ഒരു നിശബ്ദ വൈജ്ഞാനിക വിപ്ലവത്തിന്റെ വഴിത്താരയിൽ
ഇന്ന് വീണ്ടും ഞാൻ പ്രശാന്തമായ ഈ വിജ്ഞാനഭൂമിയിൽ കാലുകുത്തി. 101 വർഷമായി തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ കുന്നുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ജാമിഅ ദാറുസ്സലാം ഇവിടെ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട്. ഉമാറാബാദിലേക്കുള്ള എന്റെ മൂന്നാമത്തെ വരവാണിത്.
ഓരോ തവണ സന്ദർശിക്കുമ്പോഴും ഈ പ്രവിശാലമായ കാമ്പസിലെ ശാന്തതയും നിശബ്ദതയും നിറഞ്ഞ പഠനാന്തരീക്ഷവും വൈജ്ഞാനിക പാരമ്പര്യവും എന്നിൽ വലിയൊരു ആത്മീയവും ബൗദ്ധികവുമായ പുത്തനുണർവ്വ് സൃഷ്ടിക്കാറുണ്ട്. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിലും ഈ ക്യാമ്പസിന്റെ ശാന്തത ആരെയും ആകർഷിക്കുമെന്നുറപ്പാണ്.
ഈ യാത്രയിൽ കൂടെ ഉസ്താദ് ഫദ്ലുൽ ഹഖ് ഉമരിയുടെ മകനും മദീനയിലെ തയ്ബ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ഇഹ്സാനുൽ ഹഖ്, മസ്ജിദുന്നബവിയിലെ കുല്ലിയ്യത്തുൽ ഹറം വിദ്യാർത്ഥിയായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അനസ് എന്നിവരും എന്നോടൊപ്പം ഉണ്ടായിരുന്നു. അനസ് ഖുർആൻ ഹിഫ്ദ് ചെയ്തത് ഇവിടെ നിന്നാണ്.
ഈ യാത്രയിൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് ദാറുസ്സലാമിലെ പ്രമുഖ പണ്ഡിതന്മാരും അധ്യാപകരുമായി കഴിഞ്ഞ പ്രാവശ്യങ്ങളേക്കാൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതാണ്. ചെന്നു കയറിയ ഉടനെ ഓഫീസിൽ ശൈഖ് അബ്ദുൽ അളീം മദനി ഉണ്ടായിരുന്നു. ജാമി ദാറുസ്സലാമിന്റെ വൈസ് പ്രിൻസിപ്പളാണ് അദ്ദേഹം.
ഏറെ സ്നേഹസമ്പന്നനായ അദ്ദേഹം ഞങ്ങളെ പ്രഭാതഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും, തന്റെ ഒരു വിദ്യാർത്ഥിയെ കൂടെയയച്ച് കാമ്പസിനടുത്തുള്ള 'ഉമരി ഹോട്ടലിൽ' കൊണ്ടുപോയി സ്വന്തം ചിലവിൽ ഭക്ഷണസൗകര്യം ഒരുക്കിത്തരുകയും ചെയ്തു. ഹോട്ടലുടമയും ഞങ്ങളോട് ഏറെ ആദരവോടെ പെരുമാറി. ഉമറാബാദിന്റെ അതിഥികളായി എത്തിയ ഞങ്ങൾക്ക് അവിടെയുള്ള ഓരോരുത്തരും നൽകിയ പ്രത്യേക പരിഗണന മറക്കാൻ കഴിയില്ല.
