അപകടകരമായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പാറി നടക്കുന്നയാൾ.
1921 ആഗസ്ത് 20, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയദിനമായിരുന്നു അത്. കണ്ണൂരിൽ നിന്നെത്തിയ വെള്ളപ്പട്ടാളം തിരൂരങ്ങാടി പ്രദേശത്താകമാനം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളികളും ഓഫീസുകളും കയ്യേറിയും വിശുദ്ധ ഖുർആനുൾപ്പെടെയുള്ള ഗ്രന്ഥങ്ങളും റിക്കാർഡുകളും നശിപ്പിച്ചും പ്രവർത്തകരെ അറസ്റ്റു ചെയ്തുമൊക്കെ അവർ പ്രകോപനമുണ്ടാക്കി. വെള്ളക്കാരുടെ ആഗ്രഹം പോലെ വാർത്ത കാട്ടുതീ പോലെ പടർന്നു. മമ്പുറം പള്ളി തകർത്തതായും കിംവദന്തിയുണ്ടായി. ജനങ്ങൾ കോട്ടക്കൽ ചന്ത കേന്ദ്രീകരിച്ച് തിരൂരങ്ങാടിയിലേക്ക് മാർച്ച് ചെയ്തു. കയ്യിൽ കിട്ടിയ വടികളും കല്ലുകളുമൊക്കെയായി പ്രകോപിതരായി തിരൂരങ്ങാടിയിലെത്തിയ ആ ജനക്കൂട്ടം, പൊലീസ് അറസ്റ്റു ചെയ്ത് കൊണ്ടു പോയ ഖിലാഫത്ത് പ്രവർത്തകരെ വിട്ടയക്കണമെന്ന ആവശ്യവുമായി പൊലീസ് ക്യാമ്പിലേക്ക് പോവുകയാണ്.
അത്യന്തം സംഘർഷഭരിതമായ അന്തരീക്ഷം .
അതാ ഒരു മുപ്പത്തഞ്ച് വയസ്സുകാരൻ യുവാവ് ഒരു മതിലിൽ കയറി നിന്ന് ഉച്ചത്തിൽ ജനങ്ങളോട് എന്തോ വിളിച്ച് പറയുന്നു :
“നമ്മുടെ നിസ്സഹകരണ സമരം അക്രമസമരമല്ല. സഹനസമരമാണ്. അധികാരിവർഗം നമ്മെ എത്ര തന്നെ ആക്രമിച്ചാലും സഹിക്കുകയല്ലാതെ നാം പകരം ചെയ്യാൻ തുനിയരുത്. അത് കൂടുതൽ നാശത്തിനും ഖേദത്തിനും ഇടയാക്കും. കോൺഗ്രസ്സും ഖിലാഫത്തും ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കുകയില്ല. അറസ്റ്റുചെയ്തവരെ വിട്ടയക്കുന്നത് വരെ നാം ക്ഷമിക്കണം.
അയാളുടെ ആഹ്വാനം കേട്ട് ആൾക്കൂട്ടത്തിൽ നിന്നൊരാൾ വിളിച്ച് ചോദിച്ചു: “നമ്മുടെ പള്ളി ആക്രമിച്ചതിന് പകരം ചോദിക്കാത്തതിനെ പറ്റി അല്ലാഹു പരലോകത്ത് വെച്ച് ചോദിക്കുമ്പോൾ എന്ത് മറുപടി പറയും? ”
അയാൾ ഉടൻ പ്രതികരിച്ചു : “അല്ലാഹുവിനോട് അതിനെക്കുറിച്ച് ഈ സാധുവായ ഞാൻ ഉത്തരം പറഞ്ഞുകൊള്ളാം. നിങ്ങൾ ഭയപ്പെടാതെ പിരിഞ്ഞുപോവുക. കുറെ ആളുകൾ അതുകേട്ട് പിരിഞ്ഞുപോയി.
ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരുപറ്റമാളുകൾ തിരൂരങ്ങാടി കച്ചേരിയിലേക്ക് മാർച്ച് ചെയ്തു. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ ഇവർക്ക് നേരെ വെടിയുതിർക്കാൻ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ എഫ് തോമസ് ഓർഡറിട്ടു. ഇരുപത് ഖിലാഫത്ത് പ്രവർത്തകരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്.
അത്യാധുനിക ആയുധങ്ങളേന്തിയ പട്ടാളത്തിനു നേരെ കഠാരയും വടിയുമായി നേരിടാൻ പോകുന്നതിന്റെ ഭവിഷ്യത്ത് ആ ആൾക്കൂട്ടത്തിന് മനസ്സിലാക്കിക്കൊടുക്കാൻ കിണഞ്ഞു പരിശ്രമിച്ച ആ മുപ്പത്തഞ്ച് വയസ്സുകാരൻ യുവാവ് ഒരു സാധാരണക്കാരനായിരുന്നില്ല.
ഈ സംഭവത്തിന് കൃത്യം നാലു ദിവസങ്ങൾക്കു മുൻപ് ഓഗസ്റ്റ് 16 ന് മലബാർ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ എഫ് തോമസ് മദ്രാസ് ഗവർണർക്ക് അയച്ച റിപ്പോർട്ടിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് തലവേദനയുണ്ടാക്കുന്ന അതീവ അപകടകാരികളായ 18 പേരുടെ പട്ടികയിൽ അയാളുമുണ്ടായിരുന്നു.
അയാളുടെ പേരിനു താഴെ മലബാർ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ എഫ് തോമസ് എഴുതി.
He has been wandering about spreading dangerous ideas.
അപകടകരമായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് പാറി നടക്കുന്നയാൾ.
