കൊറോണഭയവും മാധ്യമങ്ങളും.


2020 ലെ കൊറോണയെന്ന മഹാമാരി.
നൂറ്റാണ്ടുകൾ പിന്നിട്ടാലും ഒരു ചരിത്രദുരന്തമായി മാലോകർ ഓർക്കാൻ മാത്രം ലോകത്ത് കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ.  ഒരു മനുഷ്യന്റെ ജീവിതത്തിലെ സർവ്വമേഖലകളിലും കൊറോണ അതിന്റെ  സ്വാധീനം ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ സാമ്പത്തികസ്ഥിതിയെയും  സാമൂഹിക വ്യവസ്ഥിതിയെയും  അപ്പാടെ തകിടം മറിക്കാനോ  അവയെക്കുറിച്ചുള്ള  സങ്കൽപങ്ങൾക്ക് വളരെ വലിയ രൂപത്തിലുള്ള മാറ്റം വരുത്താനോ കൊറോണ കാരണമായിട്ടുണ്ട്.
പ്രപഞ്ചമഖിലം കീഴടക്കാൻ കെല്പുള്ളവാണെന്ന മനുഷ്യന്റെ മൂഢചിന്തയെയും അഹംബോധത്തെയും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഒരു വൈറസ് വെല്ലുവിളിച്ചു മുന്നേറുന്ന ദിനങ്ങൾ.  ലോകത്തെയാകമാനം  പിടിച്ചു കുലുക്കി അതിഭീകരമായി  കൊറോണ വ്യാപിക്കുമ്പോൾ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയും സൂക്ഷ്മതയും കരുതലുമാണ് നമുക്ക് വേണ്ടത്. 

മനുഷ്യർ മുൻപ് നേരിട്ടിട്ടുള്ള സംക്രമിക രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരാശ യെക്കാൾ ആശയാണ് കൊറോണ മനുഷ്യന് നൽകുന്നത്. 
 വൈദ്യശാസ്ത്രരംഗത്തും ആശയവിനിമയരംഗത്തുമുള്ള മനുഷ്യന്റെ പുരോഗതി കൊറോണയുടെ വ്യാപനത്തെ തടുക്കുന്നതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്.  വൈറസിന്റെ പ്രകൃതത്തെ കുറിച്ച് കൃത്യമായി പഠിക്കാനും അതിനെ ചെറുത്തു തോല്പിക്കാനുമുള്ള മനുഷ്യശ്രമങ്ങൾ വിജയപാതയിൽ തന്നെയാണ്  ഗമിക്കുന്നത്. 

വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ ഓരോ നീക്കവും സ്വീകരിക്കേണ്ട നടപടികളും എല്ലാം മനസിലാക്കാൻ ജനങ്ങൾ ആശ്രയിക്കുന്നത്  മാധ്യമങ്ങളെയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ വൈറസ വ്യാപനത്തിന്റെ ഘട്ടവും അതീവ സൂക്ഷ്മതയോടെയാണ് മാധ്യമങ്ങളിലൂടെ മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങൾക്കു പുറമേ സമൂഹമാധ്യമങ്ങൾ ലോകജനതയുടെ ആശയവിനിമയരംഗത്ത് വളരെ വലിയൊരു പങ്കാണ് ഇന്ന് വഹിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വൈറസിനെക്കുറിച്ചും അതിന്റെ വ്യാപനത്തെക്കുറിച്ചുമുള്ള  ജനങ്ങളുടെ ചിന്താ രീതിയെ വളരെ ആഴത്തിൽ സ്വാധീനിക്കാനും തിരുത്താനുമെല്ലാമുള്ള കഴിവ് മാധ്യമങ്ങൾക്കുണ്ട്. വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കി അതിനനുസൃതമായ മുൻകരുതലുകളും സുരക്ഷാക്രമീകരണങ്ങളും നടത്തുകയാണ് നാം ചെയ്യേണ്ടത്. ജനഹൃദയങ്ങളിൽ ഭയം വളർത്താൻ മാധ്യമങ്ങൾ യാതൊരു വിധത്തിലും ഉപയോഗിക്കപ്പെട്ടു കൂടാ. 
അമിതമായ കൊറോണ ഭയം മൂലമുണ്ടായ ഒരുപാട് ദുരനുഭവങ്ങൾക്ക് ഇപ്പോൾ തന്നെ നാം സാക്ഷികളായിക്കഴിഞ്ഞു.  മൃതദേഹത്തിനുള്ള സംസ്കാരസ്ഥലം പോലും നിഷേധിക്കുന്ന തരത്തിലേക്ക്  കൊറോണയെക്കുറിച്ചുള്ള അമിതഭയം മനുഷ്യരെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. വിവരമില്ലായ്മയും ശരിയായ അവബോധത്തിന്റെ അഭാവവുമൊക്കെ ഇതിന് കാരണങ്ങൾ തന്നെയാണ്. 

