ലോകത്തെ മാറ്റിമറിച്ച ആ അഞ്ചു ഷില്ലിംഗ്
മലഞ്ചരക്ക് വ്യാപാരം നിയന്ത്രിച്ചിരുന്ന ഡച്ചുകാരായ കച്ചവടക്കാർ കാരണം ഒരു പൗണ്ട് കുരുമുളകിൻറെ വിലയിൽ വന്ന വർദ്ധനയായിരുന്നു ആ അഞ്ച് ഷില്ലിംഗ്. 6 പെൻസ് ദിവസക്കൂലി പറ്റുന്ന ലണ്ടനിലെ ഒരു സാധാരണ തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഏകദേശം 10 ദിവസത്തെ വേതനം വരുമിത്. കറുത്ത സ്വർണം എന്നറിയപ്പെട്ടിരുന്ന കുരുമുളക് സാധാരണക്കാരുടെ നിത്യോപയോഗസാധനങ്ങളിൽ പെടില്ലെങ്കിലും 3 ഷില്ലിങ്ങിൽ നിന്ന് 8 ഷില്ലിങ്ങിലേക്കുള്ള പൊടുന്നനെയുള്ള വർദ്ധനവ് ബ്രിട്ടീഷ് മാർക്കറ്റുകളെയും കച്ചവടക്കാരെയും ഒട്ടൊന്ന് പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഭക്ഷണത്തിൽ ഉപയോഗിക്കുക എന്നതിലുപരി തങ്ങളുടെ സാമൂഹികമായ
ഔന്നത്യത്തിൻ്റെ പ്രതീകമായിട്ടായിരുന്നു ഇംഗ്ലണ്ടിലെ പ്രഭുകുടുംബങ്ങൾ ഈസ്റ്റ് ഇൻഡീസിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന കുരുമുളകിനെ കണ്ടിരുന്നത്. അതിനാൽ തന്നെ യൂറോപ്പിലെ സമ്പന്ന അടുക്കളകളിലും സമൃദ്ധമായ അത്താഴവിരുന്നുകളിലും ഒരു ആഭിജാത്യചിഹ്നമെന്നോണം കുരുമുളക് എന്നോ സ്ഥാനം പിടിച്ചിരുന്നു. യൂറോപ്പിലെ ചില പ്രദേശങ്ങളിൽ സ്വർണ്ണം പോലെ ഭദ്രമായി പെട്ടിയിൽ സൂക്ഷിച്ച കുരുമുളക് പണത്തിനു പകരമായി ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുക പോലും ചെയ്തിരുന്നു.
അക്കാലത്ത് സമുദ്ര വ്യാപാരത്തിൽ ബ്രിട്ടനെ പിന്തള്ളി പോർച്ചുഗീസുകാരും ഡച്ചുകാരുമായിരുന്നു കുത്തകകളായി വാണിരുന്നത്.
പതിനാറാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും വെനീസുകാരോ പോർച്ചുഗീസുകാരോ ആയ ഇടനിലക്കാരെ മാറ്റിനിർത്തി ആംസ്റ്റർഡാം, സീലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഡച്ച് വ്യാപാരികൾ കുരുമുളകിൻറെ മൊത്തക്കുത്തക ഏറ്റെടുത്തു.
അവരാണ് 1599 ലെ ഒരു സുപ്രഭാതത്തിൽ കുരുമുളകിന്റെ വിലയിൽ 5 ഷില്ലിംഗ് ദ്രുതഗതിയിൽ വർദ്ധിക്കാൻ കാരണമായിത്തീർന്നത്.
1598 മേയ് 1-ന്, ഡച്ച് തുറമുഖ നഗരമായ ടെക്സൽ തീരത്ത് നിന്ന് എട്ട് കപ്പലുകൾ ഈസ്റ്റ് ഇൻഡീസ് ലക്ഷ്യമാക്കി പുറപ്പെട്ടു. ജേക്കബ് വാൻ നെക് എന്ന ആംസ്റ്റർഡാമുകാരൻ വ്യാപാരിയായിരുന്നു അതിൻറെ ചുക്കാൻ പിടിച്ചിരുന്നത്.
ആംസ്റ്റർഡാമിലെ കുറെ വ്യാപാരികളും കമ്പനി വാൻ വെർ (Compagnie van Verre) എന്ന വ്യാപാരസംഘവും 2,90,000 ഗിൽഡർ മൂലധനം സമാഹരിച്ച് നിയോഗിച്ചതായിരുന്നു അയാളെ.
മൊത്തത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യാനാണ് പോകുന്നതെങ്കിലും അവരുടെ പ്രധാനപ്പെട്ട ലക്ഷ്യം ഒരേയൊരു വസ്തുവായിരുന്നു.
കറുത്ത സ്വർണം അഥവാ കുരുമുളക്
ഇന്ന് നമ്മുടെ അടുക്കളയിലിരുന്ന് പുഞ്ചിരിക്കുന്ന ഒരു നുള്ള് കുരുമുളക്, ഒരുകാലത്ത് ലോകത്തെയാസകലം ഇളക്കിമറിക്കാൻ ശേഷിയുള്ളതായിരുന്നു. രാഷ്ട്രീയവും വാണിജ്യവും മുതൽ യുദ്ധവും സമാധാനവും വരെ നിയന്ത്രിക്കാൻ കെൽപ്പുള്ള ഒരു സുപ്രധാന കച്ചവടച്ചരക്കായിരുന്നു അത്.
