രിവായ : ഹദീസ് വിമർശനങ്ങൾക്കെതിരെ ഒരു പുത്തൻ കാൽവെയ്പ്
അബ്ബാസികളുടെ കാലത്തെ ഇസ്ലാമിക തലസ്ഥാന നഗരി.
ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏതോ ഒരു ദിവസമായിരുന്നു അന്ന് .
ഖലീഫ ഹാറൂൻ റഷീദിന്റെ മുമ്പിൽ ഒരു സിൻദീഖിനെ ഹാജരാക്കിയിരിക്കുകയാണ്.
തന്നെ വധശിക്ഷക്ക് വിധേയനാക്കാൻ തീരുമാനിച്ച ഖലീഫയോട് പുച്ഛം കലർന്ന പരിഹാസസ്വരത്തിൽ അയാൾ പറഞ്ഞതിങ്ങനെ.
ഞാൻ വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ച ആയിരം ഹദീസുകളെ നിനക്കെന്തു ചെയ്യാൻ കഴിയും .
തന്നെ ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാൻ കഴിഞ്ഞെന്നു വന്നാലും താൻ തുപ്പിയ വിഷങ്ങളെ ഇസ്ലാമിക ലോകത്തിന് ഒന്ന് തൊടാൻ പോലും കഴിയില്ലെന്ന പാഴ്മോഹം!
പക്ഷെ ഇസ്ലാമിന്റെ അടിസ്ഥാനശിലകളിലൊന്നായ തിരുഹദീസുകൾക്ക് നേരെയുള്ള ആ തെമ്മാടി സിൻദീഖിന്റെ ധാർഷ്ട്യം നിറഞ്ഞ ചോദ്യം ഹാറൂൻ റഷീദിനെ തെല്ലും ഞെട്ടിച്ചില്ല.
ഖലീഫ പ്രതിവചിച്ചു : നീ കൊണ്ടുവന്ന ഓരോന്നിനെയും അക്ഷരം അക്ഷരമായ് വേർതിരിച്ചു പിടികൂടാൻ പ്രാഗല്ഭ്യവും പ്രാവീണ്യവുമുള്ള അബൂ ഇസ്ഹാഖ് അൽഫസാരിയും അബ്ദുല്ലാഹിബ്നുൽ മുബാറകുമൊക്കെ ഇവിടെ ജീവനോടെയുള്ളപ്പോൾ ഹേ അല്ലാഹുവിൻറെ ശത്രു നീ കിടന്ന് ഞെളിയാതെ .
ആയിരമല്ല പതിനായിരം ഹദീസുകൾ വ്യാജമായി നിർമ്മിച്ചു പ്രചരിപ്പിച്ചാലും അതിനെ അതിവിദഗ്ധവും സൂക്ഷ്മവുമായ പരിശോധനയിലൂടെ കണിശവും കൃത്യതയുമാർന്ന ഹദീസ് നിരൂപണ നിയമങ്ങളുടെ സഹായത്താൽ തലനാരിഴ കീറി പരിശോധിക്കാൻ ശേഷിയും ശേമുഷിയുമുള്ള മഹാപണ്ഡിതന്മാർ ഈ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന ഉറച്ച വിശ്വാസം ഹാറൂൻ റശീദിനുണ്ടായിരുന്നു. അതാണീ മറുപടിയിൽ നിഴലിക്കുന്നത്.
എപ്പോഴും അതങ്ങനെ തന്നെയായിരുന്നു.
ഇസ്ലാമിക പ്രമാണങ്ങൾക്കെതിരിൽ മാത്രമല്ല ഇസ്ലാമിനെതിരെ ഏത് ആരോപണങ്ങൾ ആര് ഉന്നയിച്ചാലും നിമിഷ നേരം കൊണ്ട് അതിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ കഴിയുന്ന പണ്ഡിത കേസരികൾ ഈ ദീനിനുണ്ട്.
വിമർശനങ്ങൾക്ക് മുന്നിൽ പരിചയായി നിലകൊള്ളാൻ മാത്രമല്ല ചാട്ടുളിയായി പാഞ്ഞുകയറാനും കഴിയുന്ന മുഹദ്ദിഥുകൾ നാഖിദുമാർ . . .
