പൂന്ത്രാൻ വിളാകത്തെ മുഹമ്മദ്‌ കുഞ്ഞിന്റെ മകൻ (3)



മാതൃകാനേതാവ്, നിരവധി സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും പിറവിക്ക് പിന്നിലെ പ്രചോദകശക്തി
 
 മുസ്‌ലിംകളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് സംഘബോധവും ഐക്യവും അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളാണ് വക്കം മൗലവി. ഭിന്നിപ്പും കക്ഷിത്വവും പക്ഷപാതിത്വവും ചുമലിലേറ്റി നടക്കുന്ന വർത്തമാനകാലത്തെ മത - രാഷ്ട്രീയ നേതാക്കൾ പഠിക്കേണ്ട പാഠപുസ്തകം തന്നെയാണ് ആ ജീവിതം. മൗലവി സ്ഥാപിച്ചതും പിന്തുണയും പ്രചോദനവും നൽകിയതുമായ അനേകം സംഘങ്ങളും സംഘടനകളും ഉണ്ട്. 1918 ൽ ചിറയിൻകീഴ് താലൂക്കിൽ പ്രഥമ ഇസ്‌ലാഹി സംഘടന നിലവിൽ വന്നു. നിലയ്ക്കാമുക്ക് ഇസ്‌ലാം ധർമപരിപാലന സംഘം എന്നായിരുന്നു പേർ. സംഘടനയുടെ പ്രസിഡന്റ് വക്കംമൗലവി തന്നെയായിരുന്നു. 1920 ൽ സംഘത്തിന് കീഴിൽ ഒരു ലൈബ്രറിയും സ്ഥാപിതമായി. കൂടാതെ വാഗ് വർധിനീ സമാജം എന്നൊരു യുവജനസംഘടനയും ഇതിനു കീഴിൽ പ്രവർത്തിച്ചിരുന്നു. മൗലവിയുടെ ശ്രമഫലമായി തിരുവനന്തപുരത്തെ പള്ളിപ്പുറത്ത് സ്ഥാപിക്കപ്പെട്ട മറ്റൊരു സംഘടനയാണ് പള്ളിപ്പുറം ഹദിയ്യുൽ ഇസ്‌ലാം സംഘം. മുനവ്വിറുൽ ഇസ്‌ലാം എന്നൊരു സമാജവും ഒരു വായനശാലയും ഇതോടൊപ്പം നിലവിൽവന്നു. ചിറയിൻകീഴ് തന്നെ മൗലവി സ്ഥാപിച്ച സംഘങ്ങളാണ് ഇസ്‌ലാം ധർമ്മസ്ഥാപന സംഘവും, ജമാഅത്തുൽ ഇർഷാദും. അതുപോലെ ചിറയിൻകീഴ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് 1923 ൽ ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം എന്നൊരു സംഘടനയും മൗലവി സ്ഥാപിച്ചിട്ടുണ്ട്. പെരുമാതുറ വെച്ച് നടന്ന ഇതിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ 1400 ആളുകളാണ് അന്ന് പങ്കെടുത്തത്.
 ഇന്നത്തെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കുറെ യുവാക്കൾ മൗലവിയുടെ നേതൃത്വം സ്വീകരിച്ച് അവിടെ രൂപവൽക്കരിച്ച സംഘടനയാണ് മനാസ്വിറുൽ ഇസ്‌ലാം സംഘം. ഇതിന്റെ പ്രവർത്തനഫലമായി കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിൽ ഒരു മുസ്‌ലിം സ്കൂൾ അന്ന് സ്ഥാപിക്കപ്പെട്ടിരുന്നു. വക്കം മൗലവി ആശയപരമായി പിന്തുണച്ചതും ഉപദേശകനായി വർത്തിച്ചതുമായ രണ്ട് സംഘടനകളാണ് ആലപ്പുഴയിലെ ലജ്നത്തുൽ മുഹമ്മദിയ്യ സംഘവും കൊല്ലത്തെ ധർമ്മഭോഷിണി സഭയും. വക്കം മൗലവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ തന്നെ രൂപം കൊണ്ട മറ്റൊരു സംഘടനയാണ് എം ആർ മുഹമ്മദ് കുഞ്ഞ് സ്രാങ്ക് മുൻകൈയെടുത്ത് സ്ഥാപിച്ച ഇടവാ മുസ്‌ലിം അനാചാരനിരോധന സംഘം. ഒന്നാംലോക മഹായുദ്ധത്തിന്റെ ഭീകരകെടുതികളിലൊന്നായിരുന്നു അന്ന് രാജ്യത്താകമാനം ഉണ്ടായ ഭക്ഷ്യക്ഷാമം. അന്ന് ഭക്ഷ്യ ക്ഷാമം മൂലം ദുരിതമനുഭവിക്കുന്നവർക്കായി ഡോക്ടർ ബി എസ് ഡാനിയേലും, വി കെ വേലായുധൻ വാധ്യാരും മുൻകൈയെടുത്ത് സ്ഥാപിച്ച സാമൂഹ്യ ദുരിതാശ്വാസ സംഘടനയായിരുന്നു വക്കം സഹോദരസമാജം. സമാജത്തിന്റെ പ്രസിഡന്റ് വക്കംമൗലവി ആയിരുന്നു. ഒരു അഖിലകേരള മുസ്‌ലിം സംഘടനയ്ക്ക് വേണ്ടിയും മൗലവി ശ്രമം നടത്തിയിരുന്നു. കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ നിർണായക വഴിത്തിരിവായ 1922 ൽ സ്ഥാപിതമായ കേരളമുസ്‌ലിം ഐക്യസംഘവുമായി അഭേദ്യബന്ധം മൗലവിക്കുണ്ടായിരുന്നു. ഐക്യസംഘത്തിന്റെ ഏറിയാട് വെച്ച് ചേർന്ന ഒന്നാമത്തെ വാർഷിക സമ്മേളനത്തിന്റെ ആധ്യക്ഷം വഹിച്ചത് തന്നെ മൗലവിയായിരുന്നു.വക്കം മൗലവിയുടെ പരിശ്രമത്താൽ ജന്മംകൊണ്ട നിരവധി സ്ഥാപനങ്ങളുമുണ്ട്. വക്കത്തെ ദേശാഭിമാനി വായനശാല അവയിലൊന്നാണ്. ജാതിമതഭേദമന്യേ വക്കത്തെ ചെറുപ്പക്കാരുടെയും വിജ്ഞാനദാഹികളുടെയും സംഗമസ്ഥലമായിരുന്നു അത്. വിദൂര ദിക്കുകളിൽ നിന്ന് തിരുവനന്തപുരത്ത് വന്ന് വിദ്യാഭ്യാസം ചെയ്യുന്നവർക്കായുള്ള ഒരു ഹോസ്റ്റൽ ആണ് മറ്റൊന്ന്. സുരക്ഷിതമായ താമസസൗകര്യത്തിന്റെ അഭാവം കാരണം പല രക്ഷിതാക്കളും മക്കളെ ഉന്നതവിദ്യാഭ്യാസം ചെയ്യിക്കുന്നതിൽനിന്ന് പിന്തിരിയുന്നുവെന്നു കണ്ട മൗലവി 1919 മെയ് 14 ന് ദീപികയിൽ ഒരു ഹോസ്റ്റലിന്റെ അനിവാര്യതയെക്കുറിച്ച് ലേഖനമെഴുതുകയുണ്ടായി. തുടർന്ന് കേരള മുസ്‌ലിം ചരിത്രത്തിലെ ഒന്നാമത്തെ മുസ്‌ലിം ഹോസ്റ്റൽ തിരുവനന്തപുരത്തെ കുന്നുകുഴിയിൽ സ്ഥാപിതമായി.കേരളസാംസ്കാരിക ചരിത്രത്തിലെ പ്രശസ്തരിൽ പലരും കെ എം സീതി സാഹിബ്, പി ഹബീബ് മുഹമ്മദ്, എ മുഹമ്മദ് കണ്ണ്, കെ ഷാഹുൽഹമീദ്, കെ മുഹമ്മദലി മുതലായവർ ആ ഹോസ്റ്റലിലെ ഒന്നാം തലമുറക്കാരിൽ പെട്ടവരാണ്. ഒന്നോ രണ്ടോ ആഴ്ചകൾ കൂടുമ്പോൾ അവിടെ വന്നു താമസിക്കുകയും പലവിഷയങ്ങളിലും ഗഹനമായ ചർച്ചകൾ നടത്തുകയും ചെയ്യുക മൗലവിയുടെ പതിവുകളിൽ പെട്ടതായിരുന്നു. 

رحم الله مولوي عبد القادر الوكمي 
غفر الله له ولوالديه


അടുത്ത ഭാഗം വായിക്കൂ 

Comments

  1. മുസ്‌ലിം കൈരളിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ കേരളത്തിന്റെ തെക്ക് ഭാഗത്ത് ഇത്ര സംഘടനകളും പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളുമൊക്കെ ഉണ്ടായിട്ടുപോലും പിന്നീട് ഇത്രകാലം പിന്നിട്ടപ്പോഴേക്കും ഇസ്‌ലാമിക വിഷയങ്ങളിൽ ഇന്ന് കാണുന്ന രൂപത്തിലേക് പുറന്തള്ളപ്പെടാനുള്ള കാരണമെന്തായിരിക്കും?

    ReplyDelete
    Replies
    1. നല്ല ചോദ്യം

      Delete

Post a Comment