അൽ മഖർ




ഇപ്രാവശ്യത്തെ പെരുന്നാൾ യാത്രയിൽ സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും കൗതുകകരമായ ഒന്നായിരുന്നു അസീർ പ്രവിശ്യയിലെ അൽനമാസിൽ സ്ഥിതിചെയ്യുന്ന അൽമഖർ കൊട്ടാരം. 

ഈ കൊട്ടാരവും ചുറ്റുമുള്ള പൈതൃക ഗ്രാമവും ഒരു മനുഷ്യൻ തൻ്റെ കഠിനപ്രയ്തനത്താൽ 35 വർഷത്തിലധികം സമയമെടുത്ത് കെട്ടിപ്പടുത്തതാണ്.  
മുഹമ്മദ് ബിൻ അലി അൽമഖർ അശ്ശഹ് രി 

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ അൽനമാസ് എന്ന ചെറിയ പട്ടണത്തിലാണ് മുഹമ്മദ് ബിൻ അലി അൽമഖർ അശ്ശഹ് രിയുടെ ജനനം. 
ചെറുപ്പത്തിലേ അനാഥനായ അൽമഖർ പഠനത്തിനായി നന്നെ ബുദ്ധിമുട്ടി. പ്രൈമറി തലത്തിൽ തന്നെ പലതവണ തോറ്റതിനാൽ മൂന്ന് വർഷം കഴിഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കി. പിന്നീട് നിത്യവൃത്തിക്കായി ഗ്രാമത്തിലെ ആളുകളുടെ ആട് മേക്കാനാരംഭിച്ചു. ആട്ടിൻപാലായിരുന്നു പ്രതിഫലവും ഭക്ഷണവും. 

14 ആമത്തെ വയസ്സിൽ തബൂക്കിലുള്ള അമ്മാവൻറെ അടുത്തേക്ക് പോയത് അദ്ദേഹത്തിൻറെ പഠന ജീവിതത്തിൽ ഒരു വഴിത്തിരിവായി. തന്നെ സ്വീകരിക്കുന്ന ഏതെങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്നാൽ മതി എന്നായിരുന്നു അദ്ദേഹത്തിൻറെ മനസ്സിൽ. അങ്ങനെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹത്താൽ അദ്ദേഹം ഫലസ്തീനിലെ നാബുൽസിലേക്ക് പോയി. ശൂന്യമായ കരങ്ങളുമായി ഭാവി കരുപ്പിടിപ്പിക്കാൻ നാബുൽസിലെത്തിയ അൽ മഖർ അവിടുത്തെ ജനങ്ങളുടെ സ്നേഹവും ഔദാര്യവും കൊണ്ടാണ് പഠനവും ജീവിതവും മുന്നോട്ടു തള്ളിനീക്കിയത്. സ്വന്തം മക്കളെപ്പോലെ അല്ലെങ്കിൽ അതിനേക്കാളേറെ ആ നാട്ടുകാർ തന്നെ പരിഗണിച്ചുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

പിന്നീട് അവിടുന്ന് ജെറുസലേമിലേക്ക് പോയി. അവിടെയുള്ള ഒരു കുടുംബം സഹായിച്ചത് കാരണത്താൽ Terra Sancta College ൽ ചേരാൻ സാധിച്ചു. ഒരു ഡോക്ടർ ആകണമെന്നായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. പക്ഷേ പല കാരണങ്ങളാൽ അദ്ദേഹം അതിലും പരാജയപ്പെട്ടു. ഇതിനിടയിൽ ഇംഗ്ലീഷും ഫ്രഞ്ചും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

നഷ്ടങ്ങളുടെയും കഷ്ടപ്പാടുകളുടെയും കണക്കുകൾ മാത്രം ബാക്കിയാക്കി
അവസാനം സൗദിയിലെത്തിയ അദ്ദേഹം ഒരു സൈനിക ഓഫീസർ കോഴ്സിൽ ചേർന്നു. 202 പേർ പങ്കെടുത്ത ആ കോഴ്സിൽ 9 ആമനായി അദ്ദേഹം ഉന്നത വിജയം കരസ്ഥമാക്കി. കിംഗ് ഫൈസലിൻ്റെ കയ്യിൽ നിന്ന് നേരിട്ട് ഫസ്റ്റ് ലെഫ്റ്റനൻ്റ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.  