തയ്യിൽ മുഹമ്മദ് കുട്ടി മൗലവി
അഥവാ
കെ എം മൗലവി 💖
ആലി മുസ്ലിയാർ അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളെ അറസ്റ്റ് ചെയ്യാൻ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ എഫ് തോമസ് വന്നപ്പോൾ അതിൽ എങ്ങനെയോ കെ എം മൗലവിയുടെ പേരും പെട്ടു എന്നൊക്കെ ഏതോ ഒരു എഴുത്തുകാരൻ ഈയടുത്ത് തട്ടിവിട്ടത് വായിക്കാനിടയായി. Most dangerous people എന്ന് തോമസ് വിശേഷിപ്പിച്ച ആ പതിനെട്ടംഗ പട്ടികയിൽ വെറുതെയൊന്നുമല്ല കെ എം മൗലവിയുടെ പേരുണ്ടായത്.
അധിനിവേശ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു കെ എം മൗലവി. കേരളീയ മുസ്ലീങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് ചുക്കാൻ പിടിച്ചവരിൽ മുൻനിരയിലാണ് അദ്ദേഹത്തിൻറെ സ്ഥാനം.
ബ്രിട്ടീഷ് ഭരണം തകരണമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു ഉസ്താദ് അവർകൾ എന്നും ഖിലാഫത്ത് പ്രസ്ഥാന കാലത്ത് ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു എന്നും കെ എം മൗലവിയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ഒക്കെ കളക്ടർ തോമസിന്റെ പ്രത്യേക ലിസ്റ്റിൽ പെട്ട രാജ്യദ്രോഹികൾ ആയിരുന്നു എന്നുമൊക്കെ എഴുതുന്നത് സതീർത്ഥ്യനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ഈ മൊയ്തു മൗലവിയാണ്.
ഈ മൊയ്തു മൗലവി എഴുതുന്നത് കാണുക :
ഹോംറൂൾ പ്രസ്ഥാന കാലത്താണ് ഞാൻ ആദ്യമായി ശ്രീ മാധവൻ നായരെ കാണുന്നതും അദ്ദേഹത്തിൻറെ പ്രസംഗം കേൾക്കുന്നതും. എൻറെ സഹപാഠിയായിരുന്ന പരേതനായ കെ എം മൗലവിയും ഒന്നിച്ചുണ്ടായിരുന്നു. അക്കാലത്ത് ഞാനൊരു അറബി പാഠശാലയിൽ പഠിക്കുകയായിരുന്നു. രാഷ്ട്രീയ ബോധം മൊട്ടിട്ടു വരുന്നേയുള്ളൂ. കോഴിക്കോട് ബാസൽ മിഷൻ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യോഗത്തിൽ സംബന്ധിക്കാൻ ഞങ്ങളെയും ക്ഷണിച്ചിരുന്നു. ശ്രീ മാധവൻ നായർ ആയിരുന്നു പ്രധാന പ്രാസംഗികൻ . ഹിന്ദുക്കളും മുസൽമാൻമാരും ഒന്നായി ചേർന്നുകൊണ്ട് രാഷ്ട്രത്തിൻറെ പുരോഗതിക്കായി പ്രവർത്തിക്കാൻ ഉപദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ പ്രസംഗം, പ്രസ്തുത പ്രസംഗം ഞങ്ങളിൽ പുതിയ ഉണർവും ആവേശവും ഉണ്ടാക്കി തീർത്തു. തദനന്തരം ശ്രീ കെ എം മൗലവിയും സാമുദായിക ഐക്യത്തെ പരാമർശിച്ചുകൊണ്ട് സാരഗർഭമായ ഒരു പ്രസംഗം ചെയ്തു. എനിക്ക് അക്കാലത്ത് പ്രസംഗിക്കാൻ വശമുണ്ടായിരുന്നില്ല ഒരു കേൾവിക്കാരൻ മാത്രമായിരുന്നു ഞാൻ .
(കെ മാധവൻ നായർ ജന്മശതാബ്ദി സ്മരണിക മാതൃഭൂമി പ്രസിദ്ധീകരണം 1982 പേജ് 23 24 )
എല്ലാ മതക്കാരും തോളോട് തോൾ ചേർന്ന് ഇംഗ്ലീഷ് ഭരണത്തിനെതിരായി അഭേദ്യമായ സാഹോദര്യബന്ധത്തോടെ രംഗത്തിറങ്ങിയ അന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ നേതൃസ്ഥാനമലങ്കരിച്ചിരുന്ന മഹാ വ്യക്തിത്വം തന്നെയായിരുന്നു കെ എം മൗലവി.
പഴയ ഏറനാട്, വള്ളുവനാട് , കോഴിക്കോട് , പൊന്നാനി താലൂക്കുകളിലെ നഗരങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഖിലാഫത്ത് കോൺഗ്രസ് സംയുക്ത സംഘടനകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന, അതിനായി ദിനംപ്രതി രണ്ടും മൂന്നും സമ്മേളനങ്ങളിൽ സംബന്ധിച്ച് വീറോടെ പ്രസംഗിക്കാറുണ്ടായിരുന്ന ഖിലാഫത്ത് - കോൺഗ്രസ് ഏറനാട് താലൂക്ക് സെക്രട്ടറിയായ ആ മുപ്പത്തഞ്ചുകാരനെ "അതീവ അപകടകാരി " എന്ന് വെള്ളക്കാരൻ വിശേഷിപ്പിച്ചതിൽ എന്ത് അത്ഭുതമാണുള്ളത് ?
1920 നവംബർ രണ്ടിന് കൊണ്ടോട്ടി അത്തൻപള്ളിയാളിയിൽ വെച്ച് അതിഗംഭീരമായ ഒരു ഖിലാഫത്ത് സമ്മേളനം ചേർന്നു. അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്ന ചെറുശ്ശേരി അഹമ്മദ് കുട്ടി മൗലവിയായിരുന്നു അധ്യക്ഷൻ. ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നിട്ടും നേരത്തെ തന്നെ എത്തിച്ചേർന്ന കെ എം മൗലവിയെ വളണ്ടിയർമാർ താങ്ങിയെടുത്താണ് അന്ന് ഖാളിയാരകം പള്ളിയിൽ നിന്ന് സമ്മേളന പന്തലിൽ എത്തിച്ചത് .
