ഒരു സിംഹാസനത്തിന്റെ വില: ഹുമയൂൺ മാറ്റിയെഴുതിയ ഇന്ത്യൻ മുസ്ലിം ചരിത്രം
മദീന യൂണിവേഴ്സിറ്റിയിലെ ഒരു വർഷത്തെ പഠനവും പരീക്ഷയും അവസാനിച്ച് വെക്കേഷനായി നാട്ടിലേക്ക് വരാൻ ഡൽഹിയിലാണ് ഫ്ലൈറ്റ് ഇറങ്ങിയത്. യൂണിവേഴ്സിറ്റിയുടെ പുതിയ നയമനുസരിച്ച് വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് അതത് തലസ്ഥാനനഗരികളിലേക്ക് മാത്രമാണ് ടിക്കറ്റ് നൽകുക.
രണ്ടുദിവസം കഴിഞ്ഞാണ് ഇനി തിരുവനന്തപുരത്തേക്കുള്ള എൻ്റെ ഫ്ലൈറ്റ്. നാലഞ്ചു വർഷങ്ങൾക്കു മുമ്പാണ് ആദ്യമായി സുഹൃത്തുക്കളോടൊപ്പം ഡൽഹി സന്ദർശിച്ചത്. ഒരാഴ്ചയോളം അന്ന് ഡൽഹിയിൽ താമസിച്ചെങ്കിലും ഒരുപാട് സ്ഥലങ്ങൾ പിന്നെയും സന്ദർശിക്കാനുണ്ടായിരുന്നു. കൂടെ സുഹൃത്ത് മർവാനും ഉണ്ട്.
സുഹൃത്തും ജാമിഅ മില്ലിയ വിദ്യാർത്ഥിയും MSF ൻ്റെ അവിടുത്തെ ജനറൽ സെക്രട്ടറിയുമായ മഫാസിനെ ബന്ധപ്പെട്ട് നേരത്തെ ഒരു റൂം തരപ്പെടുത്തിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ മുഗൾ കൊട്ടാരത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന പോർച്ചുഗീസ് വംശജയായ രാജകീയ ഭിഷഗ്വരയും നയതന്ത്രജ്ഞയുമായിരുന്ന ഡോണ ജൂലിയാനയുടെ പേരിലുള്ള
സരായ് ജുലേനയിലാണ് റൂം. 1720 ൽ മുഹമ്മദ് ഷാ ചക്രവർത്തിയുടെ കാലത്ത്, യൂറോപ്യൻമാരായ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ജൂലിയാന ഇവിടെ ഒരു 'സരായ്' (വിശ്രമകേന്ദ്രം) നിർമ്മിച്ചു. അങ്ങനെയാണിത്
സരായ് ജുലേനയായത്.
ഏതായാലും കിട്ടിയ രണ്ടുദിവസം ഉപയോഗിച്ച് നല്ലതുപോലെ ഡൽഹി ചുറ്റിക്കറങ്ങാമെന്ന് തീരുമാനിച്ചു.
കാലപ്രവാഹം ഒഴുക്കിക്കൊണ്ടുപോയ പൂർവികപാരമ്പര്യങ്ങളുടെ കൈവഴികളിൽ എവിടെയെങ്കിലും വല്ല കൊളുത്തോ മറ്റോ കുടുങ്ങിക്കിടക്കുന്നത് കൊണ്ടാണോ എന്നറിയില്ല, ഹിമാലയഗിരിനിരകളിൽ നിന്നൊഴുകിയിറങ്ങുന്ന ഗംഗയും യമുനയും അലഹബാദിൽ വെച്ച് സംഗമിക്കുന്നതുവരെയുള്ള പ്രവിശാലവും അതീവഫലഭൂയിഷ്ഠവുമായ ദോആബ് സമതലത്തോട് എനിക്ക് വല്ലാത്തൊരു അഭിനിവേശമാണ്.
ചരിത്രം മുറ്റി നിൽക്കുന്ന ഡൽഹിയിലെ വീഥികൾ, ഷാജഹാനാബാദിന്റെ ഇടുങ്ങിയ ഗലികൾ, മിട്ടി അത്തർ നിർമ്മിക്കുന്ന ഇന്ത്യയുടെ സുഗന്ധ തലസ്ഥാനം കനൗജ്, മിനാരങ്ങളില്ലാത്ത ഷർഖി വാസ്തുവിദ്യയുടെ ഈറ്റില്ലം 'കിഴക്കിന്റെ ഷിറാസ്' അഥവാ ജോൺപൂർ, സഹസ്രാബ്ദങ്ങളായി ഇടതടവില്ലാതെ ചിതയെരിയുന്ന വാരാണസി, ആഗ്ര, ലഖ്നോ, കാൺപൂർ, അവധ്, ചെങ്കോട്ടയും ചുനാർ കോട്ടയും ഫതഹ്പൂർ സിക്രിയും ബുലന്ദ് ദർവാസയും, പ്രായം തളർത്തിയ പല്ലില്ലാത്ത നവാബിന് വേണ്ടി, പച്ചപ്പപ്പായയുടെ നീരും കുങ്കുമപ്പൂവും നൂറ്റിയറുപതിലധികം രഹസ്യ മസാലക്കൂട്ടുകളും ചേർത്ത് വെണ്ണപോലെ അരച്ചെടുത്ത് കനലിൽ ചുട്ടെടുത്ത, വായയിൽ വെച്ചാൽ അലിഞ്ഞുപോകുന്ന വിഖ്യാതമായ ഗിലൗട്ടി കബാബ്, ഷാഹി തുക്ട, മഖൻ മലായ്, നവാബുമാർ, മുഗൾ ഇൻഡോ പേർഷ്യൻ നിർമ്മാണകല, ഉർദു കവിതകൾ, അമീർ ഖുസ്രുവും മിർസാ ഗാലിബും അങ്ങനെ എന്തെല്ലാം...
കുതറിമാറാൻ കഴിയാത്തവണ്ണം ദോആബിന്റെ വള്ളിപ്പടർപ്പിൽ മനസ്സിനെ ഉടക്കിനിർത്താനായി കവിതയായോ കഥയായോ പുസ്തകങ്ങളായോ സംഭാഷണങ്ങളായോ ഒക്കെ ഇടയ്ക്കിടെ എന്തെങ്കിലും കടന്നു വരികയും ചെയ്യും. ഇപ്പോഴിതാ ഡൽഹിയിലെ ഈ രണ്ടു ദിവസവും.
പണ്ടൊരിക്കൽ മിർസ ഹാദി റസ്വയുടെ 'ഉമ്രാവോ ജാൻ' വായിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ലഖ്നോവിലേക്കുള്ള യാത്ര തരപ്പെട്ടത്.
ജൂലിയാനയുടെ സരായിയിൽ നിന്നും മൂന്നാലു കിലോമീറ്റർ അല്പം വടക്കോട്ട് പോയാൽ തന്നെ ഹസ്രത്ത് നിസാമുദ്ദീൻ പ്രദേശം എത്തും. യമുനാതീരത്തുള്ള ഈ പ്രദേശം നൂറ്റാണ്ടുകളായി ശവകുടീരങ്ങളുടെ നിശബ്ദതയും മുഗൾ നിർമ്മാണകലയുടെ വിസ്മയങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ്.
ഹുമയൂൺ ചക്രവർത്തിയും നിസാമുദ്ദീൻ ഔലിയയും അമീർ ഖുസ്രുവും മിർസാ ഗാലിബും ദാരാഷികോവും ജഹനാരാ ബീഗവും അങ്ങനെ തുടങ്ങി ചക്രവർത്തിമാരും രാജകുടുംബാംഗങ്ങളും പ്രഭുക്കളും സൂഫികളും കവികളുമൊക്കെ അന്തിയുറങ്ങുന്ന പ്രദേശം.
ഹുമയൂൺസ് ടോംബ് സന്ദർശിക്കാമെന്ന് വച്ചു. അവിടെ ചെന്നപ്പോഴാണ് ഒരു മ്യൂസിയം കൂടി പുതുതായി അവിടെ സ്ഥാപിച്ചിട്ടുണ്ട് എന്ന് മനസ്സിലായത്. കഴിഞ്ഞ തവണ വന്നപ്പോൾ അതിവിടെ ഇല്ലായിരുന്നു. 2024 ലാണത്രെ ഈ ഭൂഗർഭ വേൾഡ് ഹെറിറ്റേജ് മ്യൂസിയം ഓപ്പൺ ചെയ്തത്. മ്യൂസിയങ്ങൾ വിശേഷിച്ചും ചരിത്രമ്യൂസിയങ്ങൾ എൻറെ ഇഷ്ടസ്ഥലങ്ങളായതിനാൽ
എത്ര മണിക്കൂർ വേണമെങ്കിലും അശേഷം മടുപ്പില്ലാതെ ഞാൻ ചെലവഴിക്കാറുണ്ട്. പക്ഷേ പോയ സമയം വൈകുന്നേരമായതിനാൽ
ഒരു മണിക്കൂർ മാത്രമേ അവിടെ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളൂ. അതിനിടയിൽ ഹുമയൂൺ ചക്രവർത്തിയുടെ കാലഘട്ടത്തെക്കുറിച്ചുള്ള ഒരുപാട് പുതിയ വിവരങ്ങൾ ലഭിച്ചു.
