ശമാഇലുന്നബിയും ഇമാം തിർമിദിയും.

 

മുഹമ്മദ് നബി (സ) യുടെ ജീവിതം നൂറ്റാണ്ടുകൾക്കിപ്പുറവും മനുഷ്യരാശിക്കു മുമ്പിൽ സുതാര്യമായി നിലകൊള്ളുകയാണ്.
സ്ഫടികസമാനമായ ആ ജീവിതം ആർക്കും വായിച്ചു മനസ്സിലാക്കാൻ തടസ്സമേതുമില്ല. 
ലോകാന്ത്യം വരേക്കുമുള്ള മനുഷ്യർക്ക് അനർഘമായ ജീവിതമാതൃകകൾ പ്രദാനം ചെയ്യുന്ന ആ തുറന്ന പുസ്തകത്തെ വിസ്‌മൃതിയിലാഴ്ത്താൻ 
അതിന് മുൻപോ ശേഷമോ 
ഉദയം ചെയ്ത മഹാവ്യക്തികൾക്കോ ചരിത്രസംഭവങ്ങൾക്കോ കഴിഞ്ഞിട്ടുമില്ല.  
പ്രവാചകജീവിതം തങ്ങളുടെ
സർവ്വകഴിവുകളുമുപയോഗിച്ച് ഒപ്പിയെടുത്ത പ്രവാചകാനുചരന്മാർ അവ പിൻതലമുറക്ക് 
പകർന്നു നൽകി. 
അതുല്യമായ ആ മാതൃകകൾ 
വരുംതലമുറകൾക്കായി ഒരു നിധിപോലെ ഈ ഉമ്മത്തിലെ മഹാരഥന്മാർ കാത്തുസൂക്ഷിച്ചു. വിജ്ഞാനദാഹികൾ ജ്ഞാനികളിൽ നിന്നവ ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കി. ഖുതുബകളിൽ നിന്നും വിജ്ഞാനസദസ്സുകളിൽ നിന്നും പ്രവാചകജീവിതത്തിന്റെ സൂക്ഷ്മമായ തലങ്ങൾ പോലും ജനങ്ങൾ സവിസ്തരം പഠിച്ചു . നിരവധി ഗ്രന്ഥങ്ങൾ വിരചിതമായി.
അതിലൂടെ മാലോകർ മനുഷ്യജീവിതത്തെയാകമാനം ചൂഴ്ന്നുനിൽക്കുന്ന ആ ജീവിതമാതൃകകൾ കണ്ടു. പ്രവാചകമാഹാത്മ്യങ്ങൾ അവരുടെ മനസ്സിൽ അലയൊലികൾ സൃഷ്ടിച്ചു. 
പ്രവാചകഗുണങ്ങൾ തങ്ങളിലും ഉണ്ടാക്കിയെടുക്കാൻ 
അവർ പരിശ്രമിച്ചു. 
തിരുദൂതരുടെ സ്വഭാവങ്ങൾ 
അവർ ജീവിതത്തിൽ 
പകർത്താൻ തുടങ്ങി. 
പ്രവാചകന്റെ ശരീരസവിശേഷതകൾ വർണ്ണിച്ചപ്പോൾ അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട ആ 
സുന്ദരസൃഷ്ടിയെ സ്വപ്നത്തിലെങ്കിലും കാണാനായെങ്കിൽ എന്നവർ മോഹിച്ചു. 

