ഗോളശാസ്ത്രവും ഫൈസി ഉസ്താദും

ഗോളശാസ്ത്രവും ഫൈസി ഉസ്താദും

أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ

എന്നാല്‍, തങ്ങളുടെ മീതെ ആകാശത്തേക്കു അവര്‍ നോക്കുന്നില്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്നു?! യാതൊരു വിടവുകളും [കേടുപാടും] അതിനു ഇല്ലതാനും. (ഖാഫ് : 06)

ആകാശം എന്നും മനുഷ്യന്റെ മുമ്പിൽ അത്ഭുതങ്ങളുടെ നിലവറ തന്നെയാണ്. പണ്ടു മുതലേ ആളുകൾ ആകാശത്തെ നോക്കി ആശ്ചര്യപ്പെട്ടിരുന്നു. മേലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട് പിന്നീട് മാഞ്ഞു പോകുന്ന സൂര്യ ചന്ദ്ര നക്ഷത്രാദികളെ നോക്കി അവയൊക്കെ തന്റെ രക്ഷിതാവാണോ എന്ന് സംശയമുന്നയിച്ച് മഹാ പ്രവാചകൻ ഇബ്രാഹിം (അ) അവയുടെ നിരർഥകത ബോധ്യപ്പെടുത്തുന്നത് വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. 

നിരവധി കണ്ടെത്തലുകളാലും ശാസ്ത്രീയമായ മുന്നേറ്റങ്ങളാലും വിജ്ഞാനവിസ്‌ഫോടനം തീർത്തുവെന്ന് മനുഷ്യർ പെരുമ നടിക്കുന്ന ഈ കാലഘട്ടത്തില്‍, അത്ഭുതകരമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അകമ്പടിയുണ്ടായിട്ടു പോലും മനുഷ്യന് ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമേ  ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ മഹാപ്രപഞ്ചത്തിന്റെ വിശാലതയിൽ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ക്ക് ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുളളത് ഏകദേശം 24 ബില്യണ്‍ പ്രകാശവര്‍ഷ ദൂരത്തിലുളള ഭാഗം മാത്രമാണ്. 

ഗോളങ്ങള്‍,  ഗ്രഹങ്ങള്‍,  ഉപഗ്രഹങ്ങള്‍,  നക്ഷത്രങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്‌സികള്‍, താരാഗണങ്ങള്‍, തമോഗര്‍ത്തങ്ങള്‍ അങ്ങനെ തുടങ്ങി ഓരോന്നും കണ്ടെത്തുമ്പോൾ  അനന്തമായ നിഗൂഢതകളുടെ
അടുത്ത വാതിലുകൾ നമുക്ക് മുന്നിൽ തുറന്നിടുകയാണ് ആകാശം.

പടച്ചോന്റെ വല്ലാത്ത ഒരു പടപ്പ് തന്നെയാണിത്.

ആകാശത്തെ പറ്റിയുളള മനുഷ്യന്റെ പഠനങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രാചീന കാലം മുതൽക്കേ
യവനരും ഭാരതീയരും പിന്നീട് അറബികളും ആകാശത്തെ പറ്റി ആഴത്തിൽ മനസ്സിലാക്കാൻ  ശ്രമിച്ചു . അങ്ങനെ ഗോളശാസ്ത്രമെന്ന ശാസ്ത്രത്തിന്റെ റാണി ജനിച്ചു.(Queen of Science)

പ്രവാചകൻ (സ്വ) യുടെ  കാലത്ത് തന്നെ അറബികള്‍ക്ക് നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരുന്നു.  മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി അവർ യാത്രകളില്‍ വഴികണ്ടുപിടിച്ചു. ദിശയറിയാതുഴലിയ സഞ്ചാരികൾ അവയെ നോക്കി ദിശയും ദിക്കും തിട്ടപ്പെടുത്തി ഒട്ടകങ്ങളെ വീണ്ടും തെളിച്ചു.

