പൂന്ത്രാൻ വിളാകത്തെ മുഹമ്മദ് കുഞ്ഞിന്റെ മകൻ (5)
പത്രപ്രവർത്തനവും അല്പം രാഷ്ട്രീയവും
കാലഘട്ടത്തിന്റെ തേട്ടം തിരിച്ചറിഞ്ഞ് പത്രപ്രവർത്തനരംഗത്തെ സമൂലപരിഷ്കരണത്തിനും സത്യസന്ധക്കും വേണ്ടി നിലകൊണ്ട മഹാവ്യക്തിയാണ് വക്കം മൗലവി. സാമൂഹികമായും രാഷ്ട്രീയമായും വൈജ്ഞാനികമായും ജനങ്ങളെ ഉദ്ബുദ്ധരാക്കുന്ന ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ അദ്ദേഹം ജീവിതകാലത്ത് ആരംഭിച്ചു. വക്കം മൗലവിയുടെ പത്രപ്രവർത്തനരംഗത്തെ വിഖ്യാത സന്താനമാണ് സ്വദേശാഭിമാനി പത്രം. 1904 ലാണ് ഇംഗ്ലണ്ടിൽ നിന്നും ആധുനിക അച്ചടിയന്ത്രം ആലപ്പുഴയിലെ പിയേഴ്സ് ലെസ്ലി കമ്പനി വഴി ഇറക്കുമതിചെയ്ത് വക്കത്തിനടുത്തുള്ള അഞ്ചുതെങ്ങിൽ മൗലവി സ്ഥാപിക്കുന്നത്. 1902 ൽ പിതാവ് മരണപ്പെട്ടപ്പോൾ തനിക്ക് അനന്തരമായി ലഭിച്ച സ്വത്തിൽ നിന്ന് അന്നത്തെ 12,000 രൂപ മുടക്കി ആയിരുന്നു ഈ സാഹസത്തിന് മൗലവി മുതിർന്നത്.
സ്വദേശാഭിമാനി പ്രസ്സ് എന്നായിരുന്നു അതിന്റെ പേര്. 1905 ജനുവരി 19 ആം തീയതി ഈ പ്രസ്സിൽ നിന്ന് സ്വദേശാഭിമാനി പ്രസിദ്ധീകരിച്ചുതുടങ്ങി. ശ്രീ സി പി ഗോവിന്ദപിള്ളയുടെ പത്രാധിപത്യത്തിലായിരുന്നു തുടക്കം. എന്നാൽ മൗലവിയുടെ ചിന്താഗതികൾക്കനുസരിച്ചുള്ള ആളായിരുന്നില്ല അദ്ദേഹം. തിരുവിതാംകൂറിന്റെ ഭരണചക്രം ദിവാന്റെ കിരാതനയങ്ങൾക്കടിമപ്പെട്ട് വീർപ്പുമുട്ടിയിരുന്ന കാലമായിരുന്നു അത്. രാജാവ് ഉണ്ടായിരുന്നെങ്കിലും ദിവാനായിരുന്നു ഭരണം കൈയ്യാളിയിരുന്നത്. അഴിമതിയും ദുർഭരണവും ദിവാന്റെ ആഭാസ ജീവിതവും ജനങ്ങളെ പ്രയാസത്തിലാഴ്ത്തി.
ഈയൊരു ഘട്ടത്തിൽ ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ ശബ്ദിക്കാൻ ഒരു പത്രവും തയ്യാറായില്ലെന്ന് മാത്രമല്ല ദിവാന്റെയും പിണിയാളുകളുടെയും പാദസേവ ചെയ്യാനാണ് പത്രങ്ങൾ ശ്രമിച്ചത്. സത്യസന്ധമായി പത്രപ്രവർത്തനം നടത്തുന്ന ഒരു പത്രാധിപരെ തേടി മൗലവി അലയുമ്പോഴാണ് സമാനചിന്തയും ആശയവും കാരണം മൂന്നോ നാലോ പത്രങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട നെയ്യാറ്റിൻകര സ്വദേശി ശ്രീ കെ കെ രാമകൃഷ്ണപിള്ളയെ മൗലവി കണ്ടെത്തുന്നത് .അങ്ങനെ 1906 മുതൽ സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം പിൽക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നറിയപ്പെട്ട കെ കെ രാമകൃഷ്ണപിള്ള ഏറ്റെടുത്തു. അതുല്യമായ ഒരു ബന്ധമായിരുന്നു ആ പത്രമുടമയും പത്രാധിപരും തമ്മിൽ.
പത്രമാധ്യമ ചരിത്രത്തിൽ ഒരു പത്രാധിപർക്ക് ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത ഒരു പത്രമുടമയെ കാണുക സാധ്യമല്ല. രാമകൃഷ്ണപിള്ളയുടെ പഠനസൗകര്യാർത്ഥം 1907ൽ പത്രം തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു.
ആഗോളവാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സുമായി കേരളത്തിൽ നിന്നും ആദ്യമായി ബന്ധം സ്ഥാപിച്ചത് മൗലവിയുടെ സ്വദേശാഭിമാനി ആയിരുന്നു. ആദ്യമായി തിരുവിതാംകൂർ ദിവാന്റെ അഴിമതി ഭരണത്തിനെതിരെ ശബ്ദമുയർത്തിയതും സ്വദേശാഭിമാനി തന്നെ. കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ 1908 നവംബറിലാണ് ആദ്യമായി ഒരു പത്രം പ്രതിദിനപതിപ്പുകൾ ഇറക്കുന്നത്. സ്വദേശാഭിമാനി തന്നെയാണ് ആ നേട്ടവും കൈവരിച്ചത്. ചാല ലഹളയുമായി ബന്ധപ്പെട്ടായിരുന്നു അതുണ്ടായത്.നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ ചാലയിൽ പോലീസും കച്ചവടക്കാരും തമ്മിലുണ്ടായ ഗതാഗതപ്രശ്നം ലഹളയായി മാറി. പോലീസ് സ്റ്റേഷൻ ജനങ്ങൾ അഗ്നിക്കിരയാക്കി.അവസാനം പോലീസ് സൂപ്രണ്ട് ബെൻലിയുടെ നേതൃത്വത്തിൽ പോലീസും പട്ടാളവും കൂടി വന്നു ലഹളക്കാരെ നിഷ്കരുണം അടിച്ചമർത്തി. ഈ ചാല ലഹളയെ സംബന്ധിച്ച് ശ്രീമൂലം പോപ്പുലർ അസംബ്ലി ഒരു മാസക്കാലം ചർച്ച ചെയ്ത സമയത്താണ് അസംബ്ലി നടപടികൾ അപ്പപ്പോൾ ജനങ്ങളെ അറിയിക്കാൻ സ്വദേശാഭിമാനി പ്രതിദിനപതിപ്പുകൾ ഇറക്കി തുടങ്ങിയത്. ഒരുപാട് ഉന്നത വ്യക്തികൾ സ്വദേശാഭിമാനിയെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ എ ആർ രാജരാജവർമ്മ, കേരള വർമ്മ വലിയകോയിത്തമ്പുരാൻ, ഡോക്ടർ പൽപ്പു, ഉള്ളൂർ തുടങ്ങിയവർ ഉദാഹരണം. മുസ്ലിം നവോത്ഥാന നായകനായിരുന്ന സയ്യിദ് ഥനാഉള്ള മക്തി തങ്ങൾ ക്രിസ്ത്യൻ മിഷനറിമാരുടെ ഇസ്ലാമിനെതിരെയുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ പത്രത്തിൽ എഴുതിയിട്ടുണ്ട്. ദിവാന്റെ കൊള്ളരുതായ്മകളെ വിമർശിച്ചതിന്റെ പേരിൽ ഭരണകൂടത്തിന്റെ കണ്ണിലെ കരടായിത്തീർന്ന സ്വദേശാഭിമാനി അവസാനം 1910 സെപ്റ്റംബർ 26ന് സർക്കാർ കണ്ടുകെട്ടി, പത്രാധിപർ രാമകൃഷ്ണപിള്ളയെ കണ്ണൂരിലേക്ക് നാടുകടത്തി. കണ്ടുകെട്ടിയ പ്രസ്സ് ഒരുപാട് നിവേദനങ്ങൾക്കും അപേക്ഷകൾക്കും ശേഷം 1958ലെ റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി മൗലവിയുടെ മകനായ വക്കം അബ്ദുൽഖാദറിന് കൈമാറുകയുണ്ടായി. കേരള പത്രപ്രവർത്തനചരിത്രത്തിലെ തിളങ്ങുന്ന താരമായ സ്വദേശാഭിമാനിയുടെ ആപ്തവാക്യം
" ഭയകൗടില്യലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ "
എന്നായിരുന്നു.
