വെളിച്ചത്തിന്റെ പർവ്വതം
ഇതിന്റെ പല ഉടമകളും അതിഭയാനകമായ വേദനകളിലൂടെ കടന്ന് പോയിട്ടുണ്ട്.
പലരുടെയും കണ്ണിൽ സൂചി കുത്തിയിറക്കി അന്ധരാക്കിയിട്ടുണ്ട്,
സഫീദ കസ്കാരിയും റസ് കർപ്പൂരവും ഭക്ഷണപാനീയങ്ങളിൽ ചേർത്ത് ചേർത്ത് മെല്ലെ മെല്ലെ ഇഞ്ചിഞ്ചായി കൊന്നിട്ടുണ്ട്.
കൺമുന്നിൽ സ്വന്തം മക്കളെ പീഡിപ്പിച്ചു മനം മാറ്റാൻ ശ്രമിച്ചിട്ടുണ്ട് ,
എണ്ണയൊഴിച്ച് കത്തിച്ചിട്ടുണ്ട്,
ഈയം ഉരുക്കി തലയിലൊഴിച്ച് കിരീടമാക്കിയിട്ടുണ്ട്,
മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്,
സ്വന്തം കുടുംബക്കാരാലോ അംഗരക്ഷകരാലോ കൊല്ലപ്പെട്ടിട്ടുണ്ട്,
രാജ്യം കവർന്നെടുക്കപ്പെട്ട് , ബ്രിട്ടീഷ് റാണിയുടെ ഔദാര്യത്തിൽ ജീവിച്ച് ദരിദ്രരായി മരിച്ചിട്ടുണ്ട്.
ബാബറും ഹുമയൂണും ജഹാംഗീറും അതിനെ താലോലിച്ചുവോ എന്നുറപ്പില്ല.
പക്ഷേ ഒന്നുറപ്പുണ്ട്. ഏഴു വർഷമെടുത്ത് നൂറ് ലക്ഷത്തിലധികം രൂപ ചെലവഴിച്ചു മുഗൾ രാജാക്കന്മാരിലെ അഞ്ചാമൻ മിർസാ ശിഹാബുദ്ദീൻ മുഹമ്മദ് ഖുർറം എന്ന ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച തന്റെ മയൂരസിംഹാസനത്തിന്റെ മേലാപ്പിൽ അതുണ്ടായിരുന്നു.
വെളിച്ചത്തിന്റെ പർവ്വതം
കോഹ് എ നൂർ
അതിനോടൊപ്പം
ഇറാനിലെ രാജാവായ ഷാഹ് അബ്ബാസ് ജഹാംഗീർ ചക്രവർത്തിക്ക് സമ്മാനിച്ച
ഒരു ലക്ഷം രൂപ വിലയുള്ള ഒരു പത്മരാഗവും. തിമൂർ പത്മരാഗയെന്നും ഐനുൽ ഹൂർ എന്നും ഫഖ്രജ് എന്നുമൊക്കെ അറിയപ്പെട്ട ഈ പത്മരാഗവും കോഹിനൂറും ഇരട്ടകളെപ്പോലെ പ്രയാണം ആരംഭിച്ചു.
ഡൽഹി ആക്രമിച്ച് കീഴടക്കി കുരുതിക്കളമാക്കിയ പേർഷ്യയിലെ നാദിർ ഷാ ഖുലി ബേഗ് അഫ്ഷാർ അന്നത്തെ മുഗൾ രാജാവ് മുഹമ്മദ് ഷാ രംഗീലയിൽ നിന്ന് മയൂരസിംഹാസനത്തോടൊപ്പം അവയും കൈവശപ്പെടുത്തി. കോഹിനൂറും ഐനുൽ ഹൂറും ചേർത്ത് അയാൾ ഒരു കൈച്ചങ്ങലയുണ്ടാക്കി. ഖുറാസാനിലും ഹറാത്തിലും ഇസ്ഫഹാനിലും നാദിർഷയുടെ കയ്യിൽ അത് തിളങ്ങി. സ്വന്തം ആളുകളുടെ ചതിപ്രയോഗത്താൽ തന്നെ നാദിർഷ കൊല്ലപ്പെട്ട രാത്രി അയാളുടെ അന്തപുരത്തിലെ പ്രഥമ വനിത തങ്ങൾക്കുവേണ്ടി ചെയ്ത സേവനങ്ങൾക്ക് പ്രത്യുപകാരമായി വിശ്വസ്തസേവകനായ അഹ്മദ് ഖാൻ അബ്ദാലിക്ക് അവ നൽകി.