ഭക്ഷണത്തിന് ശേഷമുള്ള സംഭാഷണത്തിൽ ശൈഖ് അബ്ദുൽ അളീം മദനി തന്റെ മദീന പഠനകാലത്തെ ഓർമ്മകൾ പങ്കുവെക്കുകയും ഇന്നത്തെ പഠനാന്തരീക്ഷത്തെക്കുറിച്ചും ഹറമിലും യൂണിവേഴ്സിറ്റിയിലും ഉള്ള പല കാര്യങ്ങളെക്കുറിച്ചും ഞങ്ങളോട് ആകാംക്ഷയോടെ ചോദിച്ചറിയുകയും ചെയ്തു. അദ്ദേഹത്തിൻറെ പഠനകാലത്തെ പല സുഹൃത്തുക്കളെ കുറിച്ചും, സംഭവങ്ങളെക്കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. ഞങ്ങളും ഒരുപാട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
സ്ഥാപനത്തിന്റെ പ്രിൻസിപ്പലായ ശൈഖ് അബ്ദുല്ല ജോലത്തിനെ വീണ്ടും നേരിൽ കണ്ടതും സംസാരിച്ചതും വലിയ അനുഭവമായിരുന്നു. വാർദ്ധക്യത്തിന്റെയും വിജ്ഞാനത്തിന്റെയും പക്വതയുള്ള അദ്ദേഹം വിശ്വവിഖ്യാതമായ മദീന യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡിഗ്രിയും പിജിയും ഡോക്ടറേറ്റും പൂർത്തിയാക്കിയത്. ഇമാമുൽ ഹറമൈനിയുടെ 'തൽഖീസ്' എന്ന പ്രശസ്തമായ ഉസൂലുൽ ഫിഖ്ഹ് ഗ്രന്ഥത്തിന്റെ തഹ്ഖീഖിനും പഠനത്തിനുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ബെയ്റൂത്തിലെ പ്രശസ്തമായ 'ദാറുൽ ബശാഇർ അൽ-ഇസ്ലാമിയ്യ' മൂന്ന് വാല്യങ്ങളിലായി ഈ ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഞങ്ങൾ ശൈഖ് ജോലമുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് അദ്ദേഹം തന്റെ മൊബൈൽ ഫോൺ എടുത്ത് എന്തോ ഗൗരവമായി പരിശോധിക്കുന്നത് കണ്ടത്. അദ്ദേഹത്തിന് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട അടിയന്തിര കാര്യമായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പലും വന്ദ്യവയോധികനുമായ ശൈഖ് ജോലം, ഞങ്ങൾക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള ട്രെയിൻ സമയങ്ങളാണ് സംസാരത്തിനിടയിൽ ixigo യിൽ ബദ്ധപ്പെട്ട് തിരഞ്ഞുകൊണ്ടിരുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കിയത്! സുബ്ഹാനല്ലാഹ്! ഞങ്ങൾക്ക് അത്ഭുതം.
ട്രെയിൻ സമയം നോക്കി ആവശ്യത്തിന് സമയം ഇവിടെ ചെലവഴിച്ച് തരം പോലെ ഉച്ചഭക്ഷണവും കഴിച്ചു അതിഥി മന്ദിരത്തിൽ വിശ്രമിച്ച് സാവധാനം ഇവിടുന്ന് പോയാൽ മതി എന്നായി അദ്ദേഹം. ഞങ്ങൾ കാറിലാണ് കേരളത്തിൽ നിന്ന് ഇതുവരെ വന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത്ഭുതം. ഒരു വലിപ്പച്ചെറുപ്പവുമില്ലാത്ത പെരുമാറ്റവും കരുതലും.
നിങ്ങൾക്ക് സ്ഥാപനം കാണിച്ചു തരാൻ ഒരാളെ വേണമെങ്കിൽ കൂടെ പറഞ്ഞു വിടാമെന്ന് പറഞ്ഞപ്പോൾ ഞങ്ങളത് സ്നേഹപൂർവ്വം നിരസിച്ചു. രണ്ടുതവണ വന്ന പരിചയം എനിക്കുണ്ടല്ലോ. മാത്രമല്ല അനസ് ഇവിടെ പഠിച്ചതുമാണല്ലോ. ഇഹ്സാൻ ആണ് ആദ്യമായി ഇവിടെ വരുന്നത്. ഇരുവരോടും സലാം പറഞ്ഞ് ഞങ്ങൾ ക്യാമ്പസ് ചുറ്റിക്കാണാനിറങ്ങി.
അതിവിശാലമാണ് ക്യാമ്പസ്. നല്ല ഉയരത്തിലാണ് കാമ്പസിലെ പ്രധാന മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്. ഡൽഹി ജുമാ മസ്ജിദിന്റെയൊക്കെ നിർമ്മാണശൈലി പോലെ പടവുകൾ കയറി വേണം പള്ളിയിലെത്താൻ. കയറി എത്തിയാലോ, ആദ്യം കാണുന്നത് ഇരുവശത്തുമുള്ള ഹൗളുകളാണ്. പിന്നീടുള്ള മസ്ജിദിന്റെ വിശാലമായ നടുമുറ്റത്തിന് മേൽക്കൂരയില്ല. താഴെ മനോഹരമായി മാർബിൾ വിരിച്ചിരിക്കുന്നു. പള്ളിയുടെ മുൻഭാഗം മാത്രമാണ് മേൽക്കൂരയോടുകൂടി ആളുകൾക്ക് നിസ്കരിക്കാനായി കാർപെറ്റ് വിരിച്ചിട്ടുള്ളത്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിനെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഒരു അന്തരീക്ഷമാണിത്.