ശാരീരികക്ഷീണം വിസ്മരിച്ചുകൊണ്ട് പ്രസ്തുത സമ്മേളനത്തിൽ മൗലവി ആവേശകരമായ ഒരു പ്രസംഗം ചെയ്തു. അന്ന് അവിടെ കൂടി നിന്നിരുന്ന ആബാലവൃദ്ധം വരുന്ന ജനസാഗരത്തിൽ പെട്ട ഒരു മുസ്ലിം ഗവൺമെൻറ് ഉദ്യോഗസ്ഥൻ പിന്നീടൊരിക്കൽ മൗലവിയോട് തന്നെ ഇങ്ങനെ പറയുകയുണ്ടായി : " ഞാൻ ഖിലാഫത്തിനോടും കോൺഗ്രസിനോടു മുള്ള വിരോധം വെച്ചുപുലർത്തിയാണ് അത്തൻപള്ളിയാളി സമ്മേളനത്തിന് വന്നിരുന്നത്. പക്ഷേ നിങ്ങളുടെ പ്രസംഗം കേട്ടപ്പോൾ ഞാൻ വികാരഭരിതനായി കരഞ്ഞുപോയി "
ബ്രിട്ടനെതിരെ ഉശിരോടെ പ്രസംഗിക്കുന്ന ആ യുവാവിനെ ഗവൺമെന്റിന്റെ പിണിയാളുകൾ വെറുതെ വിടുമോ ?
1921 ഓഗസ്റ്റ് 16 ന് കോഴിക്കോട്ട് നിന്ന് മലബാർ കളക്ടർ ഇ എഫ് തോമസ് മദ്രാസ് ഗവർണർക്ക് അയച്ച ചരിത്രപ്രസിദ്ധമായ റിപ്പോർട്ട് ബ്രിട്ടീഷ് ഗവൺമെന്റിലെ അണ്ടർ സെക്രട്ടറിയായിരുന്ന ട്ടോട്ടെൻഹാം തന്റെ " The Mapillah Rebellion " എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗം മലയാളത്തിൽ ഇങ്ങനെ വായിക്കാം.
12. തൃക്കുളം തിരൂരങ്ങാടിക്കാരൻ തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ
10 ആം നമ്പർകാരനെ (കട്ടിലശ്ശേരി മൗലവി) പോലെ വെല്ലൂരിൽ പഠിച്ചിട്ടുണ്ട്. പാൻ ഇസ്ലാമിസം വെച്ചു പുലർത്തുന്ന വ്യക്തിയാണ്. ഏപ്രിൽ, മെയ് എന്നീ മാസങ്ങൾവരെ കോടൂരിലെ കിളിയമണ്ണിൽ മൊയ്തീൻ നടത്തുന്ന ഒരു സ്വകാര്യ മദ്രസയിൽ പഠിപ്പിച്ചു പോന്നു. അയാളുടെ അപകടപരമായ പ്രബോധനം കാരണം ആദ്യം താക്കീതുചെയ്യുകയും പിന്നീട് ദർസിൽ നിന്നു പിരിച്ചു വിടുകയും ചെയ്തു. അന്നു മുതൽ നാടുതോറും സഞ്ചരിച്ച് അപകടകരമായ ആശയപ്രചരണവുമായി നടക്കുകയാണ്.
ബ്രിട്ടീഷ് ഗവൺമെൻറ് ഉദ്യോഗസ്ഥൻ അപകടകരമായ ആശയപ്രചരണം എന്ന് പറയുന്നത് എന്തിനെക്കുറിച്ചാണെന്ന് പറയേണ്ടതില്ലല്ലോ.
ആലി മുസ്ലിയാരും മറ്റു പല പ്രമുഖരും അടങ്ങുന്ന ആ പതിനെട്ടംഗ ലിസ്റ്റിന് താഴെ തോമസ് എഴുതി
The above 18 persons are at this time most dangerous .
മേൽപ്പറഞ്ഞ 18 പേരാണ് ഈ സമയത്തെ ഏറ്റവും അപകടകാരികൾ .
https://archive.org/details/cu31924023929700/page/n6/mode/1up
മൗലവി ബ്രിട്ടന്റെ കണ്ണിലെ കരടാകാൻ കാരണമായ മറ്റൊരു സംഭവം കൂടിയുണ്ട്. 1919 ൽ ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ ജയിച്ചതിന്റെ ആഹ്ലാദസൂചകമായി ഇന്ത്യയിൽ രാജ്യവ്യാപകമായി വിജയദിനം കൊണ്ടാടിയിരുന്നു. നാട്ടിൽ പൊലീസ് സ്റ്റേഷനിൽ നടന്ന വിജയാഘോഷ ചടങ്ങിൽ, രാഷ്ട്രീയ പ്രസംഗകൻ എന്ന നിലക്ക് മൗലവിയെ കൂടി അവർ ക്ഷണിച്ചു.
എന്നാൽ, ബ്രിട്ടീഷ് സർക്കാറിന്റെ വിജയം മുസ്ലിംകൾക്ക് പ്രത്യേകം ആഘോഷിക്കാൻ മാത്രമില്ല' എന്ന മുഖവുരയോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ. കേട്ടുനിന്ന ഉദ്യോഗസ്ഥർ ഞെട്ടി. അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൗലവിക്കെതിരെ പിന്നീട് കേസെടുക്കുകയുണ്ടായി. കൊലക്കുറ്റവും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ചുമത്തി, തയ്യിൽ മുഹമ്മദ് കുട്ടിയെ പിടികൂടി മൂന്ന് മാസത്തിനകം തൂക്കിക്കൊല്ലാൻ ഇംഗ്ലീഷുകാരന്റെ ഉത്തരവ്.