റോഡിലോ പൊതുസ്ഥലങ്ങളിലോ തളർന്നു വീഴുന്ന മനുഷ്യനെ തൊടാൻ പോലും  അറക്കുന്ന വെറുക്കുന്ന സമൂഹം നമ്മുടെ മുൻപാകെ ഇന്ന്  സൃഷ്ടിക്കപ്പെടുകയാണോ? 

കൃത്യമായ പരിചരണവും സംരക്ഷണവും നൽകേണ്ടതിന് പകരം  രോഗികളിൽ നിന്ന് വെറുപ്പോടെ ഓടിയൊളിക്കുന്ന ഒരു  തലമുറ വളർന്നു വരികയാണോ? 

ഒരാൾക്ക് രോഗം ബാധിക്കുന്നത് ഒരു കുറ്റമായും അയാളെ  വെറുക്കാനും സഹായം നിഷേധിക്കാനുള്ള കാരണമായും നാം എന്നാണ് മനസ്സിലാക്കാൻ തുടങ്ങിയത്?  


ജീവിതത്തിലെ അമൂല്യമായ യൗവ്വനവും ആരോഗ്യവും വർഷങ്ങളോളം അന്യനാടുകളിൽ ബലികഴിച്ചു തിരിച്ചു സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും സമാധാനമാഗ്രഹിച്ചു വിമാനം കയറിവന്ന പ്രവാസികളിൽ ചിലർക്ക്  സാക്ഷരകേരളത്തിലെ പല സ്ഥലങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന അപമാനകരമായ ആക്ഷേപങ്ങളും ആട്ടും തുപ്പും  
എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ രൂപപ്പെട്ടത്?  


 മനുഷ്യത്വവും പരസ്പരവിശ്വാസവും സഹകരണവും നഷ്ടപ്പെടുന്ന വിധത്തിലേക്ക് കൊറോണഭയം വളർന്നു പന്തലിക്കാൻ നാമനുവദിക്കുന്ന പക്ഷം അത് സ്വയം ആത്മഹത്യ ചെയ്യുന്നതിന് സമം തന്നെയല്ലേ. 


സമൂഹമാധ്യമങ്ങൾ കൊറോണവ്യാപനത്തിന്  മുൻപുള്ള കാലത്തെന്ന പോലെ വ്യാജവാർത്തകളുടെ പ്രധാന സ്രോതസ്സും വിളനിലവുമാണ് എന്നത് നാം മറക്കാവതല്ല. 

വാസ്തവവിരുദ്ധവും അബദ്ധജടിലവുമായ വാർത്തകൾക്ക് എപ്പോഴും വളം തന്നെയാണ് സമൂഹമാധ്യമങ്ങൾ. 
കൊറോണയെക്കുറിച്ചുള്ള ഭീതിജനകമായ വാർത്തകൾക്ക്  പുറമെ കൊറോണയെ പ്രതിരോധിക്കാൻ വീട്ടിലുള്ള സകലമാന പഴം പച്ചക്കറി സുഗന്ധദ്രവ്യ ധാന്യ വർഗ്ഗങ്ങളെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ മരുന്നായുണ്ട്. 
മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കപ്പെടുന്ന സത്യാസത്യങ്ങളും അർദ്ധസത്യങ്ങളും  കൂടിക്കുഴഞ്ഞ ഇത്തരം വാർത്തകളാൽ ഗർഭം ധരിക്കുന്ന മനുഷ്യചിന്തകൾ പ്രസവിക്കുന്നത് അത്യന്തം ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളുൾക്കൊള്ളുന്ന വിപത്തുകളെയാണ്. 