അബ്ദുല്ലാഹിബ്നുൽ മുബാറക്കിനോട് ആരോ ഒരിക്കൽ ചോദിച്ചുവത്രേ. ഈ കെട്ടിച്ചമച്ച ഹദീസുകളൊക്കെ എന്തു ചെയ്യുമെന്ന് ?
അദ്ദേഹം മറുപടി പറഞ്ഞത് ഇതിനുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച അതിപ്രഗൽഭരായ നിരൂപകപടുക്കളുണ്ട് എന്നായിരുന്നു. ശേഷം അദ്ദേഹം വിശുദ്ധ ഖുർആനിലെ ഈ വചനം പാരായണം ചെയ്തു.
إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ
നിശ്ചയമായും, നാം തന്നെയാണ് ഈ പ്രമാണത്തെ [ക്വുര്ആനെ] അവതരിപ്പിച്ചത്. നാം തന്നെ, അതിനെ കാത്തു സൂക്ഷിക്കുകയും ചെയ്തുകൊള്ളും. (സൂറ: ഹിജ്റ് - 15:9 )
ഇലാഹീ സംരക്ഷണമുള്ള ഇസ്ലാമിക പ്രമാണങ്ങളുടെ വിഷയത്തിൽ ഈ ഉമ്മത്തിനൊരിക്കലും തല ചൊറിഞ്ഞ് നിൽക്കേണ്ടി വരികയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം നമുക്കെന്നുമുണ്ടാകണം.
ഹദീസുകൾക്കെതിരെയുള്ള അക്രമണങ്ങൾക്ക് ഇന്നും ഒരു കുറവുമില്ല. എക്കാലത്തും തുടർന്ന് വരുന്ന ഒന്നാണത്.
തറാവീഹ് ഇരുപത് റക്അത്താണെന്ന തങ്ങളുടെ അഭിപ്രായം സ്ഥാപിക്കാൻ ഉത്തരേന്ത്യയിൽ നിന്ന് പ്രിന്റ് ചെയ്ത സുനനു അബീദാവൂദിന്റെ കോപ്പിയിൽ നടത്തിയ തിരിമറി പിടികൂടിയത് ഒരു നൂറ്റാണ്ട് മുൻപായിരുന്നു. ശൈഖ് സുൽത്താൻ മഹ്മൂദ് എന്ന പണ്ഡിതൻ ഒരു ഗ്രന്ഥം തന്നെ ഇവ്വിഷയത്തിൽ രചിച്ചിട്ടുണ്ട്.
نعم المشهود على تحريف الغالين في سنن أبي داود
എന്നായിരുന്നു അതിന്റെ പേര്.
1970 കളിലും സമാനമായൊരു ശ്രമം നടന്നിരുന്നു. നമസ്കാരത്തിൽ പൊക്കിളിന് താഴെയാണ് കൈ വെയ്ക്കേണ്ടത് എന്ന് സ്ഥാപിക്കാനായി മുസ്വന്നഫ് ഇബ്നു അബീ ശൈബയിൽ നടത്തിയ ഒരു തിരിമറിയായിരുന്നു അത്. കറാച്ചിയിലെ ഇദാറത്തുൽ ഖുർആൻ വൽ ഉലൂമിൽ ഇസ്ലാമിയ്യ എന്ന പ്രസാധകർ പുറത്തിറക്കിയ മുസന്നഫിന്റെ മൂന്നാം പതിപ്പിലായിരുന്നു ഇത് ചെയ്തത്. എന്നാൽ തിരുഹദീഥുകൾക്ക് നേരെ നടന്ന ഈ കയ്യേറ്റം പാക്കിസ്ഥാനിൽ തന്നെയുള്ള അൽ ഇഅ്തിസ്വാം (1978 ഫെബ്രുവരി) എന്ന മാസിക തെളിവ് സഹിതം പിടികൂടി പുറത്തുവിട്ടു.
