടിയാൽ ബന്ധം സ്ഥാപിക്കണമെന്നും മനസ്സിലുണ്ടായിരുന്നു. 

അങ്ങനെയിരിക്കയാണ് ഒരു ദിവസം അവിടെ നടക്കുന്ന ഒരു പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്ന പോസ്റ്റർ കാണുന്നത്. ഇശാഇന് ശേഷം നടക്കുന്ന പ്രോഗ്രാം നമ്മൾ അറിയുന്നത് മഗ്രിബിന് അല്പം മുമ്പ്. മഗ്രിബ്നു ശേഷം ഞാനും സുഹൃത്ത് സകരിയ്യ മദീനിയും നേരെ അങ്ങോട്ട് വെച്ച് പിടിച്ചു. 

ഇൻഡോനേഷ്യയിൽ നിന്ന് വന്ന ഒരു സംഘം വിദ്യാർത്ഥികളുടെ കോഴ്സിന്‍റെ സമാപന പ്രോഗ്രാം ആയിരുന്നു അത്. ശ്രീലങ്കയിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികളുമുണ്ട്. ഓൺലൈനായി മഖാരിഇലെ അധ്യാപകരിൽ നിന്ന് വർഷങ്ങളായി പഠിച്ചു വരുന്നവരെ അവസാന ഘട്ടത്തിൽ മഖാരിഅ് തന്നെ സ്പോൺസർ ചെയ്ത് എല്ലാ ചെലവുകളും നൽകി 40 ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് പൂർത്തിയാക്കുന്നതിനായി മദീനയിലേക്ക് കൊണ്ടുവരും. ഇവിടെ വന്ന് അവർ വിശുദ്ധ ഖുർആൻ പൂർണമായി വിദഗ്ദ്ധരായ ഖുർആൻ പാരായണ പടുക്കളുടെ മുൻപിൽ പാരായണം ചെയ്തുകൊടുത്ത് ഇജാസ നേടും. 
അതോടൊപ്പം മറ്റു ഖുർആൻ വിജ്ഞാനീയങ്ങൾ, ഹാഫിളീങ്ങൾക്ക് വേണ്ട ആദാബുകൾ മുതലായ വിഷയങ്ങളിലുള്ള ക്ലാസുകളും ഉണ്ടാകും.

 തൊട്ടടുത്തുള്ള പള്ളിയിൽനിന്ന് ഇശാഅ് ജമാഅത്ത് കഴിഞ്ഞ് സദസ്സിൽ എത്തുമ്പോൾ ആളുകൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഇൻഡോനേഷ്യൻ വസ്ത്രങ്ങൾ ധരിച്ച വിദ്യാർത്ഥികൾ നിരയായി ഇരിക്കുന്നു. മഖാരിഇൽ തന്നെ പഠിക്കുന്ന മറ്റു വിദ്യാർത്ഥികളുമുണ്ട്. ഇൻഡോനേഷ്യയിൽ നിന്നുള്ള രണ്ടുമൂന്നു പണ്ഡിതന്മാരും ആളുകളും. മഖാരിഇൻ്റെ ചുമതലയുള്ള കുറച്ച് ആളുകൾ. അങ്ങനെ വളരെ ചെറിയൊരു സദസ്സ്. 

അല്പം കഴിഞ്ഞപ്പോൾ ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ വന്നു തുടങ്ങി. - - മസ്ജിദുന്നബവിയിലെ ശൈഖുൽ ഖുർറാഅ് (ഖുർആൻ പാരായണ വിദഗ്ധരുടെ അധ്യാപകൻ) എന്നറിയപ്പെടുന്ന മുൻ ഹറം ഇമാം ശൈഖ് ഇബ്രാഹീം അൽ അഖ്ളർ, ശൈഖ് അബ്‌ദുല്ല അൽ ജാറുല്ലാ, 
നിലവിലെ ഹറം ഇമാം ശൈഖ് അബ്ദുല്ല അൽ ബുഅയ്ജാൻ (ഇദ്ദേഹം കഴിഞ്ഞവർഷം കേരളത്തിൽ വന്നപ്പോൾ ജാമിഅ അൽ ഹിന്ദും സന്ദർശിച്ചിരുന്നു), 
ശൈഖ് നബീൽ ജൗഹരി, 
പിന്നെ എനിക്ക് പേരറിയാത്ത പലരും. 

