അന്യന്റെ കണ്ണിലെ കരട് തേടിപ്പോകുന്നതിന് മുൻപ് സ്വന്തം കണ്ണിലെ മടലിനെ തിരിച്ചറിയുക


നന്മയും തിന്മയും മനുഷ്യജീവിതത്തിന്റെ രണ്ടു വിരുദ്ധ വശങ്ങളാണ്. തിന്മയിൽ നിന്ന് പൂർണ്ണമായും മുക്തരാണെന്നും നന്മകൾ മാത്രമേ ജീവിതത്തിലുള്ളൂ എന്നും ഉറപ്പു പറയാൻ സാധിക്കാത്തവരാണ് മനുഷ്യർ. മനുഷ്യന്റെ പ്രകൃത്യാ തന്നെയുള്ള ഈ അവസ്ഥ തിരിച്ചറിഞ്ഞ് പരസ്പരം മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അപരന്റെ പിഴവുകൾ ചുഴിഞ്ഞന്വേഷിക്കാതെ അവന്റെ നന്മകൾ തിരിച്ചറിയാനും അംഗീകരിക്കാനും നമുക്ക് കഴിയണം. തദ്വിഷയകമായുള്ള ഒരു പ്രവാചകവചനമാണിത്.

അബൂബർസ അൽഅസ്‌ലമി (റ) വിൽ നിന്ന് നിവേദനം റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു :

 "ഹൃദയത്തിൽ ഈമാൻ പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ, നിങ്ങൾ മുസ്ലിംകളെ പറ്റി പരദൂഷണം പറയരുത്. അവരുടെ രഹസ്യങ്ങളെ നിങ്ങൾ ചുഴിഞ്ഞന്വേഷിക്കരുത്. ആരെങ്കിലും അവരുടെ രഹസ്യങ്ങളെ ചുഴിഞ്ഞന്വേഷിച്ചാൽ അല്ലാഹുവും അവന്റെ രഹസ്യത്തെ ചുഴിഞ്ഞന്വേഷിക്കുന്നതാണ്. അങ്ങനെ ആരുടെയെങ്കിലും രഹസ്യത്തെ അല്ലാഹു ചുഴിഞ്ഞന്വേഷിക്കുകയാണെങ്കിൽ അവനവന്റെ വീട്ടിലായിരുന്നാൽ പോലും അല്ലാഹു അവനെ മോശമാക്കുന്നതാണ്."

(അബൂദാവൂദ് : 4880, അഹ്മദ് 4/420,19791, അബൂയഅല 13/419, 7423, ബൈഹഖി 10/247,20953) (ശൈഖ് അൽബാനി ഹസൻ സഹീഹ് എന്ന് വിശേഷിപ്പിച്ചു)

അന്യന്റെ സ്വകാര്യതയെ നാം മാനിക്കണം. മറ്റുള്ളവരുടെ രഹസ്യജീവിതത്തിലെ താളപ്പിഴകളെ പിന്തുടർന്നുചെല്ലുന്നത് വിശ്വാസിയുടെ സ്വഭാവമല്ല. അത് ഹൃദയത്തിൽ വിശ്വാസം പ്രവേശിക്കാത്ത നാവു കൊണ്ടു മാത്രം വിശ്വസിച്ച ആളുകളുടെ സ്വഭാവമാണെന്നാണ് പ്രവാചകൻ വ്യക്തമാക്കുന്നത്. മാത്രമല്ല അങ്ങനെ ചെയ്യുന്നവരുടെ ന്യൂനതകളെ അല്ലാഹുവും പിന്തുടർന്നു സൂക്ഷ്മ പരിശോധന നടത്തുമെന്നും അങ്ങനെ അവൻ അവന്റെ വീട്ടിലായിരുന്നാൽ പോലും ജനമധ്യത്തിൽ അല്ലാഹു അവനെ മോശമാക്കും എന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.

ഒരിക്കൽ ഇബ്നുമസ്ഊദ് (റ) ന്റെ മുമ്പിൽ ഒരാളെ കൊണ്ട് വരപ്പെടുകയുണ്ടായി. താടിരോമങ്ങളിൽ നിന്ന് മദ്യത്തുള്ളികൾ ഇറ്റിറ്റു വീഴുന്നയാളാണ് ഇയാൾ (അഥവാ മദ്യപാനിയാണിയാൾ)എന്ന് അപ്പൊഴാരോ പറഞ്ഞു.
അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു : തീർച്ചയായും ചുഴിഞ്ഞന്വേഷിക്കുന്നത് നമുക്ക് വിലക്കപ്പെട്ടിരിക്കുന്നു എന്നാൽ എന്തെങ്കിലും പ്രകടമായി കാണപ്പെടുന്നുണ്ടെങ്കിൽ അതു നമുക്ക് സ്വീകരിക്കാം. 

പുറത്ത് പ്രകടമാകുന്നത് കണ്ട് നമുക്കൊരാളെ വിലയിരുത്താമെങ്കിലും അയാളുടെ ഉള്ള് നമുക്കറിയാൻ കഴിയില്ല.

