ഇരുതലമൂർച്ചയുള്ള കഠാരി



ഇരുതലമൂർച്ചയുള്ള കഠാരയുടെ പ്രത്യേകത എന്താണ്?

ഉപയോഗിക്കുമ്പോൾ അതീവസൂക്ഷ്മതയും നിതാന്തജാഗ്രതയും പുലർത്തിയില്ലെങ്കിൽ ഉപയോഗിക്കുന്നയാൾ തന്നെ സ്വന്തം കുത്തേറ്റ്  മരിക്കാൻ കാരണമാകും എന്നതു തന്നെ.

മനുഷ്യശരീരത്തിലെ അത്തരമൊരു ഇരുതലമൂർച്ചയുള്ള കഠാരയാണ് നാവ്. നാവ് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളിൽ പെട്ടതാണ്.അല്ലാഹു ചോദിക്കുന്നു.

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?
(സൂറത്തുൽ ബലദ് - 90: 8,9)

ഒരിക്കൽ പ്രവാചകപത്നി ആഇശ (റ) പ്രവാചകനോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോഴാണ് സഹകളത്രം സ്വഫിയ്യ (റ) കടന്നുവരുന്നത്. അവരെ കണ്ട ആഇശ (റ) പ്രവാചകനോട്‌ അവരെ കുറിച്ച് എന്തോ പരിഹാസപൂർവ്വം പറഞ്ഞു. (അഥവാ മഹതി കുള്ളത്തിയാണ് എന്ന അർത്ഥത്തിൽ) തദവസരം പ്രവാചകൻ 
പറഞ്ഞു. നീ പറഞ്ഞ വാക്കുണ്ടല്ലോ അതെങ്ങാനും കടലിൽ കലക്കുകയാണെങ്കിൽ കടൽ പോലും മലീമസമായിപ്പോകും.
(അബൂദാവൂദ്, തിർമിദി)

നാവിനെ സൂക്ഷിക്കണമെന്നും ശ്രദ്ധയോടെ മാത്രമേ അതിനെ വിനിയോഗിക്കാവൂ എന്നും പ്രവാചകൻ പഠിപ്പിച്ചു തരികയാണിവിടെ.നന്മയിലുപയോഗിച്ച് വിജയം വരിക്കാനും തിന്മയിൽ തുലച്ച് പരാജയം ഏറ്റുവാങ്ങാനും എളുപ്പം കഴിയുന്ന അവയവമാണ് നാവ്.

ശരീരത്തിൽ നാവിന്റെ സ്ഥാനം തന്നെ നോക്കൂ. മറ്റവയവങ്ങളെ പോലെ സ്വതന്ത്രമല്ല നാവ്. രണ്ട് ചുണ്ടുകൾക്കിടയിൽ കരുത്തുറ്റ കൂർത്ത 32 കാവൽക്കാർക്കും അകത്ത് തൊണ്ടയിലേക്ക് ബന്ധിപ്പിച്ചത് പോലെയല്ലേ അതിന്റെ നിലനിൽപ്പ്.