അതിലൊന്നാണ് സാധാരണ കശ്മീരിനെ വിശേഷിപ്പിച്ചു കേൾക്കാറുള്ള ഈ പേർഷ്യൻ വരികൾ.
اگر فردوس بر روی زمین استهمین است و همین است و همین است
ഭൂമിയിൽ എവിടെയെങ്കിലും ഒരു സ്വർഗ്ഗമുണ്ടെങ്കിൽ...അത് ഇതാണ്, അത് ഇതാണ്, അത് ഇതാണ്!
പിൽക്കാലത്ത് ചരിത്രം വഴിമാറി. നൂറ്റാണ്ടുകൾക്ക് ശേഷം കാശ്മീരിന്റെ മഞ്ഞുമലകളും താഴ്വരകളും കണ്ട് ഷാലിമാർ ബാഗിലിരുന്ന് ജഹാംഗീർ ചക്രവർത്തി ഈ വരികൾ ആവർത്തിച്ചപ്പോൾ ലോകം തെറ്റിദ്ധരിച്ചു ഇത് കാശ്മീരിന്റെ പ്രകൃതിഭംഗിയെക്കുറിച്ചാണെന്ന്. ഷാജഹാൻ ചക്രവർത്തി തന്റെ ചെങ്കോട്ടയിലെ ദിവാനേ ഖാസിന്റെ ചുവരുകളിൽ ഇത് സ്വർണ്ണലിപികളാൽ കൊത്തിവെച്ചപ്പോൾ ചരിത്രം കരുതി ഇത് മുഗൾദുർഗ്ഗത്തിന്റെ പ്രതാപത്തെക്കുറിച്ചാണെന്ന്.
എന്നാൽ യഥാർത്ഥ വസ്തുത മറ്റൊന്നായിരുന്നു!
കവിതയിലെ 'സ്വർഗ്ഗം' ഡൽഹിയിലെ നിസാമുദ്ദീൻ മണ്ണായിരുന്നു. നിസാമുദ്ദീൻ ഔലിയയുടെ ദർഗ സ്ഥിതിചെയ്യുന്ന യമുനാതീരത്തുള്ള ഈ സ്ഥലത്തെ കുറിച്ചാണ് മഹാകവി അമീർ ഖുസ്രു അന്ന് ഈ വരികൾ പാടിയത്.
ഒരു ഇസ്ലാമികചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു പുതിയ കാര്യം 3 നൂറ്റാണ്ട് നീണ്ടുനിന്ന മുഗൾ ഭരണചരിത്രത്തിനിടയിലെ ഒരു പതിനഞ്ചുവർഷ വിടവും അത് നികത്താൻ കൊടുക്കേണ്ടി വന്ന വിലയുമാണ്.
ബീഹാറിലെ സസാരാമിലെ ഒരു ചെറിയ ജാഗീർദാറിൻ്റെ മകനായി ജനിച്ച് ഒരു സാധാരണ പടയാളിയായി ജീവിതമാരംഭിച്ച ഫരീദ് എന്ന യുവാവ് തൻറെ സാമർത്ഥ്യവും യുദ്ധനൈപുണ്യവും കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ചുണ്ടാക്കിയ വിടവായിരുന്നു അത്. സഹീറുദ്ധീൻ ബാബറിന്റെ മകൻ ഹുമയൂണിനെ ദാരുണമാംവിധം രണ്ടുതവണ തോൽപ്പിച്ച് അയാൾ ഡൽഹി സിംഹാസനത്തിൽ കയറി വിജയശ്രീലാളിതനായി അമർന്നിരുന്നു. പുതിയൊരു ഭരണകൂടം സ്ഥാപിച്ചു.
ആ വിടവും വിടവുനികത്തലും ഇന്ത്യയിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. വിശദമായി അത് മനസ്സിലാക്കാൻ നമ്മളല്പം പുറകോട്ടു പോകേണ്ടിയിരിക്കുന്നു.
വർഷം CE 1540.
അഫ്ഗാൻ പഷ്തൂൺ പാരമ്പര്യമുള്ള ഫരീദിന്റെ പിതാവ് ഹസൻ ഖാൻ ബീഹാറിലെ സസാരാമിലെ ഒരു ചെറിയ ജാഗീർദാർ (ഭൂവുടമ) ആയിരുന്നു.
വെറും ഒരു സാധാരണ പടയാളിയായി ജീവിതം തുടങ്ങിയ ഫരീദ് തന്റെ അസാധാരണമായ ബുദ്ധിശക്തിയും യുദ്ധനൈപുണ്യവും കൊണ്ട് ബീഹാറിലെ അഫ്ഗാൻ ഭരണാധികാരികളുടെ വിശ്വസ്തനായി മാറി.
ഒരിക്കൽ ബീഹാറിലെ സുൽത്താനൊപ്പം വേട്ടയ്ക്ക് പോയ ഫരീദ്, സുൽത്താനെ ആക്രമിക്കാൻ വന്ന ഒരു വലിയ കടുവയെ ഒരൊറ്റ വെട്ടിന് കൊന്നു. ഈ വീരകൃത്യത്തിൽ സന്തുഷ്ടനായ സുൽത്താൻ ബഹാർ ഖാൻ ലോഹാനിയാണ് അയാൾക്ക് 'ഷെർ ഖാൻ' എന്ന പദവി നൽകിയത്.
1540 മെയ് മാസത്തിൽ ഉത്തർപ്രദേശിലെ കനൗജിൽ വെച്ച് ഷെർഖാനും ഹുമയൂണും തമ്മിൽ ഏറ്റുമുട്ടി. പക്ഷേ ഹുമയൂണിന് തന്ത്രപരമായ പിഴവുകൾ പറ്റി. മുഗൾ സൈന്യം ക്യാമ്പ് ചെയ്തിരുന്നത് താഴ്ന്ന ഒരു പ്രദേശത്തായിരുന്നു. കനത്ത മഴ പെയ്തതോടെ ക്യാമ്പിലേക്ക് വെള്ളം കയറുകയും മുഗളന്മാരുടെ പ്രധാന ആയുധമായ പീരങ്കികൾ ഉപയോഗശൂന്യമാവുകയും ചെയ്തു. ഇത് മുതലെടുത്ത ഷെർ ഖാൻ കനത്ത ആക്രമണം അഴിച്ചുവിട്ടു. യാതൊരു യുദ്ധവുമില്ലാതെ മുഗൾ സൈന്യം ഭയന്നോടി. ഹുമയൂണിന് തന്റെ സാമ്രാജ്യം പൂർണ്ണമായും നഷ്ടപ്പെട്ടു.
സത്യം പറഞ്ഞാൽ ഒരു വർഷം മുൻപ് ഷെർ ഖാനിൽ നിന്ന് മറ്റൊരു നാണംകെട്ട പരാജയം കൂടി നേരിട്ടതാണ് ഹുമയൂൺ അമ്പേ തകരാനുള്ള കാരണം.
CE 1539 ൽ ബംഗാൾ കീഴടക്കി മടങ്ങുകയായിരുന്ന ഹുമയൂണിന്റെ സൈന്യത്തെ ഗംഗാനദിക്കരയിലുള്ള ചൗസ എന്ന സ്ഥലത്തുവെച്ച് ഷെർ ഖാൻ തടഞ്ഞു. മാസങ്ങളോളം ഇരുസൈന്യങ്ങളും നേർക്കുനേർ നിന്നു. ഒടുവിൽ ഒരു സന്ധിസംഭാഷണം നടക്കുകയാണെന്ന വ്യാജേന മുഗളന്മാരെ വിശ്വസിപ്പിച്ച ഷെർ ഖാൻ, ഒരു രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മുഗൾ സൈന്യത്തെ പിന്നിൽ നിന്ന് ആക്രമിച്ചു. ആ അപ്രതീക്ഷിത ആക്രമണത്തിൽ മുഗൾ സൈന്യം പൂർണ്ണമായി തകർന്നു. അവസാനം ഗത്യന്തരമില്ലാതെ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി ഹുമയൂൺ തന്റെ കുതിരയോടൊപ്പം ഗംഗാ നദിയിലേക്ക് ചാടി. ഒഴുക്കിൽപ്പെട്ട ചക്രവർത്തിയെ നിസാം എന്ന ഒരു സാധാരണ ഭിഷ്തി (വെള്ളം ചുമക്കുന്നവൻ) തന്റെ തുകൽപ്പാത്രം നൽകിയാണ് രക്ഷപ്പെടുത്തിയത്. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം നന്ദിസൂചകമായി ഹുമയൂൺ ഈ ഭിഷ്തിയെ ഒരുദിവസത്തേക്ക് ഡൽഹിയുടെ സുൽത്താനാക്കി അവരോധിച്ചു. ഒരു ദിവസത്തേക്ക് സുൽത്താനായപ്പോൾ, അയാൾ തന്റെ തുകൽപ്പാത്രം കഷ്ണങ്ങളാക്കി മുറിച്ച് അതിൽ സ്വർണ്ണപ്പൊടി പൂശി തുകൽ നാണയങ്ങൾ ഇറക്കി. മുഗൾ ചരിത്രത്തിലെ കൗതുകകരമായ ഒരു സംഭവമാണിത്.
