ശീഇകൾ: കൊടിയവഞ്ചനകളുടെ കുടില ചരിത്രം (1)

തീർത്തും ഇസ്‌ലാമിനന്യമായ
നിരവധി വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും വെച്ചുപുലർത്തുന്നവരാണ് ശീഇകൾ. വിശുദ്ധ ഖുർആൻ, പ്രവാചകത്വം, സ്വഹാബിമാർ, ഖിലാഫത്ത് തുടങ്ങി അനവധി അടിസ്ഥാനവിഷയങ്ങളിൽ അത്യന്തം ഗുരുതരമായ നിലപാടാണ് അവർക്കുള്ളത്.
ശീഇകളുടെ വിശ്വാസവൈകല്യങ്ങളെ കുറിച്ചും ആചാരവൈകൃതങ്ങളെ കുറിച്ചും വിശദമായി ഇവിടെ പ്രതിപാദിക്കുന്നില്ല. 

സുന്നികളെ നിർദാക്ഷിണ്യം കുരുതികൊടുക്കാനും ശത്രുക്കളുമായി ചേർന്ന് ഒറ്റിക്കൊടുക്കാനും അവരെ പ്രേരിപ്പിക്കുന്ന അവരുടെ അടിസ്ഥാനവിശ്വാസങ്ങളെ കുറിച്ച് മാത്രമാണ് പറയാൻ പോകുന്നത്. ശീഈവഞ്ചനകളുടെ പിന്നാമ്പുറത്ത് സുന്നികളുടെ അന്ത്യം കാണാൻ നാവു നുണഞ്ഞ് കാത്തിരിക്കുന്ന ശീഈ വിശ്വാസങ്ങൾ ഒന്ന് പരിചയപ്പെടാം.

1. 12 ഇമാമുമാരിലുള്ള വിശ്വാസം. 

ശീഇകളുടെ അടിസ്ഥാനവിശ്വാസമാണ് 12 ഇമാമുമാരുടെ വിലായത്തിലുള്ള വിശ്വാസം. ഈ ഇമാമുമാരൊക്കെയും പാപസുരക്ഷിതരും പ്രവാചകന്മാരെക്കാളും മഹത്വമേറിയവരുമാണെന്നും അവരിൽ വിശ്വസിക്കാത്തവർ കാഫിർ ആകുമെന്നുമാണ് ശീഈ വിശ്വാസം. അതിനാൽ തന്നെ ശീഈ ദൃഷ്ടിയിൽ സുന്നികൾ മുഴുവൻ കാഫിറുകളാണ്. ശീഈ ഹദീസ് പണ്ഡിതൻ മുഹമ്മദ് ബ്നു അലിയ്യ് ബ്നു ബാബവൈഹി അൽഖുമ്മി എഴുതുന്നു. " അമീറുൽ മുഅ്മിനീൻ അലിയ്യ് ബ്നു അബീത്വാലിബിൻ്റെയും അദ്ദേഹത്തിന് ശേഷം വന്ന ഇമാമുമാരുടെയും ഇമാമത്തിനെ നിഷേധിക്കുന്നവരുടെ വിഷയത്തിൽ നമ്മുടെ വിശ്വാസമെന്തെന്നാൽ അവർ മുഴുവൻ പ്രവാചകന്മാരുടെയും നുബുവ്വത്തിനെ നിഷേധിച്ചവർക്ക് സമാനമാണ് എന്നതാണ്. ഇനി ഒരാൾ അമീറുൽ മുഅ്മിനീൻ അലിയുടെ ഇമാമത്തിനെ അംഗീകരിക്കുകയും അദ്ദേഹത്തിന് ശേഷം വന്ന ഏതെങ്കിലും ഒരു ഇമാമിനെയെങ്കിലും നിഷേധിക്കുകയും ചെയ്താൽ അയാൾ സർവ്വ പ്രവാചകന്മാരെയും അംഗീകരിക്കുകയും എന്നാൽ മുഹമ്മദ് നബി (സ്വ) യുടെ നുബുവ്വത്തിന് നിഷേധിക്കുകയും ചെയ്തതിന് സമാനമാണ് എന്നാണ് നമ്മൾ വിശ്വസിക്കുന്നത് " (രിസാലത്തുൽ ഇഅ്തിഖാദാത്ത് പേജ് 103)  