ഒരു വശത്ത് പ്രവാചക അവഹേളനം ഒരു തൊഴിലായി സ്വീകരിച്ച യുക്തിവാദികളും നിരീശ്വരവാദികളും ഹദീഥുകളെ ദുരുപയോഗം ചെയ്യുമ്പോൾ മറുവശത്ത് പരിമിതമായ മനുഷ്യബുദ്ധിയുടെ അളവുകോലുകളുപയോഗിച്ച് ഹദീഥുകളെ ചവറ്റുകൊട്ടയിലെറിയുകയാണ് ഇന്ന് മുസ്ലിം സമൂഹത്തിലെ തന്നെ മറ്റു ചിലർ. ഹദീഥ് നിഷേധവും ദുർവ്യാഖ്യാനവും നിർബാധം തുടരുന്നു. സോഷ്യൽ മീഡിയയിൽ അനുദിനം തന്നിഷ്ട ഹദീസ് വ്യാഖ്യാനഫാക്ടറികൾ നിരന്നു കൊണ്ടിരിക്കുന്നു.
മുസ്ലിം ഉമ്മത്ത് ഒന്നാകെ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണിത്. കുറ്റമറ്റ പരമ്പരയിലൂടെ പ്രവാചക കാലം മുതൽക്കേ സംരക്ഷിക്കപ്പെട്ട ഹദീസുകൾ പോലെ എന്തെങ്കിലും ഒരു രേഖ ഈ ദുനിയാവിൽ ഏതെങ്കിലും ഒരു സമൂഹത്തിന് അവകാശപ്പെടാനായി ഉണ്ടോ ? ഇതീ ഉമ്മത്തിന്റെ അഭിമാനമാണ്. ദീനിന്റെ ആധാരമാണ്. മുസ്ലിമിന്റെ പ്രമാണമാണ്.
മെനഞ്ഞാന്ന് ( Oct 30 ) ജാമിഅയിൽ വെച്ച് നടന്ന ഹദീഥ് വർക്ക്ഷോപ്പിൽ വെച്ച് ഉസ്താദ് അബ്ദുൽ മാലിക് സലഫിയുടെ നേതൃത്വത്തിൽ ഞങ്ങളുടെ ഒരു പുതിയ സംരംഭം ഉദ്ഘാടനം ചെയ്തിരുന്നു.
Riwaya എന്ന പേരിൽ
ഹദീഥുകൾക്കെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടികൾ കേരളീയ മുസ്ലിം ലോകത്തിന് മുന്നിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ Riwaya എന്ന പേരിൽ ഒരു Youtube ചാനലും ബ്ലോഗും ഇതിന് കീഴിലുണ്ട്. (രണ്ടിന്റെയും ലിങ്ക് താഴെയുണ്ട്)
ജാമിഅയിലെ മുതിർന്ന വിദ്യാർഥികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അറുപതോളം പേരും ചേർന്ന് മൊത്തം നൂറാളുകൾ ഈ വർക്ക് ഷോപ്പിൽ പങ്കെടുത്തു.
ഹദീസ് : അന്യൂനം കാലികം
എന്ന ശീർഷകത്തിന് കീഴിൽ സംഘടിപ്പിച്ച ഏകദിന വർക്ക്ഷോപ്പ് "മുഖദ്ദിമ, തഅ`സ്വീൽ, ദിഫാഅ് " എന്നീ മൂന്ന് സെഷനുകളിലായി "ഹദീസ് ക്രോഡീകരണം, സാങ്കേതിക ശബ്ദങ്ങൾ, ഹദീസ് രംഗത്തെ വിവിധ വിജ്ഞാന ശാഖകളും അവയിലെ സുപ്രധാന രചനകളും,ഹദീസിന്റെ പ്രാമാണികത, ദുർബല ഹദീസുകളോടുള്ള അഹ് ലുസ്സുന്നയുടെ നിലപാട്, ഹദീസ് നിഷേധം: ചരിത്രവും വർത്തമാനവും, ഹദീസ് ബുദ്ധിക്കോ ഖുർആനിനോ എതിരായാൽ" എന്നിങ്ങനെ ഏഴ് സുപ്രധാന വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.
അവസാനം നടന്ന പാനൽ ഡിസ്കഷൻ വളരെ സജീവമായിരുന്നു.
ഒരുപാട് സംശയങ്ങൾ ...
കൃത്യവും വ്യക്തവുമായ മറുപടികൾ ...