കുട്ടികളുടെ പാരായണവും അവരുടെ കോഴ്സിന്റെ വിശദാംശങ്ങളും സർട്ടിഫിക്കറ്റ് വിതരണവും അതിഥികളുടെ സംസാരങ്ങളും ഒക്കെ കഴിഞ്ഞ രാത്രി ഭക്ഷണവും കഴിച്ച് അവിടെ നിന്നു പോന്നു. ഇതിനിടയിൽ ശൈഖ് അബ്‌ദുല്ല അൽ ജാറുല്ലായെ നേരിട്ട് കണ്ട് കെട്ടിപ്പിടിച്ച് സംസാരിച്ചുവെങ്കിലും സ്വാഭാവികമായും പ്രോഗ്രാമിന്റെ മുഖ്യസംഘാടകൻ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ തിരക്ക് മാനിച്ച് ഒരുപാട് സംസാരിക്കാൻ കഴിഞ്ഞില്ല. 
ആദ്യം നിങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞ് ഞങ്ങളെ നിർബന്ധപൂർവ്വം ഭക്ഷണഹാളിലേക്ക് പറഞ്ഞയച്ച അദ്ദേഹത്തെ ഞങ്ങളും ബുദ്ധിമുട്ടിക്കാൻ പോയില്ല. 

ഏതായാലും സ്ഥാപനം കാണാൻ കഴിഞ്ഞല്ലോ എന്ന് ആശ്വാസത്തിൽ തിരിച്ചുവന്നു. അല്പദിവസങ്ങൾക്ക് ശേഷം അദ്ദേഹം വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സകരിയ്യ മദീനിയും സഹൽ മദീനിയും ഞാനും കൂടി മസ്ജിദുന്നബവിയിലെ അദ്ദേഹത്തിൻറെ ഹൽഖ നടക്കുന്നിടത്തേക്ക് പോയി. എന്തുവന്നാലും വർഷങ്ങളായി അദ്ദേഹം മസ്ജിദുന്നബവിയിലെ ഈ ഹൽഖ അധ്യാപനം മുടക്കാറില്ല. അന്ന് തന്നെ അദ്ദേഹം ഈജിപ്ത് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് അധികസമയം കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. വീട്ടിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ചിലവഴിച്ച് അദ്ദേഹം ഹൽഖയിലെത്തി. അതാണ് അദ്ദേഹത്തിൻറെ ശീലം.

 വിലപ്പെട്ട അദ്ദേഹത്തിൻറെ സമയത്തിൽ നിന്ന് ഒരുപാട് നേരം അദ്ദേഹം ഞങ്ങൾക്ക് വേണ്ടി തന്നു. അദ്ദേഹത്തിനായി അവിടെ കാത്തിരുന്ന ശിഷ്യന്മാർ ഞങ്ങളെക്കുറിച്ച് മിക്കവാറും ഇവന്മാരെന്താ എണീറ്റ് പോകാത്തത് എന്ന് മനസ്സിലെങ്കിലും അരിശത്തോടെ പറഞ്ഞിട്ടുണ്ടാവും. ഒരുപാട് വിലയേറിയ ഉപദേശങ്ങൾ. ഞങ്ങൾക്ക് പറയാനുള്ളത് അദ്ദേഹം കേട്ടു. കേരളത്തിലെ ഖുർആൻ പഠന നിലവാരത്തെക്കുറിച്ച് സംസാരിച്ചു. നമ്മളെക്കാൾ കൂടുതൽ ഒരുപക്ഷേ കേരളത്തിലെയും ഇന്ത്യയിലെയും ഖുർആൻ പഠന അധ്യാപന രംഗത്തെക്കുറിച്ചും അതിൻറെ നിലവാരത്തെക്കുറിച്ചും അദ്ദേഹത്തിനാണ് അറിയുക എന്ന് തോന്നിപ്പോയി. അത്രമാത്രം പല കാര്യങ്ങളും അദ്ദേഹം ഇങ്ങോട്ട് സൂചിപ്പിച്ചു. ലോകത്ത് എല്ലായിടത്തും നടക്കുന്ന ഖുർആൻ പഠനങ്ങളെക്കുറിച്ചും ഈ മേഖലയിലെ ചലനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ട്. ഇപ്പോൾതന്നെ ബ്രിട്ടൻ ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ അദ്ദേഹത്തിന് ശിഷ്യന്മാർ ശ്രദ്ധേയമായ ചലനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മഖാരിഉമായി കേരളത്തിലെ വിദ്യാർത്ഥികളെ ബന്ധപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. ഇപ്പോൾ നിലവിൽ മസ്ജിദുന്നബവിയിലെ ഹലഖാത്തുകളിൽ
പഠിക്കുന്നതിനായി ഞങ്ങൾ കൊണ്ടുവന്ന MQJ ആദ്യബാച്ച് വിദ്യാർത്ഥികളെ കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചു. 