അങ്ങനെ 24 ആം വയസ്സിൽ കോഹിനൂറും ഐനുൽ ഹൂറും കൊണ്ട് യാത്രതിരിച്ച അഹ്മദ് ഖാൻ അബ്ദാലി അഫ്ഗാൻ കീഴടക്കി അഹ്മദ് ഷാ ദുർറാനിയായി. കാണ്ഡഹാറിലും കാബൂളിലും ലാഹോറിലും മുൾത്താനിലും സർഹിന്ദിലും കശ്മീരിലും മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാഠികളെ നിലംപരിശാക്കുമ്പോഴും ആ കൈച്ചങ്ങല അയാളുടെ കയ്യിലുണ്ടായിരുന്നു.
പിന്നെയും പല അബ്ദാലികളിലൂടെ കൈമാറി വന്ന അത് ഷാഹ് സമാന്റെ കൈവശമെത്തിച്ചേർന്നു. 1800 ലെ നല്ല തണുപ്പുള്ള ഒരു ഹേമന്തത്തിൽ കാബൂളിന്റെ നഗരവാതിലുകൾ തന്റെ മുമ്പിൽ കൊട്ടിയടക്കപ്പെട്ടപ്പോൾ ജലാലാബാദിനും ഖൈബറിനും ഇടയിലുള്ള ഒരു കോട്ടയിൽ അഭയം പ്രാപിച്ച ഷായെ ഷിൻവാരികൾ തന്ത്രപൂർവ്വം ബന്ധനസ്ഥനാക്കി. ശത്രുക്കൾ സൂചി ചൂടാക്കി തന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്നതിനു മുൻപേ തന്റെ കയ്യിലുള്ള രണ്ട് രത്നങ്ങളെയും ഷാഹ് സമാൻ ഒളിപ്പിച്ചിരുന്നു. കോട്ടയുടെ താഴെയുള്ള അരുവിക്കടുത്ത് പാറക്കെട്ടിൽ ഐനുൽ ഹൂറിനെയും കഠാര കൊണ്ട് കോട്ടയിലെ നിലവറച്ചുമരിൽ ഉണ്ടാക്കിയ വിള്ളലിൽ കോഹിനൂറിനെയും അയാൾ പൊതിഞ്ഞുവെച്ചു.
അവസാനം ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു പോയ ഷാഹ് സമാന്റെ സഹോദരൻ ഷാഹ് ശുജാഉൽ മുൽക് അബ്ദാലി മൂന്നു വർഷങ്ങൾക്കുശേഷം അധികാരം തിരിച്ചുപിടിച്ച ഉടനെ ആദ്യം ചെയ്തത് തന്റെ ഏറ്റവും വിശ്വസ്തരായ അനുയായികളെ നഷ്ടപ്പെട്ട ആ രണ്ട് അമൂല്യരത്നങ്ങളെ കണ്ടെത്താനായി നിയോഗിക്കുകയായിരുന്നു. അരുവിയിൽ കുളിക്കാനും അലക്കാനുമായി പോയപ്പോൾ ലഭിച്ച രത്നം സൂക്ഷിച്ചുവച്ചിരുന്ന ഒരു വിദ്യാർത്ഥിയിൽ നിന്ന് ഫഖ്രജ് അവർക്ക് ലഭിച്ചുവെങ്കിൽ കോഹിനൂർ അവർക്ക് ലഭിച്ചത് ഒരു മൊല്ലാക്കയിൽ നിന്നാണ്. എന്നോ കിട്ടിയ ആ കല്ലിനെ കാറ്റത്ത് തൻറെ മേശയിലെ കടലാസ്സുകൾ പാറിപ്പോകാതിരിക്കാനായി പേപ്പർവെയിറ്റായി ഉപയോഗിച്ചു വരികയായിരുന്നു ആ മൊല്ലാക്ക .
