അല്ലെങ്കിൽ പിന്നെ എന്തിന് ഹവ്വ (അ) സൃഷ്ടിക്കപ്പെട്ടു?

അനന്തമായ സുഖസൗകര്യങ്ങളും അവർണ്ണനീയ അനുഗ്രഹങ്ങളും നിറഞ്ഞ സ്വർഗ്ഗത്തിലെ നിത്യവസന്തത്തിലും ആദം (അ) ന് എവിടെയോ ഒരു അപൂർണ്ണത അനുഭവപ്പെട്ടിരുന്നിരിക്കണം. അല്ലെങ്കിൽ പിന്നെ എന്തിന് ഹവ്വ (അ) സൃഷ്ടിക്കപ്പെട്ടു?

പരിപൂർണ്ണതകളുടെ ഗേഹമായ സ്വർഗ്ഗത്തിലായിരുന്നാൽ പോലും ഇണയില്ലെങ്കിൽ മനുഷ്യൻ അപൂർണ്ണനാണെന്ന നിത്യസത്യം പ്രപഞ്ചനാഥൻ അവിടെ വെളിപ്പെടുത്തുകയായിരുന്നു.
അതുകൊണ്ടുതന്നെയാണ്, അവിടുന്ന് ആദമിന്റെ ഇടതു വാരിയെല്ലിൽ നിന്ന് ഹവ്വയെ സൃഷ്ടിച്ചത്.

ഈ യാഥാർത്ഥ്യത്തെക്കുറിച്ച് സൂറത്തുൽ അഅ്റാഫിൽ (7:189) അല്ലാഹു പറയുന്നു:

هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا


"ഒരേയൊരു ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അവന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തവനാണ് അവൻ; അവൻ അവളിലേക്ക് ചാഞ്ഞു സമാധാനം കണ്ടെത്താൻ വേണ്ടി."

ഇങ്ങനെ ഹവ്വ (അ) സൃഷ്ടിക്കപ്പെട്ടത് ആദമിന്റെ (അ) ൻ്റെ വാരിയെല്ലിൽ നിന്നാണ് എന്ന് പറയുമ്പോൾ അതിലൊരു സൂക്ഷ്മമായ തത്ത്വമുണ്ട്.

ആധിപത്യത്തിന്റെ പ്രതീകമായ തലയിൽ നിന്നോ ചവിട്ടിമെതിക്കാൻ വിധിക്കപ്പെട്ട കാലടികളിൽ നിന്നോ അല്ല, മറിച്ച്, ഹൃദയത്തോട് ചേർന്നുള്ള വാരിയെല്ലിൽ നിന്നാണ് അവൾ സൃഷ്ടിക്കപ്പെട്ടത്.
ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും ഹൃദയത്തെ പൊതിഞ്ഞു പിടിക്കുന്നതും വാരിയെല്ലാണ്.

അഥവാ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും വേണ്ടിയാണീ അത്ഭുത സൃഷ്ടിപ്പ് എന്ന്!

സത്യത്തിൽ, മനുഷ്യൻ പ്രകൃതിയിലെ തന്നെ വലിയൊരു വിസ്മയമാണ്. ഒറ്റയ്ക്ക് പിറക്കുന്നുവെങ്കിലും ഒറ്റയ്ക്ക് മരിക്കുന്നുവെങ്കിലും ജീവിതം തനിച്ചു ജീവിച്ചു തീർക്കാൻ അവന് കഴിയില്ല.  മനുഷ്യൻ്റെ മുഖം മനസ്സിന്റെ കണ്ണാടിയാണ്, എന്നാൽ സ്വന്തം പ്രതിബിംബത്തോടു മാത്രം ജീവിതകാലം മുഴുവൻ സംസാരിക്കാൻ അവനാവില്ലല്ലോ.