പരിപാടി കഴിഞ്ഞ് എഴുത്തായും ശബ്ദമായും ലഭിച്ച ഫീഡ്ബാക്കുകൾ ഏറെ സന്തോഷവും തൃപ്തിയും നിറഞ്ഞതായിരുന്നു. എത്ര ഫീസ് വെച്ചാലും വേണ്ടില്ല, ഇനിയും ആഴത്തിൽ വർക്ക് ഷോപ്പുകൾ നടത്തണം. കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തണം. എന്നിങ്ങനെയുള്ള പ്രതികരണങ്ങൾക്ക് മുന്നിൽ ഇതിന്റെ ആവശ്യകത എത്രത്തോളമുണ്ട് എന്ന് ബോധ്യപ്പെടുന്നതിലുപരി നിർവ്വഹിക്കേണ്ട ബാധ്യതയുടെ ഭീമാകാരമായ ഭാരമായിരുന്നു മനസ്സിൽ വന്നത്.
ഒരുപാട് നല്ല സഹോദരങ്ങളുമായി അടുക്കാനും ഈ വർക്ക് ഷോപ്പ് നിമിത്തമായി.
ഏക ഇലാഹിന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കൊണ്ട് മരണം വരെ ഈ മാർഗത്തിൽ സേവനങ്ങളർപ്പിക്കാനുള്ള തൗഫീഖ് ഉണ്ടാകണേ എന്നാണ് പ്രാർഥന .
ഫയ്യാസ് സ്വലാഹി ഉസ്താദ് 👇
അസ്സലാമു അലൈക്കും
പ്രിയരെ,
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇതുപോലെ ഒരു പരിപാടി. മുമ്പ് , ജാമിഅ നദവിയ്യയിൽ പി.ജി. ഹദീസിന് പഠിച്ചിരുന്ന സമയത്ത് തിരൂരങ്ങാടിയിൽ അന്നത്തെ സംഘടന ബഹു. അബ്ദുറഹ്മാൻ സലഫി അടക്കമുളള വർ പങ്കെടുത്ത ഒരു ഹദീസ് സെമിനാർ ഓർമ്മയിൽ വരുന്നു. വിഷയങ്ങൾ കൊണ്ടും വൈജ്ഞാനിക വിഭവങ്ങൾ കൊണ്ടും സമൃദ്ധമായിരുന്നു എന്നതിനാൽ തന്നെ മറ്റു ഹദീസ് സെമിനാറുകളെക്കാളും ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.......
കുറച്ച് ദിവസങ്ങർക്ക് മുമ്പ് മുഖ പുസ്തകത്തിൽ കണ്ട ലിങ്കിൽ ഞാനും കുത്തി. നേരെ എത്തിയത് വാട്സാപ്പ് ഗ്രൂപ്പിന്റെ ലിങ്കിലേക്ക് .....
പ്രിയ വിദ്യാർത്ഥി അജ്മൽ ഫൗസാനായിരുന്നു ഗ്രൂപ്പ് അഡ്മിൻ . പിന്നെ മറ്റൊരു ലിങ്ക് ... അതിലും ക്ലിക്കി .... നിറയെ ചോദ്യാവലികൾ , വായിച്ച ഹദീസ് ഗ്രന്ഥങ്ങളെ കുറിച്ച്! പൂരിപ്പിച്ചു.
ഇത് സഗൗരവമുളളതാണന്ന് അപ്പഴേ തോന്നിയിരുന്നു.
100 രൂപ അയച്ച് കൊടുത്തു. ആ സുദിനത്തിൽ പങ്കുകൊള്ളണമെന്ന നിശ്ചയത്തിൽ.....
ഓരോ ദിനവും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അപ്ഡേഷനുകൾ വന്ന് തുടങ്ങി.
ഹദീസ് വർക്ക് ഷോപ്പിന്റെ ദിനത്തിനു രണ്ടു ദിവസം മുമ്പേ എനിക്ക് പനി തുടങ്ങി. ....
ഇപ്പോൾ കുഴപ്പമില്ല. അൽഹംദുലില്ലാ ....
പരിപ്പാടി ലൈവില്ലാത്തതിൽ ഒരു പാട് ദുഖിച്ചു. അന്ന് രാവിലെയും എങ്ങിനെയെങ്കിലും ജാമിഅയിലെത്താൻ നോക്കി. പക്ഷേ വിധി മറ്റൊന്നായിരുന്നു.....