അടുത്തവർഷം ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധികൾ പെഷാവറിലെ ഷാഹ് ശുജാഅ് അബ്ദാലിയുടെ പ്രൗഢമായ കൊട്ടാര ദർബാറിൽ എത്തുമ്പോൾ
കോഹിനൂറും ഐനുൽ ഹൂറും അയാളുടെ ഇരു കൈയിലുമായി തിളങ്ങുന്നുണ്ടായിരുന്നു .
കാലം പിന്നെയും മുന്നോട്ടു പോയി.
ഷായെയും ഭാര്യയെയും തടവിലാക്കിയും മാനസികമായി ഉപദ്രവിച്ചും ഷായുടെ മകനെ അയാളുടെ കൺമുന്നിലിട്ട് പീഡിപ്പിച്ചും പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ട രാജാ രഞ്ജിത്ത് സിംഗ് അത് കൈവശപ്പെടുത്താൻ ശ്രമിച്ചു. അവസാനം 1813 ജൂൺ ഒന്നാം തീയതി ലാഹോർ കോട്ടയ്ക്കകത്തെ മുബാറക് ഹവേലിയിൽ വെച്ച് ഷാഹ് ശുജാഅ് കോഹിനൂർ രത്നം രഞ്ജിത്ത് സിംഗിന് കൈമാറി.
കോഹിനൂർ മാത്രം.
തിമൂറിന്റെ പത്മരാഗമെന്നു മുഗളന്മാരും ഐനുൽ ഹൂറെന്ന് പേർഷ്യക്കാരൻ നാദിർ ഷായും ഫഖ്രജ് എന്ന് ദുർറാനികളും വിളിച്ചിരുന്ന പവിഴം ഷായുടെ കൈവശം തുടർന്നതോടെ കോഹിനൂർ ഒറ്റയ്ക്കായി .
ജീവിതാന്ത്യം വരെ 36 വർഷം രഞ്ജിത്ത് സിംഗ് കോഹിനൂറിനെ കൂടെ കൊണ്ട് നടന്നു.ഇക്കാലയളവിൽ തന്നെയാണ് കോഹിനൂർ ഇത്രയധികം പ്രശസ്തി സിദ്ധിക്കുന്നതും. അയാളുടെ മരണത്തിനുശേഷം നാലു വർഷത്തിനുള്ളിൽ മൂന്ന് രാജാക്കന്മാർ ക്രൂരമായി കൊലചെയ്യപ്പെട്ടതുൾപ്പെടെ പല നാടകീയ രംഗങ്ങളും കടന്നു പോയെങ്കിലും രഞ്ജിത്ത് സിംഗിന്റെ വിശ്വസ്തനായ തോഷാഖാനയുടെ (ഖജനാവ് ) ചുമതലക്കാരൻ മിസർ ബേലി റാം കോഹിനൂറിനെ ആർക്കും വിട്ടുകൊടുക്കാതെ കാത്തുസൂക്ഷിച്ചു.
അവസാനമത് ഇളംപ്രായത്തിൽ പഞ്ചാബിലെ രാജപദത്തിലേറേണ്ടി വന്ന രഞ്ജിത്ത് സിംഗിന്റെ 10 വയസ്സുകാരൻ പുത്രൻ ദുലീപ് സിംഗിന്റെ കയ്യിലെത്തി.