ഭീഷണികൾക്കും വിരട്ടലുകൾക്കും പിന്തിരിപ്പിക്കാൻ കഴിയുന്ന ഭീരുവായിരുന്നില്ല മൗലവി. 1921 ജൂലൈ 22-ാം തിയ്യതി തിരൂരങ്ങാടിയിൽ വെച്ച് ഖിലാഫത്ത് സംഘടനയുടെ അഞ്ചാമത്തെ പൊതുയോഗം ചേർന്നു. സമ്മേളനത്തിൽ കെ എം മൗലവി പ്രസംഗിക്കുന്നതിനിടയിൽ മഴ പെയ്യാൻ തുടങ്ങി. ആളുകൾ പലഭാഗത്തേക്കും ഓടാനൊരുങ്ങി. അത് കണ്ടപ്പോൾ മൗലവി സാഹിബ് ദൃഢസ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
“സഹോദരന്മാരെ, ഞാൻ ബ്രിട്ടീഷ് ഗവൺമെന്റിനെതിരായ ഒരു സഹനസമരത്തിനാണ് നിങ്ങളെ ക്ഷണിക്കുന്നത്. തോക്കിന്റെ മുമ്പിൽ പോലും ആദർശധീരതയോടുകൂടി ഉറച്ചു നിൽക്കേണ്ട നാം നനയുന്നത് പേടിച്ച് പിൻവാങ്ങുന്നത് ശരിയാണോ?ഉചിതമായ നടപടിയാണോ?'
ആ വാക്കു കേട്ടപ്പോൾ ഓടാനൊരുങ്ങിയിരുന്നവർ തോരാത്ത മഴയെ അവഗണിച്ചുകൊണ്ട് മൗലവിയെ ശ്രവിച്ചുകൊണ്ട് ആ മഴയത്ത് നിന്നു . അതിനിടയിൽ തിരൂരങ്ങാടി ഖിലാഫത്ത് സംഘം സെകട്ടറിയായിരുന്ന കെ കോയട്ടി മൗലവി മൗലവിക്ക് ഒരു കുടപിടിച്ച് കൊടുത്തു.
കെ എം മൗലവി എന്ന ധീരമനുഷ്യൻ പ്രതികരിച്ചു. “മകനെ, ഞാൻ മഴപേടിച്ച് പോകരുതെന്ന് ജനങ്ങളെ ഉപദേശിക്കുന്നു. എനിക്ക് മഴ കൊണ്ടുകൂടെന്ന് പറയുന്നത് ശരിയല്ല. കുട പൂട്ടുക, ഞാൻ മഴകൊണ്ടു പ്രസംഗിക്കാം”
മൗലവിയുടെ നിർബന്ധം നിമിത്തം അദ്ദേഹം കുടയടക്കാൻ നിർബന്ധിതനായിത്തീർന്നു. നാല് മണിക്കൂർ നീണ്ടു നിന്ന പ്രസംഗമായിരുന്നു അത്. കെ എം മൗലവി ഒരാദർശപുരുഷനായിരുന്നു. വാക്കിനുയോജ്യമായ കർമ്മമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
അതുകൊണ്ടുതന്നെയാണ് തയ്യിൽ മുഹമ്മദ്കുട്ടി മുസ്ല്യാർ എന്ന പണ്ഡിത വര്യനായ ആ ചെറിയ മനുഷ്യൻ ജനലക്ഷങ്ങൾക്ക് തണൽ നൽകുന്ന ഒരു മഹാവൃക്ഷമായിത്തീർന്നത്.
മലബാർ സമരം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ഒരിക്കൽ ഒരത്യാവശ്യ കാര്യത്തിനായി മൗലവി പരപ്പനങ്ങാടിയിൽ നിന്ന് ഷൊർണൂരിലേക്ക് തീവണ്ടി മാർഗം യാത്ര ചെയ്യുകയുണ്ടായി. ഷോർണൂരിൽ വണ്ടി ഇറങ്ങിയ ഉടനെ തന്നെ ഒരു കോൺസ്റ്റബിൾ മൗലവിയെ തടഞ്ഞു നിർത്തി. നിങ്ങൾ ആരാണ് ? എവിടെ നിന്നു വരുന്നു എന്നന്വേഷിച്ചു.
ഞാൻ തയ്യിൽ മുഹമ്മദ്കുട്ടിയാണ്, പരപ്പനങ്ങാടിയിൽ നിന്നു വരുന്നു!' എന്ന് മറുപടി.
ബ്രിട്ടീഷ് സർക്കാർ രാജ്യദ്രോഹിയായി പ്രഖ്യാപിച്ച മനുഷ്യനാണ് തന്റെ മുമ്പിൽ യാതൊരു കൂസലുമില്ലാതെ ഈ മറുപടി പറയുന്നത്. പോലീസുകാരൻ അന്ധാളിക്കാൻ ഇതിൽപരമെന്തുവേണം ?
" പോലീസുകാരോട് ഇങ്ങനെ നേരുപറയുന്നത് അപകടമാണ്. വേഗം സ്ഥലം വിടണം" അദ്ദേഹം മൗലവിയെ ബലമായി താക്കീതു ചെയ്തു.
നിങ്ങൾ മാർഷൽ ലോ ഘട്ടത്തിൽ എന്തിനു സത്യം പറഞ്ഞു എന്നൊരിക്കൽ സഹപ്രവർത്തകന്മാരിൽ ഒരാൾ ചോദിച്ചപ്പോൾ മൗലവി ഇങ്ങനെ പ്രതിവചിച്ചു." അല്ലാഹു വിധിച്ചാൽ എന്തു പറഞ്ഞാലും രക്ഷപ്പെടുകയില്ല. അവന്റെ വിധിയില്ലെങ്കിൽ സത്യം പറഞ്ഞാൽ പിടിക്കാൻ ആർക്കും കഴിയുന്നതുമല്ല"
കെ എം മൗലവി എന്ന മനുഷ്യനിൽ രൂഢമൂലമായിരുന്ന റബ്ബിനോടുള്ള തവക്കുൽ പ്രകടമാക്കുന്ന ഒരു ചെറിയ സംഭവം മാത്രമാണിത്.