ഈ നാണംകെട്ട തോൽവിക്ക് ശേഷം ആഗ്രയിലെത്തിയ ഹുമയൂൺ വീണ്ടും സൈന്യത്തെ സംഘടിപ്പിച്ചു കനൗജിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ ദയനീയമായ തോൽവിയുമുണ്ടാകുന്നത്. അങ്ങനെയാണ് ഷെർ ഖാൻ ഡൽഹിയുടെ സിംഹാസനത്തിലേറി ഷേർ ഷാ സൂരിയായതും അടുത്ത 15 വർഷം സൂർ രാജവംശം ഡൽഹി ഭരിച്ചതും.
കനൗജ് യുദ്ധക്കളത്തിൽ ഷേർഷാ സൂരിയോട് ദയനീയമായി പരാജയപ്പെട്ട ഹുമയൂണിന് ഡൽഹിയും ആഗ്രയും നഷ്ടമായി. സ്വന്തം സഹോദരന്മാരായ കമ്രാനും അസ്കരിയും ഹിന്ദാലും അയാളെ സഹായിച്ചില്ലെന്ന് മാത്രമല്ല, ഒതുക്കാൻ നോക്കുകയാണ് ചെയ്തത്. ഒടുവിൽ ഗത്യന്തരമില്ലാതെ സിന്ധിലെ മരുഭൂമികളിലൂടെ ഹുമയൂൺ അലഞ്ഞുതിരിഞ്ഞു. ഈ ജീവിതത്തിനിടയിലാണ് 1541 സെപ്റ്റംബറിൽ അദ്ദേഹം ഹമീദാ ബാനു ബീഗത്തെ വിവാഹം കഴിക്കുന്നതും 1542 ഒക്ടോബറിൽ ഉമർകോട്ട് കോട്ടയിൽ വെച്ച് അവർക്ക് മകൻ ജലാലുദ്ദീൻ ജനിക്കുന്നതും.
1543 ഡിസംബറിൽ ഷേർഷാ സൂരിയുടെ സൈന്യവും, ഹുമയൂണിന്റെ സ്വന്തം സഹോദരനായ അസ്കരി മിർസയുടെ സൈന്യവും അവരെ കന്ദഹാറിന് സമീപമുള്ള 'ഷാൽ-മസ്താൻ' ഇന്നത്തെ പാകിസ്ഥാനിലെ ക്വറ്റ എന്ന സ്ഥലത്തുവെച്ച് വളഞ്ഞു. അതിശൈത്യമുള്ള കാലാവസ്ഥയിൽ, കുടിവെള്ളം പോലും ഇല്ലാത്ത മരുഭൂമിയിലൂടെ വെറും 14 മാസം പ്രായമുള്ള കുഞ്ഞുമായി അതിവേഗം കുതിരപ്പുറത്ത് രക്ഷപ്പെടുക അസാധ്യമായിരുന്നു.
തങ്ങൾക്കൊപ്പം കൂട്ടിയാൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് ഹുമയൂണും ഹമീദയും തിരിച്ചറിഞ്ഞു. സ്വന്തം സഹോദരനായ അസ്കരി മിർസയ്ക്ക് തന്നോട് ശത്രുതയുണ്ടെങ്കിലും തന്റെ കുഞ്ഞിനെ വധിക്കില്ലെന്ന് ഹുമയൂൺ വിശ്വസിച്ചു. അങ്ങനെ, ഹൃദയഭേദകമായ ആ തീരുമാനത്തിലൂടെ അവർ കുഞ്ഞിനെ വിശ്വസ്തരായ ദാസിമാർക്കും പരിചാരകർക്കും ഒപ്പം അവിടെ നിർത്തി രക്ഷപ്പെട്ടു. അസ്കരി മിർസ കുഞ്ഞിനെ സുരക്ഷിതമായി കന്ദഹാറിലേക്ക് കൊണ്ടുപോവുകയും സ്നേഹത്തോടെ വളർത്തുകയും ചെയ്തു.
ഹുമയൂൺ പോയത് പടിഞ്ഞാറോട്ടായിരുന്നു. കടുത്ത ശീഇകളായിരുന്ന സ്വഫവികൾ ഭരിച്ചിരുന്ന പേർഷ്യയിലേക്ക്.
പേർഷ്യയിലെ ഭരണാധികാരിയായിരുന്ന ഷാ താഹ്മാസ്പ് ഒന്നാമൻ്റെയടുക്കൽ അഭയം തേടിയെത്തിയ ഹുമയൂണിന് അദ്ദേഹം രാജകീയമായ സ്വീകരണമാണ് നൽകിയത്. ഒരുപക്ഷേ അതിനു പിന്നിൽ ഹമീദ ബാനുവിന്റെ സാന്നിധ്യവും ഒരു കാരണമായിരുന്നിരിക്കാം. ഹമീദ ബാനു ഒരു പേർഷ്യൻ വംശജയും സൂഫി പണ്ഡിതന്റെ മകളുമായിരുന്നു.
എന്നാൽ, ആ ആതിഥ്യമര്യാദയ്ക്ക് പിന്നിൽ കൂർത്ത മുനയുള്ള ഒരു രാഷ്ട്രീയലക്ഷ്യമുണ്ടായിരുന്നു. ഹുമയൂണും മുഗളന്മാരും സുന്നികൾ. സ്വഫവികളാകട്ടെ കടുത്ത ശീഇകളും.
ഹുമയൂണിന് മുന്നിൽ സൈനിക സഹായം നൽകുന്നതിനായി ഷാ താഹ്മാസ്പ് രണ്ട് പ്രധാന വ്യവസ്ഥകൾ വെച്ചു. ഡൽഹി തിരിച്ചുപിടിക്കുന്നതിന് ഹുമയൂൺ കൊടുക്കേണ്ടി വന്ന വില എന്തായിരുന്നു എന്നറിയുമോ.
- ശീഇയാവുക: ഹുമയൂൺ സുന്നി വിശ്വാസം ഉപേക്ഷിച്ച് ശീഇ യാകണം.
- തന്ത്രപ്രധാനമായ കന്ദഹാർ കോട്ട പേർഷ്യയ്ക്ക് വിട്ടുനൽകണം.
അക്കാലത്തെ പേർഷ്യൻ, മുഗൾ ചരിത്രകാരന്മാരുടെ വിവരണങ്ങൾ പ്രകാരം ഈ പരിവർത്തനം തികച്ചും നിർബന്ധിതസാഹചര്യത്തിലാണ് സംഭവിച്ചത്.
ഷാ താഹ്മാസ്പ് ഹുമയൂണിനോട് ശീഇകളുടെ പന്ത്രണ്ട് ഇമാമുമാരെ സൂചിപ്പിക്കുന്ന 'താജേ ഹൈദരി' ധരിക്കാൻ ആവശ്യപ്പെട്ടു. സ്വഫവി ശിയാക്കളുടെയും ചുവന്ന തലപ്പാവുകാർ എന്നർത്ഥം വരുന്ന അവരുടെ സൈന്യമായ ഖിസിൽബാഷുകളുടെയും 12 കോണുകളുള്ള ചുവന്ന തലപ്പാവായിരുന്നു അത്. ഇപ്പോൾ ഹുമയൂൺ ധരിച്ചിരിക്കുന്നത് അദ്ദേഹം തന്ന ഭരണമേറ്റ് രണ്ട് വർഷത്തിന് ശേഷം (1532-ൽ) സ്വയം രൂപകൽപ്പന ചെയ്ത സവിശേഷമായ കിരീടത്തലപ്പാവാണ്. 'പ്രതാപം' എന്നർത്ഥമുള്ള 'ഇസ്സത്' എന്ന വാക്കിന്റെ അബ്ജദ് മൂല്യമായ 77-നെ സൂചിപ്പിക്കുന്ന 'V' ആകൃതിയിലുള്ള മടക്കുകളായിരുന്നു ഈ തലപ്പാവിന്റെ പ്രധാന പ്രത്യേകത. ജ്യോതിശാസ്ത്രത്തിലും സൂഫി തത്വശാസ്ത്രത്തിലുമുള്ള താല്പര്യം പ്രകടിപ്പിക്കാനും സ്വന്തം പരമാധികാരം ഉറപ്പിക്കാനുമാണ് ഹുമയൂൺ ഇത് നിർമ്മിച്ചത്.