പിന്നീട് ഒരു ദിവസം MQJ വിദ്യാർത്ഥികളുമായി അദ്ദേഹത്തിൻറെ അടുത്തേക്ക് പോയി. അന്ന് അദ്ദേഹം എല്ലാവരെയും മഖാരിഇലേക്ക് ക്ഷണിച്ചു. മഖാരിഇൻ്റെ തന്നെ വാഹനത്തിൽ ഞങ്ങൾക്ക് പോയി വരാനുള്ള സൗകര്യം ഏർപ്പെടുത്തി. അങ്ങനെ മഖാരിഇൽ ആഴ്ചയിൽ നടക്കുന്ന يتدارسونه بينهم എന്ന പഠന സെഷനിൽ ഞങ്ങളും MQJ വിദ്യാർത്ഥികളും പങ്കെടുത്തു. പുറമേ കസാഖിസ്ഥാനിൽ നിന്നുള്ള കുറച്ചു വിദ്യാർത്ഥികളുമുണ്ടായിരുന്നു.

 സൂറത്തുൽ ഫാത്തിഹ ആയിരുന്നു ചർച്ച. അതിൻറെ മഹത്വങ്ങൾ ശ്രേഷ്ഠതകൾ, ആശയവിശാലത, പാരായണം ചെയ്യേണ്ട രീതികൾ, വിശദമായ അദ്ദേഹത്തിൻറെ അവതരണം കഴിഞ്ഞ ശേഷം അവിടെ കൂടിയ എല്ലാവരെക്കൊണ്ടും രണ്ടോ മൂന്നോ ആയത്തുകൾ വീതം പാരായണം ചെയ്യിച്ച് തെറ്റുകൾ തിരുത്തിക്കൊടുത്തു. അങ്ങനെ ഇരു ഹറമുകളിലെയടക്കം ഇമാമുമാരുടെ ശൈഖിന് മുൻപിൽ രണ്ട് ആയത്തുകളെങ്കിലും പാരായണം ചെയ്യാൻ പറ്റി. ഓരോ വാക്കും അർത്ഥമറിഞ്ഞ് മനസ്സിൽ തട്ടി പാരായണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും രീതിയും പറഞ്ഞുതന്നു. വളരെ വ്യത്യസ്തമായ ഒരു അനുഭവം. 

 ശൈഖ് അബ്‌ദുല്ലാ അൽ ജാറുല്ലാ حفظه الله 


റിയാദ് സ്വദേശിയായ ശൈഖ് അബ്‌ദുല്ല അൽ ജാറുല്ലാ നിലവിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു മെഡിക്കൽ ഡോക്ടർ കൂടിയാണ്. മദീനയിലെ സൗദി സായുധസേന ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ ഹെഡ് ആണ് അദ്ദേഹം. അതുമാത്രമല്ല റിയാദിലെ ഇമാം സഊദ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുല്ലിയതു ശരീഅയിൽ ബിരുദധാരിയുമാണ് ശൈഖ്. ഉലൂമിൽ ഖുർആനിൽ മാസ്റ്റേഴ്സും പി എച്ച് ഡിയും കൂടെയുണ്ട്. 

