പൂന്ത്രാൻ വിളാകത്തെ മുഹമ്മദ് കുഞ്ഞിന്റെ മകൻ (2)
മതത്തിൽ പിടിമുറുക്കിയ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടുകളിൽ നിന്ന് പ്രമാണങ്ങളിലേക്കുള്ള തിരിച്ചുനടത്തം.
ഇന്നും വളരെ പ്രസക്തമായ പരിഷ്കരണ പ്രവർത്തനങ്ങൾക്കാണ് മതരംഗത്ത് മൗലവി തുടക്കം കുറിച്ചത്. യഥാർത്ഥത്തിൽ മൗലവിയെ പോലുള്ള മഹാന്മാരുടെ ചിന്താവിളക്കിൽ നിന്നുള്ള പ്രകാശം കൊണ്ടുകൂടിയാണ് ഇന്ന് കേരള മുസ്ലിംകൾ ഈയൊരു പുരോഗതിയെങ്കിലും കൈവരിച്ചത് എന്ന് പറയാം. അന്നത്തെ മുസ്ലിം സമൂഹം സർവ്വ മേഖലകളിലും പിന്നാക്കം നിൽക്കുകയായിരുന്നു. യഥാർത്ഥ ഇസ്ലാമിൽ നിന്നും അതിവിദൂരത്ത് നിലകൊണ്ടിരുന്ന മുസ്ലിം സമൂഹം പൗരോഹിത്യത്താൽ മലീമസമാക്കപ്പെട്ടിരുന്നു. പൗരോഹിത്യമെന്ന വർഗ്ഗം മുസ്ലിംകളുടെ ചിന്താപരവും ബൗദ്ധികവുമായ മുന്നോട്ടുപോക്കിന് മുന്നിൽ വിലങ്ങുതടി വെച്ചു. യഥാർത്ഥത്തിൽ മതത്തിൽ ഇല്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും ജനങ്ങളെ പഠിപ്പിക്കുകയും അവരുടെ സമ്പത്തിനെയും അറിവില്ലായ്മയെയും ചൂഷണം ചെയ്യുകയും ചെയ്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ ആ പരിതസ്ഥിതിയിൽ ഇസ്ലാമിന്റെ ആധാരശിലകളാകുന്ന വിശുദ്ധ ഖുർആനും പ്രവാചകന്റെ തിരുസുന്നത്തുകളും ശരിയാംവണ്ണം
പഠിപ്പിക്കപ്പെട്ടിരുന്നില്ല. മലയാളവും ഇംഗ്ലീഷും അഭ്യസിക്കുന്നതിന് പൗരോഹിത്യം വിലക്കേർപ്പെടുത്തി. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് ജനം വിശ്വസിച്ചു പോന്നു. ശുദ്ധമലയാളം സംസാരിക്കേണ്ട ഗതികേട് വരുത്തരുതേ എന്ന് പോലും പുരോഹിതന്മാർ പ്രാർത്ഥന നടത്തി. സമുദായത്തിന്റെ ഈയൊരു പിന്നാക്കാവസ്ഥയ്ക്കും ചിന്താപരമായ മുരടിപ്പിനുമുള്ള ഒറ്റമൂലി യഥാർത്ഥ ഇസ്ലാമിക വിശ്വാസങ്ങളിലേക്കുള്ള തിരിച്ചുപോക്കാണെന്ന് മൗലവി തിരിച്ചറിഞ്ഞിരുന്നു . മൗലവിയുടെ വാക്കുകളിൽ നിന്നു തന്നെ അത് വ്യക്തമാണ് .
" നവീകരണത്തിനുള്ള മാർഗ്ഗം ചുരുക്കിപ്പറഞ്ഞാൽ ഖുർആന്റെ പ്രബോധനങ്ങളെയും റസൂലിന്റെ വചനങ്ങളെയും ചര്യകളെയും പൂർവ്വാചാര്യന്മാരുടെ നടപടികളെയും പ്രത്യേകമായും ഏകദൈവവിശ്വാസസംബന്ധിയായ യഥാർത്ഥ തത്വങ്ങളെയും ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുകയും ഇവയ്ക്ക് വിരോധമായി അവരുടെ ഇടയിൽ കാണപ്പെടുന്ന വിശ്വാസങ്ങളെയും നടപടികളെയും ചൂണ്ടിക്കാണിച്ച അവയെ ത്യജിക്കാനും വിശ്വാസങ്ങളിലും നടപടികളിലും കിതാബിനെ യും സുന്നത്തിനെയും മാത്രം ആദർശമായി സ്വീകരിക്കാനും ഉപദേശിക്കുകയും ചെയ്യുകയാകുന്നു."
മൗലവിയുടെ മലയാളത്തിലും അറബി മലയാളത്തിലുമുള്ള നിരവധി ലേഖനങ്ങളുടെയും മറ്റും തലക്കെട്ടുകൾ പരിശോധിച്ചാലും ഇത് മനസിലാക്കാം.
"നമ്മുടെ അവസ്ഥ "
"മലയാളത്തിലെ ശൈഖന്മാരും മുസ്ലിം നാഗരികതയും " "മുസ്ലിംകളുടെ അധോഗതിയിൽ അവരുടെ നേതാക്കന്മാർക്കുള്ള ഉത്തരവാദിത്തം " മുതലായവ ഉദാഹരണം.
ഘോരഘോരം തൊണ്ടപൊട്ടുമാറ് ആദർശപ്രസംഗം നടത്താൻ നേതാക്കന്മാർ ഏതു രംഗത്തും മുന്നിൽ തന്നെ കാത്തു നില്പുണ്ടാവും. സ്വയം അത് ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന വിഷയത്തിൽ അവർ തികഞ്ഞ വട്ടപ്പൂജ്യങ്ങളുമായിരിക്കും. മൗലവി ഒരിക്കലും അങ്ങനെയായിരുന്നില്ല.
പരിഷ്കരണങ്ങൾ സ്വന്തം വീട്ടിൽ തന്നെ മൗലവി നടപ്പാക്കി. ഭർത്താവിന്റെ പേര് വിളിക്കുന്നത് മഹാപാപമായി അക്കാലത്തെ സ്ത്രീകൾ കരുതിയിരുന്നു. സ്വന്തം ഭാര്യയിൽ നിന്ന് അത്തരം അന്ധവിശ്വാസങ്ങളുടെ വേരുകൾ പിഴുതെറിയാൻ മൗലവി കണ്ടെത്തിയ മാർഗം തന്റെ ഒരു മകന് തന്റെ പേര് തന്നെ ഇടുകയായിരുന്നു.
رحم الله المولوي عبد القادر الوكمي
غفر الله له ولوالديه
അടുത്ത ഭാഗം വായിക്കൂ
بارك الله فيك
ReplyDelete