ഒന്ന് ചിന്തിച്ചു നോക്കൂ.
അല്ലാഹുവിന്റെ മഹത്തായ ഈ അനുഗ്രഹീതസൃഷ്ടിപ്പിനെ കുറിച്ച്.
ഈ നിസ്സാരമായ നാവു കൊണ്ട് നാം എന്തുമാത്രം കാര്യങ്ങൾ നിർവഹിക്കുന്നു.
വ്യത്യസ്തങ്ങളായ അനേകം രുചിഭേദങ്ങൾ തിരിച്ചറിയുന്നത് മുതൽ നമ്മുടെ ദഹനപ്രക്രിയയിൽ സുപ്രധാന സ്ഥാനം തന്നെ നാവ് കയ്യടക്കിയിരിക്കുന്നു. എന്നാൽ നാവെന്ന ഇരുതലമൂർച്ചയുള്ള കഠാര ഇവിടെ പ്രസക്തമാകുന്നത് സംസാരം കൊണ്ടാണ്.
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാൻ കഴിയില്ലെന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ. വാളോ തോക്കോ കുന്തമോ മറ്റേതെങ്കിലും ആയുധങ്ങളോ കൊണ്ട് ശരീരത്തിലേൽപ്പിക്കുന്ന മുറിവിനേക്കാൾ മാരകവും ആഴമുള്ളതും വിനാശകാരിയുമാണ് നാവ് കൊണ്ട് മനസ്സിലേൽപ്പിക്കുന്ന മുറിവ്.
അതിനാൽ നാവിനെ ശ്രദ്ധയോടെ ഉപയോഗിക്കാൻ ശീലിക്കുക. നാവിന്റെ അശ്രദ്ധമായ വിനിയോഗം ഒരാളുടെ ഈമാനിനെ വരെ ബാധിക്കുന്ന കാര്യമാണെന്ന് അറിയുമ്പോഴാണ് നാവിന് ഇസ്‌ലാമിലുള്ള പ്രാധാന്യം ഒന്നുകൂടി വ്യക്തമാകുന്നത്.

പ്രവാചകൻ (സ) അരുളുകയാണ്  :

" ഒരടിമയുടെ ഹൃദയം നന്നാവുന്നത് വരെ അയാളുടെ ഈമാൻ നന്നാവുകയില്ല. അയാളുടെ നാവ് നന്നാവുന്നത് വരെ അയാളുടെ ഹൃദയവും നന്നാവുകയില്ല."
(സിൽസിലത്തുസ്സ്വഹീഹ 2841)

അതാണ് നാവ്. സൂക്ഷിച്ചുപയോഗിച്ചാൽ നമുക്കത് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാം.

ഹൃദയങ്ങളെ വശീകരിക്കാം തകർത്തെറിയാം

ബന്ധങ്ങളെ വളർത്താം തളർത്താം

ആരെയും വാഴ്ത്താം വീഴ്ത്താം

പ്രലോഭനവും പ്രകോപനവും സൃഷ്ടിക്കാം

അതാണ് നാവിന്റെ മാസ്മരികത.
അതു കൊണ്ട് തന്നെ നാവുപയോഗിച്ച്  ഒരുപാട് പാപങ്ങളും മനുഷ്യർ ചെയ്തുകൂട്ടുന്നു. എന്നല്ല അധികപാപങ്ങളും നാവു കൊണ്ടാണ് സംഭവിക്കുന്നത് എന്നതാണ് ഒരു വസ്തുത.

പ്രവാചകൻ (സ) പറഞ്ഞു.
ആദംസന്തതിയുടെ അധികപാപങ്ങളും നാവിലാണ്.
(സിൽസിലത്തുസ്സ്വഹീഹ 534)

നാവിനെ നമ്മൾ ഭയക്കണമെന്നല്ലേ ഇതൊക്കെ സൂചിപ്പിക്കുന്നത്. പ്രവാചകനൊരിക്കലത് പറയുകയും ചെയ്തു. ഒരിക്കൽ സുഫ്‌യാൻ ബ്നു അബ്‌ദില്ല (റ) ചോദിച്ചു : അല്ലയോ അല്ലാഹുവിന്റെ ദൂതരേ, എന്നെ സംബന്ധിച്ച് താങ്കൾക്ക്  ഏറ്റവുമധികം ഭയമുള്ള കാര്യമെന്താണ് ? പ്രവാചകൻ സ്വന്തം നാവ് പിടിച്ചു കാണിച്ചിട്ട് പറഞ്ഞു. ഇത്. 
(തിർമിദി 2410)

സച്ചരിതരായ മുൻഗാമികളുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല.
ഇബ്നു അബ്ബാസ് (റ) പറയുകയാണ് :  രേഖപ്പെടുത്തപ്പെടാതെ ആദംസന്തതി ഒരുകാര്യവും ഉച്ചരിക്കുന്നില്ല തന്നെ. രോഗാവസ്ഥയിൽ അവനിൽ നിന്ന് പുറപ്പെടുന്ന ഞരക്കം പോലും.