ഇസ്‌ലാമിന്റെ ആഗമനത്തോടെ ഈ ജ്ഞാനം വളരെ വിശാലമായ രൂപത്തിൽ പഠനത്തിന് വിധേയമായി. യവന ഭാരതീയ വിജ്ഞാനങ്ങൾക്ക് പുറമെ സ്വന്തമായി  നിരീക്ഷണങ്ങളിലൂടെ അറബികൾ ഈ ശാസ്ത്രത്തെ വികസിപ്പിച്ചു. ടോളമിയെ പോലുള്ള മുൻകാല ശാസ്ത്രജ്ഞരുടെ സിദ്ധാന്തങ്ങൾക്ക് എതിരായി അവർ മറുപടികൾ എഴുതി.
ഇല്‍മുല്‍ ഹൈഅ, ഇല്‍മുന്നുജൂം, ഇല്‍മുല്‍ ഫലക് തുടങ്ങിയ നാമങ്ങളിലായിരുന്നു അറബികള്‍ ഗോളശാസ്ത്രത്തെ വിളിച്ചിരുന്നത്.
നമസ്കാരസമയം നിജപ്പെടുത്തുക, ഖിബ്‌ല നിർണ്ണയിക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങളിൽ ഈ ശാസ്ത്രം അവര്‍ക്കേറെ ഉപകാരപ്പെട്ടു.

കേരളത്തിലെ പള്ളിദർസുകളിലും മറ്റും പണ്ട് ഇൽമുൽ ഫലക് നന്നായി പഠിപ്പിച്ചിരുന്നു. അതിൽ അഗ്രഗണ്യരായ പണ്ഡിതരും കേരളത്തിന്റെ സന്തതികളായുണ്ട്. പക്ഷേ ഇന്ന് വളരെ ചുരുക്കം പേർക്കേ ഈയൊരു ശാസ്ത്ര ശാഖയെ കുറിച്ച് ജ്ഞാനമുഉള്ളൂ. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എല്ലാ കാര്യങ്ങളും നടക്കുമെന്നായപ്പോൾ  ഈ വിജ്ഞാനശാഖ പറ്റെ ക്ഷയിച്ചു.

ജാമിഅയിൽ നാലാം വർഷം പഠിക്കുമ്പോഴാണ് വാസ്തവത്തിൽ ഈ ഒരു ശാസ്ത്രശാഖയെ പറ്റി കൂടുതലറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടാകുന്നത്. പിന്നീടൊരിക്കൽ ഒരു കൂടിയിരുത്തത്തിൽ ജാമിഅയിലെ പ്രിയ ജേഷ്ഠസഹോദരനും ഇപ്പോൾ  അധ്യാപകനുമായ മുഷ്താഖ് അൽഹികമിയും ഇൽമുൽ  ഫലകിനെ കുറിച്ച് അൽപമെങ്കിലും അറിഞ്ഞിരിക്കണം എന്ന് പറയുകയുമുണ്ടായി. നിങ്ങൾക്ക് ആഗ്രഹമുള്ള ഏത് വിജ്ഞാനശാഖയുമാകട്ടെ അതിൽ അതിൽ അവഗാഹമുള്ള പണ്ഡിതരെ നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ എന്തും ജാമിഅ ചെയ്തു തരും എന്ന ഫൈസൽ മൗലവി ഉസ്താദിൻറെ കട്ട സപ്പോർട്ടുള്ള വാചകങ്ങൾ കൂടിയായപ്പോൾ പിജി ഹദീഥ് ഒന്നാംവർഷക്കാരായ ഞങ്ങൾ ഇന്ത്യയക്കകത്തും പുറത്തുമുള്ള കുറച്ച് പ്രഗൽഭ പണ്ഡിതരെ നോട്ട് ചെയ്തു വച്ചു. മലയാള സാഹിത്യം മുതൽ ഗോളശാസ്ത്രവും തത്വശാസ്ത്രവും വരെയുള്ള വിഷയങ്ങളുടെ ലിസ്റ്റും . അതിലൊരാളായിരുന്നു ബഹുമാന്യനായ ഹുസൈൻ ഫൈസി ഉസ്താദ്. അൽഹിന്ദ് റിസർച്ച് അക്കാദമിയുടെ ഭാഗമായി ഇടക്കിടെ ജാമിഅയിൽ കാണാറുള്ള ഖാജാ ഹുസൈൻ ഫൈസി ഉസ്താദ് ഇതിൽ അറിവുള്ള ആളാണെന്ന് സീനിയർ ഹംസ ഷാക്കിർ അൽഹികമി പറഞ്ഞ് അറിവുണ്ട്. അങ്ങനെ
ഗോളശാസ്ത്രത്തെക്കുറിച്ച് തരിമ്പും വിവരമില്ലാത്ത ഞങ്ങൾ  ഉസ്താദിലൂടെ അല്പം പഠിക്കാമെന്നു വച്ചു.