അതുപോലെ, ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ 'പുഞ്ചിരിക്കാൻ' കഴിവുള്ള ഒരേയൊരു സൃഷ്ടി മനുഷ്യനാണ്. എന്നാൽ ആ പുഞ്ചിരി സ്വന്തമായി ആസ്വദിക്കാൻ അവനാവുമോ?

നീ പുഞ്ചിരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കാണാനും കേൾക്കാനും ആസ്വദിക്കാനും നിന്നോടൊപ്പം ഒരു 'ഇണ' ഇല്ലെങ്കിൽ, നിൻറെ ചിരിക്ക് എന്തർത്ഥമാണുള്ളത്?

അതെ, നീ തനിച്ചാണെങ്കിൽ നിന്റെ സന്തോഷങ്ങൾക്ക് തിളക്കമില്ല, നിന്റെ ചോര പൊടിയുന്ന ആത്മാവിലെ കണ്ണീരു തുടയ്ക്കാൻ കൈകളില്ല. നിന്റെ ചിരിക്ക് അർത്ഥവും സൗന്ദര്യവും നൽകുന്നത് നിന്നോടൊപ്പം ആ ചിരി പങ്കുവെക്കുന്ന ഒരു ആത്മാവ് ഉണ്ടാകുമ്പോഴാണ്.

നിന്റെ സന്തോഷങ്ങൾ ലോകത്തെ അറിയിക്കാൻ നിനക്ക് ഒരായിരം വഴികളുണ്ടാകാം. എന്നാൽ നിന്റെ സങ്കടങ്ങളുടെ നിശബ്ദത വായിക്കാൻ ഒരു ഇണയ്ക്കല്ലാതെ മറ്റാർക്കാണ് കഴിയുക?

വൈരുദ്ധ്യമാർന്ന ഈ പാരസ്പര്യത്തെ വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത് നോക്കൂ. അല്ലാഹു രാവിനെയും പകലിനെയും ചേർത്ത് സത്യം ചെയ്തു പറയുമ്പോൾ, അതിന് തൊട്ടുപിന്നാലെ ആണിൻ്റെയും പെണ്ണിൻ്റെയും സൃഷ്ടിപ്പിനെ ഓർമ്മിപ്പിക്കുന്നു.

സൂറത്തുല്ലൈലിൽ (92:1-3) വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നു:

وَاللَّيْلِ إِذَا يَغْشَىٰ ۞ وَالنَّهَارِ إِذَا تَجَلَّىٰ ۞ وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ

"മൂടികൊള്ളുന്ന രാത്രി തന്നെയാണ് സത്യം! പ്രത്യക്ഷമാകുന്ന പകൽ തന്നെയാണ് സത്യം! ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചവനും തന്നെയാണ് സത്യം!"

ഈ വിരുദ്ധതകളുടെ സൗന്ദര്യം നാം തിരിച്ചറിയേണ്ടതുണ്ട്. പകൽ കർമ്മനിരതയുടെയും അധ്വാനത്തിന്റെയും പ്രകാശത്തിന്റെയും സമയമാണ്. എന്നാൽ രാത്രിയോ? അത് ശാന്തതയുടെയും വിശ്രമത്തിന്റെയും പ്രതീകമാണ്,

ഇങ്ങനെ വിരുദ്ധ ധ്രുവങ്ങളെങ്കിലും രാവില്ലെങ്കിൽ പകലിനോ, പകലില്ലെങ്കിൽ രാവിനോ നിലനിൽപ്പില്ലാത്തതുപോലെയാണ് ആണും പെണ്ണും; പരസ്പരം പൂർത്തിയാക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവർ!

വേറൊരു കാര്യമുണ്ട്.
ബാഹ്യമായി രാത്രി ശാന്തതയുടെയും ഉൾവലിയലിൻ്റെയും പ്രതീകമാണെങ്കിലും ദാമ്പത്യജീവിതത്തിൽ രാത്രി എന്നത് പ്രണയം വിടരുന്ന സുന്ദരമായ രാസമാറ്റത്തിന്റെ സമയമാണ്.