നിങ്ങളുടെ ഈ ചർച്ചകൾ മുഴുവൻ ഞാൻ കേൾക്കുകയായിരുന്നു.
ഈ വൈജ്ഞാനിക സദസ്സിന്റെ പിന്നിലെ എല്ലാ സഹൃദയർക്കും അല്ലാഹു നന്മകൾ ചൊരിയട്ടെ....
അടുത്ത പരിപാടിയിൽ പങ്കെടുക്കാം ഇൻഷാ അല്ലാഹ് എന്ന പ്രതീക്ഷയിൽ .......
സി. മുഹമ്മദ് ഫയ്യാസ് സ്വലാഹി
കരിഞ്ചാപാടി.
ഖാജാ സലഫി പെരുമ്പിലാവ് 👇
ആ ഹദീസ് സെമിനാറിൽ പങ്കെടുത്ത ഓർമ ഈയുള്ളവനും ഉണ്ട്. അത് 2002 ലെ പിളർപ്പിനെ തുടർന്ന് ഹദീസ് നിഷേധ പ്രവണതകൾ ശക്തമാകാൻ തുടങ്ങി വരുന്ന കാലത്തെ ഹദീസിലേക്കുള്ള ശക്തമായ മടങ്ങിവരവിലേക്ക് പ്രേരണയും പ്രചോദനവുമായിരുന്നു . പക്ഷെ ഇന്നലെ നടന്ന പോലെ ഉസ്വൂലുൽ ഹദീസിന്റെ വ്യത്യസ്ത ഫന്നുകളായിരുന്നില്ല . ഇന്നലത്തെ വർക് ഷോപ്പിൽ ചർച്ചയായ കാര്യങ്ങൾ ചുരുക്കിപ്പറയാം.
➖➖➖➖➖➖
▪️നമ്മുടെ കയ്യിലുള്ള ഖുർആൻ യഥാർത്ഥ ഖുർആൻ തന്നെയെന്ന് അനിഷേധ്യമാം വിധം തെളിയുന്നത് സനദോടു കൂടിയാണ്. ആ സനദ് സ്വീകരിച്ച് ഖുർആൻ പ്രമാണമാണെന്ന് പറയുന്ന വർ എന്തുകൊണ്ട് അത്തരം സനദുകളാൽ ലഭ്യമായ ഹദീസുകൾ സ്വീകരിക്കുന്നില്ല❓❗ .
▪️ മനപ്പാഠമാക്കിയും ജീവിതത്തിൽ പ്രയോഗവത്കരിച്ചും എഴുതി വെച്ചും സ്വഹീഫത് എന്ന പേരിൽ പ്രത്യേകം വിഷയാധിഷ്ഠിതമായും രാജാക്കൻമാർക്കും ഭരണാധികാരികൾക്കും മറ്റും അയച്ച് കൊടുത്തിരുന്ന സന്ദേശങ്ങളായും രേഖപ്പെടുത്തിയ ഹദീസ് സമാഹാരത്തിന്റെ ക്രോഡീകരണം നബിയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള പത്ത് പതിനേഴ് സ്വഹീഫതുസ്സ്വഹാബ പരിചയപ്പെടുത്തി തന്നു.
▪️ എന്നാൽ ഔദ്യോഗികമായി ഹദീസ് ക്രോഡീകരണത്തിന് ശ്രമമുണ്ടായത് ഹി: 65 - 85 ൽ ഈജിപ്ത് ഗവർണർ അബ്ദുൽ അസീസ് ബ്ൻ മർവാനിന്റെ കാലഘട്ടത്തിലാണ്.
പിന്നീട് ഹി: 99 - 101 ൽ ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസിന്റെ കൽപന പ്രകാരം ഇമാം സുഹ് രിയും അതിന്റെ ശേഷം താബി ഈ ങ്ങളുടെ കാലത്തും മൂന്നാം നൂറ്റാണ്ടിലുമെല്ലാം ധാരാളം ഹദീസ് ക്രോഡീകരണങ്ങൾ നടന്നുവെന്നതിന് ധാരാളം ഉദാഹരണങ്ങൾ പറഞ്ഞു തന്നു . (പി ഡി എഫ് ഫയൽ കിട്ടിയാൽ കൂടുതൽ വ്യക്തമാകും).
