ഒരു ദുധാവാനിയക്കാരൻ ജ്ഞാനി (3)
സ്വാതന്ത്ര്യസമരം | രാഷ്ട്രീയം
സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തായിരുന്നു ശൈഖ് ജീവിച്ചത്. വെള്ളക്കാർക്കെതിരെ ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ച കാലം. സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിം പണ്ഡിതന്മാരും പൊതുജനങ്ങളും അമൂല്യമായ സേവനങ്ങൾ അർപ്പിച്ചവരാണ്. സലഫി പണ്ഡിതനായ മൗലാന അബുൽ കലാം ആസാദും ദയൂബന്ദി പണ്ഡിതനായിരുന്ന ഹുസൈൻ അഹ്മദ് മദനിയും അക്കാലത്ത് സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചവരായിരുന്നു.
പഠനശേഷം ശൈഖ് റഹ്മാനി സ്വാതന്ത്ര്യസമരത്തിൽ സജീവമായി. മൗലാന ആസാദിനെയാണ് അദ്ദേഹം മാതൃകയാക്കിയത്. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള നിലയ്ക്കാത്ത പോരാട്ടത്തിനായി കർമ്മകുശലതയോടെ പ്രവർത്തിക്കുന്ന അബ്ദുൽ ഖയ്യൂം എന്ന ചെറുപ്പക്കാരൻ മൗലാന ആസാദിൻ്റെയും ജവഹർലാൽ നെഹ്റുവിൻ്റെയും മനസ്സിൽ കയറിക്കൂടാൻ അധികകാലമൊന്നും വേണ്ടിവന്നില്ല.
സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി പലതവണ ശൈഖ് അബ്ദുൽ ഖയ്യൂം (റഹി) കാരാഗൃഹവാസം അനുഭവിച്ചിട്ടുണ്ട്.1938ൽ തന്റെ ഇരുപതാം വയസ്സിലായിരുന്നു ആദ്യത്തെ തടവ്. സ്വന്തം നാടായ ബസ്തി, അലഹബാദ്, ഗോരഖ്പൂർ, ലഖ്നൗ എന്നീ തടവറകളിലൊക്കെ അദ്ദേഹം കിടന്നിട്ടുണ്ട്. നെഹ്റുവിനൊപ്പവും അദ്ദേഹം ജയിൽജീവിതം അനുഭവിച്ചിട്ടുണ്ട്. പീഡനങ്ങൾ നിറഞ്ഞ അലഹബാദിലെ തടവുജീവിതകാലത്ത് ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു അദ്ദേഹം.
1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ രാജ്യം അദ്ദേഹത്തെ സ്വാതന്ത്ര്യ സമരസേനാനിയായി പ്രഖ്യാപിച്ചു. പ്രദേശത്തെ പ്രധാനപട്ടണമായ നവഖറിലെ ഒരു റോഡ് അദ്ദേഹത്തിൻറെ പേരിൽ നാമകരണം ചെയ്യുകയുമുണ്ടായി.
രാജ്യത്തെ വിഭജിച്ച് പാക്കിസ്ഥാൻ രൂപീകരിച്ചതിനോട് അദ്ദേഹം ഒരിക്കലും യോജിച്ചിരുന്നില്ല. ജിന്ന നടത്തിയ വലിയ വഞ്ചനയായും ബ്രിട്ടീഷുകാരുടെ ഗൂഢാലോചനയുടെ ഫലമായുമാണ് അദ്ദേഹം അതിനെ കണ്ടിരുന്നത്.
ബ്രിട്ടീഷുകാരോടുള്ള എതിർപ്പു കാരണത്താൽ സ്വാതന്ത്ര്യസമരകാലത്ത് വൈദേശികോൽപ്പന്നങ്ങൾ ബഹിഷ്കരിച്ചിരുന്നത് അദ്ദേഹം സ്വാതന്ത്ര്യത്തിനു ശേഷവും തുടർന്നു. വർഷങ്ങൾക്കിപ്പുറം ഒരു ശിഷ്യൻ തണുത്ത പെപ്സി കുടിക്കുന്നത് കണ്ടു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചുവത്രെ
"ഞാൻ ഇത് കുടിക്കില്ല 60 വർഷത്തിലധികമായി ഇംഗ്ലീഷുകാർക്കെതിരിൽ നിലയുറപ്പിച്ചവനാണ് ഞാൻ. അവരുടെ ഉൽപ്പന്നങ്ങൾ ഞാൻ വാങ്ങിക്കാറില്ല. മരണം വരെയും ഞാനവരെ ബഹിഷ്കരിക്കും"
പ്രധാനമന്ത്രി നെഹ്റുവുമായും അദ്ദേഹത്തിൻറെ കുടുംബവുമായും വളരെ അടുത്ത ബന്ധമായിരുന്നു ശൈഖിന് ഉണ്ടായിരുന്നത്. തന്റെ പിതാവും ശൈഖും തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കുറിച്ച് മകൾ ഇന്ദിരാഗാന്ധിയും ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിയും ഒട്ടേറെ സന്ദർഭങ്ങളിൽ സ്മരിച്ചിട്ടുണ്ട്.