താജുൽ ഇസ്സത് എന്നൊരു തലപ്പാവ് മാറ്റി
താജേ ഹൈദരി ധരിക്കുന്നതിലൂടെ വെറുമൊരു തലപ്പാവ് മാറ്റമല്ല, സ്വന്തം അസ്തിത്വം തന്നെ അടിയറവ് വയ്ക്കുകയാണെന്ന് മനസ്സിലാക്കിയ ഹുമയൂൺ ആദ്യം അത് ധരിക്കാൻ വിസമ്മതിച്ചു. ഇത് കണ്ടപ്പോൾ ഹുമയൂണിനോട് ഷാ പരസ്യമായി ദേഷ്യപ്പെടുകയും, അനുസരിച്ചില്ലെങ്കിൽ അദ്ദേഹത്തെയും കൂടെയുള്ളവരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊട്ടാരമുറ്റത്ത് ഹുമയൂണിനെ കാണിച്ചുകൊണ്ട് വലിയൊരു വിറകുകൂമ്പാരം കൂട്ടി തീ കത്തിക്കാൻ ഷാ ഉത്തരവിട്ടു. ഈ നിർണ്ണായക ഘട്ടത്തിൽ ഷാ താഹ്മാസ്പിന്റെ സഹോദരി മാഹിൻ ബാനു ബീഗം ഇടപെട്ടു. അതിഥിയെ വധിക്കുന്നത് പേർഷ്യയുടെ അന്തസ്സിന് കോട്ടമുണ്ടാക്കുമെന്നും, ഹുമയൂണിനെ തന്ത്രപരമായി ഉപയോഗിച്ചാൽ ഡൽഹിയിൽ പേർഷ്യൻ സ്വാധീനം വളർത്താമെന്നും അവർ തന്റെ സഹോദരനെ ബോധ്യപ്പെടുത്തി.
ഒടുവിൽ, മറ്റൊരു മാർഗ്ഗവുമില്ലാതെ ഹുമയൂൺ ശീഇ തലപ്പാവ് ധരിക്കാൻ സമ്മതിച്ചു. താൻ ശീഇസം സ്വീകരിച്ചതായും, വരുംകാലങ്ങളിൽ മുഗൾ ഖുതുബകളിൽ ഷായുടെ പേര് ഉൾപ്പെടുത്താമെന്നുമുള്ള കരാറിൽ ഹുമയൂൺ ഒപ്പുവെച്ചു.
ഇത് മതപരമായ ഒരു മാറ്റമായിരുന്നില്ല, മറിച്ച് നഷ്ടപ്പെട്ട സാമ്രാജ്യവും സ്വന്തം ജീവനും തിരിച്ചുപിടിക്കാൻ ഹുമയൂൺ നടത്തിയ ഒരു പക്കാ രാഷ്ട്രീയ തന്ത്രം തന്നെയായിരുന്നു. പക്ഷേ എന്നിരുന്നാലും അത് ഇന്ത്യൻ മുസ്ലിങ്ങളുടെ ചരിത്രത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ലായിരുന്നു. കരാർ പൂർത്തിയായതോടെ ഷാ താഹ്മാസ്പ് തന്റെ മകനായ മുറാദ് മിർസയുടെ നേതൃത്വത്തിൽ 14,000 പേരടങ്ങുന്ന ശക്തമായ ഒരു പേർഷ്യൻ കുതിരപ്പടയെ ഹുമയൂണിന് നൽകി. ഈ സൈന്യത്തിന്റെ സഹായത്തോടെ ഹുമയൂൺ ഡൽഹി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ആദ്യം ആക്രമിച്ചത് അസ്കരി മിർസയുടെ നിയന്ത്രണത്തിലായിരുന്ന കന്ദഹാർ കോട്ടയാണ്. ആ യുദ്ധത്തിൽ അസ്കരിയെ തോൽപ്പിച്ച് കന്ദഹാർ പിടിച്ചടക്കി ഹുമയൂൺ കരാർപ്രകാരം അത് പേർഷ്യക്കാർക്ക് നൽകി. തുടർന്ന് കാബൂൾ ലക്ഷ്യമാക്കി നീങ്ങിയ ഹുമയൂൺ 1545 നവംബറിൽ കാബൂൾ കോട്ട പിടിച്ചെടുത്തു. അവിടെവെച്ചാണ് ഹുമയൂണും ഹമീദാ ബാനു ബീഗവും തങ്ങളുടെ മൂന്ന് വയസ്സുകാരനായ മകൻ ജലാലുദ്ദീനെ നീണ്ട രണ്ട് വർഷത്തെ വേർപിരിയലിന് ശേഷം തിരികെ നേടുന്നത്. അന്ന് വലിയൊരു സ്ത്രീ കൂട്ടത്തിനിടയിൽ നിന്ന് ആ കുഞ്ഞ് സ്വന്തം മാതാവിനെ തിരിച്ചറിഞ്ഞ് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച സംഭവം അബുൽ ഫസൽ 'അക്ബർ നാമ' യിൽ വളരെ വികാരഭരിതമായി ചിത്രീകരിച്ചിട്ടുണ്ട്. പരാജയപ്പെട്ട അസ്കരി മിർസയെ ഹുമയൂൺ പിന്നീട് മക്കയിലേക്ക് നാടുകടത്തി.
ഹുമയൂണിന്റെ ഏറ്റവും വലിയ ശത്രുവായ സഹോദരൻ കമ്രാൻ മിർസ ഒളിപ്പോരിലൂടെ കാബൂൾ വീണ്ടും പിടിച്ചെടുക്കുകയും മകനെ വീണ്ടും തടവിലാക്കുകയും ചെയ്തു. 1547-ൽ ഹുമയൂൺ കാബൂൾ കോട്ട വീണ്ടും വളയുകയും കടുത്ത പീരങ്കിയാക്രമണം നടത്തുകയും ചെയ്തു. മുഗൾ പീരങ്കികളുടെ ആക്രമണത്തിൽ കോട്ടയുടെ മതിലുകൾ തകരാൻ തുടങ്ങി.
കോട്ട തകരുമെന്ന് ഉറപ്പായപ്പോൾ കമ്രാൻ മിർസ ഏറ്റവും ക്രൂരമായ ആ തന്ത്രം പുറത്തെടുത്തു.
ഹുമയൂണിന്റെ സൈന്യം ആ കാഴ്ച കണ്ട് സ്തബ്ധരായി. യുദ്ധാരവങ്ങൾക്കും
പീരങ്കി തുപ്പുന്ന പുകപടലങ്ങൾക്കുമിടയിലൂടെ അവർ നോക്കുമ്പോൾ അതാ
കോട്ടയുടെ ഏറ്റവും ഉയർന്ന ബുർജിൽ (കാവൽ ഗോപുരം) എങ്ങോട്ടാണോ ഹുമയൂണിന്റെ പീരങ്കികൾ ഉന്നം വെച്ചിരിക്കുന്നത്, അവിടെ കമ്രാൻ ഒരു ചെറിയ കുട്ടിയെ കെട്ടിത്തൂക്കി നിർത്തിയിരിക്കുന്നു.
തന്റെ കോട്ടയെയും തന്നെയും പ്രതിരോധിക്കാൻ കമ്രാൻ മിർസ മനുഷ്യ കവചമായി ഉപയോഗിച്ചത് മറ്റാരെയുമായിരുന്നില്ല. സ്വന്തം സഹോദരപുത്രനും
ഹുമയൂണിന്റെ ജീവനുമായ മകനെ
ജലാലുദ്ദീൻ മുഹമ്മദ് അക്ബർ!
ഹുമയൂണിന്റെ സൈന്യത്തിലെ തോപ്ചിയും (പീരങ്കി വിദഗ്ദ്ധൻ) പീരങ്കിപ്പടത്തലവനുമായിരുന്ന ഹാജി മുഹമ്മദ് ഖാൻ ഉടനടി പീരങ്കിയുടെ തീപ്പൊരിയണച്ചു. ലക്ഷ്യം തെറ്റിയ ഏതെങ്കിലുമൊരു ഉണ്ട മതിലിൽ തറച്ചാൽ ചിതറിത്തെറിക്കാൻ പോകുന്നത് മുഗളസാമ്രാജ്യത്തിന്റെ ഭാവി കിരീടാവകാശി കൂടിയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
ആക്രമണം തുടർന്നാൽ സ്വന്തം മകൻ പീരങ്കിയുണ്ടയേറ്റ് മരിക്കുമെന്നതിനാൽ ഹുമയൂൺ പീരങ്കിയാക്രമണം നിർത്തിവയ്ക്കുമെന്ന് വിചാരിച്ച കമ്രാൻ്റെ കണക്കുകൂട്ടൽ പക്ഷേ തെറ്റി. മകനെ അല്ലാഹു രക്ഷിക്കുമെന്ന് പറഞ്ഞ് ഹുമയൂൺ പീരങ്കിയാക്രമണം തുടരാൻ ആവശ്യപ്പെട്ടു. പീരങ്കിയുണ്ടകളും കൽച്ചീളുകളും അക്ബറിന്റെ തലയ്ക്കുമുകളിലൂടെയും വശങ്ങളിലൂടെയും പാഞ്ഞുപോയി. അക്ബറിന്റെ വിശ്വസ്തയായ വളർത്തമ്മ മാഹം അംഗയും മറ്റ് ദാസിമാരും സ്വന്തം ജീവൻ പണയം വെച്ച് അക്ബറിന് മുകളിലേക്ക് വീണ്, തങ്ങളുടെ ശരീരങ്ങൾ കൊണ്ട് അക്ബറിനെ മറച്ചുപിടിച്ചു. ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷപ്പെടലുകളിലൊന്നായിരുന്നു അത്. ആ പീരങ്കിയാക്രമണത്തിൽ നിന്നും അക്ബർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തുടർന്ന് വന്ന വർഷങ്ങളിൽ കാബൂൾ കോട്ട പലതവണ കൈമറിഞ്ഞു പോയി. ഒടുവിൽ 1550 ൽ കമ്രാൻ മിർസയെ പൂർണ്ണമായും പരാജയപ്പെടുത്തിക്കൊണ്ട് ഹുമയൂൺ കാബൂൾ പിടിച്ചടക്കി.