മാപ്പിള സമരം അവസാനിച്ചതിനുശേഷം പട്ടാളം മൗലവിക്കായി ക്രൂരമായ വേട്ട നടത്തി. തിരച്ചിലിനിടയിൽ തിരൂരങ്ങാടി നടുവിലെ പള്ളിയിൽ മൗലവിയുടെ ഗുരുവായിരുന്ന കോടഞ്ചേരി മമ്മദ് കുട്ടി മുസ്ലിയാരുടെ വീട് പട്ടാളം മൗലവിയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചു അഗ്നിക്കിരയാക്കിയിട്ടുണ്ട്.
ഇങ്ങനെയുള്ള സംഭവവികാസങ്ങളെ തുടർന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാരാഞ്ഞത്. കൊടുങ്ങല്ലൂരിലേക്ക് പോകാനുള്ള തീരുമാനമുണ്ടാകുന്നത് അങ്ങനെയാണ്.
കൊടുങ്ങല്ലൂർ എത്തിയിട്ട് ഈ ഭരണകൂടവേട്ട അവസാനിച്ചു എന്ന് കരുതണ്ട. പോലീസുകാരുടെ നിരന്തരശല്യം നിമിത്തം എവിടെയും മൗലവിക്ക് സ്വസ്ഥമായി താമസിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യകാലത്ത് കെ എം സീതി സാഹിബിന്റെ വീട്ടിൽ താമസിച്ചിരുന്ന മൗലവി പിന്നീട് പല ഘട്ടങ്ങളിലായി . മണപ്പാട്ട് സഹോദരന്മാരുടെ ഐക്യവിലാസം പുത്തൻവീട്, കരിക്കുളം തറവാട്, മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബിന്റെ കറുകപ്പാടം വീട് എന്നിങ്ങനെ പതിമൂന്നോളം ഭവനങ്ങളിൽ മാറി താമസിച്ചിട്ടുണ്ട്.
അക്കാലത്തൊരിക്കൽ ഒരു പോലീസുദ്യോഗസ്ഥൻ ഏതാനും കാലം മൗലവിയുടെ ശിഷ്യനെന്ന ഭാവത്തിൽ കൊടുങ്ങല്ലൂർ കഴിച്ചു കൂട്ടി. ആ സംഗതി ആർക്കും മനസ്സിലാക്കാൻ ഒത്തില്ല. അത്രമാത്രം സൂത്രക്കാരനായിരുന്നു ആ പോലീസുദ്യോഗസ്ഥനായ മുസ്ലിം. അധിക ദിവസങ്ങൾക്ക് മുമ്പുതന്നെ 35 പോലീസുകാർ മൗലവി താമസിച്ചിരുന്ന ഭവനം വളഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ സമയത്ത് മൗലവി സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം ആ സമയത്ത് ആലുവയിൽ നിന്നു കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്നു. മൗലവി സഞ്ചരിച്ചിരുന്ന ബോട്ട് ഈ സമയത്ത് തിരിച്ചയച്ചു.
മണത്തറിഞ്ഞ് പോലീസുകാർ തിരഞ്ഞു വന്ന സന്ദർഭങ്ങളിലൊക്കെയും തന്നെ അവർ പരതുന്ന വീടുകളിൽ മൗലവി ഉണ്ടായിരുന്നില്ലെന്നതും അല്ലാഹുവിൻറെ വലിയ അനുഗ്രഹമായിരുന്നു. ഒരിക്കൽ ഒരു ദിവസം രാത്രി ഒരു തർക്കം പറഞ്ഞു തീർക്കുന്നതിനായി കെ എം സീതി സാഹിബിനും മണപ്പാട്ട് പി കുഞ്ഞുമുഹമ്മദ് ഹാജി സാഹിബിനും കൊച്ചിയിൽ പോകേണ്ടതുണ്ടായിരുന്നു. അപ്രതീക്ഷിതമായി പനി ബാധിച്ചതു നിമിത്തം മണപ്പാട്ട് ഹാജിസാഹിബ് തന്റെ പ്രതിനിധിയായി മൗലവിയെയാണ് പകരം അയച്ചത്. മൗലവിയും സീതി സാഹിബും കൊച്ചിയിലേക്ക് ബോട്ട് കയറി.അവർ പോയി അരമണിക്കൂറിനുള്ളിൽ ഒരു പോലീസ് സംഘം അദ്ദേഹം താമസിച്ചിരുന്ന മണപ്പാട്ട് സഹോദരന്മാരുടെ വീട്ടിലേക്ക് ഇരച്ചു കയറി. മണപ്പാട്ട് മുഹമ്മദ്കുട്ടി ഹാജി അവരോടിങ്ങനെ പറഞ്ഞു. “നിങ്ങൾ തിരയുന്ന വ്യക്തി എവിടെയാണുള്ളതെന്നെനിക്കറിയാം. പക്ഷെ ഞാനത് പറയുകയില്ല. ആ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ സഹോദരനും ധീരനുമായിരുന്ന മണപാട്ട് പി. കൊച്ചു മൊയ്തീൻ ഹാജി പോലീസ് വൃന്ദത്തെ നോക്കി ഇങ്ങനെ പ്രസ്താവിച്ചു. “കൊതുകു പോലുള്ള ഒരു മനുഷ്യനെ പിടിക്കാനാണല്ലോ നിങ്ങൾ ഇത്രയും വലിയ പോലീസ് സംഘം വന്നിട്ടുള്ളത്; ഞങ്ങളുടെ ജീവൻ അവശേഷിക്കുന്ന കാലത്തോളം അദ്ദേഹത്തെ പിടിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. “ പോലീസുകാർ പരിഭ്രാന്തരായി തിരിച്ചു പോന്നതു മിച്ചം.