​ലോകം മുഴുവൻ നിശബ്ദതയുടെ വാല്മീകത്തിലേക്ക് വീഴുമ്പോൾ, ഇണകൾക്കിടയിൽ പുതിയൊരു പ്രപഞ്ചം ഉണരുന്നത് രാത്രിയിലാണ്. പകലിന്റെ ക്ഷീണവും തിരക്കുകളും അവസാനിക്കുന്ന ആ ശാന്തതയിലാണ് അവർ പരസ്പരം കണ്ണുകളിൽ നോക്കുന്നതും, ആത്മാവറിഞ്ഞ് സംസാരിക്കുന്നതും, പ്രണയം പങ്കുവെക്കുന്നതും.

നിരീക്ഷിച്ചു നോക്കിയാൽ, ഈ അഖിലാണ്ഡത്തിൽ അല്ലാഹു സൃഷ്ടിച്ച സകലതിലും ഈ 'വൈരുദ്ധ്യാത്മക ഇണത്വം' വ്യക്തമായി ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാണാം.

സൂറത്തു ദ്ദാരിയാത്തിൽ (51:49) ഖുർആൻ അക്കാര്യം അസന്നിഗ്ദ്ധമായി നമ്മെ ഓർമ്മിപ്പിക്കുന്നു:

وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ

"നാം സകല വസ്തുക്കളുടെയും രണ്ട് ഇണകളെ (ജോടികളെ) സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾ പാഠമുൾക്കൊള്ളുവാൻ വേണ്ടി."

ഏകനായ സ്രഷ്ടാവിൽ നിന്ന് തീർത്തും വിഭിന്നമായി സൃഷ്ടികളെല്ലാം ഇണയും തുണയുമായിട്ടാണ് നിലകൊള്ളുന്നത്.

​സൂര്യനും ചന്ദ്രനും, രാവും പകലും, വെളിച്ചവും ഇരുട്ടും, കരയും കടലും, ഉഷ്ണവും ശീതവും, പർവ്വതവും താഴ്‌വരയും, പോസിറ്റീവും നെഗറ്റീവും, തരംഗവും കണികയും, ദ്രവ്യവും പ്രതിദ്രവ്യവും,  മണ്ണും വിണ്ണും, ഉച്ഛ്വാസവും നിശ്വാസവും,  സുഖവും ദുഃഖവും, നല്ലതും ചീത്തയും, ചെറുതും വലുതും, വലതും ഇടതും, ആണും പെണ്ണും, കാടനും നാടനും, ആനന്ദവും വിഷാദവും, ജീവിതവും മരണവും, ഇഹവും പരവും…

​ഇങ്ങനെ ഒന്നിനൊന്ന് ഇണയും തുണയുമായി നിലകൊള്ളാത്ത ഒന്നുമില്ല.  ഉറ്റാലോചിക്കുന്നവർക്ക് ഇതിലെല്ലാം വളരെ വലിയ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്!

ഖുർആൻ ഇവിടെ 'സകല വസ്തുക്കളിൽ നിന്നും' എന്ന് എടുത്തുപറയുന്നത് കേവലം ഏതെങ്കിലും ഒന്നിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മറിച്ച്, അത് ഭൂമിയുടെ ഉപരിതലം തൊട്ട് സൂക്ഷ്മജീവികളുടെ ആന്തരിക ലോകവുമടക്കം പ്രപഞ്ചത്തിലാകെ വ്യാപിച്ച് കിടക്കുന്ന ദൈവീക പ്രപഞ്ചനിയമമാണ് എന്ന് ചുരുക്കം.

ഇത് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് സൂറത്തു യാസീനിൽ (36:36) അല്ലാഹു അരുളുന്നു:

سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ

"ഭൂമി ഉല്‍പാദിപ്പിക്കുന്നതില്‍നിന്നും, അവരുടെ സ്വന്തം ദേഹങ്ങളില്‍നിന്നും, അവർക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ!"