സ്വന്തം ചോരയായ കമ്രാൻ മിർസ നിരന്തരമായി ചെയ്ത ചതികൾ ഹുമയൂണിന്റെ ക്ഷമയുടെ നെല്ലിപ്പലക തകർത്തു കളഞ്ഞിരുന്നു. പലതവണ മാപ്പ് നൽകിയിട്ടും തന്നെ വധിക്കാനും സ്വന്തം മകൻ അക്ബറിനെ പീരങ്കിമുനയിൽ നിർത്താനും മടിക്കാത്ത കമ്രാന് ഒടുവിൽ ഹുമയൂൺ നൽകിയ ശിക്ഷ കഠിനമായിരുന്നു
1550 ൽ കാബൂളിൽ നിന്ന് പൂർണ്ണമായി പരാജയപ്പെട്ട് ഓടിയ കാമ്രാൻ മിർസ, അഫ്ഗാൻ ഗോത്രവർഗ്ഗക്കാരുടെയും മുഗൾ ശത്രുക്കളുടെയും ഇടയിൽ അഭയം തേടി ഹുമയൂണിനെതിരെ വീണ്ടും സൈന്യത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ 1553 ൽ പഞ്ചാബിലെ ഘക്കർ ഗോത്രത്തലവനായ സുൽത്താൻ ആദം, കമ്രാനെ ചതിയിലൂടെ പിടികൂടി ഹുമയൂണിന് കൈമാറി.
വർഷങ്ങൾക്ക് ശേഷം തന്റെ ഏറ്റവും വലിയ ശത്രുവായ സഹോദരൻ മുന്നിൽ കെട്ടിയിടപ്പെട്ടപ്പോൾ ഹുമയൂണിന്റെ ഉപദേശകരും അമീർമാരും ഒറ്റസ്വരത്തിൽ ആവശ്യപ്പെട്ടത് അയാളെ കൊന്നു കളയാനായിരുന്നു.
സഹോദരന്മാർ എന്ത് തെറ്റ് ചെയ്താലും അവരുടെ ചോര ചിന്തരുത്.
പിതാവായ ബാബർ മരണശയ്യയിൽ തന്നോട് പറഞ്ഞ വസിയ്യത്ത് ഹുമയൂണിന്റെ കാതിൽ മുഴങ്ങി.
കൊട്ടാരത്തിലെ ഭൂരിഭാഗം പേരും കമ്രാന്റെ തലവെട്ടാൻ ആവശ്യപ്പെട്ടപ്പോൾ ഹുമയൂൺ ആ ധർമ്മസങ്കടത്തിൽ ഉരുകി. ഒടുവിൽ പിതാവിന് നൽകിയ വാക്ക് പാലിക്കാൻ ഹുമയൂൺ തീരുമാനിച്ചു. ഹുമയൂൺ കൂടപ്പിറപ്പിനെ കൊന്നില്ല. എന്നാൽ, ഇനിയൊരിക്കലും തനിക്കെതിരെ അയാൾ വാളെടുക്കരുത് എന്നുറപ്പിക്കാൻ ക്രൂരമായ മറ്റൊരു ശിക്ഷ തിരഞ്ഞെടുത്തു.
ഹുമയൂണിന്റെ ഭൃത്യൻ ജൗഹർ അഫ്താബ്ചി തന്റെ 'തദ്കിറത്തുൽ വാഖി ആത്ത്' എന്ന ഗ്രന്ഥത്തിൽ ഈ ഭയാനകമായ രംഗം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്:
മുഗൾ കൊട്ടാരത്തിലെ വിശ്വസ്ത സേവകനായ സയ്യിദ് അലിയുടെ കൈകളാൽ ചുട്ടു പഴുപ്പിച്ച ഒരു വലിയ സൂചി കാമ്രാന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. അന്ധനാക്കുക എന്നതായിരുന്നു ആ ശിക്ഷ. പിന്നീട് മുറിവുകളിൽ ഉപ്പും ചെറുനാരങ്ങാനീരും ഒഴിച്ചാണ് ചോര നിൽക്കാൻ അവർ ചികിത്സിച്ചത്. ശിക്ഷ നടപ്പാക്കിയ ശേഷം ഹുമയൂൺ കമ്രാന്റെ അരികിലെത്തി കണ്ണീരോടെ മാപ്പുചോദിച്ചതായും ചില ചരിത്രരേഖകൾ പറയുന്നു. കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ട കമ്രാൻ മിർസയെ പിന്നീട് ഹുമയൂൺ വിശുദ്ധ മക്കയിലേക്ക് നാടുകടത്തി.
1555 ലാണ് ഷേർഷാ സൂരിയുടെ പിൻഗാമികളുടെ ദൗർബല്യം മുതലെടുത്ത് ഹുമയൂൺ ഡൽഹിയുടെ സിംഹാസനം തിരിച്ചുപിടിക്കുന്നത്. മെയ് മാസത്തിൽ മച്ചിവാര യുദ്ധത്തിലൂടെ പഞ്ചാബും ജൂണിൽ സർഹിന്ദ് യുദ്ധത്തിലൂടെ ഡൽഹിയും കീഴടക്കി. എന്നാൽ ഈ വിജയം അധികകാലം ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
![]() |
| Sher Mandal |
ഹിജ്റ വർഷം 963 | 1556 ജനുവരി 24
പുസ്തകങ്ങളോടും ജ്യോതിശാസ്ത്രത്തോടും അതീവ അനുരാഗമുണ്ടായിരുന്ന ഹുമയൂൺ, തന്റെ കിതാബ് ഖാനയും വാനനിരീക്ഷണാലയവുമായി ഉപയോഗിച്ചിരുന്ന, അഷ്ടകോണാകൃതിയിൽ ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ച ഷേർ മണ്ഡലിൻ്റെ മുകൾ നിലയിൽ നിന്ന് അന്ന് വൈകുന്നേരം ശുക്രഗ്രഹത്തിന്റെ ഉദയവും നക്ഷത്രങ്ങളുടെ സ്ഥാനവും നിരീക്ഷിച്ച ശേഷം താഴേക്ക് ഇറങ്ങുകയായിരുന്നു. അദ്ദേഹം പടവുകൾ ഇറങ്ങാൻ തുടങ്ങിയ വേളയിലാണ് അടുത്തുള്ള പള്ളിയിൽ നിന്നും മഗ്രിബ് ബാങ്ക് വിളി ഉയർന്നത്. ബാങ്ക് കേട്ട ഉടൻ ചക്രവർത്തി ആദരസൂചകമായി മുട്ടുകുത്താൻ ശ്രമിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കാലുകൾ നീളമുള്ള പരമ്പരാഗത വസ്ത്രമായ 'അംഗർഖ'യിൽ തട്ടി ഇടറി. തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചുകൊണ്ട് മിനുസമേറിയ കൽപ്പടവുകളിലൂടെ അദ്ദേഹം താഴേക്ക് പതിച്ചു.
![]() |
| Humayun |
അങ്ങനെ നസീറുദ്ദീൻ മുഹമ്മദ് ഹുമയൂൺ മൂന്ന് ദിവസത്തെ മരണപ്പാച്ചിലിനൊടുവിൽ 1556 ജനുവരി 27 ന് അന്ത്യശ്വാസം വലിച്ചു.
Medieval India Under Mohammedan Rule (A.D. 712-1764) എഴുതിയ ബ്രിട്ടീഷ് ചരിത്രകാരൻ സ്റ്റാൻലി ലെയ്ൻപൂൾ പറഞ്ഞതുപോലെ
He tumbled through life, and tumbled out of it.
(അദ്ദേഹം ജീവിതത്തിലുടനീളം തട്ടിത്തടഞ്ഞു വീണുകൊണ്ടേയിരുന്നു, ഒടുവിൽ ആ വീഴ്ചയിലൂടെ തന്നെ ജീവിതത്തിൽ നിന്നും വിടപറയുകയും ചെയ്തു.)
മകൻ അക്ബറിന് അന്ന് 13 വയസ്സ് പ്രായം.