അന്യന്റെ കണ്ണിലെ കരട് തേടിപ്പോകുന്നതിനു മുൻപ് നമ്മുടെ കണ്ണിലെ മടലിനെ നാമാദ്യം തിരിച്ചറിയണം.

സാഹചര്യങ്ങൾ മൂലം തെറ്റുകൾ വന്നു പോയ സഹോദരങ്ങളോട് നമുക്ക് ചില ബാധ്യതകളുണ്ട്.

പ്രവാചകൻ (സ) പറയുന്നു

നീ നിന്റെ സഹോദരനെ സഹായിക്കുക. അവൻ അക്രമിയാണെങ്കിലും അക്രമത്തിനിരയായവനാണെങ്കിലും.
 സ്വഹാബികൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെ അക്രമത്തിനിരയായ ഒരാളെ സഹായിക്കുന്നത് നമുക്ക് മനസ്സിലാക്കാം എന്നാൽ എങ്ങനെയാണ് അക്രമിയായ ഒരാളെ നമ്മൾ സഹായിക്കുക. പ്രവാചകന്റെ മറുപടി അയാളുടെ കൈ പിടിച്ചു കൊണ്ട് എന്നായിരുന്നു.അഥവാ അക്രമിയായ ഒരാളുടെ കൈക്ക് പിടിച്ച് തടുത്തു കൊണ്ട് അയാളെ അക്രമം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് നാം അയാളോട് ചെയ്യുന്ന സഹായം.. 

 ആഖിറത്തിലേക്കുള്ള യാത്രയിൽ കാലിടറി പോകുന്ന സഹയാത്രികരെ കൈപിടിച്ചുയർത്തണമെന്ന ബോധം നമുക്കുണ്ടാകണം. 
അവർക്കുവേണ്ടി നാം പ്രാർത്ഥിക്കണം 

 ഉമർ (റ) നെ ഇടയ്ക്കിടെ സന്ദർശിക്കുന്ന ശാമുകാരനായ ഒരു വ്യക്തിയുണ്ടായിരുന്നു. കുറച്ചുകാലമായി അദ്ദേഹത്തെ കാണാതിരുന്നപ്പോൾ ഉമർ (റ) കൂടെയുണ്ടായിരുന്നവരോട് അയാളെക്കുറിച്ച് ചോദിച്ചു. അയാൾ മദ്യപാനിയായി മാറി എന്നായിരുന്നു മറുപടി.

ഇതു കേട്ട ഉമർ (റ)എഴുത്തുകാരനെ വിളിച്ചു അയാൾക്ക് ഒരു കത്തെഴുതാൻ കല്പിച്ചു. കത്തിൽ സലാമിന് ശേഷം അല്ലാഹുവിനെ സ്തുതിക്കുമ്പോൾ സൂറത്തു ഗാഫിർ ലെ മൂന്നാം വചനവും കൂടി ചേർത്താണ് ഉമർ (റ)കത്ത് തുടങ്ങിയത്. ആ ആയത്ത് ഇപ്രകാരമാണ്

 " غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوْبِ شَدِيدِ ٱلْعِقَابِ ذِى ٱلطَّوْلِ ۖ لَآ إِلَٰهَ إِلَّا هُوَ ۖ إِلَيْهِ ٱلْمَصِيرُ " 

പാപം പൊറുക്കുന്നവനും, പശ്ചാത്താപം സ്വീകരിക്കുന്നവരുമായുള്ളവന്‍, കഠിനമായി ശിക്ഷാനടപടി എടുക്കുന്നവന്‍, യോഗ്യതയുള്ളവന്‍, അവനല്ലാതെ ആരാധ്യനേ ഇല്ല. അവങ്കലേക്കാണ്‌ (എല്ലാവരുടെയും) തിരിച്ചുചെല്ലല്‍.

 കത്തെഴുതിയതിനു ശേഷം ഉമർ (റ) ചുറ്റുമുള്ളവരോട് പറഞ്ഞു. നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥിക്കണം. അയാൾ ഇത് ഹൃദയംകൊണ്ട് സ്വീകരിക്കുവാനും, അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കുവാനും വേണ്ടി.

 ഉമർ (റ) ന്റെ കത്തു ലഭിച്ച ആ മനുഷ്യൻ അതു വായിച്ചു പൊട്ടിക്കരഞ്ഞു. അയാൾ അതിലെ വാചകങ്ങൾ ആവർത്തിച്ചു 
പറഞ്ഞുകൊണ്ടിരുന്നു.

 അയാളുടെ പശ്ചാത്താപവാർത്ത അറിഞ്ഞപ്പോൾ ഉമർ (റ) പറഞ്ഞതിങ്ങനെയാണ്. നിങ്ങളുടെ സഹോദരന് ഒരു പിഴവ് പറ്റിയാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്. അവനെ നന്നാക്കുവാനും ശരിയാക്കുവാനുമുള്ള കാര്യങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും വേണം. ഒരിക്കലും അയാൾക്കെതിരെ പിശാചിന്റെ സഹായികളായി നിങ്ങൾ മാറരുത്. 