മുസ്ലിംകളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ഇസ്ലാമിന്റെ അടിസ്ഥാനതത്വമായ തൗഹീദ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ലക്ഷ്യംവെച്ച് മൗലവി തുടങ്ങിയ മാസികയാണ് മുസ്ലിം മാസിക. അറബിഭാഷാ പഠനത്തിന്റെ പ്രോത്സാഹനത്തിനായി നിരവധി ലേഖനങ്ങൾ മൗലവി ഇതിൽ എഴുതിയിട്ടുണ്ട്. ഒരു ലക്കം പോലും മുടങ്ങാതെ നീണ്ട പത്തു വർഷങ്ങളാണ് മൗലവി മുസ്ലിം മാസിക പ്രസിദ്ധീകരിച്ചത്. സ്ത്രീകൾക്ക് പോലും അറബിമലയാളം അറിയാമായിരുന്ന അക്കാലത്ത് അറബി മലയാളത്തിൽ ഒരു പ്രസിദ്ധീകരണം തുടങ്ങിയാൽ സമൂഹത്തിൽ ആഴമേറിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിയ മൗലവി 1916 ഏപ്രിൽ സ്ഥാപിച്ച മുസ്ലിം മുദ്രാലയത്തിൽ നിന്ന് അൽ ഇസ്ലാം അറബി മലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായും സമൂഹത്തിലെ അനാചാരങ്ങൾക്കെതിരായും ശബ്ദിച്ച മാസിക പക്ഷേ ആറുമാസം മാത്രമാണ് നിലനിന്നത്. പ്രസിദ്ധീകരണമേഖലയിൽ തനിക്ക് നേരിട്ട തിരിച്ചടികളൊന്നും വകവെക്കാതെ മുന്നോട്ടുള്ള പ്രയാണം തുടർന്ന മൗലവി മത-സാംസ്കാരിക പ്രസിദ്ധീകരണങ്ങൾക്കായി 1931 ൽ വക്കത്ത് ഇസ്ലാമിക പ്രസിദ്ധീകരണാലയം എന്നൊരു സ്ഥാപനം രൂപവത്കരിച്ചു. അതോടൊപ്പം ദീപിക എന്ന പ്രതിമാസപത്രികയും പുറത്തിറക്കി. 12 ലക്കങ്ങളാണ് ദീപിക ഇറങ്ങിയിട്ടുള്ളത്. മുസ്ലിം സമുദായത്തിലെ ആദ്യ മഹാകവി പൊൻകുന്നം സെയ്ത് മുഹമ്മദ് ദീപികയിൽ കവിതകൾ എഴുതിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ ആദ്യമായി മലയാളവ്യാഖ്യാനസഹിതം പ്രസിദ്ധീകരിക്കാനാരംഭിച്ചത് ദീപികയിലാണ്. ഇസ്ലാമിക ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കാനായി സ്ഥാപിക്കപ്പെട്ട അഹ്ലുസുന്നത്തി വൽ ജമാഅ എന്ന പ്രസിദ്ധീകരണശാലയും മൗലവിയുടെ സംഭാവനയാണ്.
അല്പം രാഷ്ട്രീയം
രാഷ്ട്രീയപരമായി മൗലവിയെ നിരീക്ഷിക്കുമ്പോൾ സജീവമായ പ്രവർത്തനങ്ങൾ കാണുക വിരളമാണ്. ചിന്താപരവും ആശയപരവുമായിരുന്നു മൗലവിയുടെ രാഷ്ട്രീയപ്രവർത്തങ്ങൾ. രാജഭരണത്തിലധിഷ്ഠിതമായ അന്നത്തെ ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിലെ ഒരു കണ്ണി എന്ന നിലയിലായിരുന്നു മൗലവി പ്രവർത്തിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ പ്രാധാന്യം നല്ലപോലെ മനസ്സിലാക്കിയിരുന്ന മൗലവി കോൺഗ്രസിനെയും പിന്തുണച്ചു . 1921 ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന ഖിലാഫത്ത് കോൺഗ്രസ് സമ്മേളനത്തിൽ മൗലവി പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിൽ വെച്ചാണ് മജ്ലിസുൽ ഉലമ എന്ന പണ്ഡിതസഭ രൂപവത്കരിക്കുന്നത്. സഭയുടെ വൈസ് പ്രസിഡണ്ടുമാർ വക്കം മൗലവിയും ഹമദാനി തങ്ങളുമായിരുന്നു. ജനറൽ സെക്രട്ടറി ഈ മൊയ്തു മൗലവിയും ജോയിന്റ് സെക്രട്ടറിമാരിലൊരാൾ കെ എം മൗലവിയും ആയിരുന്നു. കോൺഗ്രസ് നേതാക്കളായിരുന്ന മൗലാന അബുൽ കലാം ആസാദുമായും അലി സഹോദരന്മാരുമായുമൊക്കെ മൗലവിക്ക് നല്ല ബന്ധമുണ്ടായിരുന്നു.ഗാന്ധിജിയെ
സന്ദർശിച്ചിട്ടുമുണ്ട് മൗലവി. 1922 ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോഴായിരുന്നു അത്. ശിഷ്യനായ കെ എം സീതി സാഹിബുമൊത്ത് തിരുവനന്തപുരത്തെ ഭക്തിവിലാസം മന്ദിരത്തിൽ വച്ചായിരുന്നു വക്കം മൗലവിയും ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്
رحم الله المولوي عبد القادر الوكمي
غفر الله له ولوالديه
അടുത്ത ഭാഗം വായിക്കൂ
Comments
Post a Comment