റോസാപ്പൂക്കളുടെ നഗരം: താഇഫിന്റെ സുഗന്ധവസന്തം
സൗദി അറേബ്യയുടെ പടിഞ്ഞാറൻ മലനിരകളിൽ, മക്ക പ്രവിശ്യയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,800 മീറ്ററിലധികം ഉയരത്തിലാണ് താഇഫ് സ്ഥിതി ചെയ്യുന്നത്. താഴ്വാരങ്ങളിലെ കൊടും ചൂടിൽ നിന്ന് വ്യത്യസ്തമായി മിതമായ തണുപ്പുള്ള ഇവിടുത്തെ കാലാവസ്ഥയാണ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വിശിഷ്ടമായ ഒരു കാർഷിക അത്ഭുതത്തിന് വഴിയൊരുക്കിയത്.
.jpeg)
ഓരോ വർഷവും മാർച്ച് അവസാനം മുതൽ ഏപ്രിൽ-മേയ് വരെ അൽ-ഹദ, അൽ-ശഫാ മലഞ്ചെരുവുകളിലും വാദി മഹ്റം താഴ്വരയിലുമായി പരന്നുകിടക്കുന്ന എണ്ണൂറിലധികം തോട്ടങ്ങൾ ഒന്നാകെ ഇളം പിങ്ക് നിറത്തിൽ പൂത്തുലയുന്നു. 1814-ൽ താഇഫ് സന്ദർശിച്ച സ്വിസ് പര്യവേക്ഷകൻ ജോഹാൻ ലുഡ്വിഗ് ബർക്ക്ഹാർട്ട് ആണ് ഈ റോസാപ്പൂക്കളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. പിന്നീട് പെട്രാ നഗരത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അതേ സഞ്ചാരി തന്നെയാണ് ഇദ്ദേഹം.
ഒരു അപൂർവ്വ ഇനം: 'വർദ് താഇഫി'
'ഡമാസ്ക് റോസ്' കുടുംബത്തിലെ 'റോസ ഡമാസീന ട്രൈജിന്റിപെറ്റല' (Rosa damascena trigintipetala "മുപ്പത് ഇതളുകളുള്ളത്") എന്ന ഇനമാണ് ഇവിടെ വിരിയുന്നത്. പ്രാദേശികമായി "വർദ് താഇഫി" എന്നറിയപ്പെടുന്ന ഈ പൂവിന് തേനിന്റെയും ചായയുടെയും സൌമ്യതയുള്ള സവിശേഷ സുഗന്ധമുണ്ട്. ബൾഗേറിയയിലെ കസൻലിക് റോസിനോട് സാമ്യമുണ്ടെങ്കിലും, അതിനേക്കാൾ തീവ്രവും സമ്പന്നവുമാണ് താഇഫ് റോസിന്റെ സുഗന്ധം.
വില്യം ഷേക്സ്പിയറുടെ 'റോമിയോ ആൻഡ് ജൂലിയറ്റ്' എന്ന നാടകത്തിലെ പ്രശസ്തമായ ഒരു വരിയുണ്ട്: "പേരെന്തുതന്നെ വിളിച്ചാലും റോസാപ്പൂവിന്റെ സുഗന്ധം മാറുന്നില്ല" ("A rose by any other name would smell as sweet"). വസ്തുക്കളുടെ യഥാർത്ഥ സ്വഭാവത്തെ അവയുടെ പേര് ബാധിക്കില്ലെന്ന ജൂലിയറ്റിന്റെ നിരീക്ഷണം താഇഫ് റോസിന്റെ കാര്യത്തിൽ അന്വർത്ഥമാണ്; പേരോ നിറമോ എന്തുതന്നെയായാലും റോസാപ്പൂക്കളിലെ റാണിയായിത്തന്നെ ഇത് നിലകൊള്ളുന്നു.