ഈ വിശ്വാസത്തിൻറെ സ്ഥിരീകരണത്തിനായി നബി (സ്വ) യുടെ പേരിൽ വ്യാജമായി നിർമ്മിച്ച ഒരു ഹദീസും ഇവർ തെളിവായി ഉദ്ധരിക്കാറുണ്ട്. അത് ഇങ്ങനെയാണ് " എനിക്ക് ശേഷം വരുന്ന ഇമാമുമാർ 12 പേരാകുന്നു. ഒന്നാമൻ അമീറുൽ മുഅ്മിനീൻ അലിയ്യ് ബ്നു അബീത്വാലിബ് അലൈഹിസ്സലാമും അന്തിമൻ അൽ ഖാഇമുമാകുന്നു. അവരോടുള്ള അനുസരണം എന്നോടുള്ള അനുസരണവും അവരോടുള്ള ധിക്കാരം എന്നോടുള്ള ധിക്കാരവുമാണ്. ആരെങ്കിലും അവരിൽ ഒരാളെ നിഷേധിച്ചാൽ അവൻ എന്നെയാണ് നിഷേധിക്കുന്നത്." 

ശീഈ നേതാവും ഹദീസ് പണ്ഡിതനുമായ യൂസുഫുൽ ബഹ്റാനി എഴുതുന്നു. " ഇമാമുമാരിലുള്ള വിശ്വാസം ദീനിന്റെ അടിസ്ഥാനങ്ങളിൽ പെട്ടതായിരിക്കെ അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നതും ഇമാമുമാരെ നിഷേധിക്കുന്നതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. " (അൽഹദാഇഖുന്നാളിറ 18/153)

ചുരുക്കത്തിൽ ഇമാമത്ത് വിശ്വാസം അംഗീകരിക്കാത്തവർ പൂർണമായും കാഫിറുകളും നരകത്തിൽ ശാശ്വതശിക്ഷ ലഭിക്കുന്നവരുമാണെന്നാണ് ശീഈ വിശ്വാസം. അതിനാൽ തന്നെ അവരെ അപായപ്പെടുത്തുന്നതും ചതിക്കുന്നതും കൊലപ്പെടുത്തുന്നതുമൊക്കെ നീതീകരിക്കപ്പെടുമെന്നാണ് അവർ കരുതുന്നത്.

(ബിഹാറുൽ അൻവാർ 23/390, തൻഖീഹുൽ മഖാൽ 1/208, ഹഖുൽ യഖീൻ ഫീ മഅരിഫതി ഉസൂലിദ്ദീൻ 2/188) 


2. അഹ്‌ലുസ്സുന്ന അഹ്ലുബൈത്തിനോട് ശത്രുത വച്ചുപുലർത്തുന്നവരാണ് എന്ന വിശ്വാസം. 

നാസ്വിബികൾ എന്നാണ് സുന്നികളെ ശീഇകൾ ശത്രുതാപൂർവ്വം വിളിക്കുന്നത്. അഹ്ലു ബൈത്തിനോട് ശത്രുതയുള്ളവർ എന്നാണ് നാസ്വിബികൾ എന്ന് വിളിക്കുന്നതിലൂടെ അവർ ഉദ്ദേശിക്കുന്നത്. 

'ശീഇകൾ തന്നെയാണ് അഹ് ലുസ്സുന്ന' എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെയെഴുതിയ
ശീഈ പണ്ഡിതൻ ഡോ. മുഹമ്മദ് തീജാനി പറയുന്നു. 

"അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശങ്ങളിലും ഗ്രന്ഥങ്ങളിലും ചരിത്രപരമായി അഹ്ലുബൈത്തിനോടുള്ള അവരുടെ സമീപനങ്ങളിലും ഒരു എത്തിനോട്ടം നടത്തിയാൽ തന്നെ അവർ എത്രമാത്രം അഹ്ലുബൈത്തിനോട് ശത്രുതയും വിരോധവുമുള്ളവരായിരുന്നു എന്ന് സംശയലേശമന്യേ തിരിച്ചറിയാം . അവർ അഹ്ലുബൈത്തിനെതിരെ യുദ്ധം ചെയ്യുകയും അവരെ പരിഹസിക്കുന്നതിനായി തൂലിക ചലിപ്പിക്കുകയും അഹ്ലുബൈത്തിന്റെ ശത്രുക്കളെ പുകഴ്ത്തുകയുമാണ് ചെയ്തത്." (അശ്ശീഅ ഹും അഹ്ലുസ്സുന്ന പേ 299)

ഏറ്റവും രസകരം അഹ്ലുബൈത്തിൻ്റെ വിരോധികളായ നാസ്വിബികളായി ഇവർ എണ്ണിയ ആളുകളുടെ പട്ടിക വായിക്കുമ്പോഴാണ്. 

ശീഇകളുടെ വലിയ പണ്ഡിതൻ മുഹ്സിനുൽ മുഅല്ലിമിൻ്റെ പട്ടിക നോക്കാം. നസ്ബും നാസ്വിബികളും എന്ന തന്റെ ക്ഷുദ്രകൃതിയിൽ അയാൾ എണ്ണുന്നു. 

അബൂബക്ർ സ്വിദ്ദീഖ് (റ)
ഉമർ ബ്നുൽ ഖത്താബ് (റ)
ആഇശ (റ)
സഅ്ദ് ബ്നു അബീ വഖ്ഖാസ് (റ) 
അനസ് ബ്നു മാലിക് (റ)
സുബൈർ ബ്നുൽ അവ്വാം (റ) 
ത്വൽഹത്ത് ബ്നു ഉബൈദില്ല (റ) 
അബൂ മൂസൽ അശ്അരി (റ) 
മുഗീറത്തു ബ്നു ശുഅ്ബ (റ)
ഹസ്സാൻ ബ്നു സാബിത്ത് (റ) 
ഇമാം ഔസാഈ (റഹി) 
സഈദ് ബ്നുൽ മുസയ്യബ് (റഹി)
ഇമാം മാലിക് (റഹി) 
ഇമാം ബുഖാരി (റഹി) 
ഇമാം ദഹബി (റഹി) 
(അന്നസ്ബു വന്നവാസ്വിബ് പേജ് 259)

പിന്നെയും ഒരുപാട് പേരെ അയാൾ എണ്ണുന്നുണ്ട്. ബുദ്ധിയുടെ അവസാന കണികയെങ്കിലും ശേഷിക്കുന്ന ഏതൊരു മനുഷ്യനും ഈ പട്ടികയിലൂടെ ഒന്ന് കണ്ണോടിച്ചാൽ തന്നെ എന്താണ് യാഥാർത്ഥ്യമെന്ന് പിടികിട്ടും. അല്ലാഹുവിൻറെ റസൂലിൻറെ പ്രിയപത്നി ആഇശ (റ) യെയും അബൂബക്ർ (റ) ഉമർ (റ) അടക്കമുള്ള സ്വഹാബിമാരെയും ഇസ്‌ലാമിക ലോകത്തെ അഗ്രഗണ്യരായ പണ്ഡിതന്മാരെയുമൊക്കെ ഇവരുടെ കണക്കിൽ അഹ്ലുബൈത്തിൻ്റെ വിരോധികളായ നാസ്വിബികളുടെ പട്ടികയിൽ പെടുത്തുകയാണെങ്കിൽ പിന്നെയാരാണ് ഇസ്‌ലാമിൽ ബാക്കിയുണ്ടാവുക. ഇത്തരം പൊട്ടത്തരങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കുന്നത് കൊണ്ടുതന്നെ എന്നും സുന്നികളെ ഇവർ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ഓരോ നാസ്വിബിയെയും ഉപദ്രവിക്കുമ്പോഴും അപായപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരു ശീഈ വിശ്വസിക്കുന്നത് താൻ അഹ്ലുബൈത്തിനോടുള്ള സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നു എന്നാണ്. 

Read 

Comments