ഇമാം അഹ്മദ് ബ്നു ഹമ്പൽ രോഗിയായപ്പോൾ അദ്ദേഹത്തോട് ആരോ പറഞ്ഞു. വിഖ്യാതപണ്ഡിതൻ ത്വാവൂസ് (റഹി) രോഗത്താലുള്ള ഞരക്കം പോലും ഇഷ്ടപ്പെട്ടിരുന്നില്ല എന്ന്.അങ്ങനെ  അദ്ദേഹം രോഗാവസ്ഥയിൽ വേദനകൊണ്ട് പുറത്തുവരുന്ന തന്റെ ശബ്ദം പോലും കടിച്ചമർത്തി എന്നു ചരിത്രത്തിൽ കാണാം.

ഒരു മുസ്‌ലിമിന്റെ സവിശേഷഗുണമാണ് തന്റെ നാവിനെ സൂക്ഷിക്കുകയെന്നത്.
പ്രവാചകനോടൊരിക്കൽ ഒരാൾ ഏത് ഇസ്‌ലാമാണ് ഏറ്റവും ശ്രേഷ്ഠകരമെന്നാരാഞ്ഞു. പ്രവാചകൻ അയാളോട് പ്രതിവചിച്ചത് " ആരുടെ നാവിൽ നിന്നും കൈയിൽ നിന്നും മറ്റു മുസ്‌ലിമീങ്ങൾ സുരക്ഷിതരാണോ അയാൾ" എന്നാണ്. (മുത്തഫഖുൻ അലൈഹി )

കെട്ടഴിച്ചു വിട്ടാൽ ദൂരവ്യാപകമായ അപകടം വിതക്കാൻ ശേഷിയുള്ള വിനാശകാരിയായ ഈ അവയവത്തെ നന്മയിൽ പിടിച്ചുനിർത്തുകയെന്നത് അത്യധികം ക്ലേശകരമാണ് എന്നത് കൊണ്ടു തന്നെയാണ് പ്രവാചകൻ (സ) നാവിനെ സൂക്ഷിക്കുന്നവന്  സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞത്.

സഹ്ൽ ബ്നു സഅദ് (റ) പ്രവാചകനിൽ നിന്നുദ്ധരിക്കുകയാണ്. പ്രവാചകൻ (സ) പറഞ്ഞു : " ആരെങ്കിലും തന്റെ ഇരുതാടിയെല്ലുകൾക്കിടയിലുള്ളതിനെയും ഇരുകാലുകൾക്കിടയിലുള്ളതിനെയും പറ്റി എനിക്കുറപ്പു തന്നാൽ (അഥവാ നാവും ലൈംഗികാവയവും സൂക്ഷിച്ചുകൊള്ളാമെന്നു) അവനു സ്വർഗ്ഗമുണ്ടെന്ന് ഞാൻ ഉറപ്പു നൽകാം. "
(ബുഖാരി)

നാവ് കൊണ്ട് സംഭവിച്ചുപോകാവുന്ന എല്ലാ പാപങ്ങളെയും നാം ഗൗരവപൂർവം കാണണം. ചെറിയ ചെറിയ കളവ് മുതൽ പരദൂഷണവും ഏഷണിയും വരെ നീളുന്ന നീണ്ട പട്ടികയുണ്ടാവരുത് നമ്മുടെ കർമ്മപുസ്തകത്തിൽ. കാരണം ചെയ്ത സത്കർമ്മങ്ങളെക്കൂടി തകർത്തുകളയുന്ന തിന്മകളാണവ.