നമുക്ക് അറിയാവുന്നതും അറിയാത്തതുമായ വസ്തുക്കളെല്ലാം നിലനിൽക്കുന്നത് ഈ ഇണകളുടെ പാരസ്പര്യത്താലാണെന്നാണ് ഖുർആൻ നൽകുന്ന ഈ ദിവ്യസൂചന.

വസ്തുക്കളെല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണെന്ന് ഇന്ന് നമുക്കറിയാം. ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ (Quantum Mechanics) ആധുനിക കാഴ്ചപ്പാടിൽ, പോസിറ്റീവ് ചാർജുള്ള ന്യൂക്ലിയസിന് ചുറ്റും തെന്നിമാറി ഒഴുകിനടക്കുന്ന ഇലക്ട്രോണുകളുടെ ഒരു സൂക്ഷ്മ മേഘപടലമാണ് ആറ്റം.

പോസിറ്റീവ് ചാർജുള്ള പ്രോട്ടോണുകളും അതിന് തുല്യമായ നെഗറ്റീവ് ചാർജുള്ള ഇലക്ട്രോണുകളുമാകുന്ന ഇണകളുടെ അവിഭാജ്യമായ പാരസ്പര്യത്തിലാണ് ആറ്റോമിക ലോകത്തിന്റെ അസ്തിത്വം തന്നെ നിലനിൽക്കുന്നത്.

​ഇത്രമാത്രമല്ല, ഖുർആൻ പരാമർശിച്ച "അവർക്കറിയാത്ത വസ്തുക്കളിലെ ഇണകൾ" എന്ന സൂചനയെ കൂടുതൽ അദ്ഭുതപ്പെടുത്തുംവിധം ആറ്റോമിക് ഭൗതികം വെളിപ്പെടുത്തിത്തരുന്നുണ്ട്. പ്രപഞ്ചത്തിലെ ഏതൊരു പ്രാഥമിക കണികയ്ക്കുമെന്ന പോലെ, സൂക്ഷ്മ ലോകത്തെ ക്വാർക്കുകൾക്കും അവയുടെ വിപരീത ഇണകളായ ആന്റിക്വാർക്കുകൾ (Quarks & Antiquarks / Matter & Antimatter) നിലനിൽക്കുന്നുണ്ട്.
 
​ഒരു ക്വാര്‍ക്കും അതിൻ്റെ ആന്റിക്വാർക്കും തമ്മിൽ വേർപെടുത്താനാവാത്തവിധം പരസ്പരം ഇണചേർന്നു കിടക്കുന്ന മേസോണുകളുടെ (Mesons) ലോകത്ത് അവയെ വേർപിരിക്കുക അസാധ്യമാണ്. ഭൗതികശാസ്ത്രം ഇതിനെ 'ഇൻഫ്രാറെഡ് അടിമത്തം' (Infrared Slavery) എന്ന് വിളിക്കുന്നു.

ക്വാർക്കുകൾ തമ്മിലുള്ള ഈ അതിശക്തമായ ഇണച്ചേരലിനെക്കുറിച്ച് ക്വാണ്ടം ക്രോമോഡൈനാമിക്സ് (Quantum Chromodynamics) പഠിക്കുമ്പോൾ നാം ഖുർആനിനോടൊപ്പം ആത്മാവിൽ അറിയാതെ പറഞ്ഞുപോകും: "നമുക്കറിയാത്ത സൂക്ഷ്മ വസ്തുക്കളിൽ പോലും ഇണകളെ സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ!"