ഇതിന് പുറമേ, കടും നിറമുള്ള 'സുൽത്താനി റോസ്' എന്ന അലങ്കാര ഇനവും താഇഫിൽ വളരുന്നുണ്ടെങ്കിലും ഇത് എണ്ണ വേർതിരിക്കാൻ ഉപയോഗിക്കാറില്ല. മദീനയിലും ഇത്തരം പൂക്കൾ വളരുന്നുണ്ട്. അവ പുതിനയ്ക്കൊപ്പം ചേർത്ത് പ്രാദേശിക സുലൈമാനിയിലോ ചായയിലോ ആണ് സാധാരണ ഉപയോഗിക്കുന്നത്.
ചരിത്രവും ഉത്ഭവവും
താഇഫിൽ ഈ റോസ് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കൃത്യമായ രേഖകളില്ലെങ്കിലും പ്രധാനമായും രണ്ട് ചരിത്ര വാദങ്ങൾ നിലനിൽക്കുന്നുണ്ട്:
- ഓട്ടോമൻ പാരമ്പര്യം: ഏകദേശം അഞ്ച് നൂറ്റാണ്ട് മുൻപ് ഓട്ടോമൻ സുൽത്താൻ ലെവന്റ് പ്രദേശത്തെ റോസ് തൈകൾ മക്കയിലെ ഒരു പ്രമുഖന് സമ്മാനിച്ചെന്നും, ലെവന്റിന് സമാനമായ തണുത്ത കാലാവസ്ഥയായതിനാൽ അവ അൽ-ഹദ പർവ്വതത്തിൽ നട്ടുപിടിപ്പിച്ചെന്നുമാണ് ഏറ്റവും പ്രബലമായ വാദം.
- പേർഷ്യൻ-ഇന്ത്യൻ വഴികൾ: ഇറാനിലെ ഷിറാസ്, കാശാൻ തോട്ടങ്ങളിൽ നിന്നോ പുരാതന ഇന്ത്യയിൽ നിന്നോ എത്തിയതാണെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.
അബ്ബാസി ഭരണകാലം മുതൽ ഹിജാസിൽ നിന്ന് ബാഗ്ദാദ്, കൈറോ, ഇസ്താംബുൾ കൊട്ടാരങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുവായിരുന്നു റോസ് ജലം. അതുകൊണ്ടുതന്നെ പുരാതന അറബി കവികൾ താഇഫിനെ "റോസാപ്പൂക്കളുടെ നഗരം" എന്ന് വിശേഷിപ്പിച്ചു.
പുലരിയുടെ അധ്വാനവും വാറ്റിയെടുക്കലും
സൂര്യനുദിച്ച് വെയിൽ കനത്താൽ പൂവിതളുകളിലെ സുഗന്ധ എണ്ണ ബാഷ്പീകരിച്ചു പോകുമെന്നതിനാൽ, പുലർച്ചെ സുബ്ഹി നമസ്കാരത്തിന് തൊട്ടുപിന്നാലെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കർഷകർ പൂക്കൾ കൈകൊണ്ട് നുള്ളിയെടുക്കുന്നു (Dawn Harvest). മാർച്ച് അവസാനം മുതൽ 35-45 ദിവസം വരെ നീളുന്ന വിളവെടുപ്പിൽ ആദ്യം വാദി മഹ്റമിലും, പിന്നീട് അൽ-ഹദയിലും, ഒടുവിൽ 2,500 മീറ്റർ ഉയരത്തിലുള്ള അൽ-ശഫായിലും പൂക്കൾ വിരിയുന്നു.
- മേഖലകൾ തമ്മിലുള്ള മത്സരം: താഇഫിലെ റോസ് വ്യവസായത്തിൽ അൽ-ഹദ, അൽ-ശഫാ എന്നീ പ്രദേശങ്ങൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരമുണ്ട്. ഈ രണ്ട് ഇടങ്ങളിലെയും അത്തറിന്റെ മേന്മകളെക്കുറിച്ച് പ്രാദേശിക വിദഗ്ദ്ധർക്കിടയിൽ നിരന്തര ചർച്ചകൾ നടക്കാറുണ്ട്. അൽ-ഹദയിലെ ഭൂരിഭാഗം കർഷകരും സ്വന്തം കൃഷിയിടത്തിൽ തന്നെ വ്യക്തിഗതമായി പൂക്കൾ വിളവെടുക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.
