രിഹ്ലത്തുൻ ഇല്മിയ്യ (1)
കഴിഞ്ഞ വർഷം നവംബറിൽ പ്രിയപ്പെട്ട ഉസ്താദ് ഫൈസൽ മൗലവിയും കുഞ്ഞാലിയാക്കയും ഹംസ ശാകിർക്കായും ജിയാദ്ക്കായും
ഞങ്ങളുടെ ബാച്ചും ചേർന്ന് ഉത്തരേന്ത്യയിലെ മുബാറക്പൂരിലേക്ക് നടത്തിയ രിഹ്ല ഇൽമിയ്യ മനസ്സിൽ നിന്ന് പോയിട്ടില്ല.
ഇപ്പൊ ഇതാ അടുത്ത ഒരവസരം വീണു കിട്ടി. അൽഹംദുലില്ലാഹ്.
ഈ യാത്രയിലുള്ളവർ
1.ശൈഖ് സുഹൈബ് ഹസൻ മുബാറക്ഫൂരി മദനി
2.അജ്മൽ ഫൗസാൻ
3.മുൻദിർ മാട്ടൂൽ
4.അൽതാഫ് അഹ്മദ്
5.സാദിഖ് അലി
ശനിയാഴ്ച രാത്രിയാണ് ജാമിഅയിൽ നിന്ന് പുറപ്പെട്ടത് .ജാമിഅഃയിൽ വന്ന നാൾ മുതൽ കാണുന്ന ജാമിഅയുടെ സ്വന്തം ബൊലേറോ ആയിരുന്നു ഞങ്ങളുടെ വാഹനം. ഈ വർഷം തുടങ്ങിയ ജാമിഅയുടെ ലേഡീസ് ക്യമ്പസിൽ കഴുതപ്പണിയെടുപ്പിക്കാൻ കൊണ്ടുപോയ ആശാൻ എങ്ങനെ അവിടെയെത്തി എന്നറിയില്ലെങ്കിലും നമ്മൾ ഏഴ് പേരെ മലപ്പുറം ksrtc സ്റ്റാൻഡിലെത്തിക്കാൻ അവൻ വിമുഖതയൊന്നും പ്രകടിപ്പിച്ചില്ല. യാത്രക്കായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട യാസീന് പനിയും മറ്റു പ്രയാസങ്ങളും കാരണം വരാൻ കഴിഞ്ഞില്ല. രാത്രി രണ്ടു മണിക്ക് പാലക്കാട് നിന്നാണ് തീവണ്ടി. അവിടേക്ക് ബസ്സിൽ പോകണം. മലപ്പുറത്ത് നിന്ന് ബസിൽ കയറി. അല്പം കഴിഞ്ഞ് തണുപ്പടിക്കാ തിരിക്കാൻ കമ്പിളിഷാളും തലവഴി ചുറ്റി ഉറങ്ങി. പന്ത്രണ്ടര സമയത്ത് റയിൽവേ റയിൽവേ എന്ന കണ്ടക്ടറിൻ്റെ കാറൽ കാതിലെത്തിയപ്പോൾ കണ്ണു തുറന്നു. ബസിലുള്ള അധികമാളുകളും റയിൽവേയിൽ ഇറങ്ങാനുള്ളവർ തന്നെയായിരുന്നു.
2 മണിക്കാണ് ട്രെയിൻ. ഹസൂർ സാഹിബ് എക്സ്പ്രസ്സ്. പാലക്കാട് നിന്നും ജോളാർപേട്ട് വരെ ഞങ്ങളെ കൊണ്ടുപോവാമെന്നും പറഞ്ഞ് കാശു വാങ്ങി പോക്കറ്റിലിട്ടു പുട്ടടിക്കാൻ പോയ ഹസൂർ സാഹിബ് പക്ഷേ ഞങ്ങളെ യാതൊരു ദയയുമില്ലാതെ പറ്റിച്ചു. പണ്ട് തീ തിന്ന് ഓടിയത് കൊണ്ട് മാത്രമല്ല തീവണ്ടിക്ക് തീവണ്ടി എന്ന് പേര് വന്നത് . ഇത് പോലെ കുറെ മനുഷ്യരെ തീ തീറ്റിക്കുന്നത് കൊണ്ട് കൂടിയാകണം. എറണാകുളത്ത് നിന്ന് കുളിച്ചൊരുങ്ങി ആറു മണിക്കൂർ വൈകി വരുന്ന സാഹിബിനെ കാത്തു നിൽക്കാൻ നമുക്ക് തീരെ സമയമില്ലാത്തതു കൊണ്ട് മാത്രമല്ല യാതൊരു താൽപര്യവും ഇല്ലാത്തത് കൊണ്ട് തന്നെ അന്തസായി ജനറൽ ടിക്കറ്റെടുത്ത് ഞങ്ങൾ അടുത്ത ട്രെയിനിൽ കയറി സീറ്റ് പിടിച്ചു.