മനുഷ്യജീവന്റെ സൂക്ഷ്മ ഭൂപടമായ DNA രൂപപ്പെട്ടിരിക്കുന്നത് രണ്ടു സർപ്പിള നൂലുകൾ (Double Helix Strand) പരസ്പരം പിണഞ്ഞു കിടക്കുമ്പോഴാണ്.
ജീവാണുവിന്റെ ആഴങ്ങളിൽ പോയി നോക്കിയാൽ കാണാം, രണ്ടു സ്ട്രാൻഡുകൾ (Strands) പരസ്പരം പിണഞ്ഞ്, ഇണചേർന്ന് നെയ്യപ്പെട്ട ഒരു ഗോവണി. ഒന്ന് വേർപെട്ടാൽ ജീവന്റെ സ്വഭാവവും ഘടനയും അപ്രത്യക്ഷമാകുന്നു. പരസ്പരം പിണഞ്ഞു കിടക്കുന്ന ആ ആറ്റോമിക് കോഡുകളിലാണ് അല്ലാഹു ജീവന്റെ മിടിപ്പ് ഒളിച്ചുവെച്ചിരിക്കുന്നത്.

തീർച്ചയായും, ഈ പ്രപഞ്ച നിയമത്തിന്റെ ഭൗതികവും ആത്മീയവുമായ തുടർച്ച തന്നെയാണ് മനുഷ്യന്റെ ദാമ്പത്യവും.

നോക്കൂ, കര കടലിന് അതിരുകൾ തീർക്കുമ്പോൾ, കടൽ കരയ്ക്ക് മഴയും ജീവനും നൽകുന്നു. ഒന്നില്ലാതെ മറ്റൊന്ന് കേവലം വരണ്ടതോ നിശ്ചലമോ ആയ ശൂന്യത മാത്രമാണ്.

അതുപോലെ, ആകാശം മുകളിൽ നിന്ന് മഴത്തുള്ളികളെയും വെളിച്ചത്തെയും വർഷിക്കുമ്പോൾ ഭൂമി അതിനെ ഏറ്റുവാങ്ങി ജീവനെ മുളപ്പിക്കുന്നു.

വെളിച്ചമുണ്ടെങ്കിലേ നിഴലിന് അസ്തിത്വമുള്ളൂ.ദുഃഖത്തിന്റെ കയ്പറിഞ്ഞാലേ സന്തോഷത്തിന്റെ മധുരം തിരിച്ചറിയാനാവൂ.

വാനോളം ഉയർന്നുനിൽക്കുന്ന ഗിരികൂടങ്ങൾക്ക് ഗാംഭീര്യവും സൗന്ദര്യവും നൽകുന്നത് അതിന് ചുവട്ടിൽ താഴ്ന്നുകിടക്കുന്ന ആർദ്രമായ താഴ്‌വരകളാണ്.
​താഴ്‌വരകളുടെ വിനീതമായ സാന്നിധ്യമില്ലെങ്കിൽ പർവ്വതങ്ങൾക്ക് ഉത്തുംഗമായ കൊടുമുടികളില്ല; പർവ്വതങ്ങളുടെ കൂറ്റൻ കൊടുമുടികളില്ലെങ്കിൽ താഴ്‌വരകൾക്ക് തണുപ്പു നൽകുന്ന തണലുകളുമില്ല.

കഠിനമായ തോടിന്റെ നിശബ്ദതയ്ക്കുള്ളിൽ ജീവന്റെ ആദ്യമിടിപ്പും ഒളിച്ചുവെച്ച് വിത്ത് കാത്തിരിക്കുമ്പോൾ, മണ്ണ് അതിനെ സ്വന്തം മാറിടത്തിലേക്ക് ആർദ്രമായി ചേർത്തുവെച്ച് ഈർപ്പത്തിന്റെ ചൂടും വാത്സല്യവും നൽകി ലാളിക്കുന്നു. മണ്ണിന്റെ ആ കാരുണ്യമില്ലായിരുന്നുവെങ്കിൽ വിത്ത് കേവലം വരണ്ടൊരു ഓർമ്മയായി കരിഞ്ഞുപോകുമായിരുന്നു. വിത്തിന്റെ ജീവനില്ലായിരുന്നുവെങ്കിൽ മണ്ണ് വെറുമൊരു വന്ധ്യമായ ശൂന്യതയായി തുടരുമായിരുന്നു.

