ശൈഖ് ളഹീറുദ്ദീൻ ബിൻ അബ്ദിസ്സുബ്ഹാൻ മുഹമ്മദ് ബഹാദുർ അൽ-അഥരി അർ-റഹ്‌മാനി അൽ-മുബാറക്ഫൂരി (റഹി)

 മഹാപണ്ഡിതനും ഹദീഥ് വിശാരദനും (മുഹദ്ദിഥ്) ഉന്നത നിവേദന പരമ്പരകളുടെ ഉടമയുമായ (മുസ്‌നിദ്) ശൈഖ് ളഹീറുദ്ദീൻ ബിൻ അബ്ദിസ്സുബ്ഹാൻ മുഹമ്മദ് ബഹാദുർ അൽ-അഥരി അർ-റഹ്‌മാനി അൽ-മുബാറക്ഫൂരി (റഹി) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രമുഖ ഹദീഥ് പണ്ഡിതന്മാരിൽ ഒരാളും, തന്റെ കാലഘട്ടത്തിൽ 'സ്വഹീഹു മുസ്‌ലിമി'ലേക്ക് ഏറ്റവും ഉന്നതമായ നിവേദന പരമ്പര  ഉള്ളവരിൽ ഒരാളും, 'തുഹ്ഫത്തുൽ അഹ്‌വദി'യുടെ കർത്താവായ മഹാപണ്ഡിതൻ അല്ലാമ മുഹദ്ദിഥ് അബ്ദുർറഹ്‌മാൻ അൽ-മുബാറക്ഫൂരിയുടെ ജീവിച്ചിരുന്ന ശിഷ്യന്മാരിൽ അവസാനമായി അറിയപ്പെട്ട വ്യക്തിയുമായിരുന്നു.


ജനനവും വിജ്ഞാനസമ്പാദനവും

ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്ത് മുബാറക്ഫൂരിനടുത്തുള്ള ഹുസൈൻ ആബാദിൽ ഏകദേശം 1920-ൽ ജനിച്ചു; ഔദ്യോഗിക രേഖകൾ അദ്ദേഹത്തിന്റെ ജനനം 1923 ലാണെന്ന് രേഖപ്പെടുത്തുന്നതായും പറയപ്പെടുന്നു. ഒരു ജ്ഞാനകുടുംബത്തിലാണ് അദ്ദേഹം വളർന്നത്. കുട്ടിക്കാലത്ത് തന്റെ മാതാവായ ഖദീജയിൽ നിന്നാണ് അദ്ദേഹം വിശുദ്ധ ഖുർആൻ ഓതിപ്പഠിച്ചത്. തുടർന്ന് സ്വദേശത്തുനിന്നുതന്നെ പ്രാഥമിക വിജ്ഞാനങ്ങൾ കരസ്ഥമാക്കുകയും, ശേഷം മൗ നഗരത്തിലെ 'മദ്റസ ഫൈദെ ആം' ലേക്ക് മാറുകയും ചെയ്തു. അതിനുശേഷം ഹ്രസ്വകാലത്തേക്ക് 'ദാറുൽ ഉലൂം ദയൂബന്ദി'ൽ ചേർന്നു പഠിച്ച അദ്ദേഹം, പിന്നീട് ഡൽഹിയിലെ 'ദാറുൽ ഹദീഥ് അർ-റഹ്‌മാനിയ്യ'യിൽ പ്രവേശിച്ചു. ഈ സ്ഥാപനമാണ് അദ്ദേഹത്തിന്റെ വൈജ്ഞാനിക രൂപീകരണത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത്. 1941-ൽ അദ്ദേഹം അവിടെനിന്ന് പഠനം പൂർത്തിയാക്കി ബിരുദം നേടി.

പ്രമുഖ ഗുരുനാഥന്മാർ

ഇന്ത്യയിലെ പ്രഗത്ഭരായ പണ്ഡിതന്മാരുടെ ഒരു സംഘത്തിൽ നിന്നാണ് അദ്ദേഹം വിജ്ഞാനം നേടിയത്. അദ്ദേഹത്തിന്റെ പ്രമുഖ ഗുരുനാഥന്മാരിൽ- ചിലർ:

  • മുഹദ്ദിഥ് അഹ്‌മദുല്ലാഹ് അദ്-ദഹ്‌ലവി

  • 'മിശ്കാതുൽ മസ്വാബീഹി'ന്റെ വ്യാഖ്യാനമായ 'മിർആത്തുൽ മഫാതീഹി'ന്റെ രചയിതാവ് അല്ലാമ ഉബൈദുല്ലാഹ് അർ-റഹ്‌മാനി അൽ-മുബാറക്ഫൂരി