തിക്കില്ല
തിരക്കില്ല
ഉന്തും തള്ളും തീരെയില്ല.
തരിശു കിടക്കുന്ന സീറ്റുകൾ.
ഒരു കാപ്പി മോന്തിയേച്ച് ശൈഖ് കൊണ്ട് വന്ന എന്തോ ഒരു പലഹാരത്തെ അപകൃപം പല്ലുകൾക്കിടയിലിട്ട് ഞെരിച്ച് കൊന്നുകൊണ്ടിരുന്നു.
ശേഷം ഞാനും മുൻദിറും അൽത്താഫും ശൈഖും സുഖമായി കിടന്നുറങ്ങി. സാദിഖലി കിടന്നില്ലെങ്കിലും ഉറങ്ങിയെന്ന് തോന്നുന്നു.
രാവിലെ എഴുന്നേറ്റ് ദന്തങ്ങൾ തേച്ചുരച്ച് കഴുകി. നിസ്കാരം നിർവ്വഹിച്ചു. ഡ്രസ്സ് മാറ്റി. ഏഴ് മണിക്ക് ജോളാർപേട്ട് സ്റ്റേഷനിൽ ഇറങ്ങി. നടന്ന് ജംഗ്ഷനിലെത്തിയപ്പോഴേക്കും വിശപ്പിൻ്റെ ആർത്തനാദങ്ങൾക്ക് അല്പം ചെവി കൊടുക്കാൻ നമ്മൾ തീരുമാനിച്ചു. ആവിപൊന്തും ചുടുസാമ്പാറിൽ മുങ്ങിയ മസാല ദോശയുടെ ചെറു ഖന്ധങ്ങൾ അത്യാഹ്ലാദത്തോടെ ഉദരപ്രവേശനം നടത്തി. പുറകെ രണ്ട് ഉഴുന്നു വടയെയും കഷ്ണങ്ങളാക്കി പറഞ്ഞയച്ചു. ഖാത്തിമത്ത് കുറിക്കാൻ ഒരു ചായയും ...
അനന്തരം ഒരാൾക്ക് 60 രൂപ വീതം പൈസ കൊടുത്തപ്പോൾ ഒരു നഷ്ടവും തോന്നിയില്ല .
ഇനി ബസ്സിൽ നേരെ ആമ്പൂരിലേക്ക്. ആമ്പൂരെത്തി അടുത്ത ബസ്സിൽ ഉമാറാബദിലേക്ക്. ഇതിനിടെ ഉമരി ഉസ്താദിൻ്റെ (ഫദ്ലുൽ ഹഖ് ഉമരി) സുഹൃത്തായ ഇബ്രാഹിം ഉമരി മെസ്സേജ് അയക്കുന്നുണ്ട്. ഇടക്കിടെ എവിടെത്തി എന്ന് ചോദിക്കുന്നുണ്ട്. ഞങ്ങൾ നിങ്ങളെ കാത്തു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യാത്ര പുറപ്പെടുന്നതിനു മുൻപ് തന്നെ ഉമരി ഉസ്താദിനോട് യാത്രയെ കുറിച്ച് സൂചിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ സഹപാഠികളും ഇപ്പോൾ ഉമാറാബാദിലെ അധ്യാപകരുമായ രണ്ട് പണ്ഡിതരോട് ഉസ്താദ് കാര്യങ്ങൾ പറഞ്ഞിരുന്നു .
അതുമാത്രമല്ല ഈ യാത്രയിൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും മേധാവികൾക്ക് ഔദ്യോഗികമായി തന്നെ ജാമിഅയുടെ റെക്ടർ ആയ പ്രിയപ്പെട്ട കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉസ്താദിൻ്റെ കത്ത് അയച്ചതിനുശേഷം ആണ് ഞങ്ങൾ യാത്ര തുടങ്ങിയത്.
ഉമാറാബാദിൽ ബസ്സിറങ്ങിയപ്പോൾ തന്നെ ബാംഗ്ലൂർകാരൻ ജാസിം ഞങ്ങളെ സ്വീകരിക്കാൻ അവിടെയെത്തി. അവസാനവർഷ വിദ്യാർത്ഥിയാണ് ജാസിം. ഈ വർഷം ഉമരി ആയി ഇറങ്ങാനുള്ളയാൾ.