അഞ്ചുവർഷം എടുത്താണ് ശൈഖ് ഇബ്രാഹീം അൽ അഖ്ളറിന് അദ്ദേഹം ഹഫ്‌സ് രിവായത്തിൽ മാത്രം ഖുർആൻ ഓതിക്കേൾപ്പിച്ചത്. പിന്നീട് മറ്റൊരു അഞ്ചുവർഷം കൂടി എടുത്താണ് ബാക്കി ഖിറാഅത്തുകളും അദ്ദേഹം പൂർത്തിയാക്കിയത്. (മൊത്തം പത്ത് ഖിറാഅത്തുകൾ). കൂടാതെ മസ്ജിദുന്നബവിയിലെ ഇമാമായ ശൈഖ് അലി അബ്ദുറഹ്മാൻ അൽഹുദൈഫി, ഈജിപ്തിലെ വിശ്വപ്രസിദ്ധ ഖുർആൻ പാരായണ പടുക്കളായിരുന്ന ശൈഖ് അഹ്മദ് സയ്യാത്ത്, തജ് വീദിലെ തുഹ്ഫത്തു സമന്നൂദിയയുടെ രചയിതാവ് ശൈഖ് ഇബ്രാഹിം സമന്നൂദി എന്നിങ്ങനെയുള്ള ലോകപ്രശസ്ത പണ്ഡിതന്മാരുടെയും ശിഷ്യനാണ് ഇദ്ദേഹം.   
1997 ൽ സ്വദേശമായ റിയാദിൽ നിന്ന് മദീനയിൽ സ്ഥിരതാമസമാക്കിയ ശൈഖ് ജാറുല്ല 2000 മുതൽ മസ്ജിദുന്നബവിയിൽ വിശുദ്ധ ഖുർആൻ അധ്യാപനം നടത്തി വരുന്നു.

ഇതൊക്കെ വായിക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്കും തോന്നിയേക്കാം (പ്രത്യേകിച്ച് നിങ്ങൾ ഹാഫിളാണെങ്കിൽ) അദ്ദേഹത്തിന്റെ അടുത്ത് ഖുർആൻ പാരായണം ചെയ്തു ഇജാസ നേടിയാലോ എന്ന്. എന്നാൽ അതൊരു ചെറിയ ആഗ്രഹമല്ല സുഹൃത്തേ. അദ്ദേഹത്തിൻറെ അടുത്ത് ഖുർആൻ പാരായണം ചെയ്തു പൂർത്തിയാക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. 

അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമായുള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. ആദ്യം വിശുദ്ധ ഖുർആൻ പൂർണ്ണമായും എവിടെനിന്നും എങ്ങനെ ചോദിച്ചാലും ഏതുറക്കത്തിൽ വിളിച്ചെഴുന്നേൽപ്പിച്ച് ചോദിച്ചാലും തെറ്റുവരാത്ത രൂപത്തിൽ അതി സൂക്ഷ്മമായും കിറുകൃത്യമായും നിങ്ങൾക്ക് മനപ്പാഠമുണ്ടായിരിക്കണം. രണ്ടാമതായി ഏറ്റവും ചുരുങ്ങിയത് ഒരു അഞ്ച് വർഷം (അതിലും കൂടാനാണ് സാധ്യത) പൂർണ്ണമായും എല്ലാത്തരം തിരക്കുകളിൽ നിന്നും മാറി ഇതിനുവേണ്ടി മാത്രം ഒഴിഞ്ഞിരിക്കണം. അതായത് ഏത് സമയത്തും അദ്ദേഹം വിളിച്ചാൽ ഉടനടി ചെല്ലാൻ നിങ്ങൾ റെഡിയായിരിക്കണം. അത് ചെലപ്പോ അർദ്ധരാത്രി 12 മണിയോ ഒരു മണിയോ ഒക്കെ ആയെന്നു വരാം.സ്ഥലം ചെലപ്പോൾ മസ്ജിദുന്നബവിയോ അതുമല്ലെങ്കിൽ ഹോസ്പിറ്റലിലോ ആയിരിക്കാം. ഒരുപക്ഷേ ഡോക്ടറുടെ വെയിറ്റിംഗ് ലോഞ്ചിൽ മണിക്കൂറുകൾ കാത്തുനിന്നിട്ട് നിങ്ങൾക്ക് മടങ്ങേണ്ടി വന്നേക്കാം. 