മൗലവി സാഹിബിനെ പോലീസുകാർ അന്വേഷിച്ചിരുന്ന ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ധർമ്മപത്നിയായിരുന്ന സി കെ ഫാത്തിമാക്കുട്ടി അശേഷം ചാഞ്ചല്യം പ്രദർശിപ്പിച്ചിരുന്നില്ല. അവർ അസാമാന്യമായ ആത്മധൈര്യത്തോടുകൂടി അതിനെയെല്ലാം നേരിട്ടു. പോലീസുകാരുടെ ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ അവർ പതറുകയോ ഇടറുകയോ ചെയ്തില്ല. ഒരിക്കലൊരു പോലീസുദ്യോഗസ്ഥൻ അവരോട് അന്വേഷണ റിപ്പോർട്ടിൽ ഒപ്പുവെക്കാനാവശ്യപ്പെട്ടു. "എന്റെ ഭർത്താവിന്റെ അനുമതി കൂടാതെ ഞാനൊപ്പിടുകയില്ല" എന്ന അവരുടെ നിശ്ചയദാർഢ്യം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ "വല്ലാത്തൊരു മാപ്പിളപ്പെണ്ണ് " എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനേ പോലീസുദ്യോഗസ്ഥന്മാർക്ക് കഴിഞ്ഞുള്ളൂ.
മൗലവിക്ക് സംരക്ഷണമൊരുക്കുന്നതിൽ കൊടുങ്ങല്ലൂരിലെ ജനങ്ങൾ ബദ്ധശ്രദ്ധരായിരുന്നു. അതിൽ മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ഈ ചരിത്ര വസ്തുത മൗലവിയുടെ സന്തതസഹചാരിയും സഹപ്രവർത്തകനുമായിരുന്ന ഇ കെ മൗലവി സാഹിബ് ഒരനുസ്മരണ ലേഖനത്തിൽ വ്യക്തമാക്കിയതു കാണുക.
" മലബാറിൽ നിന്നു ഒരു സബ് ഇൻസ്പെക്ടറും പാർട്ടിയും കൊടുങ്ങല്ലൂരിൽ വന്നിട്ടുണ്ടെന്നും അവരുടെ ഉന്നം കെ എം മൗലവിയാണെന്നും വിവരം കിട്ടിയതനുസരിച്ച് പലരും പോലീസ് സ്റ്റേഷന്റെ പരിസരത്തിലെത്തി. മലബാറിൽ നിന്നു വന്ന സബ് ഇൻസ്പെക്ടറും പാർട്ടിയും അമ്പലനടക്കൽ നിൽക്കുന്നതായി കണ്ട ഉടനെ കെ സി കുട്ടികൃഷ്ണ മേനോൻ എന്നൊരാൾ ഇൻസ്പെക്ടറുടെ അടുത്തു ചെന്നു. നിങ്ങൾ ഇവിടെ എന്തുദ്ദേശത്തോടുകൂടിയാണ് വന്നിട്ടുള്ളതെന്നു ചോദിച്ചു.ഞങ്ങൾക്ക് ഇവിടെ ഒരാളെ പിടികൂടേണ്ടതുണ്ടായിരുന്നു. അത് സാധിക്കുകയും ചെയ്തു. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മേനോൻ പറഞ്ഞു: തയ്യിൽ മുഹമ്മദ് മുസ്ല്യാരെ പിടിക്കാൻ വന്നതാണെന്നു കരുതിയാണ് ഞാൻ ചോദിച്ചത്. അദ്ദേഹം ഇവിടെയുണ്ട്. ഇവിടുത്തെ മുസ്ലിംകളെ പറ്റി ഞാനൊന്നും അറിയുകയില്ല. എന്നാൽ ഇവിടുത്ത ഹിന്ദുക്കളുടെ ശവശരീരത്തിൽ ചവിട്ടിക്കൊണ്ടല്ലാതെ നിങ്ങൾക്ക് അദ്ദേഹത്തെ അറസ്റ്റു ചെയ്യുവാൻ സാധിക്കുകയില്ല' എന്നു ഞാൻ തീർത്തു പറയുന്നു. ഇൻസ്പെക്ടർ പറഞ്ഞു. അദ്ദേഹം ഇവിടെയുണ്ടെന്നു ഞങ്ങൾക്കറിയാം. എന്നാൽ അദ്ദേഹത്തെ പിടിക്കുവാൻ ഞങ്ങൾക്കുദ്ദേശ്യമില്ല; അതിനു ഞങ്ങൾ വന്നിട്ടുമില്ല.
ഇതിൽ നിന്നു മനസ്സിലാക്കാം കൊടുങ്ങല്ലൂരിലെ മുസ്ലിംകളുടെയും അമുസ്ലിംകളുടെയും മനസ്സിൽ കെ എം മൗലവി എന്ന വ്യക്തിത്വം എത്ര ആഴത്തിലാണ് പതിഞ്ഞത് എന്ന്.
