പൂന്ത്രാൻ വിളാകത്തെ മുഹമ്മദ് കുഞ്ഞിന്റെ മകൻ. (1)
നവോത്ഥാനത്തിന്റെ തീപ്പൊരികളുടെ ജനനം
സാമൂഹികമായും രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ബൗദ്ധികമായും മുരടിച്ചു കിടന്നിരുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തെ തന്റെ സർവ്വ കഴിവുകളുമുപയോഗിച്ച് തട്ടിയുണർത്താൻ ശ്രമിച്ച മഹാനായിരുന്നു വക്കംമൗലവി.
1873 ഡിസംബർ 28നാണ് മൗലവി ജനിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വക്കത്ത്. പൂന്ത്രാൻ വിളാകം വീട്ടിൽ മുഹമ്മദ് കുഞ്ഞാണ് പിതാവ് ഹാഷുബി മാതാവും. സാമ്പത്തികമായും സാംസ്കാരികമായും സമ്പന്നമായിരുന്നു ആ കുടുംബം. കച്ചവടക്കാരനായിരുന്ന പിതാവ് മകന്റെ വിദ്യാഭ്യാസകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. മകന്റെ പഠനാവശ്യത്തിനായി സമ്പത്ത് നിർലോഭം ചിലവഴിച്ച അദ്ദേഹം പല സ്ഥലത്തുനിന്നും പണ്ഡിതന്മാരെ വീട്ടിൽ വിളിച്ചുവരുത്തി താമസിപ്പിച്ചായിരുന്നു മകന് വിദ്യാഭ്യാസം നൽകിയിരുന്നത്. തെക്കൻ തിരുവിതാംകൂറിൽ നിന്നും മലബാറിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ അധ്യാപകരെ വേതനം നൽകി അദ്ദേഹം വീട്ടിൽ താമസിപ്പിച്ചു. അങ്ങനെയാണ് മുഹമ്മദ് നൂഹ് മുസ്ലിയാർ, മാപ്പിള ലബ്ബ ആലിം സാഹിബ്, അണ്ടത്തോട് കുഞ്ഞിപ്പോക്കർ മുസ്ലിയാർ തുടങ്ങിയവരിൽ നിന്ന് മൗലവി അറബിയും തമിഴും പഠിക്കുന്നത്. മലയാളവും സംസ്കൃതവും അമ്പലപ്പുഴ സ്വദേശി ശ്രീ കേശവപിള്ളയിൽ നിന്നാണ് അഭ്യസിച്ചത്. പേർഷ്യനും ഉർദുവും സ്വായത്തമാക്കിയത് ആലപ്പുഴ സുലൈമാൻ മൗലവിയിൽ നിന്നായിരുന്നു. അക്കാലത്ത് വിരലിലെണ്ണാവുന്നവർക്ക് മാത്രം ലഭിച്ചിരുന്ന വിദ്യാഭ്യാസമെന്ന അമൂല്യനിധി മൗലവിയിൽ സൃഷ്ടിച്ചത് വലിയ മാറ്റങ്ങളാണ്.
ചെറുപ്പകാലത്ത് ലഭിച്ച വിദ്യാഭ്യാസവും ബഹുഭാഷാപഠനവും ജീവിതത്തിലുടനീളം മൗലവിയെ സഹായിച്ചിട്ടുണ്ട്. മൗലവിയിൽ നവോത്ഥാന ചിന്തകൾ ഉടലെടുക്കാനുള്ള പ്രധാനകാരണങ്ങളിലൊന്ന് വിദ്യാഭ്യാസം തന്നെയായിരുന്നു.