1498ൽ കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോയുടെ പര്യവേക്ഷണങ്ങൾക്ക് ശേഷം വെള്ള പായയിൽ ചുവന്ന കുരിശ് അടയാളപ്പെടുത്തിയ നൗ എന്നു വിളിക്കപ്പെടുന്ന പോർച്ചുഗീസ് കാരക്കുകൾ ദാമൻ, ദിയു, ഗോവ, കണ്ണൂർ, കോഴിക്കോട്, കൊച്ചി, സിലോൺ, മലാക്ക , ഇന്തോനേഷ്യയിലെ സുഗന്ധവ്യജ്ഞന ദ്വീപുകൾ, അറേബ്യൻ കടലിടുക്കിലെ ഹുർമുസ്, കിഴക്കനാഫ്രിക്കയിലെ മൊംബാസ, മൊസാംബിക് എന്നിങ്ങനെയുള്ള പ്രധാന തുറമുഖനഗരങ്ങളിൽ നിന്ന് ടൺ കണക്കിന് സുഗന്ധവ്യജ്ഞനങ്ങളുമായി പോർച്ചുഗലിലെ ലിസ്ബൺ തീരത്ത് അടുത്തുകൊണ്ടിരുന്നു.
ഈ പോർച്ചുഗീസ് കുത്തക അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ഡച്ചുകാരൻ
ജേക്കബ് വാൻ നെക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
പക്ഷേ തൻറെ യാത്ര പോർച്ചുഗീസുകാരെ മാത്രമല്ല ഡച്ചുകാരെയും അന്ന് നിലവിലുള്ള മറ്റെല്ലാ വാണിജ്യ സംരംഭങ്ങളെയും വിഴുങ്ങാൻ പോന്ന മറ്റൊരു ഭീമൻ കുത്തകയുടെ ബീജാവാപത്തിന് കാരണമാകുമെന്ന് അയാൾ സ്വപ്നേപി വിചാരിച്ചിട്ടുണ്ടായിരുന്നില്ല.
ജാവയുടെ വടക്കുപടിഞ്ഞാറൻ തീരത്ത്, സുന്ദാ കടലിടുക്കിലെ , സുഗന്ധവ്യഞ്ജനങ്ങൾ നിറഞ്ഞൊഴുകുന്ന ഒരു വ്യാപാര മഹാനഗരമായിരുന്നു ബൻദൻ. സുൽത്താൻ അബുൽ മഫാഖിർ മഹ്മൂദ് അബ്ദുൽ ഖാദിർ എന്ന രണ്ടു വയസ്സുകാരൻ രാജാവായിരുന്നു അന്നത്തെ ബൻദൻ്റെ ഔദ്യോഗിക ഭരണാധികാരി. രാജാവ് കുട്ടിയായിരുന്നതിനാൽ റീജന്റുമാരായിരുന്നു ഭരണം നടത്തിയിരുന്നത്. ബൻദനിൽ നിന്ന് തനിക്ക് നേടിയെടുക്കാൻ കഴിഞ്ഞ ചരക്കുകളുടെ ബാഹുല്യം ജേക്കബ് വാൻ നെക്കിനെ അക്ഷരാർത്ഥത്തിൽ അന്ധാളിപ്പിച്ചു.
10 ലക്ഷം പൗണ്ട് സുഗന്ധവ്യഞ്ജനങ്ങളുമായാണ് വാൻ നെക്ക് തിരിച്ചെത്തിയത്. 400% ഇരട്ടിയായിരുന്നു ലാഭം. ഇന്നത്തെ ഇന്ത്യൻ രൂപയിൽ കൃത്യമായി പറഞ്ഞാൽ 14,616 കോടി ലാഭം മാത്രം. ഈ സംഭവം വലിയ വാർത്തയായി മാറി. ജനങ്ങൾ വാൻ നെക്കിനെയും കൂട്ടരേയും കുഴൽവിളികളുടെ അകമ്പടിയോടെ ആംസ്റ്റർഡാം നഗരത്തിലൂടെ എഴുന്നള്ളിച്ചു. പോകുന്ന വഴികളിലെല്ലാം ക്രിസ്ത്യൻ ദേവാലയങ്ങളുടെ മണികൾ മുഴങ്ങിക്കൊണ്ടിരുന്നു.
വാൻ നെക്കിന് ഇത് വലിയ പ്രശസ്തിയും ആദരവും നേടിക്കൊടുക്കുകയും പിന്നീടയാൾ ആംസ്റ്റർഡാം നഗരത്തിന്റെ മേയർ ആവുകയുമുണ്ടായി.
(ജേക്കബ് വാൻ നെക്കിൻ്റെ തിരിച്ചുവരവ് ഹെൻട്രിക് വ്രൂം എന്ന ചിത്രകാരൻ്റെ പെയിന്റിങ്ങിലൂടെ)
ഡച്ച് കമ്പോളത്തിൽ കുരുമുളകിന്റെ വൻപ്രളയമാണ് ഈ യാത്ര മൂലമുണ്ടായത്. എന്നാൽ ഡച്ച് വ്യാപാരികൾ വൻതോതിൽ എത്തിച്ചേർന്ന ഈ കുരുമുളകെല്ലാം വിപണിയിലിറക്കുന്നതിന് പകരം പൂഴ്ത്തിവെച്ചു. മനപ്പൂർവ്വം ഡിമാൻഡ് സൃഷ്ടിച്ച് വില കൂട്ടി വിൽക്കാനായിരുന്നു അവരുടെ ഉദ്ദേശ്യം. അങ്ങനെയാണ് ഇംഗ്ലണ്ടിൽ കുരുമുളകിൻറെ വില 3 ഷില്ലിങ്ങൽ നിന്നും 8 ഷില്ലിങ്ങായി വർദ്ധിക്കാനിടവരുന്നത്.