ബസ് സ്റ്റോപ്പിൻ്റെ തൊട്ടടുത്ത് തന്നെയാണ് ജാമിഅ. കവാടം കടന്നപ്പോൾ തന്നെ ശൈഖിന്റെ സഹപാഠിയും സുഹൃത്തുമായ അബ്ദു സ്വബൂർ സലഫി മദനിയെ കണ്ടു. അദ്ദേഹമായിരുന്നു ഞങ്ങളെ സ്വീകരിച്ചത് മുതൽ എല്ലാ സ്ഥലങ്ങളും കൊണ്ടുനടന്നു കാണിച്ചത്.
നല്ല വൃത്തിയുള്ള സജ്ജീകരിച്ച രണ്ട് മുറികൾ ഞങ്ങൾക്കായി നൽകിയതിൽ ഞങ്ങൾ ബാഗുകൾ വെച്ചു. ഒന്നു ഫ്രഷായി. ശേഷം പ്രാതൽ കഴിച്ച് നേരെ ഓഫീസിലേക്ക് .
ജാമിഅ ദാറുസ്സലാം ക്യാമ്പസ് അതിവിശാലമാണ്. അതുപോലെതന്നെ ശാന്തവും. ഇവിടം ബഹള മുഖരിതമല്ല. ശബ്ദ കോലാഹലങ്ങൾ കേൾക്കാനില്ല.
ദാറുസ്സലാം - ശാന്തിയുടെ ഗേഹം
അബ്ദു സ്വബൂർ മദനി ഞങ്ങളെ ഒരു കെട്ടിടത്തിലേക്ക് നയിച്ചു. വിശാലമായ ഒരു ഓഡിറ്റോറിയം. കയറി ചെല്ലുമ്പോൾ തന്നെ ഇടതുവശത്തായി ഓഫിസ്. ഇപ്പോഴത്തെ മുഖ്യ കാര്യദർശി ശൈഖ് കാക്കാ സഈദ് അഹ്മദ് ഉമരിയുടെ മകൻ ശൈഖ് കാക്കാ അനീസ് ഉമരിയെ കണ്ടു. നേരത്തെ തന്നെ ഞാൻ അദ്ദേഹവുമായി വാട്സ്ആപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു . അതുപോലെ ശൈഖ് അബ്ദുല്ല ജോലം, ശൈഖ് അബ്ദുൽ അളീം മദനി തുടങ്ങിയവരും ഓഫീസിലുണ്ട് . പറപ്പൂർ ഉസ്താദിൻ്റെ കത്തും അറബി ഭാഷയിലുള്ള ജാമിഅയുടെ ബ്രോഷറുകളും അവർക്ക് നൽകി. അല്പം നേരം നീണ്ടു നിന്ന കുശലാന്വേഷണങ്ങൾക്കും ചായകുടിക്കും മറ്റും ശേഷം ഞങ്ങൾ വിഖ്യാതമായ ജാമിഅ ദാറുസ്സലാം വിശദമായി കാണാനിറങ്ങി. അബ്ദു സ്വബൂർ മദനി ഓരോ സ്ഥലത്തും കൊണ്ട് പോയി ഓരോന്നും വിശദീകരിച്ചു തന്നുകൊണ്ടിരുന്നു .
ശൈഖ് അബ്ദു സ്വബൂർ മദനി
സത്യം പറഞ്ഞാൽ എന്തൊക്കെയാണ് ഉമാറാബാദിൽ കണ്ടതെന്നും ആരെയൊക്കെയാണ് പരിചയപ്പെട്ടതെന്നും ചോദിച്ചാൽ കൃത്യമായി ഓർമ്മയില്ല. അത്രയധികം ആളുകളെ കണ്ടു. ഒരുപാട് കാര്യങ്ങൾ പരിചയപ്പെട്ടു.