- ഉൽപ്പാദനക്കണക്കുകൾ: പ്രതിവർഷം 850-1,000 തോട്ടങ്ങളിൽ നിന്നായി 30 കോടി മുതൽ 55 കോടിയോളം പൂക്കൾ വിളവെടുക്കുന്നു. ഇതിൽ നിന്ന് 800 ടൺ റോസ് ജലവും 40,000 തോല റോസ് എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ട്.
- വിലമതിപ്പ്: വെറും ഒരു 'തോല' (ഏകദേശം 11.6 ഗ്രാം) ശുദ്ധമായ റോസ് ഓയിൽ ലഭിക്കാൻ ചുരുങ്ങിയത് 10,000 മുതൽ 12,000 വരെ റോസാപ്പൂക്കൾ വേണം. അതുകൊണ്ടാണ് ഇതിന് സ്വർണ്ണത്തേക്കാൾ മൂല്യം കണക്കാക്കുന്നത്. ഈ മേഖല പ്രതിവർഷം 6.4 കോടി സൗദി റിയാൽ താഇഫിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നു.
- 'അലംബിക്' വാറ്റുപകരണം: വലിയ ചെമ്പ് പാത്രങ്ങളിൽ (Copper Stills / Alembic) വെള്ളവും പൂവിതളുകളും നിറച്ച് തിളപ്പിച്ചാണ് സത്ത് വേർതിരിക്കുന്നത്.
മാഉൽ അറൂസ്': വാറ്റിയെടുക്കലിലെ സുഗന്ധ വിസ്മയം
താഇഫിലെ പരമ്പരാഗത വാറ്റൽ പ്രക്രിയയിൽ നിന്ന് ലഭിക്കുന്ന റോസ് വാട്ടറിനെ അതിന്റെ സാന്ദ്രതയും
ഗുണമേന്മയും അനുസരിച്ച് പ്രധാനമായും രണ്ടായി തരംതിരിക്കുന്നു. ആദ്യ ഘട്ട വാറ്റലിൽ (First Distillation) നിന്ന് അടർത്തിയെടുക്കുന്ന, പ്രകൃതിദത്ത എണ്ണാംശം ഏറ്റവും കൂടുതലടങ്ങിയതും അതീവ സാന്ദ്രവുമായ പ്രീമിയം റോസ് വാട്ടറാണ് 'മാഉൽ അറൂസ്' (ماء العروس - 'വധുവിന്റെ വെള്ളം'). ഒരു നവവധുവിനെപ്പോലെ ഏറ്റവും പരിശുദ്ധവും ആകർഷകവുമായ ഒന്നായതിനാലാണ് അറബികൾ ഇതിനെ ഈ പേര് ചൊല്ലി വിളിക്കുന്നത്; ഔഷധ ആവശ്യങ്ങൾക്കും, പ്രമുഖർക്കുള്ള വിശിഷ്ട ആതിഥ്യത്തിനും, ഉന്നത വിപണിയിലേക്കും മാറ്റിവെക്കുന്നത് ഈ അമൂല്യ സത്താണ്. എന്നാൽ, ആദ്യ ഘട്ടത്തിന് ശേഷം ശേഷിക്കുന്ന സത്തിൽ നിന്ന് വീണ്ടും വേർതിരിച്ചെടുക്കുന്ന രണ്ടാമത്തെ ഗ്രേഡ് റോസ് വാട്ടറാണ് 'മാഉ സ്സെക്ക' (ماء السكة). ഇതിൽ എണ്ണയുടെ സാന്ദ്രത താരതമ്യേന കുറവായതിനാൽ, നിത്യജീവിതത്തിലെ പാചക ആവശ്യങ്ങൾക്കും, പരമ്പരാഗത മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിനും സാധാരണ വിപണിയിൽ ഉപയോഗിക്കുന്നത് ഈ റോസ് വാട്ടറാണ്.