റസൂലിന്റെ മുഖം 

കൈകൾ 

കാലുകൾ

കണ്ണുകൾ 

മുടി 

താടി 

വിരലുകൾ 

മോതിരം

വസ്ത്രങ്ങൾ

ചെരുപ്പ് 

സുറുമ 

തലപ്പാവ് 

സുഗന്ധം 

വാൾ 

പടച്ചട്ട 

പടത്തൊപ്പി 

വിരിപ്പ് 

കിടക്ക 

മിമ്പർ 

അല്ലാഹുവിന്റെ പ്രവാചകൻ 
നടന്നത് 

ഇരുന്നത് 

കിടന്നത് 

ദന്തശുദ്ധി വരുത്തിയത് 

അംഗശുദ്ധി വരുത്തിയത് 

നമസ്കരിച്ചത് 

നമസ്കാരത്തിലെ ഓരോ പ്രവർത്തനവും നിർവഹിച്ചത് 

ഉപദേശങ്ങൾ നൽകിയത്  

ഖുതുബകൾ നിർവ്വഹിച്ചത് 

ഏകാകിയായിരുന്ന് രക്ഷിതാവിലേക്ക് കരങ്ങൾ നീട്ടിയത് 

ഭക്ഷിച്ചത് 

കുടിച്ചത്

സംസാരിച്ചത് 

ആളുകളുമായി ഇടപഴകിയത് 

കുട്ടികളോട് കുശലം ചോദിച്ചത്  

യുദ്ധതന്ത്രങ്ങൾ ആവിഷ്കരിച്ചത്  

അനുചരന്മാരോട് അഭിപ്രായങ്ങളാരാഞ്ഞത്

ഭാര്യമാരോട് ഇടപെട്ടത് 

അവരുമായി മത്സരിച്ചത് 

വസ്ത്രങ്ങൾ തുന്നിയത് 

സന്തോഷിച്ചത് 

സങ്കടം വന്നത് 

ചിരിച്ചത് 

തിരുനയനങ്ങളിൽ നിന്ന് അശ്രുകണങ്ങൾ അടർന്നു വീണത് 

യാത്ര പോയത് 

മുടി ചീകിയത് 

ചെരുപ്പിട്ടത്

രോഗികളെ സന്ദർശിച്ചത് 

തമാശ പറഞ്ഞത് 

അങ്ങനെ തുടങ്ങി പ്രവാചകജീവിതം ആദ്യന്തം അതിസൂക്ഷ്മമായി 
റെക്കോർഡഡ് ആണ്. 
ഇങ്ങനെ അതീവശ്രദ്ധയോടെ വളരെ നിസ്സാരകാര്യങ്ങൾ പോലും ഒപ്പിയെടുത്ത് സൂക്ഷിച്ചുവെച്ചു തലമുറകൾ കൈമാറിയ മറ്റൊരു ജീവിതമില്ല തന്നെ. 
അന്നുമുതൽ ഇന്നുവരെ ആ ജീവിതം പിൻപറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന അനുയായികളും ഈ ഉമ്മത്തല്ലാതെ വേറെ ഇല്ല. 

ഇങ്ങനെ പ്രവാചകഗുണങ്ങൾ ക്രോഡീകരിച്ച നിരവധി ഗ്രന്ഥങ്ങളിൽ പ്രശസ്തമായ ഒരു ഗ്രന്ഥമാണ് ഇമാം തിർമിദിയുടെ
അശ്ശമാഇലുൽ മുഹമ്മദിയ്യ (മുഹമ്മദീയഗുണങ്ങൾ).

അതെ കുത്തുബുസ്സിത്തയിലൊന്നായ സുനനുത്തിർമിദിയുടെ കർത്താവായ ഇമാം തിർമിദി തന്നെ. 
ഹിജ്‌റ 209 ൽ (824 CE) അബ്ബാസികളുടെ ഭരണകാലത്ത് ഉസ്‌ബക്കിസ്താന്റെ തെക്കുഭാഗത്തുള്ള തിർമിദ് എന്ന സ്ഥലത്തു ജനിച്ച് 
ഖുറാസാനിലും 
ഇറാഖിലും 
ഹിജാസിലും 
വിജ്ഞാനമന്വേഷിച്ചു യാത്രകൾ നടത്തിയ മഹാപണ്ഡിതൻ. 
ഇമാം തിർമിദി എന്ന പേരിൽ വിശ്രുതനായ ഹാഫിള് അബൂ ഈസ മുഹമ്മദ്‌ ബ്നു ഈസാ അത്തിർമിദി. 
ഹദീസ് രംഗത്തെ
ഗിരിമകുടങ്ങളായ 
ഇമാം ബുഖാരിയുടെയും,  
ഇമാം മുസ്ലിമിന്റെയും, ഖുതൈബത്ത് ബ്നു സഈദിന്റെയും, 
ഇസ്ഹാഖ് ബ്നു റാഹവൈഹിയുടെയുമൊക്കെ (റഹിമഹുമുള്ളാഹ് ) ശിഷ്യൻ. 
3956 ഹദീസുകളുള്ള തന്റെ സുനനുത്തിർമിദിയിൽ നിന്ന് 
രണ്ട് ഹദീസുകളൊഴിച്ച് ബാക്കി മുഴുവൻ താൻ ജീവിതത്തിൽ പകർത്തിയിട്ടുണ്ട് എന്ന് പറയാൻ മാത്രം പ്രവാചകചര്യകളെ ജീവിതയാത്രയിൽ മുറുകെപ്പിടിച്ച മഹാവ്യക്തി. 
ഹിജ്‌റ 279 (892 CE) റജബ് 13 ആം തീയതി തന്റെ എഴുപതാം വയസ്സിൽ മരണപ്പെട്ട ഇമാം തിർമിദി (റഹി).


ആ ഇമാം തിർമിദിയുടേതാണ് അശ്ശമാഇലുൽ മുഹമ്മദിയ്യ എന്ന ഗ്രന്ഥം. 

56 അധ്യായങ്ങളിലായി ഈ ഗ്രന്ഥത്തിൽ വ്യാപിച്ചു കിടക്കുകയാണ് അതി സൂക്ഷ്മതലങ്ങൾ വരെയുൾക്കൊള്ളുന്ന പ്രവാചകസവിശേഷതകൾ.
ഹാഫിള് ഇബ്നു കഥീർ, മുഹമ്മദ്‌ ബ്നു അബ്ദിറഊഫ് അൽമനാവി, മുല്ലാ അലിയ്യുൽ ഖാരി മുതലായ പണ്ഡിതന്മാരൊക്കെ ഈ വിഷയത്തിൽ വിരചിതമായ ഏറ്റവും നല്ല ഗ്രന്ഥം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പ്രവാചകന്റെ ശരീരസവിശേഷതകൾ പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന ഈ ഗ്രന്ഥം തിരുദൂതരെ സ്വപ്നത്തിലൂടെ ദർശിക്കുന്നതിനെക്കുറിച്ചുള്ള അധ്യായം കൊണ്ടാണ് സമാപിക്കുന്നത്.



Comments