അൽഹംദുലില്ലാഹ് ഇന്ന് (30, മാർച്ച്, 2022) രാവിലെ 11 മണി മുതൽ അസർ വരെ ഞങ്ങളും പിജി രണ്ടാം വർഷത്തിലെ സഹോദരങ്ങളും ഉസ്താദിൻറെ കൂടെ ആകാശത്തായിരുന്നു .

സ്കൂട്ടറിനു പിറകിൽ വലിയ ഒരു  കാർട്ടൂൺ പെട്ടിയും കെട്ടിവെച്ചാണ് ഉസ്താദ് ജാമിഅയിലേക്ക് വന്നത് തന്നെ. പെട്ടി പൊട്ടിച്ചപ്പോൾ ഉള്ളിൽ നിറയെ സാധനസാമഗ്രികൾ .കമ്പി കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഉണ്ടാക്കിയ ഭൂമിയുടെയും മറ്റു ഗോളങ്ങളുടെയും രൂപങ്ങൾ, തെർമോകോൾ കൊണ്ട് നിർമ്മിച്ച ചില സാധനങ്ങൾ, കോംപസ്സുകൾ അങ്ങനെ തുടങ്ങി പലതും അതിൽ കണ്ടു. മുൻപ് ചില വിദ്യാർത്ഥികളെ പഠിപ്പിക്കാൻ വേണ്ടി ഉസ്താദ് തയ്യാർ ചെയ്തു വച്ചതാണത്രേ .

ഈയുള്ളവൻ സ്വാഗതം പറഞ്ഞു.

വിഷയത്തിന്റെ പ്രാധാന്യവും  ഇസ്‌ലാമികമായി ഇൽമുൽ ഫലക്  പഠിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ സൂചിപ്പിച്ചുകൊണ്ട് ഉസ്താദ് ക്ലാസ്സ് തുടങ്ങി. തദ് വിഷയകമായി വന്ന ഖുർആനിക വചനങ്ങളും പ്രവാചക ഹദീസുകളും ഉദ്ധരിച്ചു.

പിന്നീടങ്ങോട്ട്  വേറൊരു ലോകത്തേക്കാണ് കടന്നു ചെന്നത്.

അരിസ്റ്റോട്ടില്‍

പ്ലാറ്റോ

ടോളമി 

അൽബിറൂനി

ഗ്രഹങ്ങൾ

വിഷുവങ്ങൾ

രാശികൾ

ജിയോ സെൻട്രിക് തിയറി

ഹീലിയോ സെൻട്രിക് തിയറി

അക്ഷാംശം

രേഖാംശം

ദാഇറത്തു മുഅദ്ദിലി ന്നഹാർ

ബുറൂജുകൾ

ഇൻഖിലാബ്

ഭൂമദ്ധ്യരേഖ

കൂനിയ

ശീർഷ ബിന്ദു

ഖത്തുൽ മശ്‌രിഖി വൽ മഗ്രിബ്

ഖത്തു സ്സവാൽ

ശാകൂൽ

ദാഇറത്തുൽ ഹിന്ദിയ്യ

ഖുബ്ബത്തുസ്സമാവിയ്യ

ഖഗോളം

അയനാന്തം


അങ്ങനെ എന്തെല്ലാം ...

അബ്ബാസി ഖലീഫ നിർമ്മിച്ച ബാഗ്ദാദിലെ ബൈത്തുൽ ഹിക്മയിലിരുന്ന് അറബീകരിക്കപ്പെട്ട യവന ഗോളശാസ്ത്രകൃതികൾ മറിച്ചു നോക്കുകയാണോ ഞാൻ ?