റോസ് വാട്ടർ: പാരമ്പര്യവും നിത്യജീവിതവും
റോസ് വാട്ടർ എന്നത് അത്തർ നിർമ്മാണത്തിലെ ഒരു ഉപോൽപ്പന്നം മാത്രമല്ല; ചരിത്രപരമായി റോസാപ്പൂക്കൾ ആദ്യമായി വാറ്റിയെടുക്കാൻ തുടങ്ങിയതുതന്നെ റോസ് വാട്ടറിന് വേണ്ടിയായിരുന്നു. മിഡിൽ ഈസ്റ്റിലെ അടുക്കളകളിൽ ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
- ആരോഗ്യവും രുചിയും: ഹൃദയത്തിനും ഉദരത്തിനും ഉന്മേഷമേകാൻ 'അറൂസ്' റോസ് വാട്ടർ ഉത്തമമാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. റമദാനിലെ നോമ്പുതുറ വിഭവങ്ങളിലും, ഈദുൽ ഫിത്വറിലെ പലഹാരങ്ങൾ, കസ്റ്റാർഡ്, ജെല്ലി, മറ്റ് മധുരപലഹാരങ്ങൾ എന്നിവയിലും ഇത് സുഗന്ധ ചേരുവയായി ഉപയോഗിക്കുന്നു. ചായയ്ക്ക് സവിശേഷ രുചി നൽകാനും, കഫീൻ രഹിതമായ "വൈറ്റ് കോഫി" (White Coffee) തയ്യാറാക്കാനും റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്.
- സൗന്ദര്യവർദ്ധക ഉപയോഗം: അറേബ്യൻ ഉപദ്വീപിൽ കൺമഷിയായി ഉപയോഗിക്കുന്ന കറുത്ത കുഹ്ൽ ചാലിച്ചെടുക്കാൻ റോസ് വാട്ടർ ചേർക്കാറുണ്ട്. ഇത് കണ്ണിന്റെ കാഴ്ചശക്തി മെച്ചപ്പെടുത്താനും അണുബാധകളെ തടയാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു.

- ആതിഥ്യ മര്യാദയും പൈതൃകവും: നീണ്ട കഴുത്തും ഉരുണ്ട അടിഭാഗവുമുള്ള പ്രത്യേക പിച്ചള/വെള്ളി പാത്രങ്ങൾ (Rose-water sprinklers) ഉപയോഗിച്ച് വിവാഹ സൽക്കാരങ്ങളുടെ സമാപനത്തിൽ അതിഥികളുടെ കൈകളിലും മുഖത്തും റോസ് വാട്ടർ തളിക്കുന്നത് ഇസ്ലാമിക ലോകത്തെ പൗരാണിക ആചാരമാണ്. വീടുകളിൽ ഇത്തരം അമൂല്യമായ പാത്രങ്ങൾ സൂക്ഷിക്കുന്നത് ആതിഥ്യമര്യാദയുടെയും കുടുംബത്തിന്റെ സാമൂഹിക പദവിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
മക്കയിലേക്കുള്ള ദൂരം താണ്ടിയ ചരിത്രം
നൂറ്റാണ്ടുകൾക്ക് മുൻപ് താഇഫിൽ വാറ്റുകേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല. ശേഖരിച്ച പൂക്കൾ ചാക്കുകളിലാക്കി ഒട്ടകപ്പുറത്ത് 65 കിലോമീറ്റർ അകലെയുള്ള മക്കയിലെത്തിച്ചാണ് ഇന്ത്യൻ അത്തർ വ്യാപാരികൾ റോസ് ഓയിൽ വാറ്റിയെടുത്തിരുന്നത്. ചന്ദനത്തൈലത്തിൽ റോസ് സത്ത് ചേർത്തുണ്ടാക്കിയ പ്രത്യേക അത്തർ അന്നേ ലോകപ്രശസ്തമായിരുന്നു. പൂക്കൾ വാടിപ്പോകാതിരിക്കാൻ പിന്നീട് വാറ്റുകേന്ദ്രങ്ങൾ താഇഫിലേക്ക് തന്നെ മാറ്റി. ഇതോടെ കിഴക്കൻ നാടുകളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ താഇഫ് വഴി യാത്ര ചെയ്ത് അത്തർ വാങ്ങുന്നത് പതിവായി.