ഡൽഹി തിരിച്ചുപിടിക്കാൻ ഹുമയൂൺ കൊടുക്കേണ്ടി വന്ന വില പിന്നീട് മുഗൾ ചരിത്രത്തെയും ഇന്ത്യൻ മുസ്ലിം സംസ്കാരത്തെയും മാറ്റിമറിച്ചു. ഇന്ത്യയിലെ വ്യത്യസ്ത മേഖലകളിൽ പേർഷ്യൻ സ്വാധീനങ്ങൾ ഉണ്ടായി. ഹുമയൂണിനൊപ്പം ഇന്ത്യയിലേക്ക് വന്ന പേർഷ്യൻ കലാകാരന്മാരും പണ്ഡിതന്മാരുമാണ് പിൽക്കാലത്ത് മുഗൾ നിർമ്മാണകലയ്ക്കും ഭരണരീതിക്കും അടിത്തറയിട്ടത്.
ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗം ഹുമയൂണിന് ശവകുടീരമൊരുക്കാൻ തീരുമാനിക്കുമ്പോൾ അതിൻറെ ശില്പിയായി കണ്ടെത്തിയത് ഹെറാത്തിലും (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) ബുഖാറയിലും പേർഷ്യൻ സ്വഫവീ ശൈലിയിൽ വലിയ കെട്ടിടങ്ങൾ നിർമ്മിച്ച് പ്രശസ്തനായ മിരാക് മിർസ ഗിയാസ് എന്ന പേർഷ്യൻ പ്രതിഭയെയായിരുന്നു. ഇന്ത്യയിലെ തദ്ദേശീയമായ നിർമ്മാണരീതികളെ പൂർണ്ണമായി തകിടം മറിച്ചുകൊണ്ട് പേർഷ്യൻ തിമൂരി നിർമ്മാണകല ആദ്യമായി ഇന്ത്യയിലെ മണ്ണിലേക്ക് പകരുന്നത് ഇദ്ദേഹമാണ്. ശവകുടീരത്തിന്റെ നിർമ്മാണത്തിനിടയിൽ മിരാക് മിർസ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനായ സയ്യിദ് മുഹമ്മദ് ആണ് ഈ നിർമ്മിതി പൂർത്തിയാക്കിയത്.
മനുഷ്യന്റെ നോട്ടത്തിന് അനുയോജ്യമായ രൂപത്തിൽ അകത്തുനിന്ന് നോക്കുമ്പോൾ സീലിങ്ങിന്റെ ഉയരം കുറഞ്ഞു നിൽക്കാനും പുറത്തുനിന്ന് നോക്കുമ്പോൾ വലിയ ആകാശമുയരത്തിൽ കെട്ടിടത്തിന് ഭംഗി തോന്നാനുമായി ഉള്ളിലെ മുകൾത്തട്ടിന് മുകളിലായി ഒരു വലിയ വിടവ് നൽകി അതിനു മുകളിൽ പുറമേക്ക് കാണുന്ന വലിയ താഴികക്കുടം നിർമ്മിക്കുന്ന ഡബിൾ ഡോം ശൈലിയും .
ഒരു വലിയ ചതുരശ്ര ഭൂമിയെ കൃത്യമായി നാല് സമചതുരങ്ങളായി തിരിച്ച്, അവയ്ക്കിടയിലൂടെ നീളമുള്ള ജലപാതകളും നടപ്പാതകളും നിർമ്മിച്ച്
കൃത്യം നടുവിൽ ശവകുടീരം പ്രതിഷ്ഠിക്കുന്ന ചാർബാഗ് രീതിയും ഇന്ത്യ ആദ്യമായി കണ്ടത് ചുവന്ന മണൽക്കല്ലിൽ വെളുത്ത വെണ്ണക്കല്ലിന്റെ അരികുകളിട്ട് നിർമ്മിച്ച ഹുമയൂണിന്റെ ശവകുടീരത്തിലായിരുന്നു.
ഇതിന്റെ കൃത്യമായ പകർപ്പാണ് പിന്നീട് ആഗ്രയിലെ യമുനാതീരത്ത് താജ്മഹലായി പുനർജനിച്ചത്.
വ്യത്യാസം എന്തെന്നാൽ, ഹുമയൂൺസ് ടോംബ് തോട്ടത്തിന്റെ കൃത്യം നടുവിലാണെങ്കിൽ, താജ്മഹൽ തോട്ടത്തിന്റെ ഒരറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഹുമയൂണിന്റെ ശവകുടീരം ധോൽപൂർ, ഫത്തേപ്പൂർ സിക്രി പ്രവിശ്യകളിൽ നിന്ന് എളുപ്പത്തിൽ ലഭിച്ചിരുന്ന ചുവന്ന മണൽക്കല്ല് കൊണ്ടായിരുന്നു നിർമ്മിച്ചത്.പ്രൗഢി കൂട്ടാൻ വേണ്ടി മാത്രമാണ് അതിന്റെ പ്രധാന താഴികക്കുടത്തിലും ജാലകങ്ങളുടെ അരികുകളിലും രാജസ്ഥാനിലെ മക്രാനയിൽ നിന്നുള്ള വെളുത്ത വെണ്ണക്കല്ല് കൊണ്ട് അതിരുകൾ തീർത്തത്.
എന്നാൽ താജ്മഹൽ നിർമ്മിച്ചത് പൂർണ്ണമായും മക്രാനയിൽ നിന്നുള്ള ഏറ്റവും ഉന്നത നിലവാരമുള്ള ലക്ഷക്കണക്കിന് ടൺ വെണ്ണക്കല്ലിലാണ്.
ഹുമയൂണിന്റെ കല്ലറയിൽ വെളുത്ത മാർബിൾ കഷണങ്ങൾ ചുവന്ന മണൽക്കല്ലിലേക്ക് വെട്ടിയിറക്കുക മാത്രമാണ് ചെയ്തതെങ്കിൽ, താജ്മഹലിൽ എത്തിയപ്പോൾ അത് ലോകത്തിലെ ഏറ്റവും മികച്ച 'പിയത്ര ദൂറ' (Pietra Dura) എന്ന കലയായി മാറി. വെളുത്ത വെണ്ണക്കല്ലിന്റെ ചുവരുകൾ തുരന്ന് അതിലേക്ക് പേർഷ്യയിൽ നിന്നും ഇറ്റലിയിൽ നിന്നും കൊണ്ടുവന്ന ലാപിസ് ലാസുലി, ജാസ്പർ, മലാക്കൈറ്റ് തുടങ്ങിയ വിലപിടിപ്പുള്ള അമൂല്യ രത്നക്കല്ലുകൾ പതിപ്പിച്ചു വള്ളിച്ചെടികളുടെയും പൂക്കളുടെയും രൂപങ്ങൾ ഉണ്ടാക്കുന്ന ശൈലിയാണിത്.
ഇതൊക്കെ കൊണ്ടുതന്നെ ചില ചരിത്രകാരന്മാർ ഹുമയൂണിന്റെ കല്ലറയെ 'താജ്മഹലിന്റെ ചുവന്ന മാതൃക' (The Red Prototype of Taj Mahal) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്!"
- നമ്മുടെ ബിരിയാണിയുടെ പൂർവ്വികനായ പേർഷ്യൻ 'പുലാവ്'
- പൂന്തോട്ടങ്ങളുടെയും വള്ളിച്ചെടികളുടെയും ഡിസൈനുകൾ നെയ്തുചേർക്കുന്ന പരവതാനി നിർമ്മാണശൈലി
- ഇന്നും വ്യാപകമായി ഇസ്ലാമിക പുസ്തകങ്ങളിൽ ഉപയോഗിക്കുന്ന ചെരിഞ്ഞ നസ്തഅ്ലീഖ് എഴുത്തുരീതി
- പേർഷ്യൻ രാജകൊട്ടാരങ്ങളിലെ മധുരപലഹാരമായ 'ഫാലൂദെഹ്' എന്ന നമ്മുടെ ഫലൂദ
- ഉള്ളി നന്നായി വഴറ്റി അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, തൈരും ചേർത്ത് ഗ്രേവി ഉണ്ടാക്കുന്ന 'കോർമ' ശൈലിയിലുള്ള മാംസക്കറികൾ
- പേർഷ്യൻ കൊട്ടാരങ്ങളിൽ നിലനിന്നിരുന്ന ഔഷധക്കൂട്ടുകളും, നാഡിമിടിപ്പ് നോക്കിയുള്ള ചികിത്സാരീതികളും ഇന്ത്യൻ പാരമ്പര്യവുമായി സമന്വയിപ്പിച്ചുണ്ടാക്കിയ യൂനാനി ചികിത്സ എന്നിവയെല്ലാം പേർഷ്യൻ സ്വാധീനഫലങ്ങളാണ്.
'സർ' (തല/പ്രധാനം), 'കാർ' (ജോലി/അധികാരം) എന്നീ രണ്ട് പേർഷ്യൻ വാക്കുകൾ ചേർന്ന ഇന്നും നമ്മളുപയോഗിക്കുന്ന ഭരണകൂടം എന്നയർത്ഥത്തിലുള്ള സർക്കാർ എന്ന വാക്ക് പേർഷ്യനിൽ നിന്നും വന്നതാണ്.