ഈ നിർവ്വചനാതീതമായ ബന്ധത്തെ ലളിതമായി വിശദീകരിക്കാൻ വിശുദ്ധ ഖുർആൻ  ഉപയോഗിച്ച ഏറ്റവും മനോഹരവും ആഴമേറിയതുമായ ഉപമയാണ് 'വസ്ത്രം'.

സൂറത്തുൽ ബഖറയിൽ (2:187) അല്ലാഹു പറയുന്നു:

هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ

"അവർ (ഇണകൾ) നിങ്ങൾക്ക് ഒരു വസ്ത്രമാണ്, നിങ്ങൾ അവർക്കൊരു വസ്ത്രവുമാണ്."

കാരണം, വസ്ത്രം ശരീരത്തോടും ഹൃദയത്തോടും ഏറ്റവും ചേർന്നുനിൽക്കുന്നു; അത് നഗ്നതയെയും കുറവുകളെയും മറയ്ക്കുന്നു, തണുപ്പിൽ നിന്നും ചൂടിൽ നിന്നും സംരക്ഷണം നൽകുന്നു, ഒപ്പം മനോഹാരിതയേകുന്നു. ഇണകൾ പരസ്പരം വസ്ത്രത്തെപ്പോലെയാണ്; പങ്കാളിയുടെ കുറവുകൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്താതെ മറച്ചുവെക്കുന്നവരും, ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുന്നവരും, ജീവിതത്തിന് സൗന്ദര്യം നൽകുന്നവരുമാണവർ.

ഈ സ്നേഹബന്ധത്തിന്റെ ആഴം വെളിപ്പെടുന്നത് പ്രതിസന്ധികളിലാണ്. സ്വർഗ്ഗീയ ജീവിതത്തിൽ മാത്രമല്ല, പരീക്ഷണങ്ങളുടെ മണ്ണിലേക്ക് എറിയപ്പെട്ടപ്പോഴും ആദമും ഹവ്വയും പരസ്പരം വിരൽ ചൂണ്ടിയില്ല. "നീ കാരണമാണ് ഇത് സംഭവിച്ചത്" എന്ന് ആദമും ഹവ്വയും പരസ്പരം കുറ്റപ്പെടുത്തിയതായി ഖുർആനിൽ എവിടെയും പറയുന്നില്ല. അല്ലാഹു വിലക്കിയ കനി ഭക്ഷിച്ചപ്പോൾ ആ തെറ്റിന്റെ ഭാരം രണ്ടുപേരും ഒരുപോലെ പേറുകയാണ് ചെയ്തത്.

ഇസ്ലാമേതര മതങ്ങൾ മനുഷ്യോല്പത്തി വിവരിച്ചപ്പോൾ ഹവ്വയെന്ന സ്ത്രീയെ തിന്മകളുടെ ഉത്ഭവമായും പാപങ്ങളുടെ ഹേതുവായും പരിചയപ്പെടുത്തിയപ്പോൾ
സൂറത്തുൽ അഅ്റാഫിൽ (7:23) വിശുദ്ധ ഖുർആൻ അത് വിവരിച്ചത് ഇപ്രകാരമാണ്.

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ

"അവർ ഇരുവരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടുപോകും."

അതെ, രണ്ടുപേരും ഒന്നിച്ച് കരഞ്ഞു, ഒന്നിച്ച് പശ്ചാത്തപിച്ചു. യഥാർത്ഥ ദാമ്പത്യം എന്നാൽ സന്തോഷങ്ങളിൽ മാത്രം കൈകോർക്കുന്നതല്ല; മറിച്ച്, ജീവിതത്തിന്റെ വീഴ്ചകളിൽ ഒരുമിച്ച് കരയാനും, പടച്ചവന്റെ തിരുമുമ്പിൽ ഒന്നിച്ച് തലകുനിക്കാനും കഴിയുന്നതാണ്.