  • 'തുഹ്ഫത്തുൽ അഹ്‌വദി'യുടെ രചയിതാവ് അല്ലാമ മുഹദ്ദിഥ് അബ്ദുർറഹ്‌മാൻ അൽ-മുബാറക്ഫൂരി

  • വ്യാകരണ പണ്ഡിതനായ അബ്ദുർറഹ്‌മാൻ അൽ-മൗവി

  • അബ്ദുല്ലാഹ് ശാഇഖ് അൽ-മൗവി

  • നദീർ അഹ്‌മദ് അൽ-അംലവി

  • അഹ്‌മദ് ഹുസാമുദ്ദീൻ അൽ-മൗവി

  • ഹുസൈൻ അഹ്‌മദ് അൽ-മദനി

  • ഇഅ്സാസ് അലി അംറോഹി തുടങ്ങിയവർ.

ഹദീഥ് സേവനവും ഉന്നത നിവേദന പരമ്പരയും (ഇസ്‌നാദ്)

ഹദീഥിലും അതിന്റെ നിവേദന പരമ്പരകളിലും (ഇസ്‌നാദ്) അദ്ദേഹത്തിന് അതീവ ശ്രദ്ധയും താല്പര്യവുമുണ്ടായിരുന്നു. ശൈഖ് ഉബൈദുല്ലാഹ് അർ-റഹ്‌മാനി അൽ-മുബാറക്ഫൂരിയിൽ നിന്ന് അദ്ദേഹം 'സ്വഹീഹുൽ ബുഖാരി'യും 'മുവത്വ'യും ഓതിപ്പഠിച്ചു; കൂടാതെ 'സുനനു അബീദാവൂദും' ഓതിപ്പഠിക്കുകയും പ്രമുഖരായ നിരവധി മുഹദ്ദിഥുകളിൽ നിന്ന് 'ഇജാസ' (നിവേദനം ചെയ്യാനുള്ള അനുമതിപത്രം) കരസ്ഥമാക്കുകയും ചെയ്തു. മുറിഞ്ഞുപോകാത്ത ഉന്നതമായ നിവേദന പരമ്പരകൾ (അസാനീദ് ആലിയ) അദ്ദേഹത്തിനുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ 'സ്വഹീഹു മുസ്‌ലിമി'ലേക്ക് ഏറ്റവും ഉന്നതമായ നിവേദന പരമ്പര കൈവശമുള്ളവരിൽ ഒരാളായി അദ്ദേഹം എണ്ണപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് ഹദീഥ് കേൾക്കുന്നതിനും ഇജാസ വാങ്ങുന്നതിനുമായി വിവിധ നാടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തെ തേടിയെത്തി. മദീന, റിയാദ്, അൽ-ഖോബാർ, ദോഹ തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം ഹദീഥ് സദസ്സുകൾ നടത്തുകയും അധ്യാപനം നടത്തുകയും ചെയ്തു.

അധ്യാപന ജീവിതവും വൈജ്ഞാനിക സേവനങ്ങളും

പഠനം പൂർത്തിയാക്കിയ ശേഷം 1942-ൽ അദ്ദേഹം അധ്യാപനം ആരംഭിച്ചു. വിവിധ മദ്റസകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് ഡൽഹിയിലെ 'അൽ-മദ്റസത്തുർ റഹ്‌മാനിയ്യ'യിൽ അധ്യാപകനായി. തുടർന്ന് ദക്ഷിണേന്ത്യയിലേക്ക് മാറുകയും 'അൽ-ജാമിഅത്തുൽ മുഹമ്മദിയ്യ അൽ-അറബിയ്യ'യിൽ പഠിപ്പിക്കുകയും ചെയ്തു. അനന്തരം 1958-ൽ ഉമറാബാദിലെ 'ജാമിഅ ദാറുസ്സലാമി'ൽ സ്ഥിരതാമസമാക്കുകയും അവിടെ അധ്യാപകനായും സ്ഥാപനത്തിന്റെ വൈസ് പ്രിൻസിപ്പലായും (വക്കീൽ) തുടർന്നു. വാർദ്ധക്യസഹജമായ വിരമിക്കൽ വരെ അദ്ദേഹം ആ പദവിയിൽ സേവനമനുഷ്ഠിച്ചു; അതിനുശേഷവും പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും തൻ്റെ വൈജ്ഞാനികപ്രയോജനം പകരുന്നത് അദ്ദേഹം തുടർന്നുപോന്നു.