✒️ പലരും തെറ്റിദ്ധരിപ്പിക്കുന്നത് പോലെ, നബിയുടെ കാലശേഷം 2 നൂറ്റാണ്ട് കഴിഞ് വന്ന ഇമാം ബുഖാരി (റ) ക്ക് മുമ്പ് ക്രോഡീകരണം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അദ്ധേഹം ഈ ലോകത്ത് ജനിച്ചിട്ടില്ലെങ്കിൽ പോലും അദേഹത്തിന് മുമ്പ് രചിക്കപ്പെട്ട 20 ഓളം പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് മാത്രം 89,220 ഓളം വരുന്ന ഹദീസുകൾ ഉണ്ടെന്നത് ഇവരുടെ വിമർശനത്തിന്റെ പ്രസക്തിയില്ലായ്മ ബോധ്യപ്പെടുത്തി തരുന്നു.
▪️ ഇമാം ബുഖാരി (റ) സ്വീകരിച്ച കൃത്യതയും കണിശതയും മാനദണ്ഡവുമാണ് അദ്ധേഹത്തിന്റെ മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് സ്വഹീഹുൽ ബുഖാരിയെ വേറിട്ട് നിർത്തുന്നത്.
▪️ ഹദീസ് എഴുതി വെക്കരുത് എന്ന ഹദീസ് തന്നെ നമുക്ക് ലഭിച്ചത് ഹദീസ് എഴുതി വെച്ചത് കൊണ്ടാണ് എന്ന വിചിത്ര വസ്തുതയും എഴുതി വെക്കുന്നതിനെയല്ല മറിച്ച് ഖുർആൻ ഒഴിവാക്കി ഹദീസ് മാത്രം എഴുതി വെക്കുന്നതിനെയാണ് വിലക്കിയതെന്നും ഖുർആനും ഹദീസും കൂടിക്കലരുന്ന രീതിയിൽ എഴുതി വെക്കരുത് എന്നാണെന്നും അതല്ല ഈ വിധി നസ്ഖ് ( ദുർബലമാക്കപ്പെട്ടത് ) ചെയ്യപ്പെട്ടതാണെന്നും പ്രവാചകന്റെ അവസാന കാലത്ത് എഴുതി വെക്കാൻ അനുവാദം നൽകിയതിന് തെളിവ് കാണാമെന്നും മനസ്സിലാക്കാനായി.
✒️✒️✒️✒️✒️✒️✒️✒️✒️
▪️ നബിയുടെ വാക്ക് , പ്രവൃത്തി, അനുവാദം, അവിടുന്ന് ചെയ്യാൻ ആഗ്രഹിച്ചത്, സ്വഭാവ സൃഷ്ടി വിശേഷങ്ങൾ ഇവക്കാണ് ഹദീസ് എന്ന് പറയുന്നത്. വാക്കും ആശയവും അള്ളാഹുവിൽ നിന്ന് ഉള്ള ഹദീസുകൾക്ക് ഖുദ്സിയ്യായ ഹദീസ് എന്ന് പറയും.
▪️ സനദ് , മത് ൻ, ഖബർ വാഹിദ്, മുതവാതിർ, ഖബർ ആഹാദിന്റെ വ്യത്യസ്ത ഇനങ്ങൾ, സ്വഹീഹ്, , ഹസൻ, ള ഈഫ്, മൗളൂഅ് , ഇലൽ, ശാദ്ധ്, മുർസൽ, മത് റൂക്, മുൻകർ, മുഅ്ളൽ, ..... ഇതിന്റെ സൂചനകൾ മനസ്സിലാക്കാനായി.