വെളിച്ചമുള്ളപ്പോൾ മാത്രം കൂടെ നടക്കുകയും ഇരുട്ടാകുമ്പോൾ മാഞ്ഞുപോവുകയും ചെയ്യുന്ന കേവലം നിഴലുകളല്ല ഇണകൾ. മറിച്ച്, ജീവിതത്തിൽ ഇരുട്ടു പടരുമ്പോൾ പരസ്പരം കൈകൾ കൂടുതൽ മുറുകെ പിടിച്ച്, പടച്ചവനിലേക്കുള്ള വഴിയിൽ വെളിച്ചമായി മാറുന്നവരാണ് യഥാർത്ഥ ഇണകൾ.

വീഴ്ചകളിലും പരീക്ഷണങ്ങളിലും പരസ്പരം കൈവിടാതെ, ഒരുമിച്ച് കൈകോർത്തു പിടിച്ച് പ്രാർത്ഥിക്കാനും പടച്ചവനിലേക്ക് മടങ്ങാനും കഴിയുന്നിടത്താണ് പ്രണയത്തിന്റെ ആത്മീയ ഉന്നതി!

അതുകൊണ്ടുതന്നെയാണ്, വിശുദ്ധ ഖുർആനിൽ പ്രപഞ്ചത്തിലെ ഏഴ് മഹാദൃഷ്ടാന്തങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ  അതിലൊന്നായി അല്ലാഹു ദാമ്പത്യത്തെ എടുത്തുപറഞ്ഞത്.

സൂറത്തുർറൂമിൽ (30:21) കാണാം:

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ

"നിങ്ങൾക്ക് സമാധാനത്തോടെ ഒത്തുചേരുവാൻ വേണ്ടി നിങ്ങളുടെ കൂട്ടത്തിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് വലിയ ദൃഷ്ടാന്തങ്ങളുണ്ട്."

ഇത്രമേൽ മഹത്തായ ഒന്നായതുകൊണ്ടുതന്നെയാണ് പ്രവാചകൻ (സ്വ) ദാമ്പത്യത്തെ ഈമാനിന്റെ പൂർത്തീകരണമായി വിശേഷിപ്പിച്ചത്. റസൂലുല്ലാഹി (സ്വ) അരുളി:

إِذَا تَزَوَّجَ الْعَبْدُ فَقَدِ اسْتَكْمَلَ نِصْفَ الدِّينِ، فَلْيَتَّقِ اللَّهَ فِي النِّصْفِ الْبَاقِي

"ഒരു അടിമ വിവാഹം കഴിച്ചാൽ അവൻ തന്റെ ദീനിന്റെ പകുതി പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി ബാക്കി പകുതിയിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ."

(ശുഅബുൽ ഈമാൻ - ബൈഹഖി, ശൈഖ് അൽബാനി ഹസൻ എന്ന് വിശേഷിപ്പിച്ചത്)

പ്രപഞ്ചനാഥന്റെ നീതിപീഠത്തിലെ ഭയാനകമായ വിചാരണകൾ അവസാനിക്കുന്ന സമയം! സർവ്വവും വിറങ്ങലിച്ചു നിൽക്കുന്ന ആ നാളിൽ, തഖ്‌വയുടെ വെളിച്ചം പേറി ജയം വരിച്ച ആത്മാക്കൾ കൺകുളിർമയോടെ അന്തിമവിജയം കുറിക്കുകയാണ്. എന്നാൽ, പ്രപഞ്ചനാഥൻ തന്റെ സച്ചരിതരായ അടിമകളെ സ്വർഗ്ഗീയ സാമ്രാജ്യത്തിന്റെ അക്ഷയസൗധങ്ങളിലേക്ക് ആനയിക്കുന്നത് ഏകരായിട്ടല്ല!

