ഒരു കർത്തവ്യനിർവഹണം

കൊടുങ്ങല്ലൂരിൽ താമസിക്കുന്ന കാലത്ത് ഒരു പാതിരി കെ എം മൗലവി സാഹിബിനെ അന്വേഷിച്ചു വന്നു. അപ്പോൾ അദ്ദേഹം കോട്ടപ്പുറത്ത് നമ്പൂതിരിമഠത്തിൽ സീതി മുഹമ്മദ് സാഹിബിന്റെ
ഭവനത്തിലായിരുന്നു. പാതിരി അവിടെ എത്തി. ബർണബാസിന്റെ അറബി ബൈബിളിൽ നിന്ന് ഒരു ഭാഗം മൗലവിസാഹിബിനെക്കൊണ്ട് മലയാളത്തിലേക്ക് വിവർത്തനം ചെയ്യിപ്പിച്ചു. അങ്ങനെ പാതിരി പിരിഞ്ഞുപോകാൻ സന്നദ്ധനായി. ആ സമയത്ത്‌ ജ. സീതി മുഹമ്മദ്‌ സാഹിബ് ഇങ്ങനെ പറഞ്ഞു.' നിങ്ങൾ രണ്ടുപേരും പരസ്പരം നിർവഹിക്കേണ്ട കടമ പൂർത്തീകരിച്ചില്ലല്ലോ'.

 എന്താണ് ആ കർത്തവ്യം? പാതിരി തിരക്കി. അപ്പോൾ ജ.കെ എം മൗലവി സാഹിബ് ഇങ്ങനെ പ്രസ്താവിച്ചു. " താങ്കൾ ഒരു ക്രിസ്ത്യൻ പണ്ഡിതനും ഞാനൊരു മുസ്ലിം മൗലവിയുമാണ്. നമ്മൾ തമ്മിൽ ഒരു മത ദൗത്യവും നിർവഹിക്കുന്നില്ലെന്നാണ്  അവിടന്ന് സൂചിപ്പിച്ചത്. "

 തുടർന്നു മൗലവി സാഹിബ് ഇങ്ങനെ പറഞ്ഞു. ഞാൻ നിങ്ങളോട് ഒരു സംഗതി ചോദിക്കാം. അതിന്നു സത്യസന്ധമായ മറുപടി മാത്രമേ പറയുകയുള്ളുവെന്ന് പ്രതിജ്ഞ ചെയ്യണം. താങ്കളുടെ ചോദ്യത്തിനു സത്യസന്ധമായ മറുപടി മാത്രമേ പറയുകയുള്ളുവെന്ന് പാതിരി ഉറപ്പുനൽകി.

ആ സന്ദർഭത്തിൽ ജ കെ എം മൗലവി സാഹിബ്‌ ഇങ്ങനെ പ്രസ്താവിച്ചു.

" മുസ്‌ലിംകളിൽ പല കക്ഷികളുമുണ്ട്. എന്നാൽ ആ കക്ഷികളുടെ കൈകളിലെല്ലാം ഒരേ ഖുർആനാണുള്ളത്. ഖുർആന്റെ കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസം തന്നെയില്ല.

ഇതുപോലെ ക്രൈസ്തവവിഭാഗക്കാരെല്ലാം ഒന്നുപോലെ അംഗീകരിക്കുന്ന ഇഞ്ചീൽ (സുവിശേഷം)ഉണ്ടോ?

'ഇല്ല' എന്ന് പാതിരി സശിരകമ്പം സമ്മതിച്ചു. ആ സന്ദർഭത്തിൽ ഇസ്‌ലാമിനെ മനസ്സിലാക്കി കൊണ്ടിരുന്ന ജോസഫ് ഗോമസ് എന്നൊരു ക്രിസ്ത്യൻ യുവാവ് അവിടെയുണ്ടായിരുന്നു. അദ്ദേഹം തന്റെ കുരിശ് ഷർട്ടിന്റെ മീതെ ഉയർത്തി കാണിച്ചു കൊണ്ട് അച്ചാ ! നമ്മുടെ മതത്തിനു പിന്നെ എന്തടിസ്ഥാനമാണുള്ളത് ? എന്നു ചോദിച്ചു.

പാതിരി അത്തരുണത്തിൽ ഇങ്ങനെ പ്രത്യുത്തരം നൽകി. "ഞാൻ നേരത്തെതന്നെ മൗലവിസാഹിബിനോട് നിങ്ങളുടെ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം മാത്രമേ പറയുകയുള്ളുവെന്ന് വാഗ്ദാനം ചെയ്തതാണ്. ഈ സംഗതി ഞാനൊരിക്കലും തുറന്നു പറയാത്ത കാര്യമാണ്."

തത്സമയം തന്നെ ജോസഫ് ഗോമസ് തന്റെ കണ്ഠത്തിലെ കുരിശ് പൊട്ടിച്ചെറിഞ്ഞു. അദ്ദേഹം ഇസ്‌ലാംമതം വിശ്വസിച്ചു. അദ്ദേഹത്തിന്റെ മതപരിവർത്തനം 'സത്യകാഹളം' എന്ന പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ജോസഫ് ഗോമസ് എന്ന ക്രിസ്ത്യൻ യുവാവ് പിന്നീട് ടി മുഹമ്മദ്‌ യൂസുഫ് എന്ന പേരിൽ പ്രസിദ്ധനായി. സാഹിത്യകാരനും നാടകകൃത്തുമായിരുന്ന മുഹമ്മദ്‌ യൂസുഫ് സാഹിബ് ഏതാനും വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് വെച്ച് അന്തരിച്ചു. സുബൈദ (നോവൽ), ശ്രീജിഗത്ത് മുഹമ്മദ്‌ അബ്ദുറഹ്മാൻ, ഇസ്‌ലാമിലെ യുദ്ധനീതി, ഇസ്ലാമും സോഷ്യലിസവും, കണ്ടം വെച്ച കോട്ട് (നാടകം), വിരിയാത്ത പൂമൊട്ട് (നാടകം) മുതലായ കൃതികളുടെ കർത്താവായിരുന്നു അദ്ദേഹം.

അവലംബം : കെ എം മൗലവി ജീവചരിത്രം
കെ കെ മുഹമ്മദ്‌ അബ്ദുൽകരീം

Comments