ഇന്ത്യയൊട്ടുമുക്കാലും കീഴടക്കി തക്കം പാർത്തിരുന്ന ഈസ്റ്റിന്ത്യാ കമ്പനി കുതന്ത്രങ്ങൾ പ്രയോഗിച്ചു പഞ്ചാബ് കീഴടക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. നിരവധി നരഹത്യകൾ, വിഷം നൽകിയുള്ള വധശ്രമം, ഒരു ആഭ്യന്തരയുദ്ധം, രണ്ടു ബ്രിട്ടീഷ് അക്രമണങ്ങൾ എന്നിവക്കെല്ലാം ശേഷം 1849 മാർച്ച് 29 ആം തീയതി ഈസ്റ്റിന്ത്യാ കമ്പനി പഞ്ചാബ് കീഴടക്കി. വിട്ടുവീഴ്ചയില്ലാത്ത വ്യവസ്ഥകൾ എഴുതിപ്പിടിപ്പിച്ച രേഖയിൽ നിസ്സഹായനായ പത്തു വയസ്സുകാരൻ പഞ്ചാബ് രാജാവ് ദുലീപ് സിംഗ് അനുസരണയോടെ തൻറെ പേരെഴുതി ഒപ്പിട്ടു. പഞ്ചാബ് എന്ന രാജ്യമടക്കം തനിക്കുള്ളതെല്ലാം കമ്പനിക്ക് സമർപ്പിക്കണമെന്നും ശിഷ്ടകാലം ബ്രിട്ടീഷ് ഭരണകൂടം നൽകുന്ന പണം സ്വീകരിച്ച് ഒതുങ്ങിക്കഴിയണമെന്നുമടക്കം പല കാര്യങ്ങളുമുൾക്കൊള്ളുന്ന വ്യവസ്ഥയിൽ മൂന്നാമത്തെ നിബന്ധനയായി പ്രത്യേകം ഒന്നുകൂടി ഡൽഹൗസി പ്രഭു എഴുതിച്ചേർത്തു.
കോഹിനൂർ എന്ന് വിളിക്കപ്പെടുന്ന ഷാഹ് ശുജാഉൽ മുൽകിൽ നിന്ന് മഹാരാജാ രഞ്ജിത്ത് സിംഗ് പിടിച്ചെടുത്ത രത്നം ലാഹോർ മഹാരാജാ ദുലീപ് സിംഗ് ഇംഗ്ലണ്ടിലെ മഹാറാണിക്ക് അടിയറവ് വയ്ക്കും.
ലാഹോർ കോട്ടയുടെ മധ്യത്തിലുള്ള കണ്ണാടി കൊണ്ട് നിർമ്മിച്ച സിംഹാസന അറയായിരുന്ന ശീഷ് മഹലിൽ വെച്ച് ബ്രിട്ടീഷുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി കരാറിൽ ഒപ്പിടേണ്ടി വന്ന 1849 മാർച്ച് 29 എന്ന തീയതിയെ ദുലീപ് സിംഗ് തന്നെ പിന്നീട് വിശേഷിപ്പിച്ചത്
" ചുവന്ന ദിവസം " എന്നാണ്. ലാഹോർ ഉടമ്പടി എന്ന് ഈ ഉടമ്പടി എന്നറിയപ്പെട്ടു.
"ഞാൻ എൻറെ മുയലിനെ പിടികൂടിയിരിക്കുന്നു " എന്നാണ് ഇതിനെക്കുറിച്ച് ഡൽഹൗസി എഴുതിയത്.
"ഇന്ത്യയെ പിടിച്ചെടുക്കുന്നതിലെ ചരിത്രപരമായ ഒരു മുദ്രയാണ് കോഹിനൂർ. കാലങ്ങളിലെ ആ വിടവ് നികത്തപ്പെട്ടിരിക്കുന്നു. അതിപ്പോൾ അതർഹിക്കുന്ന സ്ഥാനത്ത് എത്തിയിരിക്കുന്നു " എന്നും അയാൾ കൂട്ടിച്ചേർത്തു.