ഓഫീസിൽ നിന്നിറങ്ങി വിവിധ ക്ലാസുകളിലേക്ക് പോയി. ഉസ്താദുമാർ ഇല്ലാത്ത ക്ലാസുകൾക്കുള്ളിൽ കയറി അൽപനേരം വിദ്യാർഥികളോട് സംസാരിക്കുകയും ചെയ്തു. ഒരുപാട് വിദ്യാർഥികൾ ഉള്ള വലിയ ക്ലാസുകളിൽ ഉസ്താദുമാർക്ക് ആയി മൈക്ക് സംവിധാനമുണ്ട്. കർണാടകയിൽ നിന്നും മധ്യപ്രദേശിൽ നിന്നും ഒക്കെ ഇവിടെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ഥാനവിയ്യ, ആലമിയ്യ, ഫളീല എന്നീ കോഴ്സുകളിലായി 700 ലധികം വിദ്യാർഥികളും ഖുർആൻ ഹിഫ്ള് ചെയ്യുന്ന 250 ൽ പരം വിദ്യാർത്ഥികളും ചേർന്ന് ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്.
പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്നവരെ ഇസ്ലാമിക വിജ്ഞാനീയങ്ങൾ പഠിപ്പിച്ചു ഒരു ഇമാമയും ഖത്തീബായും ഒക്കെ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അവിടെ സന്ദർശിച്ചു അവിടെയുള്ള കുട്ടികളോട് സംസാരിക്കുകയും ചെയ്തു. മാതാപിതാക്കൾ മുസ്ലിമായവർ , ജേഷ്ഠന്മാർ ഇസ്ലാമിലേക്ക് കടന്നുവന്നവർ അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഇസ്ലാമിലേക്ക് കടന്നുവന്ന കുട്ടികളെ കാണാൻ സാധിച്ചു. കർണാടകയിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നും യുപിയിൽ നിന്നുള്ളവരും ഒക്കെ ഇവിടെയുണ്ട്.
അവിടുത്തെ മുതിർന്ന അധ്യാപകനായ ശൈഖ് ഹാഫിള് ഉമൈർ ഉമരിയെ സന്ദർശിക്കാനാണ് പിന്നീട് പോയത് കുറേനേരം അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിൻറെ കുടുംബത്തെക്കുറിച്ചും നാടിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം ഞങ്ങൾക്കെല്ലാവർക്കും ഒരു അത്തർ സമ്മാനമായി നൽകുകയും ചെയ്തു. ഈ സ്ഥാപനത്തെക്കുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു അദ്ദേഹത്തിന് .അദ്ദേഹത്തിൻറെ പിതാവും പിതാവിൻറെ സഹോദരന്മാരെല്ലാവരും ഉമരികളാണ്. അദ്ദേഹത്തിൻറെ മക്കളും ഉമരികൾ തന്നെ.മക്കളുടെ മക്കളിൽ പലരും ഇപ്പോൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ നാട്ടിലും ഒരുപാട് ഉമരിമാർ ഉണ്ടത്രെ. ജമാഅത്തെ ഇസ്ലാമിയുടെ നേതാവ് ജലാലുദ്ദീൻ അൻസർ ഉമരി ഒക്കെ അതിൽപെടും എന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇവിടെ ജാമിഅയുടെ കീഴിൽ ഒരു ഐടിഐ പ്രവർത്തിക്കുന്നുണ്ട്. എവിടെ നിന്നും ഇസ്ലാമിക ബിരുദം നേടിയ പണ്ഡിതർക്ക് ഇവിടെ വന്ന് ഐടി മേഖലയിൽ ഒരു വർഷത്തെ വിദഗ്ധ പരിശീലനം നേടാം . പണ്ഡിതന്മാർക്ക് മാത്രമുള്ള കോഴ്സാണിത്. 2002ൽ തുടങ്ങിയ ഈ കോഴ്സിൽ നിലവിൽ ഒരുപാട് വിദ്യാർത്ഥികൾ പഠിക്കുന്നു. അവരിൽ യു പി യിൽ നിന്നുള്ളവരുമായി മുബാറക്പൂരി ഉസ്താദ് സംസാരിക്കുന്നത് കണ്ടു. ഉസ്താദിൻ്റെ സുഹൃത്തിൻ്റെ മകനും കൂട്ടത്തിലുണ്ട് . 1992 ലാണ് ഈ കെട്ടിടം പണി കഴിപ്പിക്കുന്നത് അന്ന് പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്സുകൾ പഠിപ്പിക്കാനുള്ള സ്ഥാപനമായിരുന്നു ഇത്. അതുപോലെ ലെതർ ഉൽപന്നങ്ങളുടെ നിർമാണരീതി പഠിപ്പിക്കുന്ന സംവിധാനവും ഇവിടെയുണ്ടായിരുന്നു. 10 വർഷങ്ങൾക്കുശേഷം 2002ലാണ് ഈ ഐടിഐ കോഴ്സ് നിലവിൽ വരുന്നത്. ഹോസുർകാരനായ അവിടുത്തെ മുദീർ വിശദീകരിച്ചു.