തങ്ങളുടെ നിലനിൽപ്പിനെ തന്നെ അവതാളത്തിലാക്കുന്ന ഈ നടപടിയിൽ രോഷാകുലരായ ലണ്ടൻ നഗരത്തിലെ പ്രമുഖരായ 24 കച്ചവടക്കാർ 1599 സെപ്റ്റംബർ 24-ാം തീയതി ഉച്ചയ്ക്ക് ശേഷം ലണ്ടൻ ഹാൾ തെരുവിലെ ഒരു ജീർണിച്ച കെട്ടിടത്തിൽ രഹസ്യമായി ഒരുമിച്ചു കൂടി. ലണ്ടനിലെ പ്രമുഖ വ്യാപാരിയും എലിസബത്ത് രാജ്ഞിയുടെ ചുങ്കപ്പിരിവുകാരനുമായ തോമസ് സ്മിത്ത് ആയിരുന്നു ഈ സംഗമത്തിന് നേതൃത്വം നൽകിയത്. ഡച്ച് വ്യാപാരക്കുത്തക തകർത്ത് സുഗന്ധവ്യഞ്ജനങ്ങളിലും സമുദ്രവ്യാപാരത്തിലും തങ്ങളുടെ മേൽക്കോയ്മ സ്ഥാപിക്കുന്ന ഒരു ചെറിയ കൂട്ടുവാണിജ്യസ്ഥാപനത്തിന് രൂപം കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആ വർഷാവസാനം ആകുമ്പോഴേക്കും 125 ഷെയർ ഉടമകളിൽ നിന്ന് 72000 പവൻ മൂലധനം സ്വരൂപിക്കാൻ അവർക്ക് കഴിഞ്ഞു. .ലാഭേച്ഛ മാത്രമായിരുന്നു തികച്ചും അവരെ പ്രചോദിപ്പിച്ചിരുന്നത്. ഡച്ച് വ്യാപാരികളെ മറികടന്ന് നേരിട്ട് ഈസ്റ്റ് ഇൻഡീസിൽ നിന്നും കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും ഇറക്കുമതി ചെയ്ത് വിൽപ്പന നടത്താനായാൽ തങ്ങൾക്ക് ലഭിക്കുന്ന വമ്പിച്ച നേട്ടമാണ് അവർ സ്വപ്നം കണ്ടത്.
ചരിത്രത്തിലെ ഏറ്റവും ശക്തമായ വാണിജ്യസ്ഥാപനത്തിൻറെ പിറവിയെടുക്കുകയായിരുന്നു അവിടെ.
ലോകഭൂപടത്തെ തന്നെ മാറ്റിവരച്ച, സ്വന്തമായി രാജ്യങ്ങളും, പട്ടാളവും, ഭരണവും നിയന്ത്രിച്ചിരുന്ന, രാജാക്കന്മാരെയും ചക്രവർത്തിമാരെയും തങ്ങളുടെ പാവകളാക്കി നിർത്തി കുരങ്ങു കളിപ്പിച്ച, കോടിക്കണക്കിന് മനുഷ്യരെ അപകൃപം കശാപ്പ് ചെയ്ത, തങ്ങളുടെ ജന്മനാടിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് ഇരട്ടി വിസ്തൃതിയുള്ള അനവധി ഭൂപ്രദേശങ്ങൾ അടക്കിവാണിരുന്ന, ഒരു മനുഷ്യന് സങ്കൽപ്പിക്കാവുന്നതിനേക്കാളും ചരിത്രത്തിലെ ഏറ്റവും വമ്പിച്ച കൊള്ളകൾ നടത്തിയ ഒരു വാണിജ്യസ്ഥാപനം.
വഞ്ചനയും കുതികാൽവെട്ടും രക്തച്ചൊരിച്ചിലുകളും കൈമുതലാക്കിയ ഒരു കമ്പനി.
1600 ഡിസംബർ 31 ന് ആഫ്രിക്കയുടെ തെക്കുള്ള ഗുഡ് ഹോപ്പ് മുനമ്പിനപ്പുറത്തെ ഏതുതരം വ്യാപാരത്തിന്റെയും 15 വർഷത്തേക്കുള്ള മൊത്തക്കുത്തകയും അതിനായി നിർമ്മാണശാലകളും കോട്ടകളും വേണമെങ്കിൽ സ്വന്തമായി സൈന്യത്തെയും വരെ സംവിധാനിക്കാനും സജ്ജീകരിക്കാനുമുള്ള അനുവാദവും വരെ റോയൽ ചാർട്ടറിലൂടെ ഒന്നാം എലിസബത്ത് രാജ്ഞിയിൽ നിന്ന് ഔദ്യോഗികമായി ഒപ്പു ചാർത്തി തീറെഴുതി വാങ്ങിയ കമ്പനി.