നിലവിൽ ഥാനവിയ്യ, ആലമിയ്യ, ഫളീല എന്നീ ഉയർന്ന കോഴ്സുകളിലായി എഴുനൂറിലധികം വിദ്യാർത്ഥികളും ഖുർആൻ ഹിഫ്ള് ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തിനടുത്ത് പഠിതാക്കൾ ഈ കാമ്പസിൽ വിദ്യ നുകരുന്നുണ്ട്.
പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവരെ വിശുദ്ധ ഖുർആനും മറ്റു ഇസ്ലാമിക വിജ്ഞാനീയങ്ങളും പഠിപ്പിച്ച് ഒരു ഇമാമായും ഖത്തീബായും ഒക്കെ സേവനം ചെയ്യാൻ പ്രാപ്തരാക്കുന്ന സവിശേഷമായ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞതവണ വന്നപ്പോൾ അവിടെ സന്ദർശിച്ച് ആ കുട്ടികളോട് നേരിട്ട് സംസാരിച്ചിരുന്നു. മാതാപിതാക്കൾ മുസ്ലിമായവർ, ജ്യേഷ്ഠന്മാർ ഇസ്ലാമിലേക്ക് കടന്നുവന്നവർ അങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന കുട്ടികളെ അന്നവിടെ കാണാൻ സാധിച്ചു. കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾ ഇവിടെയുണ്ട്. ഇതുകൂടാതെ ആലിം കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഐ.ടി/കമ്പ്യൂട്ടർ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്ന സെന്ററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലാണ്.
ഇരുനിലയായാണ് ഇവിടുത്തെ ബൃഹത്തായ ലൈബ്രറി നിലകൊള്ളുന്നത്. ലൈബ്രറിയിൽ ചുറ്റി നടക്കുന്നതിനിടയിൽ അവിടെയിരുന്ന് ഏതോ ഒരു ഉറുദു പുസ്തകം വായിക്കുന്ന ഒരാളെ പരിചയപ്പെട്ടു. ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിയായ ഹസൻ മുതീഉള്ള എന്ന വിദ്യാർത്ഥിയായിരുന്നു അത്. കഴിഞ്ഞവർഷം ഇവിടെനിന്ന് പഠനം പൂർത്തിയാക്കിയിട്ടേ ഉള്ളൂ ഹസൻ. ഈ വർഷം മദീന യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിനിതാ അഡ്മിഷൻ ലഭിച്ചിരിക്കുന്നു. അദ്ദേഹം സന്തോഷം പങ്കുവെച്ചു. നീണ്ട 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ ഉമറാബാദിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് മദീന യൂണിവേഴ്സിറ്റിയിലേക്ക് അഡ്മിഷൻ ലഭിക്കുന്നത് എന്ന് ഹസൻ മുതീഉള്ള പറഞ്ഞു. അൽഹംദുലില്ലാഹ്. ബാല്യത്തിൽ ഹിഫ്ള് മുതൽ ബിരുദം വരെ നീണ്ട 13 വർഷക്കാലം ദാറുസ്സലാമിന്റെ മണ്ണിൽ ചെലവഴിച്ച ഹസൻ, മദീന പഠനത്തിന് ശേഷം വീണ്ടും ഉമറാബാദിലേക്ക് തന്നെ മടങ്ങിയെത്തി ഇവിടെ അധ്യാപകനായി സേവനം ചെയ്യുമെന്ന തന്റെ ആഗ്രഹം പങ്കുവെച്ചപ്പോൾ ഞങ്ങൾ വീണ്ടും അത്ഭുതപ്പെട്ടുപോയി!സ്ഥാപനത്തോടുള്ള അത്തരം വൈകാരികമായ കടപ്പാടുകളും പ്രതിബദ്ധതകളുമാണ് ഉമറാബാദിനെ ഇന്നും അണയാതെ നിലനിർത്തുന്നതെന്ന് തോന്നി.