പിന്നീട് ഔദ്യോഗികജീവിതത്തിനിടയിൽ അദ്ദേഹം അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ അങ്ങനെ തുടങ്ങി പല രാജ്യങ്ങളും സന്ദർശിച്ചു. 

ജെറുസലേമിലെ പഠനകാലത്ത് തന്നെ ബൈത്തുൽ മഖ്ദിസിലെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട വ്യത്യസ്ത തരം ഇസ്ലാമിക നിർമ്മിതികളും അവയുടെ ശിൽപചാരുതയും അദ്ദേഹത്തിൻ്റെ മനസ്സിൽ ഇസ്ലാമിക ശില്പകലയോടും നിർമ്മാണ വൈദഗ്‌ധ്യത്തോടും വല്ലാത്തൊരു താൽപര്യം സൃഷ്ടിച്ചിരുന്നു. പിന്നീട് യൂറോപ്പ് സഞ്ചാരത്തിനിടെ സ്പെയിൻ സന്ദർശിക്കാൻ സാധിച്ചതും ഇസ്ലാമിക ചരിത്രത്തിലെ നഷ്ടസ്വർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉന്ദുലുസിൻ്റെ ചരിത്രശേഷിപ്പുകളും കൊട്ടാരങ്ങളും കാണാനിടയായതും അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ ഇസ്ലാമിക നിർമ്മാണകലയോട് അടങ്ങാത്ത അഭിനിവേശമുണ്ടാക്കി.

തൻ്റെ ചെറുപ്പത്തിലെ മരണപ്പെട്ടുപോയ പിതാവ് സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു പ്രാർത്ഥനപുസ്തകം കയ്യിൽ കിട്ടിയതും അദ്ദേഹത്തിൻറെ മനസ്സിൽ പഴയകാല ഇസ്ലാമിക കയ്യെഴുത്തു പ്രതികളോട് താല്പര്യമുളവാക്കി. 

തനിക്ക് ശിഷ്ടകാലം സ്വസ്ഥമായി ജീവിക്കാൻ സമാധാനപൂർണ്ണവും സുന്ദരവുമായ ഒരു സ്ഥലം കണ്ടുപിടിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിൻറെ യാത്രകൾക്ക് പിന്നിലുണ്ടായിരുന്നു.

എന്തുവന്നാലും അനാഥത്വത്തിന്റെയും കഷ്ടപ്പാടുകളുടെയും തിക്തരസമാർന്ന അനുഭവങ്ങൾ ഉറഞ്ഞുകിടക്കുന്ന അൽനമാസിലേക്ക് തിരിച്ചു വന്ന് സ്ഥിരതാമസമാക്കാൻ അദ്ദേഹത്തിന് തീരെ താല്‌പര്യമില്ലായിരുന്നു. 

പക്ഷേ എന്തിനെന്നറിയില്ല പിന്നീടൊരിക്കൽ അദ്ദേഹത്തിന് അൽനമാസിൽ വരേണ്ടിവന്നു. 
താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് തൻറെ ജന്മനാടായ അൽ നമാസും എന്ന് അദ്ദേഹത്തിന് തോന്നി. 

അങ്ങനെ തന്റെ ജന്മനാടിനോടും പുരാതന കൈയ്യെഴുത്തു പ്രതികളോടും ഇസ്ലാമിക നിർമ്മാണകലയോടുമുള്ള അഭിനിവേശം സമ്മിശ്രമായി സംയോജിപ്പിച്ച് ഒരു നിർമ്മിതി ഉണ്ടാക്കണം എന്ന ആഗ്രഹം അദ്ദേഹത്തിൻറെ മനസ്സിൽ കലശലായി.
 