കേവലമൊരു വ്യാപാര അനുമതിയായിരുന്നില്ല അത്. അധിനിവേശത്തിന്റെയും കൂട്ടക്കശാപ്പിന്റെയും നീചമായ അനുവാദപത്രമായിരുന്നു അത്. അങ്ങനെ ലോകത്തെ മൊത്തം ജനസംഖ്യയുടെ ആറിലൊന്നു വരുന്ന മനുഷ്യരെ തങ്ങളുടെ പ്രജകളാക്കി മാറ്റിയ ഒരു വാണിജ്യക്കമ്പനി പിറവിയെടുത്തു.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ഈ കമ്പനിയാണ് വികസിച്ചും രൂപാന്തരങ്ങളിലൂടെ കടന്നുപോയും ഒടുവിൽ സാമ്രാജ്യത്വ കാലഘട്ടത്തിന്റെ ഏറ്റവും ശ്രദ്ധേയസന്താനമായ ബ്രിട്ടീഷ് രാജ് ആയി പരിണമിച്ചത്.
കമ്പനിക്കുവേണ്ടി 1601 ഫെബ്രുവരിയിൽ ജെയിംസ് ലങ്കാസ്റ്റർ റെഡ് ഡ്രാഗൺ എന്ന് പേരുള്ള കപ്പലിൽ ബൻദനിലേക്ക് ആദ്യത്തെ കച്ചവട യാത്ര നടത്തി. വഴിമധ്യേ കണ്ടുമുട്ടിയ ഒരു പോർച്ചുഗീസ് ചരക്കുകപ്പലിനെ അവർ കൊള്ളയടിക്കുകയും ചെയ്തു.
ആ യാത്ര വിജയകരമായിരുന്നു 200% ലാഭമാണ് അവർക്ക് ലഭിച്ചത്.
1608 ഓഗസ്റ്റ് മാസം 24 ആം തീയതി 500 ടൺ കേവ് ഭാരമുള്ള ഹെക്ടർ എന്ന കൊച്ചു പടക്കപ്പൽ ബോംബെക്ക് വടക്കുള്ള സൂറത്ത് തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യൻ തീരത്തടുക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് കപ്പലായിരുന്നു അത്.
അന്വേഷകൻ എന്നതിലുമധികം ഒരു കടൽ കൊള്ളക്കാരൻ്റെ രൂപഭാവാദികൾ പുലർത്തിയ വൃദ്ധനും കർക്കശക്കാരനുമായിരുന്ന ഒരു നാവികനായിരുന്നു ഹെക്ടറിന്റെ ക്യാപ്റ്റൻ വില്യം ഹോക്കിൻസ്.
അയാൾ ഏകാകിയായി കരക്കിറങ്ങി.
പോർച്ചുഗീസുകാരാണ് ഇപ്പോൾ തീരങ്ങളിലും തുറമുഖങ്ങളിലും കച്ചവടത്തിന് മേൽക്കോയ്മ വഹിക്കുന്നത്. അവരെ മറികടന്ന് കച്ചവടം നടത്തണമെങ്കിൽ ചക്രവർത്തിയുടെ അനുവാദം കൂടിയേ തീരൂ. ഇവിടുന്ന് ഇനി ആഗ്രയിലേക്ക് പോകണം. 1200 ലധികം കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്ക് രണ്ടോ മൂന്നോ മാസങ്ങൾ എടുത്തേക്കാം.
മാടപ്രാവിൻ്റെ മുട്ടയോളം വലിപ്പമുള്ള രത്നങ്ങളും നിരനിരയായി വില്പനയ്ക്ക് വെച്ച കുരുമുളകും ചുക്കും നീലവും ഒരു കുടുംബത്തിനാകെ കുടചൂടാവുന്നത്ര വലിപ്പമുള്ള ഇലകളോടുകൂടിയ വൻമരങ്ങളും തനിക്ക് നിത്യയൗവനം നൽകാൻ കെൽപ്പുള്ള ആനവൃഷണം ചേർത്ത ഔഷധങ്ങളും ഒക്കെ കണ്ടെത്താമെന്ന പ്രതീക്ഷയുമായാണ് അയാൾ ഉൾനാടുകളിലേക്ക് കടന്നുചെന്നത്.
ഹെറോഡോട്ടസ്, പ്ലിനി മുതലായ വരുടെ പുരാതന ഗ്രീക്ക് രചനകളിലും മധ്യകാലസഞ്ചാരി മാർക്കോപോളോയുടെ വിവരണങ്ങളിൽ നിന്നും ഇന്ത്യയെപറ്റി യൂറോപ്യന്മാർക്കുണ്ടായിരുന്ന ധാരണകൾ അതീവ രസകരമായിരുന്നു.
സ്വർണ്ണകൊട്ടാരങ്ങളും, നിബിഢവനങ്ങളും, കൊമ്പുള്ള പറക്കും കുതിരയെയും മരുഭൂമികളിൽ നിന്ന് സ്വർണ്ണം കുഴിച്ചെടുക്കുന്ന ചെന്നായയെക്കാൾ വലിയ ഉറുമ്പിനെയും പോലെയുള്ള അത്ഭുതജീവികളും, കോഴിമുട്ടയെക്കാൾ വലിപ്പമുള്ള രത്നങ്ങളും ഒക്കെ നിറഞ്ഞതായിരുന്നു പല യൂറോപ്യന്മാരുടെയും ഭാവനയിലെ ഇന്ത്യ.