ഇമാം ഇബ്നു കസീർ (റഹി) സൂറത്തുൽ ഗാഫിറിന്റെ മൂന്നാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച സംഭവമാണിത്. 

മറ്റുള്ളവരുടെ തിന്മകളിൽ ക്ഷമിച്ച് അവരെ സന്മാർഗ്ഗത്തിലേക്ക് വഴികാണിക്കുന്നതിനോടൊപ്പം 
അവരിലുള്ള നന്മയുടെ കണികകൾ തിരിച്ചറിയാനും അംഗീകരിക്കാനും നമുക്ക് സാധിക്കണം.

 ഉമർ (റ) ഉദ്ധരിക്കുകയാണ്. പ്രവാചകന്റെ കാലത്ത് ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ പേര് അബ്ദുല്ല എന്നായിരുന്നു. പ്രവാചകനെ തമാശകൾ പറഞ്ഞു ചിരിപ്പിക്കാറുണ്ടായിരുന്നു അയാൾ . പക്ഷേ മദ്യപാനത്തിന്റെ പേരിൽ പ്രവാചകൻ ഒരുപാട് തവണ അയാളെ ശിക്ഷിച്ചിട്ടുണ്ട്. 
അങ്ങനെ ഒരു ദിവസം വീണ്ടും അയാൾ പ്രവാചകന്റെ സന്നിധിയിൽ ഹാജരാക്കപ്പെട്ടു. 
പ്രവാചകൻ അയാളെ ശിക്ഷിക്കാൻ കൽപ്പിക്കുകയും അങ്ങനെ അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്തു. 
ഇതു കണ്ട ഒരു മനുഷ്യൻ ഇപ്രകാരം പറയുകയുണ്ടായി. 
അല്ലാഹു അയാളെ ശപിക്കട്ടെ എത്ര തവണയാണ് അയാളെ ഇങ്ങനെ കൊണ്ടുവരുന്നത്.
 ഇതു കേട്ട പ്രവാചകൻ (സ) പറഞ്ഞു. നിങ്ങൾ അയാളെ ശപിക്കരുത് അല്ലാഹുവാണെ സത്യം. തീർച്ചയായും അയാൾ അല്ലാഹുവിനെയും പ്രവാചകനെയും സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് അറിയാം.
 (ബുഖാരി 6780) 

മദ്യപാനിയായ ആ മനുഷ്യന്റെ ഉള്ളിലെ നന്മയുടെ കണികകളെ പൊടിതട്ടിയെടുക്കുകയായിരുന്നു അല്ലാഹുവിന്റെ തിരുദൂതർ. 

വളരെ പ്രസിദ്ധനായ താബിഈ പണ്ഡിതനായിരുന്നു സഈദ് ഇബ്നുൽ മുസയ്യബ്. അദ്ദേഹത്തിനൊരിക്കൽ ഒരു സ്വഹാബിവര്യൻ കത്തയച്ച സംഭവം ഇമാം ബൈഹഖി തന്റെ ശുഅബുൽ ഈമാൻ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് . ആ കത്തിൽ ഒന്നാമത്തെ ഉപദേശമായി ആ സ്വഹാബി എഴുതിയത് ഇതായിരുന്നു.

 നിന്റെ സഹോദരന്റെ കാര്യം ഏറ്റവും നല്ല രൂപത്തിൽ ആണ് നീ മനസ്സിലാക്കേണ്ടത്, നിന്റെ ആ ധാരണയെ അതിജയിക്കുന്ന മറ്റൊരു കാര്യം നിനക്ക് ലഭിക്കാത്തിടത്തോളം. നന്മയായി നിനക്ക് മനസ്സിലാക്കാൻ കഴിയുന്നിടത്തോളം ഒരു മുസ്ലിമായ വ്യക്തിയുടെ വായിൽ നിന്നും പുറപ്പെടുന്ന വാചകങ്ങളെ നീ തിന്മയായി മനസ്സിലാക്കരുത്.

അതിനാൽ തന്നെ തിന്മകളെ നാം പരമാവധി സൂക്ഷിക്കുക.
 മറ്റുള്ളവരുടെ പാളിച്ചകളിലേക്കും പിഴവുകളിലേക്കും എത്തിനോക്കാതിരിക്കുക. 
പകരം അവരിലുള്ള നന്മയുടെ വിത്തുകളെ തിരിച്ചറിഞ്ഞ് അവയെ വെള്ളവും വളവും നൽകി പരിപോഷിപ്പിക്കാൻ ശ്രമിക്കുക...

അങ്ങനെ സമൂഹത്തിൽ നന്മയുടെ വന്മരങ്ങൾ പടർന്നു പന്തലിക്കാൻ നാമൊരു കാരണമാകട്ടെ... 

Comments

  1. بارك الله فيكم ونفع بكم الأمة

    ReplyDelete
  2. Masha allah.. . Valare nanayittund. .. Iniyum..orupaad ezhuthan...maranam...vare...
    Allahu....anugrahikkatte....

    ReplyDelete

Post a Comment