ക്യാമറയ്ക്കു പിന്നിൽ മറഞ്ഞ ചരിത്രകാരൻ: ഹംബർട്ടോ മാർട്ടിൻസ് ഡാ സിൽവീറ
![]() | ||
|
ആദ്യകാല ജീവിതവും വൈദ്യശാസ്ത്രത്തിൽ നിന്നുള്ള വഴിമാറലും
ബ്രസീലിലെ മാറ്റോ ഗ്രോസോ സംസ്ഥാനത്തിലെ പോക്സോറേവോ (Poxoréo) എന്ന ചെറുപട്ടണത്തിൽ 1954 ജൂലൈ 12-നാണ് ഹംബർട്ടോ ജനിച്ചത്. തുടക്കത്തിൽ വൈദ്യശാസ്ത്രം പഠിക്കാനാണ് അദ്ദേഹം തുനിഞ്ഞതെങ്കിലും, ചരിത്രത്തോടും പുരാവസ്തുശാസ്ത്രത്തോടുമുള്ള ആഴമേറിയ താല്പര്യം ആ വഴിയിൽ നിന്ന് അദ്ദേഹത്തെ പൂർണ്ണമായും മാറ്റിനടത്തി.
1973 മുതൽ 1978 വരെയുള്ള അഞ്ച് വർഷക്കാലം അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലൂടെ അദ്ദേഹം വിപുലമായി സഞ്ചരിച്ചു. തുടർന്ന് റിയോ ഡി ജനീറോയിൽ റോബർട്ടോ മായയുടെ കീഴിൽ ഫോട്ടോഗ്രാഫി ഔപചാരികമായി അഭ്യസിച്ചു. 1979 മുതൽ 1981 വരെ ന്യൂയോർക്കിലെ വിഖ്യാതമായ പാഴ്സൺസ് സ്കൂളിൽ ഉപരിപഠനം നടത്തി. അമേരിക്കൻ രാഷ്ട്രീയക്കാരുടെയും പ്രമുഖ കലാകാരന്മാരുടെയും പോർട്രെയ്റ്റുകൾ പകർത്തി പ്രശസ്തനായ ബാരി മക്കിൻലിയുടെ സഹായിയായി പ്രവർത്തിച്ച ഹംബർട്ടോ, പിന്നീട് ബ്രസീൽ, അമേരിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി വ്യക്തിമുദ്ര പതിപ്പിച്ചു. ഫ്രഞ്ച് വോഗ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയും അക്കാലത്ത് അദ്ദേഹം ക്യാമറ ചലിപ്പിച്ചിരുന്നു.
അറേബ്യയിലേക്കുള്ള വഴിത്തിരിവ് (1985)
1985-ൽ ലണ്ടനിലെ അഹ്വാൻ ഇസ്ലാമിക് ആർട്ട് ഗാലറിയുടെ ക്ഷണപ്രകാരം കിംഗ് ഫൈസൽ ഫൗണ്ടേഷന്റെ ഇസ്ലാമിക് ഗാലറി ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ഹംബർട്ടോ റിയാദിലെത്തി. ഈ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവായി മാറി. സൗദിയെ ഒരു സാധാരണ വിനോദസഞ്ചാരിയുടെ കണ്ണുകൊണ്ടല്ല അദ്ദേഹം
നോക്കിക്കണ്ടത്. അറേബ്യൻ മണ്ണിലെ പുരാതന നഗരങ്ങളും വിദൂര ഗ്രാമങ്ങളും മരുഭൂമികളും ചുറ്റിസഞ്ചരിച്ച്, മിഡിൽ ഈസ്റ്റിൽ വിപുലമായ ഒരു പുരാവസ്തു-നരവംശശാസ്ത്ര ഗവേഷണ പരിപാടിക്ക് അദ്ദേഹം തുടക്കമിട്ടു. അറേബ്യൻ സംസ്കാരത്തെ ലെൻസിലൂടെ രേഖപ്പെടുത്തുന്നത് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്ത അദ്ദേഹത്തെ സമകാലികർ സ്നേഹത്തോടെ 'ബ്രസീലിയൻ ബെദൂ' (Brazilian Bedouin) എന്ന് വിളിച്ചു.
സമീപനവും വ്യക്തിത്വവും
വെളിച്ചത്തിന്റെ സ്വാഭാവിക ഭംഗി ഒപ്പിയെടുക്കാൻ അനലോഗ്, ലാർജ്-ഫോർമാറ്റ് ക്യാമറകളും ബ്ലാക്ക് & വൈറ്റ് ഫിലിമുകളും ക്ഷമയോടെ ഉപയോഗിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. 1985 മുതൽ 2000-കളുടെ തുടക്കം വരെയുള്ള കാലയളവിൽ മദീനയിലെ മസ്ജിദുന്നബവി, പ്രസിദ്ധമായ പച്ച താഴികക്കുടം, പുരാതന മിനാരങ്ങൾ, മക്ക, ഹിജാസ് മേഖലയിലെ പരമ്പരാഗത നിർമ്മിതികൾ എന്നിവയെല്ലാം അദ്ദേഹം ചരിത്രരേഖകളായി പകർത്തി.