കൊടുങ്ങല്ലൂരിൽ താമസിക്കുന്ന കാലത്ത് തന്നെയാണ് മൗലവി ആദ്യമായി ഹജ്ജിനു പോകുന്നത്. വിശുദ്ധ ഹജ്ജ് കഴിഞ്ഞു മൗലവിയും സഹയാത്രികരും ജിദ്ദയിൽ നിന്നു ബോംബെക്ക് കപ്പൽ കയറി. കപ്പൽ ബോംബെയിലെത്താൻ സമയത്ത് ബോംബെ പോലീസ് സൂപ്രണ്ടിനൊരു ഊമക്കത്തു കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
"ബഹുമാനപ്പെട്ട ബ്രിട്ടീഷ് ഗവർമെണ്ടിന്നു പിടികിട്ടേണ്ട ഒരു പുള്ളി തയ്യിൽ മുഹമ്മദുകുട്ടി മുസ്ല്യാർ ഇന്ന് ഇന്ന ആളുകളോടുകൂടി ബോംബെയിൽ അടുത്ത തിയ്യതിക്കെത്തുന്ന കപ്പലിലുണ്ടാകുന്നതാണ്. അദ്ദേഹത്തെ അവിടെ വെച്ചു അറസ്റ്റു ചെയ്യണം "
കപ്പൽ നങ്കൂരമിട്ടപ്പോൾ മൗലവിയെയും കൂട്ടരേയും തടവിലാക്കാൻ കൈയാമങ്ങളുമായി കാത്തു നിൽക്കേണ്ട ബോംബെ പോലീസ് സൂപ്രണ്ട് ടി സി മാഹിൻ പക്ഷേ മൗലവി അടങ്ങുന്ന കൊടുങ്ങല്ലൂരിലെ ഹാജിമാരെ സ്വീകരിക്കാൻ ബോബെ തുറമുഖത്ത് അക്ഷമനായി കാത്തുനിൽക്കുകയായിരുന്നു. അല്ലാഹു മൗലവിയെ സംരക്ഷിച്ചു. അന്നത്തെ ബോംബെ പോലീസ് സൂപ്രണ്ട് തലശ്ശേരി സ്വദേശിയും നല്ലൊരു വ്യക്തിയുമായിരുന്ന ടി സി മാഹിൻ സാഹിബായിരുന്നു
കെ എം മൗലവിയെയും കൂട്ടുകാരെയും അദ്ദേഹം ബഹുമാനപുരസ്സരം സ്വീകരിച്ചു സ്വവസതിയിലേക്കു കൂട്ടികൊണ്ടു പോയി. രണ്ടു ദിവസം അവരെ സത്ക്കരിച്ചു. അല്ലാഹു രക്ഷിക്കും എന്നു പറഞ്ഞ് അവരെ യാത്രയാക്കുകയും ചെയ്തു ടി സി മാഹിൻ . യാത്രാമധ്യേ മൗലവിയെ ബോംബെയിലെയോ മദ്രാസിലെയോ പോലീസുകാർ അറസ്റ്റ് ചെയ്യാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും ആ പോലീസ് സൂപ്രണ്ട് ഒരുക്കിയിരുന്നു. കൊടുങ്ങല്ലൂരെത്തി ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് ഊമക്കത്തിന്റെയും ശേഷമുണ്ടായ സംഭവങ്ങളുടെയും നിജസ്ഥിതി മൗലവിയും കൂട്ടരും മനസ്സിലാക്കുന്നത് തന്നെ.
കെ എം മൗലവി വല്ലാത്തൊരു മനുഷ്യൻ തന്നെയായിരുന്നു. ഇൽമും അമലും കൂടിച്ചേർന്ന ഒരു മനുഷ്യൻ.
യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ആദർശസമരം ശക്തമായി തുടരുമ്പോഴും എതിരാളികളോട് ഒരിക്കൽ പോലും മൗലവി മാന്യത വിട്ടു പെരുമാറിയിട്ടില്ല. വ്യക്തിഹത്യയും ഇകഴ്ത്തലുകളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കാണുക സാധ്യമേയല്ല. മറുപടി ലേഖനങ്ങളിലും പ്രസംഗങ്ങളിലും അദ്ദേഹം വ്യക്തികളെ പരാമർശിച്ചിരുന്നില്ല വിഷയങ്ങളെ മാത്രമാണ് പരാമർശിക്കാറ്. സമസ്തയുടെയും മറ്റും നേതാക്കളെ രോഗിയായിരിക്കുമ്പോൾ സന്ദർശിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നു. അമുസ്ലിംകളുമായും അദ്ദേഹം നല്ല സൗഹൃദം പുലർത്തിയിരുന്നു.
അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു മൗലവി. അൽ ഇബാദത്ത് എന്ന പേരിൽ മൗലവി എഴുതിയ അറബി കൃതിയെക്കുറിച്ച് ആധുനിക ലോകത്തെ വിശ്വവിഖ്യാതപണ്ഡിതൻ ശൈഖ് ഇബ്നു ബാസ് (റഹി) പോലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൻറെ ഒരു കോപ്പി മൗലാനാ അബുൽ അഅ്ലാ മൗദൂദി (റഹി) ക്കും അയച്ചു കൊടുത്തിരുന്നു.
മൗലവിയെ കണ്ട് സലാം ചൊല്ലുന്ന അപരിചിതന്മാരെയും സാധാരണക്കാരെയും അദ്ദേഹം സലാം മടക്കി ഹസ്തദാനം നൽകി സ്വീകരിക്കും. സ്വന്തം വീട്ടിൽ നിന്നാണെങ്കിൽ അവിടെയുള്ള ഭക്ഷണം (ചായ, ഊണ്) മുതലായവ കഴിപ്പിക്കും. ആഗതർക്കു വേണ്ടി പ്രാർത്ഥിക്കും. സംശയനിവൃത്തി വരുത്തും. അവരുടെ ആവശ്യങ്ങൾ സാധിക്കുന്നത്ര നിർവഹിച്ചു കൊടുക്കാൻ ശ്രമിക്കും. വീട്ടിൽ നിന്ന് പോകുന്നവരുടെ കൂടെ പടിവാതിൽ വരെ അനുധാവനം ചെയ്യും. കെ എം മൗലവിയും കുടുംബവും എത്രയോ ദിവസം അർദ്ധ പട്ടിണിയിലും മുഴു പട്ടിണിയിലും കഴിഞ്ഞിട്ടുണ്ട്. പക്ഷെ ആ രഹസ്യം മറ്റാരും അറിഞ്ഞിരുന്നില്ല . പി എം ആറ്റക്കോയ തങ്ങൾ, സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ മുതലായവർ എത്രയോ പ്രാവശ്യം ആ മഹാനുഭാവന്റെ വീട്ടിലേക്ക് അരിച്ചാക്കുകൾ വാങ്ങി കൊടുത്തയച്ചിട്ടുണ്ട്.