▪️ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങൾ, ഫന്നുകൾ
ഉദാ: ജവാമിഅ് , സുനൻ, മുസ്വന്നഫ് , മുവ ത്വ അ, മജാമിഉകൾ , زوائد, അജ് സാഉകൾ , റഖാഇഖുകൾ, മുസ്തദ്റക്, മുസ്തഖ്റജ്, അഹ്കാമുകൾ , മുസ്നദ് , ജംഉൽ ജവാമി ഉകൾ, മറാസിലുകൾ , മുസൽസല, മൗളൂആത്, സ്വഹീഹുകൾ .............. തുടങ്ങിയ ഫന്നുകളും ആ ഫന്നുകളിൽ രചിക്കപ്പെട്ട ധാരാളം ഗ്രന്ഥങ്ങൾ, രചയിതാക്കൾ, ഉസ്വൂലുൽ ഹദീസിന്റെ മുഖദ്ധിമ തു ബ്ൻ സ്വലാഹ്, നുഖ്ബ തുൽ ഫിക്ർ , നു സ്ഹതുന്ന ളർ, കിതാബു തഹ്ദീബുൽ കമാൽ, തഹ്ദീബുത്തഹ്ദീബ് ........ ധാരാളം ഗ്രന്ഥങ്ങൾ , വ്യത്യസ്ത ശറഹുകൾ ( സ്വഹീഹുൽ ബുഖാരിക്ക് മാത്രം 130 ഓളം ശറഹുണ്ടത്രെ, അതിൽ ചിലത് ലഭ്യമല്ല ) , തഅലീ കാതുകൾ, അസമാഉ രിജാലിന്റെ ഗ്രന്ഥങ്ങൾ..... ധാരാളക്കണക്കിന് കാര്യങ്ങൾ മനസ്സിലായി.
➖➖➖➖➖➖➖➖➖
▪️ സുന്നതിനോടുള്ള മുസ്ലിമിന്റെ ബാധ്യതകൾ , അതിന്റെ പ്രാമാണികത എന്ന വിഷയത്തിൽ കുറേ ആയതും ഹദീസും ചരിത്ര സംഭവങ്ങളും മനസ്സിലാക്കാനായി .
▪️ ബുദ്ധിക്ക് ഇസ്ലാം നൽകിയ പ്രാധാന്യത്തോടൊപ്പം അതിന്റെ പരിമിതികൾ ബോധ്യപ്പെടുത്തി.
🖊️🖊️🖊️🖊️🖊️🖊️
CH മുസ്തഫ മൗലവിയുടെ അകം പൊരുൾ എന്ന പുസ്തകത്തിന് മുഫ്തി ഇ.എസ്. ഷഫീഖ് കൗസരിയും നിസാം കശ്ശാഫിയും ചേർന്ന് തയ്യാറാക്കിയ " തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹദീസുകളും വസ്തുതകളും " എന്ന മറുപടി ഗ്രന്ഥം വായിക്കുന്നത് നന്നായിരിക്കുമെന്ന് ഉസ്താദ് അബ്ദുൽ മാലിക് സലഫി ഉണർത്തിയിരുന്നു. ഈയുള്ളവൻ അത് മേടിച്ചു വായിച്ചു തുടങ്ങിയപ്പോൾ എന്തുകൊണ്ടും ഹദീസ് നിഷേധികൾക്കുള്ള കണ്ഠ കോടാലിയായി ആ ഗ്രന്ഥം മാറുമെന്ന് തോന്നുന്നു.. إن شاء الله
▪️ ശക്തമല്ലാത്ത ളു അഫ് ഉള്ള , ആശയത്തിന് അടിസ്ഥാനമുള്ള, അത് നബിയിലേക്ക് ചേർക്കാതെ വരുന്ന ള ഈഫ് ആയ ഹദീസുകൾ ചില പണ്ഡിതൻമാർ അമലുകൾക്ക് പോരിശയും ശ്രേഷ്ടതയും നൽകാൻ സ്വീകരിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാൽ അത് വിശ്വാസ കാര്യങ്ങൾക്ക് പറ്റില്ലെന്നും പറഞ്ഞത് മനസ്സിലാക്കാനായി . എന്നാൽ അൽബാനി(റ) , യഹ് യ ബ്ൻ മുഈൻ ( റ ) ..... തുടങ്ങിയ ചിലർ ളഈഫ് ആയ ഹദീസുകൾ സ്വീകരിക്കരുതെന്ന് പറഞ്ഞ പണ്ഡിതരാണ്. സൂക്ഷ്മതക്ക് നല്ലത് ഈ നിലപാടാണെന്ന് സൂചിപ്പിക്കുന്നവരുമുണ്ട്.