ഉച്ചയ്ക്ക് ഞങ്ങൾക്കായി ജാമിഅ വളരെ നല്ല ഭക്ഷണം തന്നെയാണ് ഒരുക്കിയിരുന്നത്. ഭക്ഷണത്തിന് ശേഷം മസ്ജിദിലേക്ക് പോയി. നല്ല ഉയരത്തിലാണ് മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്. ഡൽഹി ജുമാ മസ്ജിദിന്റെയൊക്കെ നിർമ്മാണശൈലി പോലെ പടവുകൾ കയറി വേണം പള്ളിയിലെത്താൻ. കയറി എത്തിയാലോ ആദ്യം കാണുന്നത് ഇരുവശത്തുമുള്ള ഹൗളുകളാണ്. പിന്നീടുള്ള മസ്ജിദിന്റെ ഭാഗത്ത് മേൽക്കൂരയില്ല. താഴെ മാർബിൾ വിരിച്ചിരിക്കുന്നു. പള്ളിയുടെ മുൻഭാഗം മാത്രമാണ് മേൽക്കൂരയോടുകൂടി ആളുകൾ നിസ്കരിക്കാൻ ഉപയോഗിക്കുന്ന കാർപെറ്റ് വിരിച്ച സ്ഥലം. ഡൽഹിയിലെ ജുമാ മസ്ജിദിനെ പോലെ മുഗൾ കാലത്തെ മസ്ജിദുകളുടെ അതേ ശൈലി.
ളുഹ്ർ നിസ്കാരം കഴിഞ്ഞ് റൂമിൽ ചെന്ന് അരമണിക്കൂർ മയങ്ങി. ക്ഷീണം കാരണമാകാം ഉറക്കത്തിന്റെ ഗാഢത എഴുന്നേറ്റിട്ടും അല്പനേരം എന്നെ വിടാതെ പിന്തുടർന്നു. ഇനി ലൈബ്രറി കാണണം. മസ്ജിദിൻ്റെ പുറകു വശത്താണ് ലൈബ്രറി. ഇവിടുത്തെ ലൈബ്രറി വളരെ വലുതും സമ്പന്നവുമാണ്. രണ്ടു നിലകളിലായി അനേകം ഷെൽഫുകളിൽ നിറച്ചുനിർത്തിയ ഗ്രന്ഥങ്ങൾ. ഓരോ ഫന്നിലും നിരവധി ഗ്രന്ഥങ്ങളും അതിൽ പലതും ആദ്യമായി കാണുന്നവയും.ഒരു വശം നിറയെ അറബി യാണെങ്കിൽ മറുവശം നിറയെ ഉർദു. മുകളിലത്തെ നിലയിൽ കുറെ പഴയ പുസ്തകങ്ങളുടെ കൂട്ടത്തിൽ മലയാള പുസ്തകങ്ങളും കണ്ണിലുടക്കി. ലൈബ്രറിയിൽ നമുക്കായി അവർ ചായ കൊണ്ടു തന്നു.
ചായ കുടിച്ചതിനുശേഷം പിന്നെയും ഇറങ്ങി നടന്നു. ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കുന്ന ഒരു ചെറിയ സ്ഥലമുണ്ട്. അവിടെ നിന്ന് ജാമിഅ ദാറുസ്സലാമിൻ്റെ ചരിത്രവും ഇതിനായി സേവനം ചെയ്ത പ്രമുഖരുടെ ചരിത്രവും വിവരിക്കുന്ന രണ്ട് ഗ്രന്ഥങ്ങൾ വാങ്ങി.
ജാമിഅയുടെ ഗേറ്റ് കടന്ന് റോഡ് മുറിച്ചു കടന്നാൽ നേരെ എതിർവശത്തുള്ള സ്ഥലത്തായിരുന്നു പഴയ ജാമിഅ ഉണ്ടായിരുന്നത്. ഞങ്ങൾ അങ്ങോട്ടേക്ക് പോയി. കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കും വിധം പണിതീർത്ത നല്ല രസമുള്ള പഴയ കെട്ടിടത്തിൽ ഇപ്പോൾ ഹിഫ്ള് പഠനം ആണ് നടക്കുന്നത്. 70 കൊല്ലം പഴക്കമുണ്ട് ഈ കെട്ടിടത്തിന്. നല്ല ഭംഗിയുള്ള ഒരു പള്ളിയും തൊട്ടടുത്തുണ്ട്. കുറച്ചു മാറി ജാമിഅയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റൽ കണ്ടു. അതിനടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴയ ലൈബ്രറി കെട്ടിടവും.