അങ്ങനെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗവർണർ ജനറൽ ഡൽഹൗസി പ്രഭുവിൻറെ ബെൽറ്റിൽ ഇരട്ടത്തുന്നൽ കൊണ്ട് ഘടിപ്പിച്ച ഏറ്റവും മൃദുവായ മൃഗചർമം കൊണ്ടുണ്ടാക്കിയ സഞ്ചിയിൽ പൊതിഞ്ഞ് കോഹിനൂർ ലാഹോറിൽ നിന്ന് യാത്രയാരംഭിച്ചു. ഒന്നുകൂടി സുരക്ഷ ഉറപ്പാക്കാനായി സഞ്ചിയുടെ അടിയിൽ കനം കുറഞ്ഞ ഒരു ചങ്ങല ഘടിപ്പിച്ച് അതിനെ കഴുത്തിൽ കെട്ടിയുറപ്പിക്കുക കൂടി ചെയ്തിരുന്നു ഡൽഹൗസി പ്രഭു . 1850 ഫെബ്രുവരി ഒന്നാം തീയതി രണ്ടുമാസത്തെ യാത്രകൾക്ക് ശേഷം കോഹിനൂർ ബോംബെയിലെത്തി.
അവിടെ വെച്ച് അയാൾ ആദ്യം കോഹിനൂർ നല്ല കനത്ത താഴുള്ള ഒരു ഇരുമ്പുപെട്ടിയിൽ നിക്ഷേപിച്ചു. അതിനു ശേഷം ആ ഇരുമ്പുപെട്ടി പട്ടാള ആവശ്യങ്ങൾക്കായി സാധനങ്ങൾ കൊണ്ടുപോകാനിരിക്കുന്ന ഒരു ചുവന്ന പെട്ടിയിൽ വച്ചു. അതിനും താഴുണ്ടായിരുന്നു. ഈ പെട്ടി ഒരു ചുവന്ന ടേപ്പ് ഉപയോഗിച്ചൊട്ടിച്ച് ഭദ്രമാക്കി. അതിന്റെ മുകളിൽ മെഴുകു പുരട്ടി സീൽ ചെയ്തു. അപ്പോൾ അത് കണ്ടാൽ സാധാരണ ഔദ്യോഗിക കടലാസുകൾ വെസ്റ്റ്മിനിസ്റ്ററിലേക്ക് കൈമാറാനുപയോഗിക്കുന്ന പെട്ടിപോലെ തോന്നുമായിരുന്നു. ഈ പെട്ടി വീണ്ടും മറ്റൊരു പെട്ടിയിൽ ഇറക്കി വച്ചു. അതിനു രണ്ട് താഴുകളുണ്ടായിരുന്നു. അങ്ങനെ ഒന്നിനു മീതെ ഒന്നായി പല പെട്ടികൾക്കകത്ത് ഒളിപ്പിച്ച രത്നം ബോംബെയിലെ ഖജനാവിൽ സൂക്ഷിച്ചു. അതിനായി പ്രത്യേകം കാവലേർപ്പെടുത്തി. ആ കാവലിൽ അത് അതിന്റെ തുടർയാത്ര കാത്ത്
കിടന്നു.
രണ്ടുമാസങ്ങൾക്കുശേഷം ഏപ്രിൽ 6 ന് ബോംബെ തുറമുഖത്ത് നിന്ന് കോഹിനൂർ ഇംഗ്ലണ്ടിലേക്ക് യാത്ര തുടങ്ങി.