ഇന്നത്തെ ജാമിഅയുടെ പ്രധാന കവാടത്തിന് എതിർവശത്തായി, റോഡിന്റെ മറുഭാഗത്ത് നിലകൊള്ളുന്ന പഴയ ശൈലിയിലുള്ള മസ്ജിദും ഞങ്ങൾ സന്ദർശിച്ചു. ആ പഴയ മസ്ജിദിനകത്ത് ഇപ്പോഴും ഹിഫ്ള് ഹൽഖകൾ നടന്നുകൊണ്ടിരിക്കുന്നത് കാണാൻ മനോഹരമായ ഒരു കാഴ്ചയായിരുന്നു. അതിന് തൊട്ടടുത്തായി ഭൂതകാലത്തിന്റെ അപൂർവ്വ ഓർമ്മകൾ പേറി നിലകൊള്ളുന്ന പഴയ ലൈബ്രറി കെട്ടിടവുമുണ്ട്. ഇന്ന് ഉപയോഗത്തിലില്ലെങ്കിലും, അറിവിന്റെ ആ പഴയ താളുകളും നിശബ്ദതയും പേറി നിൽക്കുന്ന ആ കെട്ടിടം ഉമറാബാദിന്റെ ഭൂതകാലത്തിലേക്ക് അല്പസമയത്തേക്കെങ്കിലും നമ്മെ കൂട്ടിക്കൊണ്ടുപോകും.
ഹിഫ്ള് ഹൽഖകൾ സന്ദർശിച്ചപ്പോഴാണ് 1995-ൽ ദാറുസ്സലാമിൽ നിന്ന് ബിരുദം നേടിയ സിറാജുദ്ദീൻ ഉമരി എന്ന അധ്യാപകൻ അന്നുമുതൽ ഇന്നിതുവരെ (2026) നീണ്ട 30 വർഷക്കാലമായി ഇവിടെ തന്നെ ഖുർആൻ ഹിഫ്ള് അധ്യാപകനായി സേവനമനുഷ്ഠിക്കുകയാണെന്ന വിവരമറിഞ്ഞതും അദ്ദേഹത്തെ പരിചയപ്പെട്ടതും. ഇവിടെനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് സ്ഥാപനത്തോടുള്ള അഗാധമായ പ്രതിബദ്ധത ഞങ്ങളെ വീണ്ടും വിസ്മയിപ്പിച്ചു.
ഒരുകാലത്ത്, അറബ് ലോകത്തെ പ്രമുഖ സർവ്വകലാശാലകളിൽ ഉമറാബാദിൽ നിന്നുള്ള ബിരുദധാരികൾക്ക് ('ഉമരി'കൾക്ക്) പ്രത്യേക പരിഗണനയും വലിയ മതിപ്പും ലഭിച്ചിരുന്നുവെന്ന് വായിച്ച ഓർമ്മയുണ്ട്. ചരിത്ര ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഡോ. അക്രം ദിയാ അൽഉമരി, മദീന യൂണിവേഴ്സിറ്റിയിലെ ഹദീസ് വിഭാഗം മുൻ ഡീൻ ഡോ. ളിയാഉറഹ്മാൻ അഅ്സമി ഉമരി, തുടങ്ങിയവർ ഉമാറാബാദിന്റെ സന്തതികളാണ് .
1924 ഡിസംബർ 7-ന് കാക്കാ ഉമർ സാഹിബ് എന്ന തുകൽ വ്യാപാരി കൊളുത്തിവെച്ച ഈ അറിവിന്റെ തിരിനാളം ഇതാ നൂറ്റാണ്ട് പിന്നിടുമ്പോഴും കെടാതെ നിൽക്കുന്നു. തലയെടുപ്പുള്ള സുൽത്താൻ മസ്ജിദും, സ്കൂളുകളും, കമ്പ്യൂട്ടർ സെന്ററും, പ്രദേശവാസികൾക്ക് തുച്ഛമായ നിരക്കിൽ വൈദ്യസഹായം നൽകുന്ന ദാറുസ്സലാം ഹോസ്പിറ്റലും അടങ്ങുന്ന ഈ വലിയ കോംപ്ലക്സ് അറിവിന്റെയും സേവനത്തിന്റെയും പ്രതീകമാണ്.
മനസ്സിൽ വലിയൊരു ഉൾക്കാഴ്ചയും ആത്മീയ സംതൃപ്തിയും നിറഞ്ഞ സ്നേഹാനുഭവങ്ങൾ സമ്മാനിച്ച
ഉമറാബാദിലെ എൻ്റെ മൂന്നാമത്തെ സന്ദർശനവും അവസാനിപ്പിച്ച് ഞാൻ ഏഴകളുടെ ഊട്ടി (പാവങ്ങളുടെ ഊട്ടി) എന്നറിയപ്പെടുന്ന എലഗിരി മലനിരകളിലേക്ക് വണ്ടിവിട്ടു.
✍️ Ajmal Fouzan Alhikami
Wed, 22/7/2026
Comments
Post a Comment