അതോ മധ്യകാല മുസ്‌ലിംകൾ സ്ഥാപിച്ച ഇസ്ഫഹാനിലെയോ  മറാഗയിലെയോ സമർഖന്ദിലെയോ
ആകാശനിരീക്ഷണകേന്ദ്രങ്ങളിൽ കടന്ന് അവിടെയുളള
ഗോളശാസ്ത്രോപകരണങ്ങളുടെ മേൽ കയ്യോടിക്കുകയോ ?

അറിയില്ല.

ക്ലാസിനിടയിൽ
ഉസ്താദിൻറെ കൈവശമുള്ള ഉപകരണങ്ങളും മറ്റു പല സാധനസാമഗ്രികളും നമുക്ക് കാണിച്ചു തന്നു അതിൻറെ ഉപയോഗങ്ങൾ വിശദീകരിച്ചു തന്നു.

നിജസ്ഥിതി അറിയാത്ത ഒരാൾ ഭ്രാന്താണോ എന്ന് സംശയിക്കത്തക്ക രൂപത്തിലുള്ള പല പ്രവർത്തനങ്ങളിലും ഞങ്ങൾ ഇന്ന് ഏർപ്പെടുകയുണ്ടായി.

ഉച്ചിയ്ക്ക് മേലെ സൂര്യൻ കത്തിനിൽക്കുമ്പോൾ   ബാൽക്കണിയിൽ ചെന്ന്  ഒരു നൂൽ ഘടിപ്പിച്ച , എന്തൊക്കെയോ എഴുത്തുകളുള്ള ത്രികോണാകൃതിയിലുള്ള ഏതോ ഉപകരണം (റുബുഉൽ മുജയ്യബ്) അങ്ങോട്ടുമിങ്ങോട്ടും അനക്കി നോക്കുക .

മുറിയുടെ കർട്ടനുകളെല്ലാം താഴ്ത്തി ഇരുട്ടത്തിരുന്ന്  വൃത്തത്തിന് നടുവിൽ സ്ഥാപിച്ച കുറ്റിയുടെ മുകളിൽ മൊബൈൽ ഫോണിന്റെ വെളിച്ചം അങ്ങനെ ഇങ്ങനെ നീക്കി നീക്കി രസിക്കുക. 

ഭൂമിക്ക് തലങ്ങനെയും വിലങ്ങനെയും ഉള്ള സാങ്കല്പിക രേഖകൾക്ക് ബദലായി വൃത്താകൃതിയിലുള്ള ഇരുമ്പു കമ്പികൾ കൊണ്ടുവന്ന് പരസ്പരം മൽപ്പിടിത്തം നടത്തിക്കുക.

ഒന്നൊന്നര മീറ്റർ നീളമുള്ള കോലുകൾ മൂക്കിൽ തട്ടിച്ചു പിടിച്ചു അതിനു മുകളിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുക . 

ശ്ശ്

വിചിത്രമെന്ന് തോന്നാമെങ്കിലും  ഇത്തരം പ്രവർത്തനങ്ങളിലൂടെ ഞങ്ങൾ സൂര്യന്റെ ഗതിവിഗതികൾക്കനുസരിച്ചുള്ള സമയംമാറ്റത്തെ കുറിച്ച് പഠിക്കുകയാണെന്നോ
നിഴൽചലനങ്ങൾ വിശകലനം ചെയ്യേണ്ട രീതി മനസ്സിലാക്കുകയാണെന്നോ  കണ്ടുനിൽക്കുന്നവർക്ക് അറിയില്ലല്ലോ.

അസർ വരെ വരെ ക്ലാസ്സ് നീണ്ടു. അസർ നിസ്കാരം കഴിഞ്ഞ്
കാർട്ടൂൺ പെട്ടിയും കെട്ടിവയ്ക്കാൻ സഹായിച്ച് ഉസ്താദിനെ യാത്രയാക്കി.

ഏതായാലും അൽഹംദുലില്ലാഹ് ഈ ശാസ്ത്രശാഖയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ ഇന്ന്  മനസ്സിലാക്കാൻ കഴിഞ്ഞു. ഭാവിയിൽ ഉസ്താദിൻറെ അടുക്കൽ നിന്ന് തന്നെ കൂടുതൽ  പഠിക്കണമെന്നാണ് ആഗ്രഹം. അല്ലാഹു ഉതവിയേകട്ടെ .












































Comments