അസ്വ് റിൻ്റെ സമയമായി. നിസ്കാരം കഴിഞ്ഞ് ശൈഖ് അബ്ദു സ്വബൂർ കുട്ടികളോട് സംസാരിക്കാനായി മുബാറക്ഫൂരി ഉസ്താദിനെ ക്ഷണിച്ചു. സ്വാഗത സംസാരം നടത്തിയ അബ്ദു സ്വബൂർ മദനി വിദ്യാഭ്യാസത്തിൽ ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ നിന്നുള്ളവർ എന്നാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്.
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ മുൻപന്തിയിൽ നിൽക്കുന്നവരാണ് എന്നാണ് പേരെങ്കിലും ഒരു അന്തവും ഇല്ലാത്ത ജനതയാണ് നമ്മൾ എന്ന് തിരിച്ചറിയാൻ സമീപകാലത്തെ മലയാളം ചാനലുകളിലെ അന്തിചർച്ചകൾ തന്നെ മതിയായതാണ് എന്ന് അറിയാവുന്നത് കൊണ്ട് ആ പ്രശംസയിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
ജാമിഅഃ യെ കുറിച്ച് പറഞ്ഞപ്പോൾ അബ്ദു സ്വബൂർ മദനി അറബി ഭാഷയിൽ ക്ലാസ്സുകൾ നടക്കുന്ന സ്ഥാപനമാണിത് എന്നത് ഒരു സവിശേഷതയായി എടുത്തു പറയുകയും ചെയ്തു. മുൻപ് ഉത്തരേന്ത്യയിലെ പല സ്ഥാപനങ്ങളും സന്ദർശിച്ചപ്പോഴും ഈ പ്രശംസ കേട്ടിട്ടുണ്ട്. പൂർണ്ണമായും അറബി ഭാഷയിൽ ക്ലാസ്സ് നടക്കുന്ന സ്ഥാപനം, അറബി ഭാഷക്ക് പ്രാമുഖ്യം കൊടുക്കുന്നവർ.
ഹം കോ ഉർദു മേം ബഹുത് അങ്ങോട്ട് ബാത്ത് ചെയ്യാൻ ഉള്ള താഖത് ഇല്ലാത്തത് കൊണ്ട് എവിടെയും അറബിയിലാണ് നമ്മൾ സംസാരിച്ചിരുന്നത്. ഇന്ത്യയിൽ അറബിഭാഷ കൊണ്ട് അമ്മാനമാടുന്ന കുലപതികളുള്ള ലഖ്നൗ നദ്വത്തുൽ ഉലമയിലടക്കം നമ്മൾ അറബിഭാഷയിൽ ആശയവിനിമയം നടത്തിയത് കൊണ്ട് പല ഗുണങ്ങളും ഉണ്ടായി എന്ന് തോന്നിയിട്ടുണ്ട്. കേരളത്തിനേക്കാളും എത്രയോ ഇരട്ടി അറേബ്യൻ യൂണിവേഴ്സിറ്റികളിൽ പഠിച്ച അധ്യാപകർ ഉണ്ടായിട്ടും ഉത്തരേന്ത്യയിലെ വലിയ സ്ഥാപനങ്ങളിൽ പോലും ഇപ്പോഴും കുട്ടികൾക്ക് അറബി ഭാഷയിൽ ക്ലാസ്സ് എടുക്കുന്നതിനോട് വലിയ പ്രതിപത്തിയില്ല. ഉർദുവാണ് ഭൂരിഭാഗം പേർക്കും പഥ്യം.
