പൂന്ത്രാൻ വിളാകത്തെ മുഹമ്മദ്‌ കുഞ്ഞിന്റെ മകൻ (4)



 വിദ്യാഭ്യാസം / അറബി ഭാഷാ പഠനം

മത-സമുദായഭേദമന്യേ ഭൂരിപക്ഷമാളുകളും വിദ്യാഭ്യാസത്തോട് പിന്തിരിഞ്ഞു നിന്നിരുന്ന കാലഘട്ടത്തിലാണ് ഉന്നതവിദ്യാഭ്യാസം നേടിയ മൗലവി വിദ്യാഭ്യാസപരിഷ്കരണങ്ങൾക്ക് വേണ്ടി അക്ഷീണം യത്നിച്ചത്. 
 മുസ്‌ലിം സമുദായത്തിന്റെ അധോഗതിയുടെ മുഖ്യഹേതുകങ്ങളിലൊന്ന് വിദ്യാഭ്യാസത്തോടുള്ള വിമുഖതയാണ് എന്ന് തിരിച്ചറിഞ്ഞ മൗലവി അറിവിന്റെയും പഠനത്തിന്റെയും അനിവാര്യതയും ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്താൻ നിരവധി പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
 ഇംഗ്ലീഷ് വിദ്യാഭ്യാസവും അറബിഭാഷാപഠനവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ മൗലവി ശ്രദ്ധ ചെലുത്തിയ മേഖലകളാണ്.
 വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് 1920 ൽ ആലപ്പുഴയിലെ ലജ്നത്തുൽ മുഹമ്മദിയ്യ സംഘത്തിന്റെ വാർഷികസമ്മേളനത്തെ അഭിസംബോധന ചെയ്യവെ മൗലവി പങ്കുവെക്കുകയുണ്ടായി. മൗലവി പറയുന്നു :

" ഒരു സമുദായത്തിന്റെ സമുന്നതി എന്നത് ആ സമുദായത്തിലെ അംഗങ്ങൾ എല്ലാം വിദ്യാഭ്യാസംകൊണ്ട് ബുദ്ധിക്ക് പ്രകാശം സിദ്ധിച്ചവരായിത്തീരുന്ന അവസ്ഥയാകുന്നു. ഈ അവസ്ഥയെ പ്രാപിക്കുന്ന സമുദായങ്ങൾക്കല്ലാതെ ലോകത്ത് ശ്രേയസ്സിന് അവകാശമില്ല അവർക്കു മാത്രമേ ജീവിതയാത്രയിൽ നേർവഴി കാണുവാൻ കഴിയുകയുള്ളൂ.അതിനാൽ വിദ്യാഭ്യാസത്തെ സമുദായത്തിൽ ധാരാളം പ്രചരിപ്പിക്കാനുള്ള യത്നമാകുന്നു ഇന്ന് സമുദായോദ്ധാരണവിഷയത്തിൽ നമുക്കുള്ള ഗൗരവമേറിയ കൃത്യം. പ്രാഥമിക വിദ്യാഭ്യാസം സമുദായത്തിൽ മുഴുവൻ പ്രചരിപ്പിക്കണം. ഇത് വലുതായ ശ്രമം കൊണ്ടല്ലാതെ സാധിക്കില്ല. സമുദായത്തിൽ പ്രമാണിത്തമുള്ളവരാണ് ഇതിലേക്ക് പ്രയത്നിക്കാൻ കടമപ്പെട്ടവർ "

 വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന ഉൾക്കാഴ്ച മൂലമാണ് ഏതൊരു സമൂഹത്തിനും ഉന്നതി കൈവരുകയെന്നും അവർക്കാണ് ശ്രേയസ്സിനർഹതയെന്നും സമുദായത്തിലെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകണമെന്നുമുള്ള ചിന്ത ഇന്നത്തെ കാലത്ത് പോലും എത്രമാത്രം പ്രസക്തമാണ് എന്ന് നാം ചിന്തിക്കണം. അക്കാലത്ത് എന്തുമാത്രം ഉയർന്നചിന്തയും ബൗദ്ധികനിലവാരവും മൗലവിക്ക് ഉണ്ടായിരുന്നു എന്നതിനുള്ള തെളിവാണ് ഈയൊരു സംഭവം. പക്ഷേ ദൗർഭാഗ്യവശാൽ ഇന്നത്തെ മുസ്‌ലിംകൾ പോലും വിദ്യാഭ്യാസവിഷയത്തിൽ വളരെയധികം പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ വച്ചു പുലർത്തുന്നു എന്നത് വളരെയധികം ഖേദകരമായ ഒരു സംഗതി തന്നെയാണ്. മുസ്‌ലിംകളെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ പലവഴികളും മൗലവി ആലോചിക്കുകയും നിരന്തരം അതിനുവേണ്ടി പരിശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യയുടെ ലൈബ്രറിയിൽ വച്ച് അതിനായി മറ്റു നേതാക്കളോടൊപ്പം മൗലവി ഒരു യോഗത്തിൽ പങ്കെടുത്ത് ചർച്ചകൾ നടത്തുകയുണ്ടായി. മുസ്‌ലിംകളെ വിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ എന്താണ് മാർഗം എന്നതും ചർച്ചയിൽ വിഷയമായി.
 ഇതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മൗലവി അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തു. നിവേദനം ലഭിച്ച രാജാവ് വിഷയം പഠിക്കുവാനായി ഡോക്ടർ ബിഷപ്പ് എന്ന ഉദ്യോഗസ്ഥനെ നിയമിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം 1913 ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ പഠിക്കാനുള്ള സൗകര്യം സ്കൂളുകളിൽ ഏർപ്പെടുത്തുകയാണ് അവരെ ആകർഷിക്കാനുള്ള പ്രധാന വഴി എന്നതായിരുന്നു മുഖ്യനിർദേശം.
 തദടിസ്ഥാനത്തിൽ 25 കുട്ടികളുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു ഖുർആൻ അധ്യാപകനെ നിയമിക്കാൻ രാജാവ് ഉത്തരവിറക്കി. ഇങ്ങനെ 15 വിദ്യാലയങ്ങളിൽ ഖുർആൻ ടീച്ചർ എന്ന തസ്തിക പുതുതായി നിലവിൽ വന്നു. വക്കം മൗലവിയുടെ ശ്രമഫലമായി ഒരുപാട് സ്ഥലങ്ങളിൽ സ്കൂളുകൾ സ്ഥാപിതമായിട്ടുണ്ട്. 
 ചിറയിൻകീഴ്, ചിലക്കൂർ, നിലയ്ക്കാമുക്ക്, പെരുമാതുറ, പള്ളിപ്പുറം, വെട്ടൂർ, നാവായിക്കുളം, ഇടവ, ആലംകോട്, തുടങ്ങിയവ ഉദാഹരണം.

 ആദ്യമായി മുസ്‌ലിം വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾ അനുവദിക്കപ്പെട്ടത് മൗലവിയുടെ ശ്രമഫലമായി തിരുവിതാംകൂർ ഗസറ്റിൽ സർക്കാർ ഒരു പ്രസീഡിങ്സ് പുറപ്പെടുവിച്ചതോട് കൂടിയാണ്. പൊതുവിദ്യാഭ്യാസത്തോടൊപ്പം മൗലവി ശ്രദ്ധ ചെലുത്തിയ മറ്റൊരു മേഖലയായിരുന്നു അറബിഭാഷാപഠനം. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ രൂപത്തിൽ കേരളത്തിൽ ഗവൺമെന്റ്തലത്തിൽ അറബിഭാഷാപഠനം ആരംഭിക്കാനുള്ള കാരണം തന്നെ വക്കം മൗലവിയാണ്. അറബിഭാഷാപഠനത്തിന്റെ പരിഷ്കരണത്തിനായി ചില പ്രായോഗികപദ്ധതികൾ മൗലവി ആവിഷ്കരിക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന മദ്രസകളിലും സ്കൂളുകളിലുമുള്ള പഠനരീതി മെച്ചപ്പെടുത്തുക. ഗവൺമെന്റിൽ സ്വാധീനം ചെലുത്തി അറബിഭാഷാപഠനം പൊതുപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയവയൊക്കെ അവയിലുൾപ്പെടുന്നു.