ആ ഇന്ത്യയുടെ ലക്ഷണങ്ങളൊന്നും പക്ഷേ ആഗ്രയിലേക്കുള്ള യാത്രയിൽ ഹോക്കിൻസ് കണ്ടില്ല.
അഹ്മദാബാദും ഉജ്ജയിനും ഗോളിയോറും കടന്ന് ആഗ്രയിലെത്തി മഹാനായ മുഗൾ ചക്രവർത്തിയെ ദർശിച്ചതോടെ അയാളുടെ എല്ലാ നഷ്ടബോധവും അസ്തമിച്ചു.
1609 ഏപ്രിൽ മാസത്തിലായിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ സർവ്വാധിപതിയുടെ ദർബാറിലേക്ക് അയാൾ പ്രവേശിച്ചത്.
കാബൂൾ മുതൽ ബംഗാൾ വരെയും
കാശ്മീർ മുതൽ അഹ്മദ്നഗർ വരെയും ഭരിക്കുന്ന മഹാചക്രവർത്തിയാണിത്.
ഹിന്ദുക്കുഷ് പർവ്വതനിരകളും ഹിമാലയ ഗിരിനിരകളും അംബരചുംബികളായി നിൽക്കുന്നതും ഗംഗയും യമുനയും ബ്രഹ്മപുത്രയും നർമ്മദയും സ്വച്ഛന്ദം ഒഴുകുന്നതും ചക്രവർത്തിയുടെ സാമ്രാജ്യത്തിലൂടെയാണ്.
ഇന്നത്തെ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാന്റെ ഭാഗങ്ങളും അടങ്ങുന്ന വിശാലമായ ഭൂപ്രദേശത്തിൻ്റെ ബാദ്ഷാഹ്.
അന്ന് ലോക ജനസംഖ്യയുടെ 20% ജനം ഇയാളുടെ പ്രജകളാണ്. അതായത് അന്നത്തെ ലോകത്തെ അഞ്ചിൽ ഒരാൾ.
രണ്ടുലക്ഷം അശ്വഭടന്മാരും മൂന്നു ലക്ഷം കാലാൾഭടന്മാരും 5000 ആനകളും അടങ്ങുന്ന സൈന്യം സ്വന്തമായുള്ള ചക്രവർത്തി. ഉസ്മാനി ഖിലാഫത്തിൽ നിന്നും പോർച്ചുഗലിൽ നിന്നും ഇറക്കുമതി ചെയ്ത പീരങ്കികൾ പ്രവർത്തിപ്പിക്കാൻ മാത്രം പതിനായിരം ഭടന്മാർ വേറെയും. സൂറത്തിലും ബംഗാളിലുമായി നങ്കൂരമിട്ട് കേന്ദ്രീകരിച്ചിരിക്കുന്ന 200 പടക്കപ്പലുകൾ.
വർഷാവർഷം അന്നത്തെ 100 കോടി രൂപയാണ് സൈന്യത്തിന്റെ മാത്രം ചെലവ്.
ആഗ്രയിലെയും ലാഹോറിലെയും ഖജനാവുകളിൽ സൂക്ഷിച്ചിരിക്കുന്ന ലോകത്തിൻറെ ഏറ്റവും വലിയ സമ്പത്ത് ചക്രവർത്തിക്ക് സ്വന്തം. ടൺ കണക്കിന് സ്വർണം, വെള്ളി, കോഹിനൂർ പോലുള്ള അമൂല്യമായ രത്നങ്ങൾ, ലോകത്തിൻറെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള വജ്രങ്ങൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സമ്പത്ത്. ഖജനാവിൽ മാത്രം അന്നത്തെ 500 കോടി (ഇന്നത്തെ ഏകദേശം 35,000 കോടി) വിലമതിക്കാവുന്ന ധനം. കൂടാതെ വർഷാവർഷം ലഭിക്കുന്ന കച്ചവട - ഭൂനികുതികൾ, മറ്റു വരവുകൾ.
ലോക സാമ്പത്തിക വ്യവസ്ഥയിലേക്ക് മുഗൾ സാമ്രാജ്യത്തിൻ്റെ സംഭാവന തുല്യതയില്ലാത്ത വിധം വമ്പിച്ചതാണ്. അന്നത്തെ മൊത്തം ആഗോള ആഭ്യന്തര ഉൽപാദനത്തിന്റെ (Global GDP) 25% അഥവാ അന്നത്തെ 2000 - 2500 കോടി രൂപ മുഗൾ പ്രജകളുടെ വകയാണ് . പ്രതിശീർഷ വരുമാനം 20 - 25 രൂപ (ഇന്നത്തെ 16,000 - 20,000 രൂപ). നെല്ലും ഗോതമ്പും നീലവും ഇന്ത്യൻ വയലുകളിൽ വ്യാപകമായി കൃഷി ചെയ്തു. ബംഗാളിൽ നിന്ന് മാത്രം വർഷം 50 മില്യൺ ടൺ നെല്ലാണ് വിളവെടുത്തിരുന്നത്. സൂറത്ത് തുറമുഖം വഴി യൂറോപ്പിൻ്റെ ഡൈ ആവശ്യത്തിനുവേണ്ടി മാത്രം കയറ്റുമതി ചെയ്തിരുന്നത് ഒരുകോടി വിലമതിക്കുന്ന 5 ലക്ഷം കിലോ നീലമാണ്. (ഇന്നത്തെ 800 കോടി). പുറമേ കരിമ്പ്, പരുത്തി, കറുപ്പ് എന്നിവയുടെ കച്ചവടം വേറെയും.