ഒരിക്കൽ ഡൽഹിയിലേക്കുള്ള തീവണ്ടി യാത്രയ്ക്കിടയിൽ ശൈഖിന്റെ കീശയിലുണ്ടായിരുന്ന മുഴുവൻ പണവും ഒരു മോഷ്ടാവ് അപഹരിച്ചു. രാജ്യതലസ്ഥാനത്തെത്തിയ ശൈഖ് അല്പം പണം കടം വാങ്ങാനായി ഒരു സുഹൃത്തിൻ്റെ വസതിയിലേക്ക് കയറിച്ചെന്നു. ആരുടേതായിരുന്നു ആ വസതി എന്നറിയുമോ ? ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ വസതി. തൻറെ വസതിയിലേക്ക് കടന്നുവന്ന ശൈഖിനെ സ്നേഹപൂർവ്വം സ്വീകരിക്കുകയും 100 രൂപ ചെലവിനായി നൽകി സന്തോഷപൂർവ്വം യാത്രയാക്കുകയും ചെയ്തു പ്രധാനമന്ത്രി. അത്രയേറെ ബന്ധം ഇരുവർക്കിടയിലും നിലനിന്നിരുന്നു. മുസ്ലീങ്ങളോട് വിദ്വേഷപൂർവ്വം പെരുമാറിയിരുന്ന ഒരു ഓഫീസറെ കുറിച്ച് ജനങ്ങൾ തന്നോട് പരാതി പറഞ്ഞപ്പോൾ നേരിട്ട് പ്രധാനമന്ത്രിയെ ബന്ധപ്പെടുകയും തൽക്ഷണം അയാളെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള നടപടി പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുകയും ചെയ്ത ചരിത്രവും കാണാം.
സ്വാതന്ത്ര്യസമരാനന്തരം നെഹ്റു അദ്ദേഹത്തിന് മുന്നിൽ രണ്ട് പദവികൾ വെച്ചു നീട്ടുകയുണ്ടായി. ഒന്ന് കേന്ദ്രമന്ത്രിസഭയിൽ ഒരു സ്ഥാനം. മറ്റൊന്ന് കശ്മീരിന്റെ ഗവർണർ പദവി. പക്ഷേ രണ്ടും അദ്ദേഹം നിരസിക്കുകയാണുണ്ടായത്.
" സ്വാതന്ത്ര്യസമരത്തിന് എന്നെ ആവശ്യമുണ്ടായിരുന്ന കാലമത്രയും ഞാൻ അതിനായി പോരാടിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞ
ഈ വേളയിൽ എൻറെ ദൗത്യം മറ്റൊന്നാണ്. ഞാൻ ഒരു പണ്ഡിതനാണ്. എൻറെ സമുദായത്തിന് ഇനി എൻറെ വൈജ്ഞാനികമായ സേവനമാണ് ആവശ്യം." ഇതായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
താൻ ജീവിക്കുന്ന കാലഘട്ടത്തിൻറെ തേട്ടം മനസ്സിലാക്കിയുള്ള ഈ മറുപടി എക്കാലത്തുമുള്ള ഇന്ത്യൻ മുസൽമാന് വഴികാട്ടിയാണെന്നതിൽ സംശയമില്ല.
എന്നിരുന്നാലും പിന്നീടും 10 വർഷത്തോളം അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ആയിരങ്ങൾ സാകൂതം ശ്രവിക്കുന്ന ആകർഷകമായ അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രസംഗങ്ങൾ ഓൾ ഇന്ത്യ റേഡിയോ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ശേഷമാണ് പൂർണ്ണമായും വൈജ്ഞാനിക - പ്രബോധന ദൗത്യങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്.
തൊട്ടുമുൻപുള്ള ഭാഗം വായിക്കാൻ 👇
Comments
Post a Comment