 മൗലവിയുടെ നിവേദനപ്രകാരം ഡോക്ടർ ബിഷപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖുർആൻ ടീച്ചർമാരെ നിയമിക്കാൻ ഉത്തരവിറങ്ങിയത് നേരത്തെ പരാമർശിച്ചല്ലോ.എന്നാൽ അന്ന് കേരളത്തിൽ അത്തരമൊരു തസ്തികയിലേക്ക് യോഗ്യതാനിർണ്ണയം നടത്താൻ കഴിവുള്ള ഒരു സംവിധാനമോ സംരംഭമോ ഒന്നുമുണ്ടായിരുന്നില്ല. അതിനാൽ അപേക്ഷിക്കുന്നവരെ പരിശോധിച്ച് യോഗ്യതാസർട്ടിഫിക്കറ്റ് നൽകാൻ ഗവൺമെന്റ് ചുമതലപ്പെടുത്തിയതും മൗലവിയെയല്ലാതെ വേറെയാരെയുമായിരുന്നില്ല. പ്രൈമറി സ്കൂളുകളിലേക്കുള്ള പാഠ്യപദ്ധതിക്ക് രൂപം നൽകിയതും മൗലവി തന്നെ. ഈ വിഷയത്തിലുള്ള പരീക്ഷകൾ നടത്താനുള്ള ചുമതലയും പ്രധാന മേധാവിയും മൗലവി തന്നെയായിരുന്നു. പഠനത്തിനാവശ്യമായ ടെക്സ്റ്റ്ബുക്കുകളുടെ അഭാവം നികത്താൻ അത് തയ്യാറാക്കേണ്ട ജോലിയും നിക്ഷിപ്തമായത് മൗലവിയുടെ ചുമലിൽ. 
ഖുർആൻ ടീച്ചർമാർക്കു വേണ്ടി അഹ്‌കാമുത്തജ് വീദ് എന്ന ഗ്രന്ഥവും പ്രൈമറി ക്ലാസുകളിലേക്ക് തഅലീമുൽഖിറാഅത്ത് എന്ന ഗ്രന്ഥവും മൗലവി തയ്യാറാക്കി. അറബി അധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി അറബി ലോവർ, അറബി ഹയർ എന്ന രണ്ട് പരിശീലന കോഴ്സുകൾ സംഘടിപ്പിക്കാനും ആ കോഴ്സുകൾ പൂർത്തീകരിച്ചു വരുന്നവരെ അറബി അധ്യാപകരായി പരിഗണിക്കാനും തീരുമാനമുണ്ടായി. ഈ പരീക്ഷകളുടെ നടത്തിപ്പിനായി മൗലവിയെ ചെയർമാനാക്കി നിശ്ചയിച്ചു ഒരു പരീക്ഷാബോർഡും അന്ന് രൂപവൽക്കരിച്ചു. ആ കോഴ്സുകളുടെ പാഠ്യപദ്ധതി തയ്യാറാക്കിയതും മുഖ്യചുമതലകളെല്ലാം നിർവഹിച്ചതും മൗലവി തന്നെയായിരുന്നു.

 ഒരുപാട് തവണ മൗലവി മുസ്‌ലിംകളുടെ വിദ്യാഭ്യാസപുരോഗതിക്കായി ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. 1915 ൽ ആലപ്പുഴ സന്ദർശിച്ച തിരുവിതാംകൂർ മഹാരാജാവിന് ലജ്നത്തുൽ മുഹമ്മദിയ്യ സംഘം ഒരു മംഗളപത്രം സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു മുസ്‍ലിംകൾ അധികമായി താമസിക്കുന്ന പ്രദേശങ്ങളിൽ തൊട്ടടുത്ത വർഷം തന്നെ 75 സ്കൂളുകൾ സ്ഥാപിക്കണമെന്ന തീരുമാനമുണ്ടായത്. 1919 ൽ മൗലവി അന്നത്തെ തിരുവിതാംകൂർ വിദ്യാഭ്യാസഡയറക്ടർ ഡോക്ടർ ബിഷപ്പിന് നേരിട്ട് ഒരു നിവേദനം നൽകി. തദടിസ്ഥാനത്തിലായിരുന്നു ഇരുപതിൽപരം മുസ്‌ലിം പ്രതിനിധികൾ സംബന്ധിച്ച ഒരു കോൺഫറൻസ് ഗവൺമെന്റ് തന്നെ മുൻകൈയ്യെടുത്ത് വിളിച്ചുകൂട്ടിയത്.മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അസിസ്റ്റന്റ് വിദ്യാഭ്യാസ ഡയറക്ടറായിരുന്ന രാമസ്വാമി അയ്യരെ നിയമിക്കാനും ഈ കോൺഫറൻസിൽ തീരുമാനമായി. അങ്ങനെ വിദ്യാഭ്യാസത്തിനായി മൗലവി നടത്തിയ പരിശ്രമങ്ങൾ ചില്ലറയല്ല.

മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തോടുള്ള വിമുഖത ഇന്നും ഒരു പരിധിവരെ നിലനിൽക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. മൗലവിയുടെ നിലപാടുകളുടെയും പരിഷ്കരണപ്രവർത്തനങ്ങളുടെയും പ്രസക്തി കാലത്തിന്റെ കുത്തൊഴുക്കിൽ തേഞ്ഞുമാഞ്ഞു പോയിട്ടില്ല എന്ന് ചുരുക്കം. 

رحم الله مولوي عبد القادر الوكمي 
غفر الله له ولوالديه

അടുത്ത ഭാഗം വായിക്കൂ 

Comments

  1. ما شاء الله
    بارك الله
    جزاكم الله خيرًا على جهودكم

    ReplyDelete
  2. Good work👍
    بارك الله

    ReplyDelete

Post a Comment