സൂറത്തിലും അഹമ്മദാബാദിലും നെയ്തെടുത്ത മസ്ലിൻ തുണിയും ബംഗാൾ ധാക്ക കോട്ടനും അന്നത്തെ വസ്ത്രവിപണിയിലെ ഗ്ലോബൽ ബെഞ്ച്മാർക്കുകൾ ആയിരുന്നു. യൂറോപ്പ്, പേർഷ്യ, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കെല്ലാം അവ കയറ്റുമതി ചെയ്യപ്പെട്ടു. രണ്ടുകോടി (ഇന്നത്തെ 1600 കോടി) മൂല്യമുള്ള പത്തുലക്ഷം യാർഡ് മസ്ലിൻ തുണി ആണ് സൂറത്തിൽ നിന്ന് മാത്രം ഉല്പാദിപ്പിച്ചിരുന്നത്. ധാക്കയിൽ നിർമ്മിച്ച ഏറ്റവും നല്ല ശുദ്ധപരുത്തിയായ 'മൽമൽ' തുണിയാകട്ടെ ഒരു ബോൾട്ടിന് 500 രൂപ നിരക്കിലാണ് ആംസ്റ്റർഡാമിൽ വിറ്റഴിക്കപ്പെട്ടിരുന്നത്.
കാശ്മീരിലെ ചാങ്ങ്താങ്ങ് പീഠഭൂമിയിൽ വിലസുന്ന ചെമ്മരിയാടുകളുടെ ശരീരത്തിൽ പുറം രോമങ്ങൾക്കടിയിൽ അതീവശൈത്യകാലത്ത് മാത്രം വളരുന്ന നേർത്ത ഉൾരോമത്താൽ നിർമ്മിതമായ സുന്ദരവും അലങ്കാരനിബദ്ധവും ഒരു മോതിരത്തിനുള്ളിലൂടെ കടത്തി വിടാവുന്നത്ര അതീവ നേർമയുള്ളതുമായ പഷ്മീന ഷോൾ അന്നും ഇന്നും ഭുവനപ്രസിദ്ധമാണല്ലോ. പ്രതിവർഷം 10,000 പഷ്മീന ഷോളുകൾ നിർമ്മിക്കപ്പെട്ടിരുന്നതിൽ 1000 എണ്ണം മുഗള സാമ്രാജ്യത്തിന്റെ കൊട്ടാരങ്ങളുടെ അത്യാഡംബരതയുടെ പ്രതീകമായും ചക്രവർത്തിയുടെ പ്രത്യേക സമ്മാനങ്ങളായും മാറി. ഇസ്ഫഹാനിലെയും സമർഖന്ദിലെയും ഇസ്താംബൂളിലെയും ആഡംബരക്കമ്പോളങ്ങളിൽ അവ വൻ തുകയ്ക്ക് വിറ്റഴിഞ്ഞു. പ്രതിവർഷം 50 ലക്ഷം (ഇന്നത്തെ 400 കോടി) രൂപയുടെ വിറ്റുവരവ്.
ഗോൾകൊണ്ടയിലെ രത്നങ്ങളും, ആഗ്രയിലും ഗുജറാത്തിലെയും മുത്തുകളും, അജ്മീറിലെ മരതകവും ലോകമൊട്ടാകെ വിശ്രുതി നേടി.
സൂറത്ത് തുറമുഖം വഴി മാത്രം അന്ന് 10 കോടിയുടെ (ഇന്നത്തെ 8000 കോടി) കയറ്റുമതിയായിരുന്നു ഇന്ത്യയിൽ നിന്ന് പുറംനാടുകളിലേക്ക് പോയിരുന്നത്. പ്രതിവർഷം ആയിരം കപ്പലുകളെങ്കിലും തുറമുഖത്ത് അടുക്കുമായിരുന്നു.
സമൃദ്ധവും സമ്പന്നവും പ്രവിശാലവുമായ ഈ സാമ്രാജ്യത്തിന്റെ ചെങ്കോൽ കയ്യാളുന്ന മനുഷ്യൻ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരിക്കുമല്ലോ.
അതെ
അക്ബർ ചക്രവർത്തിയുടെ സന്താനം
നൂറുദ്ദീൻ മുഹമ്മദ് ജഹാംഗീർ ബാദ്ഷാഹ് ഗാസി യാണ് ഇതെല്ലാം ഭരിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ മുഗൾ ചക്രവർത്തി.
ആഗ്ര കോട്ടയിലെ രാജദർബാർ ആയ ദീവാനേ ഖാസിൽ വെച്ച് ജെയിംസ് ഒന്നാമൻ രാജാവിൻറെ കത്ത് കൈമാറി
ഇംഗ്ലീഷ് നിർമ്മിത ശീലയും കണ്ണാടികളും ഒരു അലങ്കാര ഖഡ്ഗവും അടങ്ങുന്ന സമ്മാനവും സമർപ്പിച്ച് വിനയാന്വിതനായി നിന്ന ഹോക്കിൻസ് അപകർഷതാബോധം കാരണം വീർപ്പുമുട്ടി.