ശൈഖ് മുബാറക്ഫൂരി ഉസ്താദ് അല്പനേരം സംസാരിച്ചു . കുട്ടികൾ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ശൈഖ് അബ്ദുല്ല ജോലമും അവിടെ ഉണ്ടായിരുന്നു. സംസാരത്തിന് ശേഷം ഞങ്ങൾ റൂമിലെത്തി. ശൈഖ് അബ്ദുല്ല ജോലം നമ്മുടെ കൂടെ വന്നു . ചായ കുടിച്ചു കൊണ്ട് അല്പനേരം അദ്ദേഹം നമ്മോടൊപ്പം ഇരുന്നു. വളരെ പ്രായമുണ്ട് അദ്ദേഹത്തിന്. പലതും അന്നേരം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിൻ്റെ പഠനത്തെ കുറിച്ച്. ജോലം എന്ന വ്യത്യസ്തമായ പേരിനെ കുറിച്ച്. അദ്ദേഹത്തിൻ്റെ ഡിഗ്രിയും പിജിയും ഡോക്ടറേറ്റും വിശ്വവിഖ്യാതമായ മദീന യൂണിവേഴ്സിറ്റിയിൽ നിന്നാണ്. ഇമാമുൽ ഹറമൈനിയുടെ തൽഖീസ് എന്ന ഉസൂലുൽ ഫിഖ്ഹ് ഗ്രന്ഥത്തിൻ്റെ തഹ്ഖീഖിനും പഠനത്തിനുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. ബയ്റൂത്തിലെ ദാറുൽ ബശാഇർ അൽഇസ്ലാമിയ്യ ഇത് മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചായകുടി കഴിഞ്ഞ് നേരെ റയിൽവേ സ്റ്റേഷനിലേക്ക് പോകണം. ഞങ്ങൾ ബാഗുമെടുത്ത് ഇറങ്ങിയപ്പോഴേക്കും പോകാനുള്ള 2 റിക്ഷകൾ ജാമിഅഃ ദാറുസ്സലാമിൻ്റെ ചെലവിൽ അതാ വരുന്നു.
ജാമിഅഃ വിദ്യാർത്ഥി ജാസിമിനെയും അവർ ഞങ്ങളുടെ കൂടെ അയച്ചു. എല്ലാവർക്കും സലാം പറഞ്ഞ് ഹസ്തദാനം ചെയ്ത് ഞങ്ങൾ ഉമാറാബാദിനോട് വിട പറഞ്ഞു.
ആമ്പൂർ റയിൽവേ സ്റ്റേഷനിലെത്തി. 6 മണിയുടെ ബൃന്ദാവൻ എക്സ്പ്രസ്സ് ഒരു വൻജനാവലിയെയും കുത്തി നിറച്ച് ഞങ്ങൾക്ക് മുൻപിൽ വന്നു നിന്നു. ആഞ്ഞ് വലിഞ്ഞ് ഞെങ്ങി ഞെരുങ്ങി ഒരു വിധം കയറിപ്പറ്റി. കുറെ നേരം നിന്നതിനു ശേഷമാണ് സീറ്റ് കിട്ടുന്നത്.
അവസാനം 9 മണിയായപ്പോൾ പുരട്ചി തലൈവർ എം ജി രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ കാലുകുത്തി.
ഞാൻ ആദ്യമായാണ് ചെന്നൈയിൽ വരുന്നത്. മുൻപൊരിക്കൽ ഉത്തരേന്ത്യയിൽ പോയപ്പോൾ ചെന്നൈ വഴി കടന്നുപോയിട്ടുണ്ട് എന്നെ ഉള്ളൂ . ഏതായാലും ഞങ്ങൾ ഭീമാകാരവും വിശാലവിസ്തൃതവും ജനനിബിഡവുമായ ആ കൂറ്റൻ സ്റ്റേഷനിൽ നിന്ന് പുറത്തു കടന്നു. കുറച്ച് നേരം തമിഴ്നാട്ടിലെ ഓട്ടോക്കാരുമായി വില പേശിക്കളിച്ചു. അവസാനം 5 കിലോമീറ്റർ മാത്രം ഇരിക്ക്റ റായപ്പേട്ട പോകറ്ത്ക്ക് അന്ത കഷ്മലൻമാർ 250 രൂപ വാങ്ങി.
എന്ന സെയ്യറ്ത് എല്ലാമെ സഹിക്കറത് താ ഇപ്പ നല്ലത്. റൊമ്പ ക്ഷീണമായിരുന്തതിനാലെ ഒരുപാടങ്ങ്ട് വിലപേശാനും മുടിയാത്.
ചെന്നൈ നഗരത്തിലെ തകര ബസുകൾക്ക് മുന്നിൽ അട വെച്ചും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ റോങ് സൈഡ് കളിച്ചും യഥാർഥ സൈഡിലൂടെ വരുന്ന കാറുകാരോട് സ്വച്ഛന്ദമായ തമിഴിൽ മധുരഭാഷണങ്ങൾ നടത്തിയും അയാൾ ഞങ്ങളെയും കൊണ്ട് ആ ഓട്ടോ നിരത്തുകളിലൂടെ ഉരുട്ടിക്കളിച്ചു. ഞങ്ങളും അയാളും ചേർന്ന് പച്ചക്കരളും രണ്ട് കണ്ണുമുള്ള മൊത്തം 6 മനുഷ്യന്മാർ അതിനുള്ളിലുള്ളത് അയാൾ വിസ്മരിച്ചത് പോലെ. അവസാനം അയാൾ ഞങ്ങളെയും ആ ഓട്ടോയെയും റായപ്പേട്ടയിലെത്തിച്ചു.