ഹദീസ് ഗ്രന്ഥങ്ങൾ അത്യധികം സൂക്ഷ്മതയോടെയും നിപുണതയോടെയും പഠിപ്പിക്കുന്നതിലായിരുന്നു അദ്ദേഹം ഏറ്റവും പ്രശസ്തനായിരുന്നത്. 'സ്വഹീഹുൽ ബുഖാരി'യും 'സ്വഹീഹു മുസ്‌ലിമും' പലതവണ അദ്ദേഹം പഠിപ്പിച്ചു. 'സുനനു അബീദാവൂദ്' ഏകദേശം അമ്പതോളം തവണ അദ്ദേഹം ദർസ് നൽകുകയുണ്ടായി; ഈ ഗ്രന്ഥത്തിലെ അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം ഏറെ പ്രസിദ്ധമായിരുന്നു. കൂടാതെ, 'മുഖദ്ദിമതു ഇബ്നി ഖൽദൂൻ' നാൽപതിലധികം വർഷം പഠിപ്പിക്കുകയും അതിൽ അതീവ ശ്രദ്ധ പുലർത്തുകയും ചെയ്തു. ഇതിനുപുറമെ 'മിശ്കാത്തുൽ മസ്വാബീഹ്' അടക്കമുള്ള മറ്റ് വൈജ്ഞാനിക ഗ്രന്ഥങ്ങളും അദ്ദേഹം പഠിപ്പിച്ചു. ഹദീഥ് ശാസ്ത്രം, ഉസൂലുത്തഫ്സീർ, ഇസ്‌ലാമിക ചരിത്രം, തർക്കശാസ്ത്രം (മൻത്വിഖ്) എന്നിവയുൾപ്പെടെ ഏകദേശം പതിനേഴോളം വിജ്ഞാന ശാഖകളിൽ അദ്ദേഹം അദ്വിതീയമായ നൈപുണ്യം നേടിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

രചനകളും വൈജ്ഞാനിക ശൈലിയും

ശൈഖ് (റഹി) ധാരാളം ഗ്രന്ഥങ്ങൾ രചിച്ച ആളായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റേതായി വളരെ പ്രശസ്തമായ സ്വതന്ത്ര കൃതികളൊന്നും അറിയപ്പെട്ടിട്ടില്ല; മറിച്ച്, താൻ പഠിപ്പിച്ചിരുന്ന ഗ്രന്ഥങ്ങളിൽ അദ്ദേഹം എഴുതിച്ചേർത്ത വ്യാഖ്യാനക്കുറിപ്പുകളും (തഅ്‌ലീഖാത്ത്) പ്രയോജനപ്രദമായ നിരീക്ഷണങ്ങളുമായിരുന്നു (ഫവാഇദ്) അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രത്യേകിച്ചും 'മുഖദ്ദിമതു ഇബ്നി ഖൽദൂനി'ൽ അദ്ദേഹത്തിന് സവിശേഷമായ ശ്രദ്ധയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ പാണ്ഡിത്യം തെളിഞ്ഞുനിന്നത് അധ്യാപനത്തിലും, ഹദീഥ് നിവേദന പരമ്പരകൾ പകർന്നുനൽകുന്നതിലും (ഇസ്‌നാദ്), തലമുറകളോളം വരുന്ന വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലുമായിരുന്നു.

വിയോഗം

ഗംഭീരമായ വ്യക്തിത്വവും ഉത്തമ സ്വഭാവഗുണങ്ങളും കൊണ്ടും അദ്ദേഹം സുപരിചിതനായിരുന്നു. വിരമിച്ചതിനുശേഷവും തന്റെ ഭവനത്തിലും ഫോൺ മുഖേനയും അദ്ദേഹം വായനയും വൈജ്ഞാനിക സദസ്സുകളും തുടരുകയും, വിദ്യാർത്ഥികളെയും തന്നെ തേടിയെത്തുന്ന സന്ദർശകരെയും സ്വീകരിക്കുകയും ചെയ്തിരുന്നു; ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ രോഗം മൂർച്ഛിക്കുന്നതുവരെ ഇത് തുടർന്നു.

 ഏകദേശം നൂറോളം വയസ്സ് തികഞ്ഞ അദ്ദേഹം, ഹിജ്റ 1438 ദുൽഖഅ്ദ 22 തിങ്കളാഴ്ച (2017 ആഗസ്റ്റ് 14) മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഇഹലോകവാസം വെടിഞ്ഞു. ജാമിഅ മസ്ജിദിൽ അദ്ദേഹത്തിന്റെ ജനാസ നമസ്കാരം നിർവഹിക്കപ്പെടുകയും, അടുത്ത ദിവസം ഉമറാബാദിലെ ഖബർസ്ഥാനിൽ ഖബറടക്കുകയും ചെയ്തു.



Comments

Post a Comment