ഈ ദുനിയാവിന്റെ ഇരുൾനിറഞ്ഞ വഴികളിലും പരീക്ഷണച്ചൂടിലും പരസ്പരം കൈകോർത്തു പിടിച്ച്, പ്രാർത്ഥനകളിലും ത്യാഗങ്ങളിലും തണലായി മാറിയ ആ പ്രണയാതുരരായ ഇണകളെ ചേർത്തുനിർത്തിക്കൊണ്ടാണ് അവിടുന്ന് സ്വാഗതമോതുന്നത്.

സ്വർഗ്ഗകവാടങ്ങൾ ഒന്നൊന്നായി തുറക്കപ്പെടുമ്പോൾ മുഴങ്ങിക്കേൾക്കുന്ന ആ ദിവ്യപ്രഖ്യാപനം എത്രയോ ആനന്ദദായകമാണ്.

സൂറത്തുസ്സുഖ്‌റുഫിൽ (43:70) പ്രപഞ്ചനാഥൻ അത് പ്രഖ്യാപിക്കുന്നത് കാണാം:

ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ

"നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായി സ്വർഗ്ഗത്തിൽ പ്രവേശിച്ചുകൊള്ളുക!"

സത്യത്തിൽ, ഈ പ്രണയം സ്വർഗ്ഗത്തിൽ തുടങ്ങിയതാണ്. അത് അവസാനിക്കേണ്ടതും അതേ സ്വർഗ്ഗത്തിന്റെ മണ്ണിലാണ്.

അല്ലാത്തതൊക്കെയും കേവലം ഐഹിക ലോകത്തെ താത്കാലികമായ നിഴൽക്കാഴ്ചകൾ മാത്രമാണ്.

വിണ്ണിലെ ആദമിലൂടെയും ഹവ്വയിലൂടെയും തുടങ്ങിയ അതേ സ്വർഗ്ഗീയ പ്രണയത്തിന്റെ തുടർച്ചയാവണം നമ്മുടെ ദാമ്പത്യവും.

മരണത്തിനും മായ്ച്ചു കളയാനാവാത്ത വിധം സ്വർഗ്ഗത്തിൽ അക്ഷയമായി നിലനിൽക്കേണ്ട പ്രണയം!

 

Comments

  1. Ithokke ezhuthunna ningal enthe kalyanm kazhikkatahth ??

    ReplyDelete
    Replies
    1. ഈ കമന്റ് ഇവിടെ നിരോധിച്ചിരിക്കുന്നു 😁

      Delete
  2. ((ربنا هب لنا من أزواجنا قرّة أعين.........))

    ReplyDelete
  3. Fouzankkante kalyanathinu biryani thinnitt marikkanam ennanu ente agraham

    ReplyDelete
  4. Quantum Chromodynamics ഉം Infrared Slavery യുമൊക്കെ അവിടെ നിക്കട്ടെ. നിങ്ങൾ എപ്പോഴാണ് കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നത്?

    ReplyDelete
    Replies
    1. മുകളിൽ പറഞ്ഞ അതേ 'Infrared Slavery' തന്നെയാണ് പ്രശ്നം bro! ആ പ്രോട്ടോണും ഇലക്ട്രോണും പോലെ എന്നോട് 'അട്രാക്ഷൻ' ഉള്ള ഒരു ഇണയെ Quantum ലോകത്ത് തപ്പുകയാണ്. സിഗ്നൽ കിട്ടിയാലുടൻ നിങ്ങളെ കാർഡുമായി ആദ്യം വന്ന് കാണുന്നതായിരിക്കും! إن شاء الله

      Delete
  5. 💔 heart touching. Masha Allah. Write more

    ReplyDelete
  6. ما شاء الله
    Nalla ezhuthi
    بارك الله فيك

    ReplyDelete
  7. Touching...! Barak allah!

    ReplyDelete

Post a Comment