മയ്യിത്തിൻ്റെ വസ്ത്രങ്ങളുടെ വിധി
മദീനയിലെത്തി രണ്ടാഴ്ച പിന്നിട്ടു. ഇന്നാണ് ഉംറക്ക് പോകാൻ സൗകര്യപ്പെടുന്നത്.
ഇഹ്റാമിന്റെ വസ്ത്രം ധരിച്ചു കഴിഞ്ഞാൽ പിന്നെ വല്ലാത്തൊരു ഫീലാണല്ലോ. ആയിരക്കണക്കിന് ആളുകൾ ഇഹ്റാമിന്റെ വസ്ത്രവും ധരിച്ചു കടന്നു പോകുന്നത് കാണുമ്പോൾ ഏതൊരാളുടെയും മനസ്സിൽ ഒരു കോരിത്തരിപ്പുണ്ടാവും. ഈ കടന്നുപോകുന്നവരിൽ ആരൊക്കെയുണ്ടാവും. ജീവിതത്തിൻറെ പലതട്ടുകളിൽ നിന്നുമുള്ളവർ. ഇവരൊക്കെ എന്തൊക്കെ തരം വസ്ത്രങ്ങളായിരിക്കും മുൻപ് ധരിച്ചിട്ടുണ്ടാവുക. ഇഹ്റാമിൽ നിന്ന് തഹല്ലുലായതിനു ശേഷം ഇനി എന്തൊക്കെ തരം വസ്ത്രങ്ങളായിരിക്കും അവർ ധരിക്കുക. പതിനായിരങ്ങളും ലക്ഷങ്ങളും വില കൊടുത്തു വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നവരും ഏറ്റവും വിലകുറഞ്ഞത് നോക്കി വില പേശിപ്പേശി തെരുവോരങ്ങളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി ധരിക്കുന്നവരുമുണ്ടാകും. അധികാരത്തിന്റെ ചിഹ്നങ്ങൾ തുന്നിച്ചേർത്ത മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരുണ്ടാകാം. പുതിയതൊന്നും വാങ്ങാൻ കാശില്ലാതെ പിഞ്ചിത്തുടങ്ങിയതും കീറിപ്പോയത് തുന്നിച്ചേർത്തവരുമുണ്ടാകാം. അങ്ങനെ എത്രയെത്ര തരക്കാർ.
പടച്ചവൻ്റെ തിരുഗേഹം സന്ദർശിക്കുമ്പോൾ ഇനി ആരു തന്നെയായാലും ഇഹ്റാമിന്റെ വസ്ത്രത്തിൽ തന്നെയായിരിക്കണം എന്ന് നിർബന്ധം പിടിച്ചതിനു പിന്നിലെ കാരണം എന്താവാം !
മടക്കയാത്രയിൽ സ്ക്രോൾ ചെയ്യുമ്പോൾ കണ്ണിലുടക്കിയതാണീ ഫത്വ.
ശൈഖ് ഇബ്നു ഉഥൈമീൻ (റ) യുടെ പ്രസിദ്ധമായ നൂറുൻ അല ദ്ദർബ് ഫത് വകളിലൊന്ന്.
"ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ഉടമസ്ഥതയിലുള്ളത് മുഴുവനും അനന്തരാവകാശികളുടേതായി മാറുന്നു. അയാളുടെ വസ്ത്രങ്ങൾ വിരിപ്പുകൾ ഗ്രന്ഥങ്ങൾ എഴുത്തുസാമഗ്രികൾ മേശ കസേര അയാളുടെ ശിമാഗും ഗുത്റയും (അറബികപുരുഷന്മാരുടെ ശിരോവസ്ത്രം) ഉൾപ്പെടെ എല്ലാം അനന്തരാവകാശികളുടേതായി മാറുന്നു. അവർക്ക് സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യുന്നത് പോലെ അത് കൈകാര്യം ചെയ്യാവുന്നതാണ്. ഇനി അനന്തരാവകാശികൾ എല്ലാവരും തീരുമാനിക്കുകയാണ് അത് കൂട്ടത്തിലാർക്കെങ്കിലും കൊടുക്കാം അവർ ധരിക്കട്ടെ. അതിനൊരു കുഴപ്പവുമില്ല. അല്ലെങ്കിൽ ഇതെല്ലാം കൂടി ദാനം ചെയ്യാം അതിനും കുഴപ്പമില്ല. അതുമല്ലെങ്കിൽ ഇതെല്ലാം കൂടി വിൽക്കാം. അതിനും യാതൊരു കുഴപ്പവുമില്ല. കാരണം അത് അവരുടെ ഉടമസ്ഥതയിലുള്ളതാണ്. സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യുന്നതുപോലെ അവർക്കത് കൈകാര്യം ചെയ്യാം."
ചുരുക്കത്തിൽ ഇപ്പോ ഇട്ടിരിക്കുന്ന വസ്ത്രം പോലും എനിക്ക് വേണമെന്ന് വാശിപിടിച്ചാൽ കൂടെ കൊണ്ടുപോകാൻ കഴിയാത്തത്ര ദുർബലരാണ് നമ്മൾ
Comments
Post a Comment