അന്നത്തെ മുസ്ലിം സമുദായത്തിന്റെ അധഃപതനവും മതത്തിൽ കടന്നുകൂടി ജനങ്ങളിൽ വേരുറച്ച അനവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മൗലവിയിൽ സമുദായോദ്ധാരണ ചിന്ത പിറവി കൊള്ളാൻ കാരണമായിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചക നടപടിക്രമങ്ങളും സലഫുകളുടെ (പൂർവ്വസൂരികളുടെ) മാർഗ്ഗവും പിൻപറ്റുന്നത് വഴി മാത്രമേ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി അദ്ദേഹം തന്റെ ഇരുനാവുകളും ഉപയോഗിച്ചു. ( എഴുത്തുകാരന്റെ രണ്ടാമത്തെ നാവ് തൂലികയാണല്ലോ ) വളർന്നുവന്ന സാഹചര്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നവോത്ഥാന പരിശ്രമങ്ങൾ നടത്തിയിരുന്ന വക്കം മൗലവിയിൽ മുന്നേറ്റമുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഈജിപ്തിൽനിന്ന് വിഖ്യാത പണ്ഡിതൻ സയ്യിദ് റഷീദ് രിള പ്രസിദ്ധീകരിച്ചിരുന്ന അൽമനാർ മാസികയുമായുള്ള ബന്ധം. 1906 ലായിരുന്നു സംഭവം. ആലപ്പുഴയിലെ വർത്തകപ്രമാണിയും ബന്ധുവുമായിരുന്ന എൻ എ മുഹമ്മദ് കുഞ്ഞ് മൗലവിയെ സന്ദർശിക്കാനെത്തി. ഒപ്പം മതപണ്ഡിത ൻ കൂടിയായിരുന്ന ഒരു അറബി കച്ചവടക്കാരനും ഉണ്ടായിരുന്നു. അറബിയും മൗലവിയും തമ്മിൽ ദീർഘനേരം മതവിഷയങ്ങളിൽ ചർച്ച നടക്കുകയുണ്ടായി. അൽമനാർ മാസികയും ചർച്ചക്കിടയിൽ സ്ഥലം പിടിച്ചു. അൽമനാറിന്റെ ഏതാനും ലക്കങ്ങളും മൗലവിക്ക് കൈമാറിയിട്ടാണ് ആ അറബിപണ്ഡിതൻ മടങ്ങിയത്. അറബ് ദേശങ്ങളുമായും അവിടുത്തെ സ്ഥിതിഗതികളുമായും കൂടുതൽ ബന്ധപ്പെടാനും തന്റെ ചിന്താമണ്ഡലങ്ങളുടെ സീമകൾ മാറ്റി വരക്കാനും ഇതിലൂടെ മൗലവിക്ക് കഴിഞ്ഞു. മൗലവി എന്ന പരിഷ്കർത്താവിനെ വാർത്തെടുത്തത് മൗലവിയുടെ പരന്ന വായനയും കൂടിയാണ്. വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന മൗലവി ജീവിതത്തിലുടനീളം നിരവധി ഗ്രന്ഥങ്ങളും മാസികകളും പത്രങ്ങളും വരുത്തി വായിച്ചിരുന്നു. ആലപ്പുഴ സുലൈമാൻ മൗലവി പ്രസിദ്ധീകരിച്ചിരുന്ന ഉർദു മാസികയായ " മആരിഫ് ", അറേബ്യയിൽ നിന്നുള്ള
" ഉമ്മുൽഖുറാ ", ഈജിപ്തിൽ നിന്നുള്ള " അൽബലാഗ് " വർത്തമാനപത്രങ്ങൾ, മദ്രാസിൽ നിന്നുള്ള " ഹിന്ദു " ഇംഗ്ലീഷ് ദിനപത്രം തമിഴ് ദിനപ്പത്രമായ "സ്വദേശിമിത്രൻ", ഇംഗ്ലണ്ടിൽ നിന്നുള്ള ലോകപ്രസിദ്ധഹാസ്യ വാരിക "The Punch"തുടങ്ങിയവ അവയിൽ ചിലതാണ്.
ഇംഗ്ലീഷ് ഭാഷ പഠിക്കൽ ഹറാമാണെന്ന് വിശ്വസിക്കുകയും ശുദ്ധ മലയാളത്തിൽ സംസാരിക്കാൻ ഒരിക്കലും ഇടവരുത്തരുതേ റബ്ബേ എന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ഒരു സമൂഹത്തിൽ നിന്ന് മുഹമ്മദ് കുഞ്ഞി എന്ന കച്ചവടക്കാരൻ തന്റെ മകൻ അബ്ദുൽ ഖാദറിന് നൽകിയ വിദ്യാഭ്യാസം സൃഷ്ടിച്ച അനുരണനങ്ങളുടെ വ്യാപ്തിയും ആഴവും ചരിത്രത്തിലിന്നും ഉല്ലേഖനം ചെയ്യപ്പെട്ട് കിടക്കുന്നുണ്ട്.
21 ആം നൂറ്റാണ്ടിലെ സമ്പൂർണ്ണസാക്ഷര കേരളത്തിലെ മുസ്ലിംകളുടെ അവസ്ഥയോ...?
ചിന്തിക്കുന്നത് നല്ലതാണ്.
رحم الله المولوي عبد القادر الوكمي
غفر الله له ولوالديه
അടുത്ത ഭാഗം വായിക്കൂ
ماشاء الله
ReplyDeleteGood work
ReplyDelete👍بارك اللهاللهد
ReplyDelete