കൊറോണയിൽ നിന്നുള്ള സുരക്ഷക്കായി മുൻകരുതലുകൾ സ്വീകരിക്കുന്നതോടൊപ്പം ഭയം പകർന്നു നൽകാതിരിക്കാൻ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.  ഭയവും ആശങ്കയും തുടർച്ചയായി കുത്തിവെക്കപ്പെടുന്നത്  പിഞ്ചുകുഞ്ഞുങ്ങളിലും മറ്റുമുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ നിസ്സാരമല്ല. എന്തിനേറെ പറയുന്നു കൊറോണഭയം മൂലം ഇതുവരെ എത്ര   ചെറുപ്പക്കാരാണ്  ആത്മഹത്യ ചെയ്തത്. 

ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചു നാല് മാസത്തിനുള്ളിൽ നടന്ന ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്  ലോക്ക് ഡൌൺ കാലയളവിൽ നടന്ന കൊറോണ മൂലമല്ലാത്ത മരണങ്ങളിൽ 300ലധികം മരണങ്ങൾ  ആത്മഹത്യ മൂലമായിരുന്നു എന്നാണ്.  ഒറ്റപ്പെടലും കോവിഡ് പോസറ്റീവ് ആണെന്നറിഞ്ഞത് കാരണവും 80 ആളുകൾ ആത്മഹത്യ ചെയ്തുവെന്നും പഠനം  പറയുന്നുണ്ട്. 

രോഗസ്ഥിരീകരണ കണക്കുകളിൽ നിന്ന് അമിതഭയം പൂണ്ട്  അസ്വസ്ഥരാവാതെ ജാഗ്രതയോടെയും പരമാവധി മുൻകരുതലുകൾ സ്വീകരിച്ചും നാം മുന്നോട്ട് പോകുക. ഇന്ത്യയിലെ രോഗമുക്തി നിരക്ക് നമുക്ക് എന്തു കൊണ്ടും ആശ്വാസം നൽകുന്നതാണ്. ജൂലൈ 23 ആം തീയതി വരെയുള്ള കണക്കനുസരിച്  63.18  % ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 

   
ഭയം ഒന്നിനുമുള്ള പരിഹാരമല്ല. 
ഭയം നമ്മിലെ പരിഹാരം കണ്ടെത്താനുള്ള ശേഷിയെ പിന്നോട്ട് വലിക്കുന്നതിനോടൊപ്പം ശരിയായ പരിഹാരം കണ്ടെത്തുന്നതിൽ നിന്നും നമ്മെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു.   എന്തെങ്കിലുമൊന്ന് പരിഹാരമായി കിട്ടിയാൽ മതി എന്ന അവസ്ഥയിലേക്ക് അവസാനം നാം എത്തിച്ചേരുന്നു.  അതിന്റെ സാധ്യതയെയും സാധുതയെയും പറ്റി   ചിന്തിക്കാനോ സമാധാനമായി വിശകലനം ചെയ്യാനോ ഒന്നും ഭയം നമ്മെ അനുവദിക്കില്ല. 

 
രോഗം,  രോഗബാധിതർ,  രോഗപ്രതിരോധം മുതലായ രംഗത്ത്  ലോകഗുരു പ്രവാചകൻ സ മനുഷ്യരാശിക്ക് പകർന്നു നൽകിയ സാർവ്വകാലികമായ  ഉപദേശങ്ങൾ നാം യാതൊരു സന്ദർഭത്തിലും വിസ്മരിക്കരുത് . 
സർവ്വോപരി പ്രാർത്ഥന കയ്യൊഴിയാതിരിക്കാം. 


സ്രഷ്ടാവായ റബ്ബിന്റെ  ഒരു വാചകം ഈ സന്ദർഭങ്ങളിൽ നമുക്ക് ഹൃദയത്തോട്  ചേർത്തു നിർത്താം.  

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ 
وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُون

നീ പറയുക: ഞങ്ങള്‍ക്ക്‌ അല്ലാഹു (നിശ്ചയിച്ച്‌) രേഖപ്പെടുത്തിയതല്ലാതെ (ഒന്നും) ഞങ്ങളെ ബാധിക്കുകയില്ല തന്നെ. അവന്‍ ഞങ്ങളുടെ യജമാനനാകുന്നു. അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ - സത്യവിശ്വാസികള്‍. (തൌബ 9:51 ) .


വിസ്ഡം യൂത്ത് തിരുവനന്തപുരം പുറത്തിറക്കിയ ഓൺലൈൻ മാഗസിന് വേണ്ടി എഴുതിയത് 
23 August 2020 



Comments