2004-ൽ അദ്ദേഹവുമായി സംസാരിച്ച ഒരു മാധ്യമപ്രവർത്തകൻ രേഖപ്പെടുത്തിയത് പ്രകാരം, തിളങ്ങുന്ന കണ്ണുകളും ചിട്ടയായി ഒതുക്കിവെച്ച നരച്ച മുടിയുമുള്ള, ആരോഗ്യദൃഢഗാത്രനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. സംഭാഷണങ്ങളിൽ വിഷയത്തിൽ നിന്ന് ഒട്ടും വ്യതിചലിക്കാതെ, അസാധാരണമായ കൃത്യതയോടെയും അച്ചടക്കത്തോടെയും സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. സംസാരത്തിനിടയിൽ തടസ്സമുണ്ടായാൽ ക്ഷമയോടെ കാത്തിരുന്ന് നിർത്തിയിടത്തുനിന്നുതന്നെ വീണ്ടും തുടരുന്ന ശാന്തത അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ പ്രവൃത്തിയോട് വിട്ടുവീഴ്ചയില്ലാത്ത അഭിനിവേശം കാത്തുസൂക്ഷിച്ച, ഒന്നും യാദൃച്ഛികമായി വിട്ടുകളയാത്ത ഒരു പ്രതിഭയായാണ് അദ്ദേഹം വിലയിരുത്തപ്പെട്ടത്.ചരിത്രരേഖകളായി മാറിയ ഗ്രന്ഥങ്ങൾ
നജ്ദ് (Najd - 1992): നജ്ദ് മേഖലയിലെ പരമ്പരാഗത മൺനിർമ്മിതികളെയും തനത് നിർമ്മാണകലയെയും ആധാരമാക്കി തയ്യാറാക്കിയ ആദ്യ പ്രധാന ഗ്രന്ഥം. 1992 ഓഗസ്റ്റ് 31-ന് പൂർത്തിയായ ഈ കൃതിയിൽ 240 പേജുകളിലായി 148 ഫോട്ടോഗ്രാഫുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സൗദി ബിൻ ലാദിൻ ഗ്രൂപ്പിന്റെ പിന്തുണയോടെ ലോകോത്തര നിലവാരത്തിലുള്ള കടലാസിലും അച്ചടിയിലുമാണ് ഇത് പുറത്തിറങ്ങിയത്. നാടോടികളായ ബെദൂയിനുകളും സ്ഥിരതാമസക്കാരായ കർഷകരും തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ സൗന്ദര്യമാണ് ഈ നിർമ്മാണപഠനത്തിൽ അദ്ദേഹം കണ്ടത്. ആധുനിക നഗരവികസനത്തിൽ പിന്നീട് നീക്കം ചെയ്യപ്പെട്ട അൽ-ഉയൈനയിലെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്(റഹി)യുടെ പുരാതന വസതി ഉൾപ്പെടെയുള്ള ചരിത്രശേഷിപ്പുകൾ ഇതിലൂടെ ഇന്നും ഗവേഷകർക്ക് ലഭ്യമായ ദൃശ്യരേഖയായി അദ്ദേഹം കാത്തുസൂക്ഷിച്ചു.
- ബെദു (Bedu – 1994): നിർമ്മാണരീതികളിൽ നിന്ന് മനുഷ്യജീവിതത്തിലേക്ക് ലെൻസ് തിരിച്ചുകൊണ്ട്, ലോകത്തിലെ ഏറ്റവും കഠിനമായ കാലാവസ്ഥയിൽ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന യഥാർത്ഥ ബെദൂയിനുകളുടെ അവസാന തലമുറയെക്കുറിച്ചുള്ള പഠനം. ആധുനികതയുടെ കടന്നുവരവിൽ മാഞ്ഞുപോയിക്കൊണ്ടിരുന്ന ഒരു ജീവിതരീതിയുടെ ആധികാരിക രേഖയായി ഈ പുസ്തകം മാറി.
- കിംഗ് അബ്ദുൽ അസീസ് (King Abdulaziz – 1999): സൗദി രാജ്യസ്ഥാപകനായ കിംഗ് അബ്ദുൽ അസീസ് ആലു സുഊദ് (റഹി) യുടെ ചരിത്ര വഴികളെയും രാജ്യ രൂപീകരണത്തിന്റെ ഭൂമിശാസ്ത്രപരമായ നാഴികക്കല്ലുകളെയും അടയാളപ്പെടുത്തിയ ഫോട്ടോഗ്രാഫിക് പ്രോജക്ട്.
വെളിച്ചം കാണാതെപോയ ബൃഹദ് പദ്ധതികൾ
ജീവിതകാലത്ത് പൂർത്തിയാക്കാൻ സാധിക്കാതെപോയ ചില വലിയ സ്വപ്നപദ്ധതികളും ഹംബർട്ടോ അവശേഷിപ്പിച്ചിട്ടുണ്ട്:
- സൗദിയ (Saudia): ഷെൽ കമ്പനിക്ക് വേണ്ടി സാദ് അൽ-ബാസിയുമായി ചേർന്ന് തയ്യാറാക്കിയ ഗ്രന്ഥം. 1910 മുതൽ ആധുനികകാലം വരെയുള്ള സൗദിയുടെ ചരിത്രം, ആദ്യകാല യൂറോപ്യൻ പര്യവേക്ഷകരുടെ അപൂർവ്വ ചിത്രങ്ങളുമായി സമന്വയിപ്പിച്ച ഒരു ദൃശ്യസഞ്ചയം.