എന്തിനും തയ്യാറായിരിക്കണം എന്ന് ചുരുക്കം. അതിനാൽ തന്നെ മദീന യൂണിവേഴ്സിറ്റി പോലുള്ള മദീനയിലെ യൂണിവേഴ്സിറ്റികളിലോ സ്ഥാപനങ്ങളിലോ പഠിക്കുന്ന വിദ്യാർത്ഥികളെ അദ്ദേഹം പൊതുവേ ശിഷ്യരായി സ്വീകരിക്കാറില്ല എന്ന് ഞങ്ങളോട് നേരിട്ട് പറഞ്ഞു. കാരണം അവർക്ക് യൂണിവേഴ്സിറ്റി പഠനവും പരീക്ഷയും മറ്റു പല തിരക്കുകളും ഉണ്ടാകുമല്ലോ. (യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായതിനാൽ ഇത് കേട്ടതോടുകൂടി എൻറെ എല്ലാ പ്രതീക്ഷയും പോയി. എന്നാലും ശ്രമിക്കണം😃) ഒരു ദിവസം ചിലപ്പോൾ ഒന്നോ രണ്ടോ ആയത്തുകൾ മാത്രമായിരിക്കാം അദ്ദേഹം കേൾക്കുക. അതോടൊപ്പം അദ്ദേഹം നിർദ്ദേശിക്കുന്ന മറ്റു ഗ്രന്ഥങ്ങൾ മനപ്പാഠമാക്കുകയും പഠിക്കാനുള്ളവ പഠിക്കുകയും വേണം. 

പിന്നെ സ്വാഭാവികമായും ഇത്രമാത്രം സൂക്ഷ്മത പുലർത്തുന്നത് കൊണ്ടുതന്നെ എല്ലാവരെയും അദ്ദേഹം ശിഷ്യരായി സ്വീകരിക്കുകയില്ല എന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. സർട്ടിഫിക്കറ്റുകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഭൗതിക നേട്ടങ്ങളോ പ്രതീക്ഷിക്കാതെ പൂർണ്ണമായും വിശുദ്ധ ഖുർആനിനുവേണ്ടി ആത്മസമർപ്പണം ചെയ്യാൻ നമ്മൾ തയ്യാറാണ് എന്ന് അദ്ദേഹത്തിന് സ്വയം ബോധ്യപ്പെട്ടാലാണ് അദ്ദേഹം ശിഷ്യത്വം നൽകുക. 

ഏതായാലും ഇങ്ങനെയൊക്കെ ലോകത്ത് അവസരങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുന്നത് തന്നെ വളരെ വലിയൊരു ഭാഗ്യമാണ്. ഒരുപക്ഷേ ശൈഖ് ജാറുല്ല യിൽ നിന്ന് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മഖാരിഇലെ മറ്റ് വിദഗ്ധരായ അധ്യാപകരിൽ നിന്ന് നമുക്ക് പഠിക്കാനുള്ള അവസരങ്ങളുണ്ട്. അതിനുവേണ്ട ഒന്ന് രണ്ട് പദ്ധതികൾ അൽഹംദുലില്ലാഹ് നടപ്പാക്കാൻ ആരംഭിച്ചിട്ടുമുണ്ട്. അല്ലാഹു തൗഫീഖ് നൽകട്ടെ. 

Comments