തൗഹീദീ ആദർശം മുറുകെപ്പിടിച്ചതിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾക്കും മൗലവി ഇരയായിട്ടുണ്ട്. ചന്തപ്പടി മമ്പുറം ഭാഗം വഴി മൗലവിയുടെ മക്കൾ നടന്നുപോകുമ്പോൾ കുട്ടികൾ കല്ലെറിയും. വടി മുണുങ്ങി എന്നുവിളിച്ച് കളിയാക്കി കൂക്കിവിളിക്കും. അദ്ദേഹത്തിൻറെ ഉപദേശമനുസരിച്ച് മക്കൾ അതൊക്കെ ക്ഷമിക്കും സഹിക്കും. അദ്ദേഹം അങ്ങനെയായിരുന്നു. വഴിയോരങ്ങളിൽ വെച്ച് കൂകി പരിഹസിക്കുന്ന കുട്ടികളോട് പോലും സലാം ചൊല്ലി തലോടി കടന്നുപോയി അദ്ദേഹം. അദ്ദേഹത്തിൻറെ ഈ സ്വഭാവം പരിഹസിച്ചവരിൽ പലരുടെയും മാനസാന്തരത്തിന് പിന്നീട് ഇടയാക്കിയിട്ടുണ്ട് .
മൗലവിയുടെ ഉസ്താദ് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയിലൂടെ ആരംഭിച്ച മദ്രസ പ്രസ്ഥാനത്തിലൂടെ അറിവ് നേടി വന്ന സമുദായത്തിലെ ചില വലിയ പിള്ളേർ ഇന്നും അദ്ദേഹത്തെ കളിയാക്കുന്നു.മൗലാന ചാലിലകത്തിന്റെ എഴുത്തുകാരനായിരുന്നതുകൊണ്ടാണ് കാത്തിബ് എന്ന പേര് തന്നെ കെ എം മൗലവിക്ക് ഉണ്ടാകുന്നത്. മൗലവിയെ പരിഹസിക്കുന്നവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ .
1964 സപ്തമ്പർ 10 വ്യാഴാഴ്ച മൗലവി വഫാത്തായി. പിറ്റേന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഖബറടക്കത്തിൽ പങ്കുചേരാൻ നാനാഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആളുകൾ തിരൂരങ്ങാടി ചിനക്കൽ പള്ളി ഖബർസ്ഥാനിൽ കുഴിച്ചുവച്ച ഒരു ഖബർ കണ്ടു. കെ എം മൗലവി (റഹി) എന്ന ആ മഹാരഥൻ തന്നെ ഖബറടക്കാനായി നേരത്തെ കുഴിപ്പിച്ചു വച്ച ഒരു ഖബർ . അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ .
അന്ത്യ രോഗശയ്യയിൽ വീണ അതേ ദിവസം പകൽ വൈത്തല അഹ്മദു കൂട്ടി മുസ്ലിയാരും കെ എം മൗലവിയും തിരൂരങ്ങാടിയിൽ ചുറ്റിനടന്നു. അദ്ദേഹത്തിൻറെ അവസാനത്തെ നടത്തമായിരുന്നു അത്. വൈത്തല അഹ്മദുകുട്ടി മുസ്ല്യാർ മൗലവിയുടെ മരണശേഷം രചിച്ച മർസിയ്യയിൽ (വിലാപ കാവ്യത്തിൽ) ഇങ്ങിനെ പാടി.
“ ആഹ്! കാത്തിബ് താങ്കളൊരു വിജ്ഞാന സൂര്യനായിരുന്നു. മരണമാകുന്ന കാർമേഘം താങ്കളെ അവിചാരിതമാം വിധം മറച്ചുവെന്നോ? പരമകാരുണികൻ താങ്കളുടെ പാരത്രിക ജീവിതം ക്ഷേമപൂർണ്ണമാക്കട്ടെ . മൗലാനായുടെ കാത്തിബ് അല്ലാഹു ഉദ്ദേശിക്കുന്ന കൂട്ടത്തിൽ ഞങ്ങളും നിങ്ങളെ അനുഗമിക്കുന്നതാണ് "
ആരാണ് ഈ മർസിയ്യ എഴുതിയതെന്നോ? നാദാപുരത്തും മുക്കത്തും വാദപ്രതിവാദഘട്ടങ്ങളിൽ കെ എം മൗലവിയുടെ പ്രതിപക്ഷ കക്ഷിയിൽപ്പെട്ട പണ്ഡിതൻ . അതാണ് കെ എം മൗലവി എന്ന മനുഷ്യൻറെ മാഹാത്മ്യം.
മൗലവിയുടെ ഒരു വസിയ്യത്ത് ഇവിടെ കുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
കെ എം മൗലവി കൊടുങ്ങല്ലൂരെത്തിയതിന്റെ അടുത്ത വെള്ളിയാഴ്ച അഴീക്കോട്ടെ പള്ളിയിൽ ജുമുഅ നമസ്കാരാനന്തരം ഒരു പ്രസംഗം ചെയ്തു. ആ പ്രസംഗത്തിന്റെ ആരംഭത്തിൽ അദ്ദേഹം പ്രസ്താവിച്ചതാണിത്.
''ചിലർ പറയുന്നത് കേൾക്കാം. മരിക്കുന്നതുവരെ നല്ലവണ്ണം കഴിഞ്ഞുകൂടണമെന്ന്; എന്നാൽ ഞാൻ നിങ്ങളോട് ഉറപ്പിച്ചു വസ്വിയ്യത്ത് ചെയ്യട്ടെ.അതെ മരിക്കുവോളം നല്ലവണ്ണം കഴിഞ്ഞുകൂടണം. എന്നാൽ മരണാനന്തരവും നല്ലവണ്ണം കഴിഞ്ഞുകൂടണം. അതിനുള്ള മാർഗമാണ് ഇസ്ലാം അനുസരിച്ചു ജീവിക്കലും മരിക്കലും "
അദ്ദേഹം സ്ഥാപിച്ച സംഘടനക്ക് പോലും അദ്ദേഹത്തിൻറെ ആദർശങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയാത്ത ഈ കാലഘട്ടത്തിൽ മൗലവിയെ ഏറ്റെടുക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
ഇസ്ലാം അനുസരിച്ച് ജീവിക്കുക മരിക്കുക
കെ എം മൗലവി 💖
رحمه الله وغفر الله له

Comments
Post a Comment