കപ്പലിലെ പലരുടെയും ജീവനെടുത്ത രൂക്ഷമായ കോളറാബാധയെയും 12 മണിക്കൂറോളം നീണ്ടുനിന്ന കപ്പലിനെ രണ്ടായി പിളർന്നേക്കുമോ എന്ന് ഭയപ്പെട്ട കൊടുങ്കാറ്റിനെയും അതിജീവിച്ച് കോഹിനൂറിനേയും വഹിച്ച് മെദിയ എന്ന കപ്പൽ പോർട്സ്മൗത്തിലെത്തി.
ഇരുപത്തിരണ്ടാം കാലാൾപ്പടയിലെ ഓഫീസർമാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെയർമാന്റെ സെക്രട്ടറി ഓൺസ്ളാവും അതിനെ സ്വീകരിക്കാൻ തയ്യാറായി നില്പുണ്ടാ യിരുന്നു. രത്നം അത് സൂക്ഷിച്ചിരുന്ന പെട്ടികളോടെ അവർ എടുത്തു. അതുമായി പ്രത്യേക തീവണ്ടിയിൽ അവർ ലണ്ടനിലേക്ക്, ലീഡൻഹാൾ തെരുവിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനത്തേക്ക് കുതിച്ചു. അവിടെ വച്ച് ആ പെട്ടിയും നാലു ചാവികളും കമ്പനിയുടെ ചെയർമാൻ ജോൺ ഷെപ്പേഡിനു കൈമാറപ്പെട്ടു.
ഇംഗ്ലണ്ടിലെ റാണിക്കുവേണ്ടി അദ്ദേഹം അത് സ്വീകരിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം, 1850 ജൂലൈ മൂന്നാം തീയതി, വിക്ടോറിയ റാണി ബോർഡ് ഓഫ് കൺട്രോളിന്റെ പ്രസിഡന്റായ സർ ജോൺ ഹോഭൗസിന്റെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചെയർമാന്റെയും ഡപ്യൂട്ടി ചെയർമാന്റെയും സാന്നിധ്യത്തിൽ വലിയ സദസ്സിനു മുന്നിൽ കോഹിനൂർ എന്ന ലോകത്തിലെ ഏറ്റവും മഹത്തരവും അമൂല്യവുമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ രത്നത്തെ സ്വീകരിച്ചു.
ബാബർ നാമയിൽ ബാബർ കുറിച്ചു.
" ഈ രത്നത്തിന്റെ ഖ്യാതി എന്തെന്നാൽ മൂല്യനിർണയം ചെയ്യാൻ അറിയുന്നവരെല്ലാം ഒരുപോലെ പറഞ്ഞത് അതിൻറെ മൂല്യം ഈ ലോകത്തുള്ള എല്ലാവർക്കും രണ്ടര ദിവസത്തെ ഭക്ഷണത്തിന് ആവശ്യമായ തുകയ്ക്ക് തുല്യം എന്നാണ്. ഏകദേശം 8 മിസ്കാൽ ആണ് അതിൻറെ ഭാരം എന്നും കണക്കാക്കപ്പെട്ടിരിക്കുന്നു "
ബാബറിനും ഹുമയൂണിനുമായി സമർപ്പിക്കപ്പെട്ട രത്നങ്ങളെ കുറിച്ചുള്ള ഒരു പ്രബന്ധത്തിൽ ഇങ്ങനെ പരാമർശം കാണാം
" ഒരു വ്യക്തിയും ഇങ്ങനെയൊരു രത്നം ഇതുവരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് കേട്ടിട്ടുമില്ല. ഒരു പുസ്തകത്തിലും അതിനെക്കുറിച്ച് പരാമർശമില്ല. "
വില്യം ഡാൽറിമ്പിളും അനിത ആനന്ദും ചേർന്ന് എഴുതിയ പുസ്തകം ഇന്നലെ രാത്രി കോഴിക്കോട് നിന്ന് വാങ്ങിയതാണ്. രാവിലെ ഒറ്റയിരുപ്പിനു വായിച്ചു തീർത്തു. 💖👌
✒️ Fouzan Bin Nishabudeen
9, May, 2023
Comments
Post a Comment