ശീഇകൾ: കൊടിയവഞ്ചനകളുടെ കുടില ചരിത്രം (3)
അലി (റ) നോടുള്ള ചതി
ചതിയും വഞ്ചനയും കൈമുതലാക്കിയവർക്ക് ആരെന്നോ എന്തെന്നോ നോട്ടമുണ്ടാകില്ലല്ലോ. അഹ്ലുബൈത്തിനോടും അലി (റ) നോടുമുള്ള സ്നേഹത്തിൻ്റെ പേരിൽ രംഗത്ത് വന്ന ഇവർ യഥാർത്ഥത്തിൽ അവരെപ്പോലും വെറുതെ വിട്ടില്ല എന്നതാണ് ചരിത്രം.
ശീഅത്തു അലി (അലിയുടെ കക്ഷി) എന്ന പേരിൽ ആദ്യകാലത്ത് രംഗത്ത് വന്നവരിൽ അധികവും ഇറാഖുകാരായിരുന്നു. വിശിഷ്യാ അന്നത്തെ പ്രധാന നഗരങ്ങളായിരുന്ന കൂഫ ബസ്വറ എന്നിവിടങ്ങളിൽ നിന്നുള്ളവർ. പിൽക്കാലത്ത് രൂപം കൊണ്ട റാഫിളികളെ പോലെയുള്ള അതിതീവ്ര ശിയാക്കളുടെ പിഴച്ച ആദർശങ്ങളൊന്നുമില്ലെങ്കിലും മുസ്ലിംകളെ അപായപ്പെടുത്തുന്നതിലും ശത്രുവിന് മുന്നിൽ അവരെ നിർദാക്ഷിണ്യം ഒറ്റു കൊടുക്കുന്നതിലും ആദ്യകാല ശീഇകളും ഒട്ടും പിന്നിലായിരുന്നില്ല. ഖവാരിജുകളുടെ ഫിത്നക്ക് ഒട്ടൊക്കെ അറുതി വരുത്തി നഹ്റുവാൻ യുദ്ധം കഴിഞ്ഞയുടനെ അലി (റ) ശാമുകാരോടുള്ള പടനീക്കത്തിന് തയ്യാറെടുക്കുകയായിരുന്നു. പക്ഷേ മുൻപ് എല്ലാ സഹായവും സേവനസന്നദ്ധതയും വാഗ്ദാനം ചെയ്ത ഇറാഖുകാർ അന്ന് അലി (റ) ൻ്റെ വാക്കുകൾ ചെവി കൊള്ളാൻ തയ്യാറായില്ല. അത്യാസന്ന ഘട്ടങ്ങളിൽ അവർ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയാണുണ്ടായത്.
ഞങ്ങളുടെ അമ്പുകൾ തീർന്നു പോയല്ലോ. വാളുകൾക്കും കുന്തങ്ങൾക്കും മൂർച്ച നഷ്ടപ്പെട്ടല്ലോ. അതുകൊണ്ട് ആദ്യം നാട്ടിലേക്ക് തിരിച്ചു പോകാം. പിന്നെ കൂടുതൽ തയ്യാറെടുപ്പുകളോടെ യുദ്ധത്തിനിറങ്ങാമല്ലോ എന്നിങ്ങനെ വളരെ ഒഴുക്കൻ മട്ടിലാണ് അവർ പ്രതികരിച്ചത്. ശേഷം അലി (റ) നോട് അനുവാദം ചോദിക്കുക പോലും ചെയ്യാതെ ഒന്നൊന്നായി ആളുകൾ സൈന്യത്തിൽ നിന്ന് പിൻവലിയാൻ തുടങ്ങി. ഏറ്റവും വിശ്വസ്തരായ അൽപം ചിലരൊഴിച്ച് ശേഷിക്കുന്ന എല്ലാവരും തന്ത്രപൂർവ്വം സ്ഥലം കാലിയാക്കിയതോടെ സൈനികത്തമ്പുകൾ വിജനമായി. അലി (റ) നേതാക്കളോടും പ്രധാനപ്പെട്ട ആളുകളോടും സംസാരിച്ചതും ചർച്ച നടത്തിയതും ഫലം കണ്ടില്ല. എന്നിട്ടും നിരാശനാകാതെ അലി (റ) കൂഫയിലേക്ക് പോവുകയും തന്നോട് ഉടമ്പടി ചെയ്ത ജനങ്ങളോട് വികാരനിർഭരമായ സംസാരങ്ങൾ നടത്തുകയും ചെയ്തു.
ഞാൻ നിങ്ങളോട് രണഭൂമിയിലിറങ്ങാൻ കൽപ്പിക്കുമ്പോൾ നിങ്ങൾക്ക് എന്ത് പറ്റി ? പരലോകത്തിനേക്കാളും ഐഹിക ജീവിതത്തിൽ നിങ്ങൾ തൃപ്തിയടഞ്ഞിരിക്കുകയാണോ? പ്രതാപത്തേക്കാൾ നിന്ദ്യതയെയും അപമാനത്തെയും കെട്ടിപ്പിടിച്ചിരിക്കാനാണോ നിങ്ങൾ താല്പര്യപ്പെടുന്നത് ?