വിശുദ്ധ കഅ്ബയിലെ പവിത്ര സാന്നിധ്യം
വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങിൽ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള താഇഫ് റോസ് ഓയിലും റോസ് ജലവുമാണ് ഉപയോഗിക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി സംസം ജലത്തിൽ താഇഫ് റോസ് വാട്ടറും ഉയർന്ന നിലവാരമുള്ള റോസ് ഓയിലും ഊദ് തൈലവും കസ്തൂരിയും ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത്. ഈ സുഗന്ധമിശ്രിതത്തിൽ മുക്കിയ വെളുത്ത തുണികൾ കൊണ്ട് കഅ്ബയുടെ ഉൾഭിത്തികളും തറയും കഴുകി വൃത്തിയാക്കുകയും തുടർന്ന് റോസ് എണ്ണയും ഊദും പൂശി അകത്തളം സുഗന്ധപൂരിതമാക്കുകയും ചെയ്യുന്നു.
ലോകം അംഗീകരിച്ച പൈതൃകം
- യുനെസ്കോ അംഗീകാരം: 2024 ഡിസംബറിൽ പരാഗ്വേയിൽ നടന്ന 19-ാമത് സമ്മേളനത്തിൽ, താഇഫ് റോസുമായി ബന്ധപ്പെട്ട സാംസ്കാരിക ആചാരങ്ങളെ യുനെസ്കോ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക (UNESCO Intangible Cultural Heritage) പട്ടികയിൽ ഉൾപ്പെടുത്തി.
- ആഗോള പെർഫ്യൂം ബ്രാൻഡുകൾ: ഗെർലെയ്ൻ (Guerlain), കരോലിന ഹെരേര (Carolina Herrera), ഷനേൽ (Chanel), ഓർമോണ്ട് ജെയ്ൻ (Ormonde Jayne) തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ തങ്ങളുടെ പ്രീമിയം പെർഫ്യൂമുകളിൽ 'സുൽത്താൻ അൽ-സുഹൂർ' (പൂക്കളുടെ സുൽത്താൻ) എന്നറിയപ്പെടുന്ന താഇഫ് റോസ് ഉപയോഗിക്കുന്നു.
താഇഫ് റോസ് ഫെസ്റ്റിവൽ
വിളവെടുപ്പ് കാലത്തിന്റെ സമാപനത്തിൽ നടക്കുന്ന 'താഇഫ് റോസ് ഫെസ്റ്റിവൽ' സന്ദർശകരുടെ പ്രധാന ആകർഷണമാണ്. സൗദി അറേബ്യയുടെ വിഷൻ 2030-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മേളയിൽ അൽ-റദ്ദാഫ് പാർക്കിലെ കൂറ്റൻ പൂക്കളം (Flower Carpet), പുഷ്പ പരേഡുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറുന്നു. അന്താരാഷ്ട്ര സുഗന്ധദ്രവ്യ കമ്പനികൾ പങ്കെടുക്കുന്ന വാണിജ്യ ഫോറങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു.
ഒരു കൊച്ചു പൂവിതളിൽ നിന്ന് ആരംഭിച്ച് ലോകോത്തര സുഗന്ധ വിപണിയിലേക്കും വിശുദ്ധ കഅ്ബയുടെ ചുവരുകളിലേക്കും എത്തുന്ന താഇഫ് റോസിന്റെ യാത്ര, പ്രകൃതിയും വിശ്വാസവും പാരമ്പര്യവും സമന്വയിക്കുന്ന ജീവസ്സുറ്റ ഒരു സാംസ്കാരിക അനുഭവമാണ്.

.jpeg)
.jpeg)
Comments
Post a Comment