അല്ലാഹുവിനു സ്തുതി .
റായപ്പേട്ടയിലെ IRGC യിലാണ് ഇന്നത്തെ രാത്രിജീവിതം.
IRGC എന്നാൽ Ibnul Qayyim Research and Guidance Centre എന്നതിൻ്റെ ചുരുക്കപ്പേരാണ് . ഇസ്ലാമിക ക്ലാസ്സുകളും മറ്റു പ്രബോധന പ്രവർത്തനങ്ങളും നടക്കുന്ന ചെന്നൈ പട്ടണത്തിലെ ഒരു കേന്ദ്രം. ഒരു ഹിഫ്ള് സ്ഥാപനവും പള്ളിയും ലൈബ്രറിയും ചേർന്നതാണ് ഇവിടം. നേരത്തെ തന്നെ സുഹൃത്ത് അബുസ്വാലിഹ് വഴി ഇതിൻ്റെ ഡയറക്ടർ ദബീഹുല്ലാഹ് ഉമരിയോട് രാത്രി താമസത്തിനുള്ള അനുവാദം വാങ്ങിയിരുന്നു. വാച്ച്മാൻ നമ്മളെയും കാത്ത് അവിടെയുണ്ടാകും എന്നും അദ്ദേഹം പറഞ്ഞിരുന്നു . അവിടെ ചെന്നപ്പോൾ കിടക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി വാച്ച്മാൻ ഞങ്ങളെ സ്വീകരിച്ചു.
എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ ആ വാച്ച്മനുഷ്യൻ്റെ വാക്കും കേട്ട് ഞങ്ങൾ അമീൻ ഹോട്ടൽ തപ്പിയിറങ്ങി. Cafe Amin എന്ന ആ ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണം നല്ലത് തന്നെയായിരുന്നു.
പക്ഷേ ഒര് നിമിഷം.
ഇത് വായിച്ചു കൊണ്ടിരിക്ക്റ എന്നുടെ പ്രിയപ്പെട്ട വായനക്കാരാ എന്നെങ്കിലും നീങ്ക മദ്രാസ്സ്ക്ക് പോവുമ്പോത് ഒന്ന് ന്യാബഹത്തില് വെച്ച്ക്കോ.
യെതാവത് വളിയിരുന്താ
അന്ത ഹോട്ടല്ക്ക് ദയവ് സെഞ്ച് പോകാത്. ഉങ്കളുടെ പോക്കറ്റല്ല സകലമാന സകലതും കീറിപ്പോകും. ജാഗ്രതൈ !
ഭക്ഷണത്തിനുശേഷം തിരിച്ചു IRGC പള്ളിയിലെത്തി നിസ്കരിച്ചു. വാദിൽഹിക്മ മുതൽ റായപ്പേട്ട വരെയുള്ള പൊടികീടങ്ങൾ അഴുക്കുകൾ വിയർപ്പ് ഇത്യാദി വസ്തുവകകൾ ഞാനെൻ്റെ ശരീരത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നതിനാൽ വിസ്തരിച്ച് ഒരു സ്നാനം കഴിക്കാൻ ഞാൻ ദൃഢ നിശ്ചയം ചെയ്തു. ഞാൻ അത് സധീരം നടപ്പാക്കുകയും ചെയ്തു.
പള്ളി സ്നാനം കഴിഞ്ഞ് പിന്നെ ഞാൻ നിദ്രയിലേക്ക് വഴുതി വീണു....
മറ്റു ഫോട്ടോകൾ ...
ഉമാറാബാദ് കാഴ്ചകൾ 👇
ماشاءالله
ReplyDeleteبارك الله فيكم
ReplyDeleteഅടുത്തത് പ്രതീക്ഷിക്കുന്നു
👍🏻
ReplyDeleteأحسنت
ReplyDeleteبارك الله فيك 😍
അടുത്തത് പ്രതീക്ഷിക്കുന്നു...
ReplyDeleteMasha Allah
ReplyDeleteماشآالله
ReplyDeleteبارك الله فيكم
ReplyDeleteبارك الله فيك
ReplyDeleteأحسنت👍
Remaining?
ReplyDelete