പ്രതാപശാലിയായ മുഗൾ ചക്രവർത്തി ജഹാംഗീറുമായി താരതമ്യപ്പെടുത്തുമ്പോൾ വെറുമൊരു കുഗ്രാമത്തിലെ നാടുവാഴി മാത്രമാണ് ഇംഗ്ലണ്ടിലെ തൻറെ രാജാവ് എന്ന് ഹോക്കിൻസിന് തോന്നിപ്പോയി. എന്നാൽ തൻ്റെ രാജധാനിയിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരനെ ജഹാംഗീർ ചക്രവർത്തി സ്വീകരിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 125 ഓഹരി ഉടമകളെയും അമ്പരപ്പിക്കാവുന്ന വിധത്തിലാണ്. ഇംഗ്ലീഷ് ഖാൻ എന്ന പദവിയും രാജ സദസ്സിൽ വാൾ കൈവശം വയ്ക്കാനുള്ള അധികാരവും രാജകീയ കുടുംബാംഗത്തിൻ്റെ സ്ഥാനവും മറ്റനേകം ആനുകൂല്യങ്ങളും ഹോക്കിൻസിന് ലഭിച്ചു.
തന്റെ യജമാനന്മാരുടെ മതിപ്പ് വളർത്താവുന്ന നേട്ടങ്ങളും ആഗ്രാ സന്ദർശനം കൊണ്ട് ക്യാപ്റ്റൻ ഹോക്കിൻസിനുണ്ടായി. ബോംബെയുടെ വടക്കൻ പ്രദേശത്ത് പാണ്ടികശാലകൾ തുറക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അധികാരം നൽകുന്ന തിട്ടൂരത്തിൽ ജഹാംഗീർ ചക്രവർത്തി ഒപ്പുവെച്ചു.
സത്വരവും ഉജ്ജ്വലവുമായിരുന്നു വ്യാപാരരംഗത്തെ അവരുടെ വിജയം. ഏറെക്കാലം വേണ്ടിവന്നില്ല. സുഗന്ധവ്യഞ്ജനങ്ങളും മലഞ്ചരക്കുകളും പഞ്ചസാരയും അസംസ്കൃതമായ പട്ടും പരുത്തിയും മസ്ലിൻ തുണിയുമായി ഇന്ത്യയിൽ നിന്ന് പ്രതിമാസം രണ്ട് കപ്പലുകൾ വീതം ഇംഗ്ലണ്ടിലെ തേംസ് നദീതടത്തിലെ തുറമുഖങ്ങളിൽ അണഞ്ഞു തുടങ്ങി. ഇംഗ്ലണ്ടിൽ നിന്നുള്ള ഉത്പന്നങ്ങളുമായി ആ കപ്പലുകൾ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തു. ലാഭവിഹിതത്തിന്റെ മഹാപ്രളയത്തിലായിപ്പോയി കമ്പനിയുടെ ഭാഗ്യവാന്മാരായ ഓഹരി ഉടമകൾ. ചിലപ്പോൾ 200% വരെ ലാഭവിഹിതം വളർന്നു. നാടുവാഴിമാരും നാട്ടുകാരും പൊതുവേ ബ്രിട്ടീഷുകാർക്ക് സ്വാഗതമരുളി. രക്ഷകനായ ദൈവത്തിന്റെ നാമത്തിൽ ദക്ഷിണ അമേരിക്കയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്ന മതഭ്രാന്തന്മാരായ സ്പെയിൻകാരിൽ നിന്നും വ്യത്യസ്തരായി തങ്ങൾ ഇന്ത്യയിലെത്തിയത് ധനദേവത എന്ന മറ്റൊരു ദൈവത്തിന്റെ പേരിൽ മാത്രമാണെന്ന് ഇംഗ്ലീഷുകാർ ഊന്നിപ്പറഞ്ഞു. ഭൂമി വെട്ടിപ്പിടിക്കലല്ല വാണിജ്യമായിരുന്നു തങ്ങളുടെ ഉന്നമെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥന്മാർ ആവർത്തിച്ച് വ്യക്തമാക്കി.
എന്നാൽ വാണിജ്യത്തിന്റെ വ്യാപ്തി വർദ്ധിച്ചതോടെ കമ്പനി അധികൃതർ പ്രാദേശിക രാഷ്ട്രീയത്തിൽ തലയിടുക എന്നത് അനിവാര്യതയായി മാറി. വികസിച്ചുവരുന്ന കച്ചവട താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി തങ്ങൾ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലെ നാടുവാഴികളുടെ കസേരപ്പിശകുകളിലും അധികാരത്തർക്കങ്ങളിലും അവർക്ക് ഇടപെടേണ്ടി വന്നു. അങ്ങനെയാണ് ഇംഗ്ലണ്ട് ഇന്ത്യ പിടിച്ചടക്കുന്നതിന്റെ പിന്തിരിയാനാവാത്ത പ്രക്രിയ ആരംഭിച്ചത്.