➖➖➖➖➖➖➖➖➖
▪️ശീ ഈ കൾ, മു അതിലികൾ, ഓറിയന്റിലിസ്റ്റുകൾ, മോഡേണിസ്റ്റുകൾ, അഹ്ലുൽ ഖുർആൻ, അഖ്ലാനികൾ, മൗദുദി, C.N അഹമദ് മൗലവി, ചേകനൂർ മൗലവി , ഖുർആൻ സുന്നത് സൊസൈറ്റി, മർകസുദ്ധ അവാ വിഭാഗം, ....... തുടങ്ങിയ ഹദീസ് നിഷേധ പ്രസ്ഥാനങ്ങളും അവരിലെ കുപ്രസിദ്ധ പണ്ഡിതരും അവർ നിഷേധിക്കുന്ന ചില ഹദീസുകളും മൂന്നാം സെഷനിൽ ചർച്ചയായി.
▪️ ഓരോ ക്ലാസിന് ശേഷവും നടന്ന ക്വിസ് വിജ്ഞാനപ്രദവും ഉണർവുമേകി.
അവസാനം നടന്ന പാനൽ ഡിസ്കഷനിൽ അബൂഹുറൈറ ( റ ) വിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചു. دفاع عن أبي هريرة
എന്ന ഗ്രന്ഥവും അതിന്റെ മലയാള പരിഭാഷയും വായിക്കാൻ നിർദേശിച്ചു. ▪️കേരളത്തിലെ ചിലർ നടത്തുന്ന ഹദീസ് നിഷേധം നിരൂപണമല്ലെ എന്ന ചോദ്യത്തിന്, നഖ്ദും (നിരൂപണം) ഇൻ കാറും ( നിഷേധം ) രണ്ടും വിത്യാസമുണ്ടെന്നും കേരളത്തിലെ ചില മുജാഹിദ് മേൽ വിലാസത്തിലറിയപ്പെടുന്നവരും അല്ലാത്തവരും നടത്തുന്നത് തനിച്ച انكار അഥവാ നിഷേധമാണെന്ന് വളരെ രസകരവും കാര്യകാരണസഹിതവും വിശദീകരിച്ച് മറുപടി നൽകി.
ഇല്ലത്തും علة , ശാദും شاذ തമ്മിലുള്ള സൂക്ഷ്മ വിശകലനം കൂടുതൽ ചിന്തനീയമായി.
➖➖➖➖➖➖➖➖➖
▪️ ഇന്നലെ നടന്ന ( 30/10/22 ) ഹദീസ് വർക്ക് ഷോപ്പ് പോലെ ഇത്ര ആഴമേറിയതും അകക്കാമ്പുള്ളതുമായ പഠന വേദി മറക്കാനാവാത്ത അനുഭവമാണ്.
അള്ളാഹു നമ്മുടെ ഉസ്താദുമാർക്കും അത് സംഘടിപ്പിച്ച ജാമിഅ അൽ ഹിന്ദിനും വിഷയങ്ങൾ അവതരിപ്പിച്ച കുല്ലിയു തുൽ ഹദീസിലെ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പാൾ കൂടിയായ ഉസ്താദ് അബ്ദുൽ മാലിക് സലഫി, ഉസ്താദ് ശബീബ് സ്വലാഹി, ശുറൈഹ് സലഫി, മോഡററ്റിംഗ് പ്രത്യേകം ആഘർഷകവും ഉപകാരപ്രദവുമാക്കിയ അജ്മൽ ഫൗസാൻ , വിഷയമവതരിപ്പിച്ച
അൽ ത്വാഫ് അഹ്മദ്, സ്വാദിഖ് അലി, ഇഹ്സാൻ ബ്ൻ സ്വാദിഖ്, മുൻദിർ ബ്ൻ റബീഅ്, മുഹമ്മദ് യാസീൻ , ഞങ്ങളെ സ്വീകരിച്ചാദരിച്ച അവിടത്തെ വിദ്യാർത്ഥികൾ , അധികൃതർ , സ്റ്റാഫ്. അതിലേക്ക് പണം മുടക്കിയവർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
അള്ളാഹു ഇരുലോകത്തും അനുഗ്രഹിക്കട്ടെ, സ്വാലിഹായ അമലായി സ്വീകരിക്കട്ടെ, ധാരാളം നൻമയുള്ള ആസാറുകൾ ഉണ്ടാക്കട്ടെ .
ആമീൻ
شكرا جزاكم الله خيرا






Comments
Post a Comment