രാജസദസ്സ് ദർബാർ ആയതും പട്ടാളക്കാരൻ ജവാൻ ആയതും
തഹസിൽദാരും ജമീൻദാരും ഉസ്താദുമാരും ഉണ്ടായതും പേർഷ്യക്കാർ കാരണമാണ്.
എന്നാൽ എന്നെ ആകർഷിച്ചതും ഞാൻ കാര്യമായി ശ്രദ്ധിച്ചതും ഹുമയൂണിന്റെ നിർബന്ധിത ശീഈ പരിവർത്തനമാണ്. ഹുമയൂൺ ആണ് ആദ്യമായി ഇന്ത്യയിൽ ശീഇസം കൊണ്ടുവന്നത് എന്നൊന്നും പറയാൻ കഴിയില്ല. അതിനു മുൻപും ശീഇകൾ ഇവിടെയുണ്ടായിരുന്നു.
മാത്രമല്ല ഡൽഹി ജയിച്ചടക്കിയതിന് ശേഷം ഭൂരിപക്ഷവും സുന്നികളായ ഇന്ത്യയിലെ ജനങ്ങളെയും അമീർമാരെയും ഭരിക്കാൻ ഹുമയൂണിന് തന്റെ സുന്നി പശ്ചാത്തലത്തിലേക്ക് ഔദ്യോഗികമായി മടങ്ങേണ്ടി വരികയും ചെയ്തു.
എന്നാൽ ഈ പേർഷ്യൻ സന്ധി കൊണ്ടുണ്ടായത്
അതുവരെ പ്രാദേശികമായി ഒതുങ്ങിനിന്ന പേർഷ്യൻ-ശീഈ സ്വാധീനത്തെ അത് മുഗൾ സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്തേക്ക് (ഡൽഹി, ആഗ്ര കൊട്ടാരങ്ങളിലേക്ക്) നേരിട്ട് പ്രതിഷ്ഠിച്ചു എന്നതാണ്.
പത്താം നൂറ്റാണ്ട് മുതൽക്കേ ഈജിപ്തിലെ വിശ്വവിഖ്യാതമായ അൽ-അസ്ഹർ സർവ്വകലാശാലയുടെ സ്ഥാപകനും ഫാത്തിമി ശീഈ ഖലീഫയുമായ അൽ-മുഇസ്സ് ലി-ദീനില്ലാഹ് അയച്ച തീവ്ര ഇസ്മായിലി ശീഈകളായ പ്രബോധകർ മുൾത്താൻ കേന്ദ്രമാക്കി ഇവിടെയുണ്ടായിരുന്നു. അൽ-മുഇസ്സിന്റെ നിർദ്ദേശപ്രകാരം വന്ന്, സിന്ധിൽ വലിയ അട്ടിമറി വിപ്ലവം നടത്തിയതിന്റെ ഫലമായാണ് ഫാത്തിമികളെ പിന്തുണച്ചിരുന്ന മുൾത്താനിലെ ഖറാമിത്വകൾ അവിടം ഭരിച്ചത്. പതിനൊന്നാം നൂറ്റാണ്ടിൽ മഹ്മൂദ് ഗസ്നവിയും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ സുൽത്താൻ മുഹമ്മദ് ഗോറിയും കടുത്ത സൈനിക നടപടികളിലൂടെ ഇവരെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും അതു പൂർണമായി വിജയിച്ചിരുന്നില്ല. കൂടാതെ, കർണാടകയിലെ ബാഹ്മനികളും ശേഷം വന്ന ബീജാപൂരിലെ ആദിൽ ഷാഹി , അഹ്മദ് നഗറിലെ നിസാം ഷാഹി , ഗോൾകൊണ്ടയിലെ ഖുതുബ് ഷാഹി പോലുള്ള ഡെക്കാൻ സുൽത്താനേറ്റുകളും ഔദ്യോഗികമായി ശീഇസം പ്രഖ്യാപിച്ചവരായിരുന്നു.
എന്നാൽ അതുവരെ ഡൽഹി ഭരിച്ചിരുന്ന സുൽത്താൻമാർ സുന്നി പാരമ്പര്യം കാത്തുസൂക്ഷിച്ചവരായിരുന്നു. പക്ഷേ ഹുമയൂണിന്റെ മടങ്ങിവരവോടെ, മുഗൾ ഭരണസിരാകേന്ദ്രത്തിൻ്റെ കുഞ്ചികസ്ഥാനങ്ങളിലും ചിന്താഗതികളിലും നയതന്ത്രങ്ങളിലും ഒരു വലിയ 'പേർഷ്യൻവൽക്കരണം' നടന്നു.
ഹുമയൂൺ ഡൽഹി തിരിച്ചുപിടിച്ചപ്പോൾ കൊട്ടാരത്തിലെ ഏറ്റവും ഉയർന്ന പദവികളിൽ എത്തിപ്പെട്ടത് പേർഷ്യയിൽ നിന്നും അദ്ദേഹത്തോടൊപ്പം വന്ന കടുത്ത ശീഇകളായ ഉദ്യോഗസ്ഥരായിരുന്നു. ഇതിൽ ഏറ്റവും പ്രധാനിയാണ് അക്ബറിന്റെ വിശ്വസ്തനായ സംരക്ഷകനും മുഗൾ സാമ്രാജ്യത്തിന്റെ റീജൻ്റുമായി മാറിയ ബൈറാം ഖാൻ. ഹുമയൂണിന്റെ മരണശേഷം 13 വയസ്സുള്ള അക്ബർ ചക്രവർത്തിയായപ്പോൾ കടുത്ത ശീഇയായിരുന്ന ബൈറാം ഖാന്റെ കൈകളിലായിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ സമ്പൂർണ്ണാധികാരം. ഇത് സുന്നി ഭൂരിപക്ഷമുള്ള കൊട്ടാരത്തിൽ ശീഇ സ്വാധീനത്തിന് ഔദ്യോഗിക അംഗീകാരം നേടിക്കൊടുത്തു.
എന്നാൽ ബൈറാം ഖാന്റെ ഈ ഭരണം സുന്നി ചഗതായ് പ്രഭുക്കന്മാർക്കും ഉലമാക്കൾക്കും കഠിനമായ പീഡനങ്ങളുടെ കാലമായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ പരമോന്നത മതപദവിയായ 'സദ്ർ-ഉസ്-സുദൂർ' സ്ഥാനത്തേക്ക് ബൈറാം ഖാൻ തന്റെ വിശ്വസ്തനായ ശൈഖ് ഗദായി കംബോയെ നിയമിച്ചതോടെ സുന്നി പണ്ഡിതന്മാരുടെ ഇനാം ഭൂമികളും ഗ്രാന്റുകളും റദ്ദാക്കപ്പെട്ടു. ബൈറാം ഖാന്റെ വിശ്വസ്തനായ പീർ മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ കനൗജിലെയും ഡൽഹിയിലെയും ആഗ്രയിലെയും സുന്നി ഖാദിമാരെ പദവികളിൽ നിന്നും നീക്കം ചെയ്യുകയും ശീഈ അനുകൂലികളെ പ്രതിഷ്ഠിക്കുകയും ചെയ്തു. മുതിർന്ന സുന്നി മുഗൾ ജനറലായിരുന്ന തർദി ബെഗ് ഖാനെ അക്ബറിന്റെ അനുവാദമില്ലാതെ ബൈറാം ഖാൻ വധിച്ചതും കൊട്ടാരത്തിലെ സുന്നി പണ്ഡിതന്മാരെ കടുത്ത ഭീതിയിലാഴ്ത്തി. അവസാനം 1560 ൽ അക്ബർ തന്നെ ബൈറാം ഖാനെ പുറത്താക്കുകയാണ് ഉണ്ടായത്.
ഹുമയൂണിന്റെ കാലം മുതൽ മുഗൾ കൊട്ടാരത്തിലെ ഔദ്യോഗിക ഭാഷയായി പേർഷ്യൻ പൂർണ്ണമായി പ്രതിഷ്ഠിക്കപ്പെട്ടു. അതുവരെ മതപരമായ കാര്യങ്ങൾക്ക് അറബി ഭാഷയ്ക്ക് ഉണ്ടായിരുന്ന മേധാവിത്വം പതുക്കെ പേർഷ്യൻ ഭാഷയിലേക്ക് വഴിമാറാൻ തുടങ്ങി. മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും സൂഫി കവിതകളും പേർഷ്യൻ ഭാഷയിൽ കൊട്ടാരങ്ങളിൽ ആലപിക്കപ്പെടാൻ തുടങ്ങി. ഇത് സുന്നി-ശീഇ വ്യത്യാസങ്ങൾക്കപ്പുറം ഇന്ത്യയിലെ ഇസ് ലാമിക സംസ്കാരത്തെ മൊത്തത്തിൽ പേർഷ്യനൈസ് ചെയ്യാൻ കാരണമായെന്ന് പറയാം.