വിശ്രുതപണ്ഡിതൻ ഹസനുൽ ബസ്വരിയോട് ഒരാൾ വന്നു പറഞ്ഞു. അതാ ഇന്ന വ്യക്തി നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നുണ്ട്. ഇമാമിന്റെ പ്രതികരണം ആശ്ചര്യജനകമായിരുന്നു. തന്നെക്കുറിച്ച് പരദൂഷണം പറഞ്ഞ വ്യക്തിക്ക് ഒരു പാത്രം നിറയെ തേനൂറുന്ന ഈന്തപ്പഴമാണ്  ഇമാം കൊടുത്തയച്ചത്. മാത്രമല്ല അയാളോട് ഇങ്ങനെ പറയാൻ കല്പിക്കുകയും ചെയ്തു.
സുഹൃത്തേ താങ്കൾ താങ്കളുടെ സത്കർമങ്ങൾ എനിക്ക് ഹദിയ ചെയ്തതായി എനിക്കറിവു കിട്ടി.അതുകൊണ്ടു തന്നെ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ ഞാനാഗ്രഹിക്കുന്നു. പക്ഷെ താങ്കളെന്നോട് ക്ഷമിക്കണം താങ്കൾ തന്നത് വെച്ചു നോക്കുമ്പോൾ പൂർണ്ണമായി പ്രത്യുപകാരം ചെയ്യാൻ എനിക്ക് കഴിയില്ല.
നാവു കൊണ്ടുള്ള പാപങ്ങൾ മൂലം ഉള്ള സത്കർമ്മങ്ങൾ കൂടി നഷ്ടപ്പെടുമെന്ന് ഇമാം ഹസനുൽ ബസ്വരി പഠിപ്പിക്കുന്നത് നോക്കൂ.

നാം ചെയ്ത സത്കർമ്മങ്ങൾ നമ്മുടെ നാവ് മൂലം ഒലിച്ചുപോകാൻ നാമനുവദിക്കരുത്. ഇമാം തിർമിദി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം.
അബൂ സഈദിൽ ഖുദ് രി (റ) ൽ നിന്ന് നിവേദനം. പ്രവാചകൻ (സ) പറഞ്ഞു : "ആദംസന്തതി പ്രഭാതത്തിലായിക്കഴിഞ്ഞാൽ അവന്റെ അവയവങ്ങളെല്ലാം അവന്റെ നാവിനു വിധേയപ്പെട്ടുകൊണ്ട് ഇപ്രകാരം പറയും : ഞങ്ങളുടെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കണേ. നിന്നെ ആശ്രയിച്ചാണ് ഞങ്ങളുമുള്ളത്. നീ നേരെയായാൽ ഞങ്ങളും നേരെയാവും. നീ വളഞ്ഞാലോ ഞങ്ങളും വളയും."

ചരിത്രത്തിൽ പണ്ഡിതൻമാരുടെ മൊഴിമുത്തുകളായി രേഖപെടുത്തിയ ഒരു വാചകം ശ്രദ്ധിക്കാം.

" നീ ഒരു വാക്ക് പറയുകയാണെങ്കിൽ അത് പറയുന്നതിന് മുൻപ് അതിനെപ്പറ്റി ചിന്തിക്കുക. കാരണം നിന്റെ വായിൽ നിന്നത് പുറപ്പെടുന്നതിന് മുൻപ് വരെ അതിന്റെ ഉടമ നീയാണ്. എന്നാൽ നിന്റെ വായിൽ നിന്നത് പുറപ്പെട്ടുകഴിഞ്ഞാൽ പിന്നെ നീയതിന്റെ അടിമയാണ്."

അഥവാ അതുകൊണ്ട് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ടി വരുമെന്ന് ചുരുക്കം.

അതിനാൽ നാവിനെ നന്മയിലുപയോഗിക്കാൻ ശീലിക്കാം. അതിന് കഴിയുന്നില്ലെങ്കിൽ പ്രവാചകനിർദ്ദേശം പോലെ മിണ്ടാതിരിക്കാം.

ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നന്മ പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ എന്നാണല്ലോ പ്രവാചകവചനം.

എപ്പോഴും ഈയൊരു ഖുർആൻ വചനം നമ്മുടെ മനസ്സിലുണ്ടാവട്ടെ.

مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകര്‍ തന്‍റെ അടുക്കല്‍ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കുകയില്ല.
(സൂറത്തു ഖാഫ് - 50:18)

നാവിനെ സൂക്ഷിക്കൂ...
നല്ലത് പറയൂ...
നന്മ വളർത്തൂ...



Comments