ഏറനാട്ടിൻ ധീരമക്കൾ
അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്
ഒന്നു ചേർന്ന് വെള്ളയോടെതിർത്ത് നല്ല മട്ടില്‍
ഏറനാട്ടിൻ ധീരമക്കള് ചോരചിന്തിയ നാട്ടില്‍
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്‍
വാരിയൻകുന്നത്തു വീരകുഞ്ഞഹമ്മദാജിയും വാശിമൂത്ത മൂപ്പരുടെ കൂടെ കൂട്ടമായിയും
കോഴികൊത്തും പോലെയന്ന് ബാപ്പമാരെളാപ്പമാർ
കോഴിക്കോട്ടിന്നപ്പുറം പൊരുതിയെ മൂത്താപ്പമാർ
ഞമ്മളെത്തറബാപ്പമാരെ കേറ്റിയന്ന് തൂക്കിന്
ഞങ്ങളുമ്മ പെങ്ങമ്മാരെ കാട്ടിയ ഹലാക്കിന്
ഉപ്പാപ്പമാരെ താടിനുള്ളി സൂചി കേറ്റി കാലില്‍
അപ്പുറം കടൽക്ക് കൊണ്ടോയാക്കി അന്തമാനില്‍
പോലചിപ്പംപോലെ അട്ടിക്കിട്ട് തീവണ്ടിയില്‍
ആലയത്തിനുള്ളിലിട്ട് കരിച്ചവർ പല നാട്ടില്‍
മക്കളെ നിരത്തിനിർത്തി ബാപ്പമാരുടെ നെഞ്ചില്‍
തോക്കിനാൽ നിറയൊഴിച്ച് രസിച്ചവർ കേമത്തില്
നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെത്തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
നമ്മളുടെ കാശു വാങ്ങിംഗ്ലണ്ടിലേക്ക യക്കുവാൻ
സമ്മതിക്കില്ലെന്നതാണ് ഹേതു ഏറ്റുമുട്ടുവാൻ
കണ്ടപോൽ തീയുണ്ട പെയ്തുപെയ്തു പൂക്കോട്ടൂരിനെ
കണ്ടമാനം ചോരക്കളമായ് മാറ്റിയ സർക്കാരിനെ
എത്രധീര മാപ്പിളസ്ത്രീകൾക്കെഴും പരിശുദ്ധിയെ
ഉത്തമഭൂവായിടും മലനാടതിന്നഭിവൃദ്ധിയെ
തോക്കിനാൽ കയ്യൂക്കിനാൽ കവർച്ച ചെയ്ത കൂട്ടരേ
നീക്കുപോക്കില്ലാതെ കൂട്ടക്കൊല നടത്തിയ ദുഷ്ടരേ
ഏറിടുന്ന വീറോടെ എതിർത്ത് നിങ്ങള്‍ ധീരരേ
മാറ് കാട്ടി നാടിൻ മാനം കാത്ത് നിങ്ങള്‍ വീരരേ
മഞ്ചേരി നിന്നഞ്ചാറ് മൈല്‍ ദൂരമേ മോങ്ങത്തില്
സഞ്ചരിക്കുന്നോർക്ക് കാണാറാകുമാ നിരത്തില്‍
ചത്ത് പോയ ഹിച്ച്കോക്ക് സായിവിന്റെ സ്മാരകം
ചാത്തനെ കുടിവെച്ച പോലെ ആ ബലാലിൻ സ്മാരകം
നമ്മളുടെ നെഞ്ചിലാണാ കല്ലുനാട്ടിവെച്ചത്
നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നത്
രാജ്യസ്നേഹം വീറുകൊണ്ട ധീരരുണ്ടീ നാട്ടില്‍
രക്ഷവേണമെങ്കില് മണ്ടിക്കോട്ടവർ ഇംഗ്ലണ്ടില്‍ .
രചന: കമ്പളത്ത് ഗോവിന്ദൻ നായർ
ഇശൽ: ഉമ്പർ സുറ്അത്തിൽ
Comments
Post a Comment