അസീർ പർവതനിരകളുടെയും മലമടക്കുകളുടെയും കണ്ണത്താദൂരം പരന്നുകിടക്കുന്ന അൽനമാസിൻ്റെ വാദികളുടെയും വിഹഗവീക്ഷണം സാധ്യമാകുന്ന രൂപത്തിൽ അസ്ഥിയുറഞ്ഞു പോകുന്ന കൊടുംതണുപ്പ് കാറ്റ് വീശുന്ന ഒരു മലമുകൾ അദ്ദേഹം തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി തിരഞ്ഞെടുത്തു. 

അൽ മഖർ എന്ന അദ്ദേഹത്തിൻറെ സ്വപ്നം. 

അങ്ങനെയാണ് അൽ നമാസിൽ അൽ മഖർ കൊട്ടാരവും പൈതൃക ഗ്രാമവും ഉയരുന്നത്. 

35 വർഷത്തിലധികം സമയമെടുത്ത്
80 മില്യൺ റിയാൽ (2.13 കോടി ഡോളർ) ചെലവഴിച്ച് ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് അങ്ങനെ തുടങ്ങി പല നാടുകളിൽ നിന്നായി 20 ഓളം ആർക്കിടെക്റ്റുമാരെ ഒരുമിച്ച് ചേർത്ത് അസീർ പർവ്വതനിരകളിൽ നിന്ന് മാത്രം ശേഖരിച്ച 20 ലക്ഷം കല്ലുകൾ ഉപയോഗിച്ചാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. 

4 നിലകളിലായി നിലകൊള്ളുന്ന ഈ കൊട്ടാരത്തിൽ സപ്തഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന 7 ഗോപുരങ്ങളും 
365 ദിവസങ്ങൾക്ക് പകരമായി 
365 തൂണുകളുമുണ്ട്.


സൂര്യൻ കൊട്ടാരത്തിനു ചുറ്റും ഒരു പൂർണ്ണവൃത്തം പൂർത്തിയാക്കുന്നത് പോലെ ഏതുസമയത്തും കൊട്ടാരത്തിനകത്ത് നിന്ന് സൂര്യപ്രകാശം കൃത്യമായി കടന്നു വരുന്നതിനായി
360 ലധികം ജനാലകൾ. 

കൊട്ടാരം എന്നാണ് പേരെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു മ്യൂസിയം ആണ്. പലതരത്തിലുള്ള ഇരുപതിനായിരത്തിലധികം വസ്തുക്കൾ (കയ്യെഴുത്തുപ്രതികൾ, ഉപകരണങ്ങൾ, ആയുധങ്ങൾ...) ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 

വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത എഴുത്തുകാരാൽ എഴുതപ്പെട്ട ആയിരത്തിലധികം വിശുദ്ധ ഖുർആന്റെ കൈയെഴുത്തുപ്രതികൾ. വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങി മറ്റു വിഷയങ്ങളിലുള്ള കയ്യെഴുത്ത് പ്രതികൾ ഒക്കെ ഇതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.
 
രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലുമുള്ള ആദ്യകാല മുസ് ലിങ്ങളുടെ പുരോഗതിയെ കുറിച്ച് പരാമർശിക്കുന്ന ജമാലുദ്ദീൻ ബ്നു തൗമർത്ത് അൽ ഉന്ദുലുസി എന്നയാൾ CE 720 ൽ (ഹിജ്റ 101) എഴുതിയ കയ്യെഴുത്തുപ്രതിയും കൂട്ടത്തിൽ പെടുന്നു. 

ഇദ്ദേഹത്തിൻറെ ഈ ഉദ്യമമറിഞ്ഞ് സൗദി അറേബ്യയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പ്രത്യേകിച്ച് ദക്ഷിണസൗദിയിലെ ഒരുപാട് അറബികൾ തങ്ങളുടെ കൈവശം സൂക്ഷിച്ചിരുന്ന കയ്യെഴുത്ത് പ്രതികൾ വിൽക്കുകയുണ്ടായി. 

2009 ൽ അസീർ പ്രവിശ്യ അമീർ ഖാലിദ് അൽ ഫൈസൽ ആണ് അൽ മഖർ കൊട്ടാരവും പൈതൃക ഗ്രാമവും ഉദ്ഘാടനം ചെയ്തത്.


മുഹമ്മദ് ബിൻ അലി അൽമഖർ അശ്ശഹ് രി



Comments

Post a Comment