1757 ജൂൺ 23 ആം തീയതി കോരിച്ചൊരിയുന്ന മഴയത്ത് 39 ആം കാലാൽപ്പടയിൽ പെട്ട 900 ഇംഗ്ലീഷുകാരെയും 2000 ഇന്ത്യൻ സിപ്പായിമാരെയും നയിച്ചുചെന്ന റോബർട്ട് ക്ലൈവ് എന്ന സാഹസികനായ പടനായകൻ പ്ലാസി എന്ന ബംഗാളി ഗ്രാമത്തിന്റെ പരിസരത്തുള്ള നെൽവയലിൽ വെച്ച് സിറാജുദ്ദൗല എന്ന തങ്ങളുടെ ശല്യക്കാരനായ ഒരു നവാബിന്റെ അമ്പതിനായിരം അംഗസംഖ്യയുള്ള പട്ടാളത്തെ തുരത്തിയോടിച്ചു. സിറാജുദ്ദൗലയുടെ ബന്ധുവും അയാളുടെ കസേരയിൽ കണ്ണുവെച്ചിരുന്ന സ്ഥാനമോഹിയും ഒരു ശീഇയുമായിരുന്ന മിർ ജാഫർ ചതിച്ചതു കൊണ്ടാണ് കമ്പനിക്ക് ഈ വിജയം എളുപ്പത്തിൽ സാധ്യമായത്.
ക്ലൈവിന്റെ വിജയം ഇന്ത്യയുടെ കവാടങ്ങൾ ഒന്നൊന്നായി ഇംഗ്ലീഷുകാർക്ക് മുന്നിൽ തുറന്നുകൊടുത്തു. അതോടെ ബ്രിട്ടീഷുകാർ ശരിയായ അർത്ഥത്തിൽ ഇന്ത്യയെ കീഴടക്കി തുടങ്ങി. അവരുടെ കച്ചവടക്കാർ സാമ്രാജ്യത്വ നിർമ്മാതാക്കൾക്ക് വഴിമാറിക്കൊടുത്തു.
പ്ലാസിയിൽ നടന്നത് ഒരിക്കലും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായിരുന്നില്ല. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന വാണിജ്യഭീമൻ തങ്ങളുടെ സ്വന്തം മൂലധനം ഇറക്കിക്കളിച്ച് നേട്ടം കൊയ്ത ഒരു യുദ്ധക്കച്ചവടമായിരുന്നു.
അന്നത്തെ 25 കോടി രൂപയാണ് മുർഷിദാബാദിലെ ബംഗാൾ ഖജനാവിൽ നിന്നും കമ്പനിക്ക് ഈ യുദ്ധത്തിൽ നിന്ന് മാത്രം ലഭിച്ച ലാഭം. ഇതിൽ 2.8 കോടി റോബർട്ട് ക്ലൈവിനുള്ളതായിരുന്നു. (ഇന്നത്തെ 846 കോടി രൂപ)
(പ്ലാസി യുദ്ധത്തിൻറെ പ്ലാൻ )
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരുടെ താല്പര്യം പൊന്നിനേക്കാളും അധികം മണ്ണിലാണെന്ന് വന്നു. തുടർന്ന് വന്ന നൂറ്റാണ്ടുകൾ രക്തരൂക്ഷിതമായ വെട്ടിപ്പിടിത്തത്തിന്റെതായിരുന്നു. ഒരു ശതാബ്ദത്തിൽ കുറഞ്ഞ കാലം കൊണ്ട് വാണിജ്യക്കമ്പനി പരമാധികാരമുള്ള ഒരു ഭരണകൂടമായി രൂപാന്തരപ്പെട്ടു. കമ്പനിയുടെ കണക്കപ്പിള്ളമാരും കച്ചവടക്കാരും ജനറൽമാരും ഗവർണർമാരുമായി മാറി.
ഒരു ഭരണകൂടത്തെപ്പോലെ സ്വന്തമായി സിവിൽ സർവീസും കറൻസിയും മിലിട്ടറിയും നികുതിപിരിവും നിയമവ്യവസ്ഥയും അവർ നിയന്ത്രിച്ചു. ലാഭവിഹിതത്തിനു വേണ്ടിയുള്ള വെമ്പൽ സാമ്രാജ്യാധികാരത്തിനു വേണ്ടിയുള്ള സമരമായി തീർന്നു. വന്നത് അതിനുവേണ്ടിയല്ലെങ്കിലും ബ്രിട്ടൻ മുഗൾ ചക്രവർത്തിമാരുടെ അനന്തരാവകാശം അത്യന്തം ഹീനമായി തന്നെ തട്ടിപ്പറിച്ചെടുത്തു.
പിന്നെ നടന്നത് വിശദമായി വിവരിക്കേണ്ട കാര്യമില്ലല്ലോ.
ആരോ പറഞ്ഞതുപോലെ
"The sun never sets on the British Empire because even God doesn't trust the British in the dark."
Related Images 👇
👌👌👌
ReplyDeleteനിങ്ങൾ ചരിത്രം പറയുന്നത് കേൾക്കാനും എഴുതുന്നത് വായിക്കാനും വേറൊരു വൈബ് ആണ്. മാഷാ അല്ലാഹ് 🙂💝
ReplyDeleteസത്യം 💐✨
Delete👌💝
ReplyDeletePadanakaalam orma vannu..thikachum vyathyasthamaya story...
ReplyDeleteYes enikkum same
DeleteIthokke engane ezhuthunnu 👌
ReplyDeleteചരിത്രം വലിയ ഇഷ്ടമില്ലെങ്കിലും ഇങ്ങനെ എഴുതിയപ്പോൾ വായിച്ചു പോയി. Good boy ... Keep it up
ReplyDeleteസംഗതി കൊള്ളാം അടിപൊളി
ReplyDelete👌👌👌
ReplyDeleteIniyum ithupolulla rasakaramya sangathikal poratte
ReplyDeleteHumayun vayichittanu ivideyethiyath. masha allah . Your way or narrating history is very attractive and impressive. Keep going. 👍👍
ReplyDelete