ഞാൻ നിങ്ങളോട് സമരത്തിന് ആഹ്വാനം ചെയ്യുമ്പോൾ നിങ്ങളതാ മരണവെപ്രാളത്തിലെന്ന പോലെ കണ്ണുകൾ ചുഴറ്റുന്നു!
നിങ്ങളുടെ ഹൃദയങ്ങൾക്ക് ഭ്രാന്ത് ബാധിച്ചുവോ? നിങ്ങൾ എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?
നിങ്ങളുടെ കണ്ണുകൾക്ക് അന്ധത ബാധിച്ചുവോ നിങ്ങൾ കാണുന്നില്ലേ ? എത്ര വിഡ്ഢികളാണ് നിങ്ങൾ
ഒരുകാലത്തും നിങ്ങളെ വിശ്വസിക്കാൻ കൊള്ളുകയില്ല. നിങ്ങളെ ഉപയോഗിച്ച് ഒരു ലക്ഷ്യവും നേടിയെടുക്കാൻ സാധ്യമല്ല.
അറബികളിൽ വെച്ച് ഇത്രയധികം അധപ്പതിച്ചവരായി പോയല്ലോ നിങ്ങൾ. നിങ്ങളുടെ ശത്രുക്കൾ യുദ്ധതന്ത്രങ്ങൾ മെനയുമ്പോൾ
നിങ്ങളിതാ വെറുതെയിരിക്കുന്നു. നിങ്ങളുടെ പാർശ്വങ്ങൾ തുരന്നുകൊണ്ടിരിക്കുമ്പോൾ
നിങ്ങൾ അതിനെതിരെ ഒന്നനങ്ങുക പോലും ചെയ്യുന്നില്ല. നിങ്ങൾ അശ്രദ്ധയിലാണ്ടു കിടക്കുമ്പോൾ ശത്രുക്കൾ നിതാന്തജാഗ്രതയോടെ ഉറക്കമൊഴിച്ച് നിങ്ങൾക്കെതിരിലുള്ള പടയൊരുക്കത്തിലാണ്.
(താരീഖുത്ത്വബരി 5/89,90, അൽകാമിൽ ഫി ത്താരീഖ് 2/698)
സുദീർഘമായ അദ്ദേഹത്തിൻറെ സംസാരങ്ങളിലെ ചില ഭാഗങ്ങൾ മാത്രമാണിത്. അലി (റ) വിന്റെ നാവിൽ നിന്ന് ഇത്രമാത്രം വിഷമവും അരിശവും നിറഞ്ഞ വാക്കുകൾ വരണമെങ്കിൽ അവരുടെ ചെയ്തികൾ എത്രമാത്രം നീചമായിരുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ഭീരുക്കളായിരുന്ന അവർ അലി (റ) ൻ്റെ ഈയൊരു സമരാഹ്വാനത്തിനു മാത്രമല്ല ചെവി കൊടുക്കാതിരുന്നത്. ശാം സൈന്യം തങ്ങളുടെ നാടിനെ ആക്രമിക്കാനെത്തി ഐനുത്തംറിലും ഇറാഖിന്റെ
പലപ്രവിശ്യകളിലും കടന്നപ്പോഴും പ്രതിരോധിക്കാൻ പോലും അവർ ഇറങ്ങിത്തിരിച്ചില്ല. അലി(റ) അന്ന് നടത്തിയ സംസാരം ഇപ്രകാരം ചരിത്രത്തിൽ കാണാം.
"അല്ലയോ കൂഫാനിവാസികളെ, ശാം സൈന്യത്തിൻറെ വരവിനെ കുറിച്ച് കേൾക്കുമ്പോഴെല്ലാം നിങ്ങൾ ഉടുമ്പ് മാളത്തിലൊളിക്കുന്ന പോലെ , കഴുതപ്പുലികൾ ഗുഹയിൽ മറയുന്നതുപോലെ വീട്ടിനുള്ളിൽ വാതിലും പൂട്ടി ഒളിച്ചിരിക്കുകയാണല്ലോ.... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"
(താരീഖുത്ത്വബരി 5/135, അൽ ബിദായ വന്നിഹായ 7/319)
ഹിജ്റ 40 ൽ അലി (റ) ൻ്റെ ശഹാദത്ത് സംഭവിച്ചു. എന്നാൽ പ്രവാചകൻ (സ) സ്വർഗ്ഗീയ യുവാക്കളുടെ നേതാക്കന്മാർ എന്നു പറഞ്ഞ പ്രവാചക പൗത്രന്മാർ അലി (റ) യുടെ മക്കൾ ഹസൻ ഹുസൈൻ (റ) എന്നിവരെയും ശീഇകൾ വെറുതെ വിട്ടില്ല. അഹ്ലു ബൈത്തിനോടുള്ള കപട സ്നേഹത്തിൻ്റെ കറുത്ത മുഖംമൂടിയുമണിഞ്ഞ് ശീഇകൾ തങ്ങളുടെ കുടിലതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടേയിരുന്നു.
Comments
Post a Comment