- ദ തേഡ് മോസ്ക് (The Third Mosque): ജറുസലേമിലെ അൽ-അഖ്സ മസ്ജിദിനെ ആധാരമാക്കി ഗൗരവമേറിയ ഗവേഷണത്തോടെ തുടങ്ങിയ പ്രോജക്ട്. പ്രത്യേക അനുമതികളോടെ മുന്നോട്ടുപോയ ഈ കൃതി പക്ഷേ അന്തിമമായി പ്രസിദ്ധീകരിക്കപ്പെട്ടില്ല.
- യെമൻ (Yemen): യെമന്റെ പ്രാചീന സംസ്കാരങ്ങളെയും അവിടുത്തെ കൽ-മൺ നിർമ്മാണരീതികളെയും ജനങ്ങളെയും ആധാരമാക്കി ആസൂത്രണം ചെയ്ത പഠനം.
- പനോരമ ഓഫ് ഏൻഷ്യന്റ് സിവിലിസേഷൻ: സുമേറിയ മുതൽ ബൈസന്റിയം വരെയുള്ള സമീപ - മധ്യപൂർവേഷ്യൻ ചരിത്രം മൂന്ന് വാല്യങ്ങളിലായി രേഖപ്പെടുത്താൻ വിഭാവനം ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നപദ്ധതി.
ഹംബർട്ടോയുടെ സൃഷ്ടികൾ പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി അറബ് വേൾഡ് (1992), സ്വിറ്റ്സർലൻഡിലെ മ്യൂസി ഡി എൽ എലിസി (1994), റിയാദിലെ നാഷണൽ മ്യൂസിയം (2002) തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ചു. സൗദി-ബ്രസീൽ സാംസ്കാരിക ബന്ധം ശക്തമാക്കിയതിന് 2002-ൽ ബ്രസീലിയൻ പ്രസിഡന്റിന്റെ പരമോന്നത ബഹുമതിയായ 'റിയോ ബ്രാങ്കോ ഓർഡർ' നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ശിഷ്യനിലൂടെ തുടരുന്ന പാരമ്പര്യം
![]() |
| Adel Quraishi with photographs of The Guardians © Kevin Moran Photography |
മക്കയെയും മദീനയെയും വിപുലമായി പകർത്തി വിഖ്യാതനായ സൗദി ഫോട്ടോഗ്രാഫർ ആദിൽ അൽ ഖുറൈഷിയുടെ (Adel Al-Quraishi) വഴികാട്ടിയായിരുന്നു ഹംബർട്ടോ. 1991-ൽ ആരംഭിച്ച ഈ സൗഹൃദത്തിലൂടെയാണ് ആദിൽ ഫോട്ടോഗ്രാഫിയെ ഗൗരവമായി സമീപിച്ചത്. ഗുരുവിന്റെ പാത പിന്തുടർന്ന് ലാർജ്-ഫോർമാറ്റ് ക്യാമറകൾ ഉപയോഗിച്ച ആദിൽ, പിന്നീട് 2014-ൽ മദീനയിലെ പ്രവാചക പള്ളിയുടെ അവസാന കാവൽക്കാരുടെ (Guardians) ചിത്രങ്ങൾ പകർത്തി ലോകശ്രദ്ധ നേടി. അറേബ്യയെ ആഴത്തിൽ മനസ്സിലാക്കാനും ക്ഷമയോടെ രേഖപ്പെടുത്താനുമുള്ള ഫോട്ടോഗ്രാഫിക് പാരമ്പര്യം ഈ ശിഷ്യനിലൂടെ ഇന്നും തുടരുന്നു.
നിശ്ശബ്ദമായ വിടവാങ്ങൽ
അല്പ ദിവസങ്ങൾക്കു മുൻപ് 2026 ഓഗസ്റ്റ് 13-ന് ഹംബർട്ടോ മാർട്ടിൻസ് ഡാ സിൽവീറ അന്തരിച്ചു. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത വലിയൊരു ചിത്രശേഖരം ബാക്കിവെച്ചാണ് ആ മഹാപ്രതിഭ മടങ്ങിയത്. അദ്ദേഹത്തിൻറെതായി എനിക്ക് ആകെ കണ്ടെത്താൻ കഴിഞ്ഞത് ട്വിറ്ററിൽ നിന്ന് കിട്ടിയ ഈ ഒരു ഫോട്ടോ മാത്രമാണ്. അത് താഴെ കൊടുക്കുന്നു.
الله أعلم അദ്ദേഹം അവസാനകാലത്ത് മുസ്ലിമായി എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അത് ശരിയാണെങ്കിൽ പ്രിയ ഹംബർട്ടോ
غفر الله لك ورحمك








Comments
Post a Comment