സമാസിമകളും ദൗറഖും
പൗരാണിക കാലം മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർത്ഥാടകർക്ക് വിശുദ്ധമായ സംസം വെള്ളം സംഭരിക്കാനും വിതരണം ചെയ്യാനും ഉപയോഗിച്ചിരുന്ന സവിശേഷമായ മൺപാത്രങ്ങളാണ് ദൗറഖ് എന്ന് അറിയപ്പെടുന്നത്. ഇടുങ്ങിയ കഴുത്തും വീതിയുള്ള അടിഭാഗവുമുള്ള ഈ മൺജാറുകൾ, മക്കയിലെ കഠിനമായ ചൂടിലും സംസം വെള്ളം സ്വാഭാവികമായി എപ്പോഴും കുളിർമയോടെ നിലനിർത്താൻ സഹായിച്ചിരുന്നു.
മുഹമ്മദ് നബി(സ) യുടെ പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ കാലം മുതൽക്കേ മക്കയിൽ നിലനിന്നിരുന്ന വിശുദ്ധമായ ജലവിതരണ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ചരിത്ര പ്രതീകങ്ങളിലൊന്നാണ് ഈ മൺപാത്രങ്ങൾ. മസ്ജിദുൽ ഹറാമിനകത്തും ഹാജിമാർ താമസിക്കുന്ന മക്കയിലെ തമ്പുകളിലും വീടുകളിലും ഈ പാത്രങ്ങളിൽ വെള്ളമെത്തിച്ചിരുന്നത് 'സമാസിമ' (الزمازمة) എന്നറിയപ്പെടുന്ന പ്രത്യേക പരമ്പരാഗത ജലവിതരണക്കാരായിരുന്നു. തലമുറകളായി ഈ പുണ്യസേവനം ചെയ്തുപോന്ന സമാസിമകൾ, ദൗറഖുകളിൽ വെള്ളം നിറയ്ക്കുന്നതിന് മുൻപ് വെള്ളക്കുന്തിരിക്കം എന്ന പ്രകൃതിദത്ത സുഗന്ധദ്രവ്യം കനലിലിട്ട് പുകയ്ക്കുമായിരുന്നു. മൺപാത്രത്തിന്റെ സുഷിരങ്ങളിലേക്ക് പടരുന്ന ഈ പുക സംസം വെള്ളത്തിന് സവിശേഷമായ ഒരു സുഗന്ധവും തനിമയും നൽകിയിരുന്നു. കൂടാതെ, വെള്ളം പകർന്നു നൽകാൻ ഖുർആൻ വചനങ്ങളും പ്രാർത്ഥനകളും കൊത്തിവെച്ച ത്വീസ് (الطيس) എന്ന ചെറിയ ചെമ്പ് കപ്പുകളും സമാസിമകൾ തങ്ങളുടെ കൂടെ കരുതിയിരുന്നു. അവർ സംസം കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവരികയും, അത് 'അൽ-അസിയാർ' (الأزيار - എന്ന ജലസംഭരണികളായി ഉപയോഗിച്ചിരുന്ന വലിയ മൺഭരണികളിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു. ഹറാമിന്റെ ബേസ്മെന്റുകളിൽ ഓരോ സമാസിമ കുടുംബത്തിനും പ്രത്യേക മുറികൾ അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. കൂടാതെ, സമാസിമ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 'ശൈഖ്' പദവിയിലുള്ള ഒരു നേതാവും അവർക്കുണ്ടായിരുന്നു.സമാസിമകൾ തങ്ങളുടെ ഇടതു കയ്യിലോ തോളിലോ 'ദൗറഖ്' ചുമക്കുകയും, വലതു കയ്യിൽ ഒന്നിനു മുകളിൽ ഒന്നായി വെച്ച അഞ്ചോ ആറോ 'ത്വീസ്' കപ്പുകൾ കരുതുകയും ചെയ്യുമായിരുന്നു. ഹാജിമാരുടെ അടുത്തെത്തുമ്പോൾ ദൗറഖിൽ നിന്നും വളരെ നൈപുണ്യത്തോടെ വെള്ളം ത്വീസിലേക്ക് പകർന്ന്, ആദരവോടെ രണ്ട് കൈകളും നീട്ടിയാണ് അവർ ഹാജിമാർക്ക് അത് കുടിക്കാൻ നൽകിയിരുന്നത്.
നൂറുകണക്കിന് സമാസിമ കുടുംബങ്ങൾ ഒരേസമയം ഹറാമിൽ സേവനം ചെയ്തിരുന്നതിനാൽ തങ്ങളുടെ ദൗറഖുകൾ മാറിപ്പോകാതിരിക്കാൻ അവയിൽ തേനീച്ചമെഴുകും ചാരവും ചേർത്ത കറുത്ത ചായം കൊണ്ട് നിശാൻ (النيشان) എന്ന കുടുംബ മുദ്രകൾ പതിക്കുന്ന രീതിയും ഉണ്ടായിരുന്നു. 1980-കളുടെ തുടക്കത്തിൽ ഉണ്ടായ രാജകീയ ഉത്തരവുകളിലൂടെ മസ്ജിദുൽ ഹറാമിലെ സംസം വിതരണം അത്യാധുനിക കൂളറുകളിലേക്കും സുരക്ഷിത പ്ലാസ്റ്റിക് കുപ്പികളിലേക്കും പൂർണ്ണമായി മാറുകയും സമാസിമകളുടെ പ്രവർത്തനം ഔദ്യോഗിക കമ്പനിയായി ഏകീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് ഹറമിൽ ഇവ നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും, മക്കയുടെ ചരിത്ര മ്യൂസിയങ്ങളിലും പൈതൃക പ്രദർശനങ്ങളിലും 'ദൗറഖ്' ഇന്നും ഹാജിമാർക്ക് നൽകിയ ആദരവിന്റെയും സേവനത്തിന്റെയും ഉദാത്തമായ പ്രതീകമായി നിലകൊള്ളുന്നു.
Comments
Post a Comment