മുൻകാലങ്ങളിൽ ഡൽഹി സുൽത്താൻമാർ ആഘോഷിച്ചിരുന്നുവെങ്കിലും
പേർഷ്യൻ പുതുവർഷാഘോഷമായ 'നൗറൂസ്' മുഗൾ കൊട്ടാരത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ആഘോഷമായി മാറ്റിയത് ഇക്കാലത്താണ്. സുന്നി പണ്ഡിതന്മാരുടെ എതിർപ്പുണ്ടായിട്ടും ഹുമയൂണും അക്ബറും ഈ ആചാരം കൊട്ടാരത്തിൽ നിലനിർത്തി.
അക്ബറിന്റെ പ്രധാന അധ്യാപകനായി ഹുമയൂൺ നിയമിച്ചത് പേർഷ്യൻ പണ്ഡിതനായ മിർ അബ്ദുൽ ലത്തീഫ് ഖസ്വിനിയെ ആയിരുന്നു. മിർ അബ്ദുൽ ലത്തീഫ് പേർഷ്യയിൽ ഒരു സുന്നിയായും ഭാരതത്തിൽ ഒരു ശിയായായും പലരാലും വീക്ഷിക്കപ്പെട്ട, ഒരു പണ്ഡിതനായിരുന്നു. റൂമിയുടെ മസ്നവിയും ഇബ്നുൽ അറബിയുടെ വഹ്ദത്തുൽ വുജൂദും പഠിക്കുന്നതിലേക്കും പിന്നെ ഫതഹ്പ്പൂർ സിക്രിയിൽ 'ഇബാദത്ത് ഖാന' സ്ഥാപിച്ച് അവിടെ സുന്നികൾ, ശീഈകൾ, സൂഫികൾ, ഹിന്ദു യോഗികൾ, ജൈന സന്യാസിമാർ, പാർസികൾ, ഗോവയിൽ നിന്ന് വന്ന പോർച്ചുഗീസ് ജെസ്യൂട്ട് പാതിരിമാർ എന്നിവർ ചേർന്നുള്ള ചർച്ചകളിലേക്കും അതും കഴിഞ്ഞ് 'സുൽഹ്-ഇ-കുൽ' (Universal Peace / എല്ലാവർക്കും സമാധാനം) എന്ന പേർഷ്യൻ തത്ത്വചിന്ത പ്രകാരം 'ദീൻ-ഇലാഹി' എന്ന പുതിയൊരു അവിയൽ മതം ഉണ്ടാക്കുന്നതിലേക്കു മാണ് ആ ഗുരുശിഷ്യ ബന്ധത്തിൻറെ പരിണതിയുണ്ടായത്.
അവസാനം മജൂസി പാരമ്പര്യപ്രകാരം സ്വന്തം കൊട്ടാരത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ അണയാതെ യെരിയുന്ന അഗ്നികുണ്ഡം സ്ഥാപിച്ച് അതിന്റെ മേൽനോട്ടം വഹിക്കാൻ തന്റെ ആത്മസുഹൃത്തും ഒന്നാം മന്ത്രിയുമായ അബുൽ ഫസലിനെയും ചുമതലപ്പെടുത്തി,
പ്രകാശം എന്നത് ദൈവത്തിന്റെ ഭൂമിയിലെ ഏറ്റവും വലിയ വെളിപ്പെടലാണെന്നും പ്രപഞ്ചത്തിൻ്റെ പരമമായ സത്തയാണെന്നുമുള്ള ഇബ്നു അറബിയുടെയും ശിഹാബുദ്ദീൻ സുഹ്റവർദിയുടെയും സൂഫി 'ഇശ്റാഖി' തത്ത്വചിന്തപ്രകാരം വൈകുന്നേരങ്ങളിൽ കൊട്ടാരത്തിൽ വിളക്കുകൾ തെളിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച്
ദിവസവും പുലർച്ചെ കിഴക്കോട്ട് തിരിഞ്ഞ് സൂര്യനെ വണങ്ങി സൂര്യഗായത്രി മന്ത്രം ജപിച്ച് സൂര്യന്റെ ആയിരം പേരുകൾ (സഹസ്രനാമം) ഉരുവിട്ട് നെറ്റിയിൽ തിലകം ചാർത്തി കൈകളിൽ രക്ഷാസൂത്രം (രാഖി) ധരിച്ച് ജൈനന്മാരെ പോലെ മാംസാഹാരം പൂർണ്ണമായി വെടിഞ്ഞ് കഴുത്തിൽ യേശുക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങളടങ്ങിയ ലോക്കറ്റുകളും അണിഞ്ഞ് വരുന്ന അക്ബറിനെയാണ് നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയുന്നത്.
വല്ലാത്തൊരു ദീനേ ഇലാഹി
കൂടുതൽ എഴുതുന്നില്ല.
എന്തായാലും ഡൽഹിയുടെ സിംഹാസനം തിരിച്ചുപിടിക്കാൻ ഹുമയൂൺ കൊടുത്തത് വല്ലാത്തൊരു വിലയായിപ്പോയി.
ബാക്കിയുള്ള സമയവും ശേഷിച്ച ഒരു ദിവസവും കൊണ്ട് കുതുബ് മിനാറും ഇന്ദിരാഗാന്ധി മ്യൂസിയവും ലോട്ടസ് ടെമ്പിളും ഇന്ത്യാ ഗേറ്റും ജുമാ മസ്ജിദും കണ്ട് മീനാ മാർക്കറ്റിലും ചാന്ദ്നി ചൗക്കിലും കറങ്ങി കുറച്ച് സാധനങ്ങളും വാങ്ങി ഡൽഹിയുടെ കരിഞ്ഞുപൊരിയുന്ന വെയിലിൽ നിന്ന് രക്ഷതേടി ഞാൻ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കയറി.
گیرم کہ در این باغ، بسی لالہ و گل بودآخر بہ چہ رو، رخصتِ شبنم نتوان کرد؟
"ഈ തോട്ടത്തിൽ എത്രയോ മനോഹരമായ പുഷ്പങ്ങൾ വിരിഞ്ഞു നിന്നിരുന്നു എന്നത് ഞാൻ സമ്മതിക്കുന്നു; പക്ഷേ ഒടുവിൽ, പുലർകാലത്തെ മഞ്ഞുതുള്ളി ഇലകളിൽ നിന്നും അടർന്നുപോകുന്നതുപോലെ അവയെല്ലാം ഇല്ലാതായി മാറിയ ആ വിധിക്ക് മുന്നിൽ നമുക്ക് എങ്ങനെയാണ് വിസമ്മതിക്കാൻ കഴിയുക?" - മിർസാ ഗാലിബ്
.jpg)

.jpg)
Masha Allah... 💖💖💖
ReplyDeletePls .. ningal kooduthal ezhuthanam.. prethyekich charithram.
ReplyDeleteസത്യം പറഞ്ഞാൽ ഇന്ത്യയിൽ എങ്ങനെയൊക്കെയാണ് ശിയാക്കൾ വന്നത് എന്നത് എനിക്ക് വലിയ സംശയങ്ങൾ ഉണ്ടാക്കിയ കാര്യമായിരുന്നു. ഞാനത് ഒരിക്കൽ നിങ്ങളോട് നേരിട്ട് ചോദിച്ചിട്ടുമുണ്ട്. ഒരുപാട് പുതിയ വിവരങ്ങൾ ഇതിൽനിന്ന് കിട്ടി جزاك الله خيرا
ReplyDeleteഅല്ലാഹു താങ്കളുടെ അറിവിലും എഴുത്തിലും ബർക്കത്ത് ചെയ്യട്ടെ ആമീൻ
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ശിയാക്കൾ ആണോ ?? 😳
ReplyDeleteyes
DeleteVery interesting
ReplyDeleteതുടങ്ങിയത് മാത്രേ ഓർമ്മയുള്ളൂ 👌
വിവരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ. ഇതൊരു നാലഞ്ചു ലേഖനമായി വേണമെങ്കിൽ മാറ്റാമെന്ന് തോന്നുന്നു. എഴുത്തിന്റെ ശൈലി കൊണ്ട് ഒറ്റയിരിപ്പിൽ വായിച്ചു പോകും. അതുകൊണ്ട് കുഴപ്പമില്ല 👍
ReplyDeleteالله يبارك فيك♡♡
ReplyDeleteآمين وإياكم
Deleteالله يبارك فيك
Deleteസതീഷ് ചന്ദ്രയുടെ മധ്യകാല ഇന്ത്യ എന്ന പുസ്തകമാണ് ഈ വിഷയത്തിൽ ആകെ വായിച്ചിരുന്നത്. അതിലെ പല പരാമർശങ്ങളും കേട്ടുകേൾവികൾ മാത്രമാണെന്ന് വായനക്കാരന് തോന്നിപോകും. ഈ ലേഖനം സാമ്രാജ്യത്തിന്റെ തകർച്ച യുടെ കാരണങ്ങൾ വരെ ആഴത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നു.
ReplyDelete